ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുഎൻ വിദഗ്ധർ റഷ്യയുടെ നിയന്ത്രണത്തിലുള്ള പവർ പ്ലാന്റിൽ തങ്ങളുടെ ആദ്യ പരിശോധന നടത്തി. പരിശോധന തുടരുകയാണ് . ആണവ നിലയത്തിന്റെ സുരക്ഷിതത്വം നിരവധിതവണ ലംഘിക്കപ്പെട്ടതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി മേധാവി റാഫേൽ ഗ്രോസി പറഞ്ഞു. പ്ലാന്റിലേക്കുള്ള യാത്രയിൽ ഇൻസ്പെക്ടർമാർക്കുനേരെ ഷെല്ലാക്രമണം ഉണ്ടായി. ഇതിനെ തുടർന്ന് റഷ്യൻ സൈനികർ ഇവരെ പ്ലാന്റിലേക്ക് അനുഗമിച്ചു. ഇത് ദൗത്യം അട്ടിമറിക്കാനുള്ള ശ്രമമായി റഷ്യയും ഉക്രൈനും പരസ്പരം ആരോപിച്ചു.
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമാണ് തെക്കൻ ഉക്രെയ്നിലെ സപ്പോരിജിയ. ഫെബ്രുവരിയിൽ ഉക്രെയ്നെ ആക്രമിച്ചതിനു തൊട്ടു പിന്നാലെ റഷ്യ ഇത് കൈവശപ്പെടുത്തിയിരുന്നു. ആണവ നിലയത്തിൽ ജോലി ചെയ്യുന്ന യുക്രെയിൻ ജീവനക്കാർ റഷ്യൻ സൈന്യം ഇതിനെ ഒരു സൈനിക താവളമായി ഉപയോഗിച്ചിരുന്നുവെന്നും തൊഴിലാളികളെ തോക്കിൻ മുനയിയിലാണ് നിർത്തിയിരിന്നതെന്നും പറഞ്ഞു. ആണവനിലയത്തിൽ തങ്ങൾ തുടരുമെന്ന് ഗ്രോസി അറിയിച്ചു. എന്നാൽ എത്ര ഉദ്യോഗസ്ഥർ എത്ര നാളത്തേയ്ക്ക് അവിടെ തങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. റഷ്യയുടെ ഇന്റർഫാക്‌സ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം 12 ഇൻസ്പെക്ടർമാരാണ് ഇവിടെ തങ്ങുന്നത് എന്നാൽ ഉക്രെയ്‌നിലെ സ്‌റ്റേറ്റ് ന്യൂക്ലിയർ കമ്പനിയായ എനർഗോട്ടം 5 ഇൻസ്പെക്ടർമാർ ഇവിടെ തുടരുമെന്നാണ് വെളിപ്പെടുത്തിയത്. ആണവ നിലയത്തിന്റെ അവസ്ഥ വിലയിരുത്താനും റഷ്യൻ നിയന്ത്രണത്തിലുള്ള ഉക്രേനിയൻ തൊഴിലാളികളുമായി സംസാരിക്കുവാനും ആണ് ഇൻസ്പെക്ടർമാർ വന്നിരിക്കുന്നത്. അതേസമയം, പ്ലാന്റിനെ സമീപം നടക്കുന്ന യുദ്ധങ്ങൾ തങ്ങളുടെ പരിശോധനയെ തടയാൻ പോകുന്നില്ലെന്നും ഗ്രോസി പറഞ്ഞു.
Leave a Reply