കൊടുങ്ങല്ലൂരില്‍ യുവാവിെന കൊന്ന് പുതപ്പില്‍ പൊതിഞ്ഞ് ആളൊഴിഞ്ഞ പറമ്പില്‍ തള്ളിയ ഒഡീഷക്കാരന്‍ അറസ്റ്റില്‍. തൃശൂര്‍ റൂറല്‍ പൊലീസ് സംഘം ഒഡീഷയിലെ ചേരിയില്‍ നിന്ന് കൊലയാളിയെ കസ്റ്റഡിയിലെടുത്തത്. കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെവെമ്പല്ലൂര്‍ സ്വദേശി വിജിത്ത് കൊല്ലപ്പെട്ടത് സെപ്തംബര്‍ 26നാണ്. വിജിത്തിനെ അവസാനം കണ്ടത് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമാണെന്ന് നാട്ടുകാര്‍ മൊഴിനല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് എസ്.ഐ: പി.എം.മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള ഒഡീഷയിലെ സല്യാസാഹി ചേരിയില്‍ നിന്ന് കൊലയാളി ടൊഫാന്‍ മാലിക്കിനെ പിടികൂടി. ടൊഫാന്‍റെ കൂട്ടാളികളായ മൂന്നു പേരും വിവരമറിഞ്ഞ് മുങ്ങി.

വിജിത്തിനെ കാണാതായി മൂന്നാം നാള്‍ മൃതേദഹം ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തി. ദേഹാമാസകലം കയറുകൊണ്ട് വരിഞ്ഞു മുറുക്കി പുതപ്പില്‍ പൊതിഞ്ഞ് തള്ളിയ നിലയിലായിരുന്നു. ഇവരാകട്ടെ, സംഭവത്തിനു ശേഷം ഒഡീഷയിലേക്ക് മുങ്ങിയതായും ബോധ്യപ്പെട്ടു. തൃശൂര്‍ റൂറല്‍ പൊലീസ് ഒഡീഷയിലേക്ക് പുറപ്പെട്ടു.

ടൊഫാനും സുഹൃത്തുക്കളും ഉച്ചഭക്ഷണത്തിനു ശേഷം മുറിയില്‍ വിശ്രമിക്കുന്നതിനിടെ വിജിത്ത് എത്തി. പണം കടം കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ ഒന്നിച്ച് പ്രതിരോധിച്ചതോടെ വിജിത്ത് കുടങ്ങി. ഇതിനിടെ, ടൊഫാന്‍ അടുക്കളയില്‍ പോയി കത്തിയെടുത്ത് കുത്തി. അടിയും ചവിട്ടുമേറ്റ് തല്‍ക്ഷണം മരിച്ചു. കൈകാലുകള്‍ കഴുത്തിനോട് ചേര്‍ത്ത് ശരീരം പന്തിന്‍റെ ആകൃതിയിലാക്കി പുതപ്പില്‍ പൊതിഞ്ഞ് തള്ളി ഇവര്‍ നാടുവിട്ടു. കൂട്ടുപ്രതികളെ കണ്ടെത്താന്‍ അന്വേഷണ സംഘം വീണ്ടും ഒഡീഷയിലേക്ക് പോകും.