ആഡംബര ജീവിതം നയിക്കുന്നതിനായി കുട്ടികളെ ദത്തെടുത്ത് ക്രൂര പീഡനത്തിന് വിധേയരാക്കി വിഡിയോ ചീത്രീകരിച്ചിരുന്ന നഷാലേ ഹോബ്സൺ മരിച്ചു. മഷാലെ ഹക്നീ എന്ന പേരിലായിരുന്നു ഇവർ യൂട്യൂബിൽ പ്രശസ്തയായത്. ക്രൂരപീഡനങ്ങൾ വെളിച്ചത്തായതിനെ തുടർന്ന് ഇവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ആറ് വയസുമുതൽ 15 വയസുവരെയുള്ള കുട്ടികളെ കൊണ്ട് സാഹസിക കൃത്യങ്ങൾ ചെയ്യിച്ചാണ് ഇവർ വിഡിയോ ചിത്രീകരിച്ചിരുന്നത്. എട്ട് ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്ന ഹക്നീയുടെ ചാനൽ പെരുമാറ്റച്ചട്ട ലംഘനത്തെ തുടർന്ന് യൂട്യൂബ് നീക്കം ചെയ്തിരുന്നു.

അമ്മയുടെ പ്രവർത്തനങ്ങൾ വഴിവിട്ടതാണെന്ന് ചൂണ്ടിക്കാട്ടി മകൾ പൊലീസിന് വിവരങ്ങൾകൈമാറിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നടുക്കുന്ന ക്രൂരത പുറംലോകം അറിഞ്ഞത്. ബാലപീഡനം, ഉപദ്രവിക്കൽ, അന്യായമായി തടവിൽ പാർപ്പിക്കൽ എന്നീ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിരുന്നു.
ഹക്നീ പറയുന്നത് ചെയ്തില്ലെങ്കിൽ സ്വകാര്യ ഭാഗങ്ങളിൽ പെപ്പർ സ്പ്രേ പ്രയോഗിക്കുമായിരുന്നെന്നും നാലഞ്ചു ദിവസത്തേക്കു കടുത്ത വേദനയനുഭവിക്കാന്‍ വിടുമായിരുന്നുവെന്നും മറ്റൊരു പെൺകുട്ടി പറഞ്ഞു. ചിലപ്പോൾ കൂട്ടത്തിലെ ആൺകുട്ടികളുടെ ലിംഗത്തിന്റെ അഗ്രത്തിൽ ഹക്നീ നുള്ളിപ്പറിക്കാറുണ്ടായിരുന്നു. പലപ്പോഴും രക്തമൊലിപ്പിച്ച് നടക്കുന്ന അവസ്ഥയായിരുന്നു ഇവരെന്നും പൊലീസ് പറയുന്നു.

കൊടും തണുപ്പുവെള്ളത്തിൽ കുട്ടികളെ നിർബന്ധിച്ചു കുളിപ്പിക്കുമായിരുന്നു. ഇത്തരത്തിൽ കുട്ടികളെ ഉപദ്രവിച്ചും പട്ടിണിക്കിട്ടും 2.5 ദശലക്ഷം ഡോളറാണ് ഹക്നീ സമ്പാദിച്ചത്. യൂട്യൂബ് നിബന്ധനകൾ പാലിക്കാത്തതിനെ തുടർന്ന് ചാനൽ അവർ നീക്കം ചെയ്തു. ഇവരുടെ വീട്ടിൽ ആരോഗ്യപരിശോധനയ്ക്കെത്തിയ സംഘമാണ് ദത്തെടുക്കപ്പെട്ട ഒരു കുട്ടിയെ ഹക്നീയുടെ വീട്ടിലെ ശുചിമുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡയപ്പർ മാത്രം ധരിച്ചായിരുന്നു കുട്ടി നിന്നിരുന്നത്. മറ്റ് കുട്ടികളെയും പരിശോധിച്ചതോടെ ഇവർ ആവശ്യത്തിന് ഭക്ഷണമില്ലാത്ത അവസ്ഥയിലാണെന്നു മനസ്സിലായി. ദാഹിക്കുന്നുവെന്നും വിശക്കുന്നുവെന്നുമാണ് ഇവർ സംഘത്തോട് ആദ്യം പറഞ്ഞത്. ഇവർക്ക് ഭക്ഷണം നൽകിയെങ്കിലും കഴിക്കാൻ തയാറായില്ല. ഹക്നീ മർദിക്കുമെന്നാണു കുട്ടികൾ പറഞ്ഞത്.

പൊലീസ് കസ്റ്റഡിയിൽ കഴിയുകയായിരുന്ന ഹക്നീക്ക് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂണിൽ കോടതി ജാമ്യം അനുവദിച്ചു. വിചാരണ നേരിടാനോ ചോദ്യങ്ങൾക്കു കൃത്യമായ മറുപടിയോ നൽകാൻ കഴിയാത്ത വിധം ആരോഗ്യം നശിച്ച ഹക്നീക്കു പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്ത് ആരോഗ്യം വീണ്ടെടുക്കാനും ചികിത്സയ്ക്കുമായി കോടതി 15 മാസത്തെ സമയം അനുവദിക്കുകയായിരുന്നു. തലച്ചോറിനേറ്റ ഗുരുതരമായ ക്ഷതമാണ് ഹക്നീയുടെ ആരോഗ്യനില മോശമാക്കിയത്. ഒക്ടോബർ 28 ന് ചികിത്സയിലായിരുന്ന ഹക്നീയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചുവെങ്കിലും ഒരാഴ്ചയ്ക്കു ശേഷം വീണ്ടും വഷളായി. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10.30 നായിരുന്നു അന്ത്യം.