കേംബ്രിഡ്ജ് അനലിറ്റിക്ക ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ കുറ്റമേറ്റു പറഞ്ഞ് മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഉപയോക്താക്കളുടെ ഡേറ്റ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ടായിരുന്നുവെന്നും അതിന് സാധിക്കാത്തതിനാല്‍ നിങ്ങളെ സേവിക്കാനുള്ള യോഗ്യത ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിശദീകരണത്തില്‍ സുക്കര്‍ബര്‍ഗ് പറഞ്ഞു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഫേസ്ബുക്കില്‍ നിന്ന് 50 മില്യന്‍ യൂസര്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ചതായാണ് വ്യക്തമായത്.

ഈ വിവരം പുറത്തു വന്നതിനു പിന്നാലെ ഫേസ്ബുക്കിന്റെ വിപണിമൂല്യത്തില്‍ 40 ശതമാനം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കേംബ്രിഡ്ജ് അനലിറ്റിക്ക വിശ്വാസവഞ്ചനയാണ് കാണിച്ചത്. ഫേസ്ബുക്ക് സ്ഥാപകന്‍ എന്ന നിലയില്‍ ഈ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. 2013ല്‍ പുറത്തിറങ്ങിയ ഒരു ക്വിസ് ആപ്പിലൂടെയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക ഡേറ്റാ ശേഖരണം നടത്തിയത്. ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത മൂന്ന് ലക്ഷം പേരുടെയും അവരുടെ സുഹൃത്തുക്കളുടെയും വിവരങ്ങള്‍ ആപ്പിലൂടെ ശേഖരിക്കുകയായിരുന്നു. സുരക്ഷ ഉറപ്പു വരുത്തുന്നതിനായി എല്ലാ ആപ്പുകളും ഓഡിറ്റ് നടത്താനാണ് ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായും 2016ലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ ലീവ് അനുകൂലികള്‍ക്ക് വേണ്ടിയും കേംബ്രിഡ്ജ് അനലിറ്റിക്ക നിയോഗിക്കപ്പെട്ടിരുന്നു. എംഐ6 മുന്‍ ഉദ്യോഗസ്ഥരടക്കമുള്ളവരായിരുന്നു ഈ സ്ഥാപനത്തിലെ ജീവനക്കാര്‍. മുന്‍ മൊസാദ് ഉദ്യോഗസ്ഥരും യുക്രേനിയന്‍ ലൈംഗികത്തൊഴിലാളികളും വരെ സ്ഥാപനത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്നത്രേ. അലക്‌സാന്‍ഡര്‍ നിക്‌സ് എന്ന സാമ്പത്തിക വിദഗ്ദ്ധനും ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റുമാണ് ഈ കമ്പനിയുടെ സ്ഥാപകന്‍.