മെട്രോ സ്‌റ്റേഷനില്‍ പിറന്നാളാഘോഷം സംഘടിപ്പിച്ച് തിക്കും തിരക്കും സൃഷ്ടിച്ച സംഭവത്തില്‍ യൂട്യൂബര്‍ അറസ്റ്റില്‍. ഫ്‌ളൈയിങ് ബീസ്റ്റ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമ ഗൗരവ് തനേജയാണ് അറസ്റ്റിലായത്.

നോയിഡ സെക്ടര്‍ 51 മെട്രോ സ്‌റ്റേഷനില്‍ ശനിയാഴ്ചയായിരുന്നു സംഭവം. പിറന്നാളാഘോഷത്തിനായി ഒരു മെട്രോ കോച്ച് ഗൗരവ് ബുക്ക് ചെയ്തിരുന്നു. പരിപാടിയുടെ കാര്യം അറിയിച്ച് ഗൗരവിന്റെ ഭാര്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെച്ച സ്റ്റോറിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് വലിയ ആഘോഷമുണ്ടെന്നും എല്ലാവരെയും അവിടെ വെച്ച് കാണാമെന്നും അറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ മെട്രോ സ്‌റ്റേഷനില്‍ ഒത്തുകൂടി.

ഏകദേശം 3.30ഓടെ സ്ഥിതി നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയില്‍ വഷളായി. മെട്രോയ്ക്ക് മുന്നിലെ റോഡിലേക്ക് വരെ ആളുകളുടെ തിരക്ക് നീണ്ടു. ഇതോടെ ഗതാഗതവും തടസ്സപ്പെട്ടു. ഉന്തിലും തള്ളിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടായി. ആളുകളെ നിയന്ത്രിക്കാന്‍ പറ്റാതെ വന്നതോടെ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. തുടര്‍ന്ന് ഗൗരവിനെതിരെ കേസെടുക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിറന്നാളാഘോഷങ്ങള്‍ പോലുള്ളവയ്ക്കായി നോയിഡ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നാല് കോച്ചുകള്‍ വരെ ബുക്ക് ചെയ്യാനനുവദിക്കുന്നുണ്ട്. കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി നിര്‍ത്തി വെച്ച ബുക്കിംഗ് അടുത്തിടെയാണ് വീണ്ടും തുടങ്ങിയത്.

75 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യൂട്യൂബറാണ് ഗൗരവ്. ഭാര്യ റിതുവും കുഞ്ഞുമൊത്തുള്ള കുടുംബവിശേഷങ്ങളും യാത്രകളുമൊക്കെ യൂട്യൂബിലൂടെ പങ്ക് വയ്ക്കാറുണ്ട്.