കോവിഡ് ബാധിച്ച് ഞായറഴ്ച ഡൽഹിയിലെ ആശുപത്രിയിൽ മരിച്ച രാഹുൽ വോഹ്ര മരിക്കും മുൻപ് ഫെയ്സ്ബുക്കിൽ കുറിച്ചത് ഇപ്രകാരമായിരുന്നു, “എനിക്ക് നല്ല ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഞാൻ ജീവിച്ചേനെ”. പോസ്റ്റിൽ പ്രധാനമന്ത്രിയെയും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും 35 വയസ്സുകാരൻ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അപേക്ഷ ഫലം കാണാതെ രാഹുൽ മരിച്ചു.
രാഹുൽ വോഹ്ര യൂട്യൂബറും നാടക കലാകാരനുമായിരുന്നു. ഡൽഹിയിലെ പ്രമുഖ നാടക സംഘമായ അസ്മിതയിലാണ് രാഹുൽ പ്രവർത്തിച്ചിരുന്നത്. 2006ലാണ് രാഹുൽ അസ്മിതയിൽ അംഗമാകുന്നത്. അസ്മിതയിൽ അംഗമായി അടുത്ത ആറ് വർഷത്തിനുള്ളിൽ തന്നെ മികച്ച കലാകാരനായി പേരെടുത്ത ആളായിരുന്നു രാഹുൽ. രാഹുൽ വളരെയധികം ഉന്മേഷവാനായ എന്ത് ജോലിയും ചെയ്യുന്ന കലാകാരനായിരുന്നുവെന്ന് അസ്മിതയുടെ ഡയറക്ടർ അരവിന്ദ് ഗൗർ ഫെയ്സ്ബുക്കിൽ കുറിച്ചു.
” രാഹുൽ വോഹ്ര മരിച്ചു. എന്റെ പ്രഗൽഭനായ കലാകാരൻ ഇനിയില്ല. ഇന്നലെയാണ് തനിക്ക് നല്ല ചികിത്സ കിട്ടിയാൽ താൻ രക്ഷപ്പെടുമെന്ന് രാഹുൽ എന്നോട് പറഞ്ഞത്. ദ്വാരകയിലേക്ക് ഇന്നലെ വൈകുന്നേരം മാറ്റിയെങ്കിലും രക്ഷപ്പെടുത്താൻ ആയില്ല. ഞങ്ങളോട് ക്ഷമിക്കൂ, ഞങ്ങൾ എല്ലാം കുറ്റക്കാരാണ്” ഗൗർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
രാഹുലിന് ഫെയ്സ്ബുക്കിൽ രണ്ടു മില്യൻ ഫോളോവേഴ്‌സാണുള്ളത്. യൂട്യൂബിൽ ആയിരത്തിലേറെ ആരാധകരും രാഹുലിനുണ്ട്. ആദ്യത്തെ ലോക്ക്ഡൗൺ സമയത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് രാഹുൽ ചെയ്ത വീഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഓക്സിജൻ ലെവൽ വല്ലാതെ താഴ്ന്നപ്പോൾ പ്രതീക്ഷ നഷ്ടപെട്ട രാഹുൽ “ഞാൻ ഒന്നുകൂടെ ജനിച്ച് നന്നായി പ്രവർത്തിക്കും, ഇപ്പോൾ എനിക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു” എന്ന് കുറിച്ചിരുന്നു.
Leave a Reply