കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം കട്ടന്‍ബസാറില്‍ യുവാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ തള്ളി. ഒഡീഷക്കാരായ നാലു പേരാണ് കൊലയാളികള്‍. ഇവര്‍, നാടുവിട്ടു. കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശിയായ വിജിത്തിനെ രണ്ടു ദിവസം മുമ്പാണ് കാണാതായത്. ഇരുപത്തിയേഴു വയസായിരുന്നു.
കൊല്ലപ്പെട്ട വിജിത്തിനെ ഇതര സംസ്ഥാന തൊഴിലാളിയുടെ സൈക്കിളിനു പിറകിൽ കണ്ടെന്ന സൂചനയെത്തുടർന്നാണു ബന്ധുക്കൾ ഇവിടെ തിരച്ചിൽ നടത്തിയത്. അവരുടെ സംശയം വെറുതെയായില്ല. മേത്തല സ്വദേശിയായ വിജിത്തിന്റെ കുടുംബം ഏതാനും മാസം മുൻപാണ് ശ്രീനാരായണപുരത്തേക്കു താമസം മാറ്റിയത്. എവിടെ പോയാലും അമ്മയെ ഫോണിൽ വിളിക്കാറുള്ള വിജിത്ത് വ്യാഴം രാത്രി ഫോൺ വിളിച്ചില്ല.
വെള്ളിയാഴ്ച ബന്ധുക്കൾ വിജിത്തിനെ തേടി ഇറങ്ങുകയായിരുന്നു. ഇതിനിടയിൽ കട്ടൻ ബസാറിലെത്തിയപ്പോൾ ആളൊഴിഞ്ഞ പറമ്പിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുമായി വിജിത്ത് സൗഹൃദത്തിലായിരുന്നെന്നും ഒരു തൊഴിലാളിയുമായി വ്യാഴം ഉച്ചയ്ക്ക് സൈക്കിളിൽ പോകുന്നതു കണ്ടതായും നാട്ടുകാർ പറഞ്ഞു. ഇതോടെയാണ് ഇവർ താമസിക്കുന്ന പറമ്പിലെത്തിയത്.
2.5 ഏക്കർ വിസ്തൃതിയുള്ള പറമ്പിൽ ഒരു ഒറ്റമുറി വീടായിരുന്നു ഇതര സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രം. ഇതിനു ചുറ്റും ഏക്കർ കണക്കിനുസ്ഥലം കാടുപിടിച്ചു കിടക്കുകയാണ്. പുതപ്പിൽ കെട്ടിയ മൃതദേഹത്തിനു മീതെ തെങ്ങിന്റെ ഓല വെട്ടിയിട്ടിരുന്നു.
ഇതിനിടയിലൂടെയാണു കാൽമുട്ടിന്റെ ഭാഗം പുറത്തേക്കു കണ്ടത്. ജില്ലാ റൂറൽ പൊലീസ് മേധാവി കെ.പി. വിജയകുമാരൻ, ഡിവൈഎസ്പി ഫേമസ് വർഗീസ് എന്നിവരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. കേസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. സിഐ കെ.കണ്ണൻ, എസ്ഐമാരായ കെ.പി.മിഥുൻ, ഇ.ആർ.ബൈജു എന്നിവരും ജില്ലാ ക്രൈംബ്രാഞ്ച് സ്ക്വാഡും സംഘത്തിലുണ്ടാകും.
ശ്രീനാരായണപുരം കട്ടൻ ബസാറിൽ കൊലപ്പെടുത്തി ആളൊഴിഞ്ഞ പറമ്പിൽ പുതപ്പിൽ പൊതിഞ്ഞു തള്ളിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പി. വെമ്പല്ലൂർ ചന്ദനയ്ക്കു സമീപം മനയത്ത് ബൈജുവിന്റെ മകൻ വിജിത്താണ് (അപ്പു–27) കൊല്ലപ്പെട്ടത്. കട്ടൻബസാർ സെന്ററിനു തെക്ക് വാട്ടർടാങ്കിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കൈകാലുകൾ കഴുത്തിലൂടെയിട്ടു കൂട്ടിക്കെട്ടി പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. സമീപം താമസിച്ചിരുന്ന 4 ഇതര സംസ്ഥാന തൊഴിലാളികളെ കാണാതായിട്ടുണ്ട്. മൃതദേഹത്തിനു 2 ദിവസത്തെ പഴക്കമുണ്ട്.
വിജിത്തിനെ വ്യാഴാഴ്ച ഉച്ചമുതൽ കാണാനില്ലെന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തലയിൽ ആഴത്തിലുള്ള മുറിവുണ്ട്. അഴുകിയ നിലയിലായതിനാൽ മറ്റു മുറിവുകളോ ചതവുകളോ കണ്ടെത്താനായില്ല. ഇവിടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുമായി വിജിത്ത് ചങ്ങാത്തത്തിലായിരുന്നുവെന്നറിഞ്ഞ ബന്ധുക്കൾ സംശയത്തെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നായ മണംപിടിച്ചു ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വാടകവീടിന്റെ കുളിമുറി വരെ എത്തി.
കാണാതായ 4 പേരും കൂലിപ്പണിക്കാരാണ്. ഒഡീഷ സ്വദേശികളായ ഇവരുടെ പൂർണ വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ടിരുന്നെന്നു സംശയിക്കുന്ന 2 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഛത്തീസ്ഗഡിൽ ഇന്ത്യൻ കോഫി ഹൗസിൽ ജീവനക്കാരനായിരുന്ന വിജിത്ത് ഓണാവധിക്കു നാട്ടിലെത്തിയതാണ്. ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നതിനാൽ ഇതര സംസ്ഥാന തൊഴിലാളികളുമായി സൗഹൃദത്തിലായിരുന്ന വിജിത്ത് പതിവായി ഇവിടെ സന്ദർശിക്കാറുണ്ട്. വ്യാഴാഴ്ച വൈകിട്ട് ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടെനിന്ന് ഒന്നിച്ചു പോയതായി സമീപവാസികൾ വിവരം നൽകിയിട്ടുണ്ട്. അവിവാഹിതനാണ്. ബേബിയാണു വിജിത്തിന്റെ മാതാവ്. സഹോദരൻ: വിഷ്ണു.
Leave a Reply