ഓൺലൈൻ ഗെയിമിന്റെ തത്സമയ സ്ട്രീമിങ്ങിനിടെ സ്ത്രീകളോടും കുട്ടികളോടും അശ്ലീലം പറയുന്നതിന്റെ വിഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ യൂട്യൂബർ മദന്റെ രണ്ടു ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. പബ്ജി മദൻ എന്നറിപ്പെടുന്ന മദൻകുമാറിന്റെ ഈ മരവിപ്പിച്ച അക്കൗണ്ടുകളിൽ നാലു കോടിയോളം രൂപ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. ഇതിൽ ഒരു അക്കൗണ്ട് മദന്റെ പേരിലും മറ്റേത് ഭാര്യ കൃതികയുടെ പേരിലുമാണെന്ന് പൊലീസ് അറിയിച്ചു.
നിലവിൽ കേസുമായി ബന്ധപ്പെട്ട് മദന്റെ പിതാവും റോഡ് കോൺട്രാക്ടറുമായ മാണിക്കത്തെ ചോദ്യം ചെയ്ത് വരികയാണ്. വെള്ളിയാഴ്ചയാണ് പ്രതിമാസം 10 ലക്ഷത്തോളം രൂപ യുട്യൂബിൽനിന്നു സമ്പാദിച്ചിരുന്ന മദനെ പൊലീസ് അറസ്റ്റു ചെയ്തത്. വിഡിയോ ഗെയിമിൽ ഒപ്പം ചേരുന്ന സഹകളിക്കാരോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും അതിന്റെ വിഡിയോ തത്സമയം (ലൈവ് സ്ട്രീമിങ്) പ്രദർശിപ്പിക്കുകയും ചെയ്ത സേലം സ്വദേശി മദൻ കുമാറിനെ ഒളിത്താവളത്തിൽനിന്നാണ് പിടികൂടിയത്. ചെന്നൈ സിറ്റി ക്രൈം വിങ്ങിന്റെ പ്രത്യേക ടീമാണ് അന്വേഷണം നടത്തിയത്.
ചെന്നൈയിൽ 3 വീടുകളടക്കം കോടികളുടെ ആസ്തിയുള്ള ഇയാളുടെ ഭാര്യ കൃതിക ഇതേ കേസിൽ നേരത്തേ പിടിയിലായിരുന്നു. നിരോധിത വിഡിയോ ഗെയിമായ പബ്ജി കളിക്കാനുള്ള സൂത്രവിദ്യകൾ പങ്കുവയ്ക്കാനെന്ന രീതിയിൽ ആരംഭിച്ച ചാനൽ, അശ്ലീല വഴിയിലേക്കു തിരിഞ്ഞതോടെയാണു വരിക്കാർ 8 ലക്ഷത്തോളമായതും വരുമാനം ലക്ഷങ്ങളിലേക്കു കുതിച്ചുയർന്നതും. കൃതികയും അശ്ലീല സംഭാഷണങ്ങൾ നടത്തിയിരുന്നു. പണം വാങ്ങി മദനെ പിന്തുണച്ചു വിഡിയോകൾ പോസ്റ്റ് ചെയ്ത സുഹൃത്തുക്കളെയും പ്രതിചേർത്തേക്കും.
സേലത്തെ കോളജിൽനിന്ന് എൻജിനീയറിങ്ങിൽ ബിരുദം നേടിയ മദൻ അച്ഛൻ മാണിക്കം ചെന്നൈയിൽ റസ്റ്റ്റന്റ് തുടങ്ങിയതിനാൽ അംബാട്ടൂർ എന്ന സ്ഥലത്തേക്ക് താമസം മാറുകയായിരുന്നു. അതിനിടെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കൃതികയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു.
പബ്ജി ഗെയിമിന്റെ കടുത്ത ആരാധകനായ ഇയാൾ 2019ലാണ് ഇതുമായി ബന്ധപ്പെട്ട് ടോക്സിക് മദൻ18+ എന്ന യുട്യൂബ് ചാനൽ ആരംഭിക്കുന്നത്. തുടർന്ന് പബിജി മദൻ ഗേൾ ഫാൻ, റിച്ചി ഗെയിമിങ് ഓൺ യുട്യൂബ് എന്നിവയും തുടങ്ങി. തുടക്കത്തിൽ പിതാവിനൊപ്പം ഹോട്ടൽ ബിസിനസ് നടത്തിയെങ്കിലും അത് തകർന്നതോടെയാണ് യുട്യൂബ് ചാനൽ ആരംഭിച്ചത്. കേന്ദ്ര സർക്കാർ പബ്ജി നിരോധിച്ചെങ്കിലും വിപിഎൻ നമ്പർ ഉപയോഗിച്ച് മദന്റെ യുട്യൂബ് ചാനൽ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചു.
ഈ ചാനലുകളിൽ പലതിലും അസഭ്യ ഉള്ളടക്കങ്ങൾ നിറഞ്ഞ വിഡിയോകളായിരുന്നു. ഈ വിഡിയോകൾ മദന് നിരവധി ആരാധകരെയും ഫോളവേഴ്സിനെയും സമ്മാനിച്ചു. റിയൽ എസ്റ്റേറ്റിലും മറ്റു നിക്ഷേപങ്ങളിലും പണമിറക്കിയ മദനും സംഘവും ആഡംബര കാറുകളും ഫ്ലാറ്റുകളും വാങ്ങിക്കൂട്ടി. പിടിയിലായതിനു പിന്നാലെ തനിക്കു തെറ്റു പറ്റിയതായും മാപ്പാക്കണമെന്നും ഇയാൾ പൊലീസിനോടു കരഞ്ഞ് അപേക്ഷിച്ചു.
കേസെടുത്തതിനു പിന്നാലെ, തന്നെ നിയമത്തിന് ഒന്നും ചെയ്യാനാവില്ലെന്നു മദൻ വെല്ലുവിളിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും കോടതി അത് അനുവദിച്ചിരുന്നില്ല. തുടർന്ന് ഇയാളുടെ സഹോദരനെയും പിതാവിനെയും കസ്റ്റഡിയിലെടുത്തപ്പോഴാണ് ധർമപുരിയിലെ ഒളിയിടത്തെക്കുറിച്ചു വിവരം ലഭിച്ചത്. അറസ്റ്റിനു പിന്നാലെ മദന്റെ വീട്ടിൽ പൊലീസ് സംഘം റെയ്‌ഡ് നടത്തി. മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കംപ്യൂട്ടറും പൊലീസ് ഇവിടെനിന്ന് പിടിച്ചെടുത്തു. മദന്റെ ആഡംബര കാറുകളും പൊലീസ് പിടിച്ചെടുത്തു.
പബ്ജി നിരോധിച്ചതോടെ ‘മനോവിഷമത്തിലായ’ മദന് അനധികൃതമായി ഗെയിം കളിച്ചു യൂട്യൂബിൽ പങ്കുവയ്ക്കാൻ ഉപദേശം നൽകിയത് ഭാര്യ കൃതികയാണെന്നാണു വിവരം. നേരത്തേ അറസ്റ്റിലായ ഇവർ ജയിലിലാണ്. 8 മാസമുള്ള കുഞ്ഞും ഒപ്പമുണ്ട്.
കൃതികയുടെ പേരിലുള്ള യൂട്യൂബ് ചാനലുകളുടെ വരിക്കാരിൽ 30 ശതമാനവും 18 വയസ്സിൽ താഴെയുള്ളവരാണ്. ടോക്സിക് മദൻ 18 പ്ലസ്, ലൈവ് സ്ട്രീം മദൻ, മദൻ പബ്ജി 18 പ്ലസ് തുടങ്ങിയ 4 ചാനലുകളിലാണു വിഡിയോ അപ്‌ലോഡ് ചെയ്തിരുന്നത്. പ്രത്യേക സാങ്കേതികവിദ്യ (വിപിഎൻ) ഉപയോഗിച്ചായിരുന്നു അനധികൃത ലൈവ് സ്ട്രീമിങ്. അശ്ലീല ഉള്ളടക്കമുള്ള വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്ന ചാനലുകളുടെ അഡ്മിൻ കൃതികയാണെന്നാണ് പൊലീസ് പറയുന്നത്.
Leave a Reply