ചെന്നൈ ∙ ജാതി മാറി പ്രണയിച്ചതിന്റെ പേരില്‍ ഹരിഹരൻ എന്ന ഇരുപത്തിരണ്ടുകാരനെ ജനക്കൂട്ടം നോക്കിനില്‍ക്കെ കാമുകിയുടെ മുന്നിലിട്ടു കുത്തിക്കൊന്നു. തമിഴ്നാട് കരൂരിലാണ് ക്രൂരമായ കൊലപാതകം. ചര്‍ച്ചയ്ക്കായി ക്ഷേത്രത്തിനു മുന്നിലേക്കു വിളിച്ചുവരുത്തിയായിരുന്നു കൊല. കാമുകിയുടെ മുത്തഛ്ഛന്‍ അടക്കം മൂന്നുപേര്‍ അറസ്റ്റിലായി.
കോളജില്‍ സഹപാഠിയായിരുന്ന, അയല്‍വാസിയായ മീനയെന്ന പെണ്‍കുട്ടിയുമായി ഹരിഹരൻ പ്രണയത്തിലായിരുന്നു. രണ്ടാഴ്ച മുമ്പ് കുടുംബത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഹരിഹരനെ ഫോണിൽ ബന്ധപ്പെടുന്നത് അവസാനിപ്പിച്ചിരുന്നു. മീനയെ കാണാന്‍ ഹരിഹരന്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല.
ചര്‍ച്ച ചെയ്തു പ്രശ്നം പരിഹരിക്കാമെന്നറിയിച്ചാണു കാമരാജപുരം പശുപതീശ്വര ക്ഷേത്രത്തിലേക്കു മീനയുടെ കുടുംബം ഹരിഹരനെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തിയത്. ക്ഷേത്രത്തിനു മുന്നില്‍ വച്ചുള്ള സംസാരം കയ്യേറ്റമായി. കുത്തേറ്റു നിലത്തുവീണിട്ടും അരിശം തീരാതെ പ്രതികൾ ഹരിഹരനെ നിർത്താതെ മർദ്ദിച്ചുവെന്നും ദൃക്സാക്ഷികൾ പറയുന്നു.
ബാര്‍ബറായ ഹരിഹരന്‍ മകളെ പ്രണയിച്ചതു സവര്‍ണജാതിക്കാരായ മീനയുടെ കുടുംബത്തിന് ഇഷ്ടമായിരുന്നില്ല. ഇതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു കരൂര്‍ പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ ശങ്കര്‍, അമ്മാവന്‍ കാര്‍ത്തികേയന്‍, ബന്ധു വേലുച്ചാമി എന്നിവര്‍ അറസ്റ്റിലായി. അക്രമികളുടെ ഇടയില്‍നിന്ന് ഹരിഹരനെ മോചിപ്പിച്ചു സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുഴുവന്‍ അക്രമികളെയും പിടികൂടണമെന്നാവശ്യപ്പെട്ടു കുടുംബവും സുഹൃത്തുക്കളും ആശുപത്രിക്കു മുന്നില്‍ സമരം നടത്തി.
Leave a Reply