കൊളംബിയ: കൊളംബിയയില്‍ 3177 ഗര്‍ഭിണികളെ സിക വൈറസ് ബാധിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് മൊത്തം 25,645 പേര്‍ക്ക് സിക ബാധിച്ചതായും പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാന്റോസ് പറഞ്ഞു. രാജ്യത്തെ സിക ബാധിതരുടെ എണ്ണം ആറുലക്ഷത്തിലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കിഴക്കന്‍ നോര്‍ട്ട് ദെ സാന്റാന്‍ഡറിലാണ് ഏറ്റവും കൂടുതല്‍ ഗര്‍ഭിണികളില്‍ സിക ബാധിച്ചിട്ടുളളത്.
ധാരാളം വിനോദസഞ്ചാരികള്‍ എത്തുന്ന കരിബീയയില്‍ 11,000 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. സിക വൈറസ് നവജാത ശിശുക്കളെ തലച്ചോര്‍ വികാസത്തെ ബാധിക്കും. എന്നാല്‍ കൊളംബിയയില്‍ ഇതുവരെ ഇത്തരം പ്രശ്‌നങ്ങളുളള കുട്ടികള്‍ ജനിച്ചിട്ടില്ലെന്നും പ്രസിഡന്റ് സാന്റോസ് പറഞ്ഞു. വൈറസ് ബാധ തടയാനായി കൊതുകുവളരുന്നതിനുളള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും പ്രസിഡന്റ് നല്‍കിയിട്ടുണ്ട്. വെളളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്നും പുകയിടുന്നത് ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സിക അനിയന്ത്രിതമാം വിധം പടരുകയാണ്. സിക ബാധയെ തുടര്‍ന്ന് കൊളംബിയയില്‍ മൂന്ന് പേര്‍ മരിച്ചു. സിക വൈറസ് ബാധിച്ച് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നഷ്ടപ്പെട്ടാണ് മരണം സംഭവിക്കുന്നത്. നാഡീവ്യൂഹത്തെ ഈ രോഗം ബാധിക്കുന്നു. ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടാനും സിക വൈറസ് കാരണമാകുന്നു.