ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലേബർ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂർദ്ധന്യാവസ്ഥയിൽ എത്തുന്നതിന്റെ വാർത്തകൾ ആണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയതായി മുൻ എംപി സാറാ സുൽത്താന പാർട്ടിയിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. മുൻ ലേബർ പാർട്ടി നേതാവ് ജെറമി കോർബിനുമായി ചേർന്ന് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അവർ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ട് കുട്ടികളുടെ ആനുകൂല്യ പരിധി നിർത്തലാക്കാനുള്ള സർക്കാർ നീക്കത്തെ പിന്തുണയ്ക്കാതിരുന്നതിന് കഴിഞ്ഞവർഷം അവർ പാർട്ടി വിപ്പ് ലംഘിച്ചിരുന്നു. ഇതിനെ തുടർന്ന് കവൻട്രി എംപി സ്ഥാനം അവർക്ക് രാജിവെയ്ക്കേണ്ടതായി വന്നു. കെയർ സ്റ്റാർമർ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമാന ചിന്താഗതിക്കാരായ സ്വതന്ത്ര എംപിമാരെയും പ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് പുതിയ പാർട്ടിയുടെ രൂപീകരണം. ഗാസയിലെ വംശഹത്യയിൽ സർക്കാർ സജീവ പങ്കാളിയാണെന്ന് സുൽത്താന ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു . വർദ്ധിച്ചുവരുന്ന ദാരിദ്ര്യം, ക്ഷേമ പദ്ധതികളോടുള്ള സർക്കാരിന്റെ നിലപാട്, ജീവിത ചിലവ് എന്നിവയാണ് തന്റെ പുതിയ പാർട്ടി സ്ഥാപിക്കാനുള്ള കാരണങ്ങളായി അവർ എടുത്തുകാണിച്ചത്.


നിലവിൽ കെയർ സ്റ്റാർമർ സർക്കാർ കടുത്ത വിമത ഭീഷണിയാണ് നേരിടുന്നത്. കഴിഞ്ഞദിവസം വെൽഫെയർ ബിൽ പാർലമെന്റിൽ പാസാക്കുന്നതിന് നിരവധി മാറ്റങ്ങൾക്ക് സർക്കാരിന് വഴങ്ങേണ്ടിവന്നു. കഴിഞ്ഞവർഷം ഇതേ ദിവസം ജൂലൈ നാലിന് നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് സർക്കാർ അധികാരത്തിലെത്തിയത്. സർക്കാരിൻറെ ഒന്നാം വാർഷികത്തിൻ്റെ അന്ന് തന്നെ മുൻ ലേബർ പാർട്ടി എംപിയുടെ പുതിയ പാർട്ടി പ്രഖ്യാപനം കെയർ സ്റ്റാർമറിനും സർക്കാരിനും കടുത്ത തിരിച്ചടിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.