ജനീവ: സിക വൈറസിന്റെ വ്യാപനം അന്താരാഷ്ട്ര തലത്തില്‍ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. പ്രതിസന്ധിയേത്തുടര്‍ന്ന് സംഘടന ആഗോള തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിക വൈറസ് ബാധയേക്കുറിച്ച് ജനീവയില്‍ ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍ യോഗമാണ് ഈ തീരുമാനത്തിലെത്തിയത്. വൈറസ് രോഗത്തിന്റെ ഗുരുതര സ്വഭാവമാണ് ലോകാരോഗ്യ സംഘടനയുടെ ഈ നീക്കം സൂചിപ്പിക്കുന്നത്. രോഗബാധ പോട്ടിപ്പുറപ്പെടുന്നത് തടയാനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം. ചികിത്സ, പ്രതിരോധം എന്നാ വിഷയങ്ങളില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താനും നീക്കമുണ്ട്.
2013 ഡിസംബറില്‍ എബോള വൈറസ് വ്യാപിച്ചപ്പോഴായിരുന്നു ഇതിനു മുമ്പ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 11,000 മരണങ്ങള്‍ എബോള മൂലം ഉണ്ടായതിനു ശേഷമായിരുന്നു ഈ പ്രഖ്യാപനം. സിക അതിനേക്കാള്‍ ഗുരുതരമായ സാഹചര്യത്തിലേക്കാണ് ലോകത്തെ നയിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം നാല് മില്യണ്‍ ആളുകള്‍ക്ക് സിക വൈറസ് ബാധയുണ്ടാകുമെന്ന് സംഘടന പ്രവചിക്കുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ ബ്രസീലിലാണ് സിക വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. കൊതുകുകള്‍ പരത്തുന്ന ഈ രോഗം ലാറ്റിന്‍ അമേരിക്കയിലെ ഇരുപത് രാജ്യങ്ങളില്‍ ഇപ്പോള്‍ എത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
നവജാത ശിശുക്കള്‍ക്ക് തലച്ചോറിന് തകരാറും തലക്ക് വലിപ്പക്കുറവുമുണ്ടാകുന്ന മൈക്രോസെഫാലി എന്ന അവസ്ഥ ഈ രോഗം മൂലമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ബ്രസീലില്‍ ആയിരക്കണക്കിനു കുഞ്ഞുങ്ങളില്‍ ഈ വൈകല്യം കണ്ടതിനേത്തുടര്‍ന്ന് നടന്ന പഠനങ്ങളാണ് സിക വൈറസിനെ പ്രതിസ്ഥാനത്തെത്തിച്ചത്. സിക ബാധയും മൈക്രോസെഫാലിയും തമ്മിലുള്ള ബന്ധം സ്ഥരീകരിച്ചിട്ടില്ലെങ്കിലും സിക ബാധിത പ്രദേശങ്ങളിലുണ്ടായ കുഞ്ഞുങ്ങളിലാണ് ഈ വൈകല്യം ഏറെ കണ്ടു വരുന്നത്. വൈറസ് ബാധിച്ച സ്ത്രീകള്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് ഗര്‍ഭിണികളാകരുതെന്ന നിര്‍ദേശവും ബ്രസീല്‍ ഉള്‍പ്പെടെയുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഡെങ്കി, മഞ്ഞപ്പനി എന്നീ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളാണ് ഈ രോഗവും പരത്തുന്നത്. ഇന്ത്യയുള്‍പ്പെടയുള്ള രാജ്യങ്ങളില്‍ സര്‍വസാധാരണമാണ് ഈ കൊതുക്. അതു കൊണ്ടുതന്നെ ഇന്ത്യയിലും ഈ രോഗത്തേക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍, കരീബിയന്‍ പസഫിക് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരില്‍ പനി പോലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിദഗദ്ധ പരിശോധയും വൈദ്യസഹായവും തേടണമെന്ന നിര്‍ദേശവും ലോകരാഷ്ട്രങ്ങള്‍ പുറപ്പെടുവിച്ചു.