ജോണ്‍സണ്‍ ജോസഫ്
വിശ്വാസത്തില്‍ ഉറപ്പിക്കപ്പെട്ട ഗാര്‍ഹിക സഭകളാണ് തിരുസഭയുടെ അടിസ്ഥാനമെന്ന് മലങ്കര കാത്തോലിക്കാസഭയുടെ തലവനും പിതാവും ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രസ്താവിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ ആറാമത് യു.കെ. നാഷണല്‍ കണ്‍വെന്‍ഷന്‍ ലിവര്‍പൂളിലെ മാര്‍ തെയോഫിലോസ് നഗറില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസമെന്നത് പ്രമാണങ്ങളുടെ ആവര്‍ത്തിച്ചുള്ള ഓര്‍മ്മയല്ല, മറിച്ച്, ദൈവമാണ് എന്റെ ജീവിതത്തിന്റെ ഉറവിടവും കാവല്‍ക്കാരനും സംരക്ഷകനും വിധികര്‍ത്താവുമെന്നുള്ള അടിസ്ഥാനപരമായ ചിന്തയില്‍ നിന്നും രൂപപ്പെടുന്ന രക്ഷയുടെ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലങ്കര കത്തോലിക്കാസഭയുടെ യുകെയിലുള്ള പതിനാല് മിഷനുകളിലെ കുടുംബങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ദ്വിദിന നാഷണല്‍ കണ്‍വെന്‍ഷന് ജൂണ്‍ 17-ന് രാവിലെ 9 മണിക്ക് ഫാ. തോമസ് മടുക്കമൂട്ടില്‍ കാതോലിക്കാ പതാക ഉയര്‍ത്തിയതോടെ തുടക്കമായി. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മലങ്കര കത്തോലിക്കാ സഭയുടെ അയര്‍ലന്റ് കോര്‍ഡിനേറ്റര്‍ ഫാ. ഏബ്രഹാം പതാക്കല്‍ കാര്‍മ്മികത്വം വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിനായി നഗറിലെത്തിയ കര്‍ദ്ദിനാള്‍ ക്ലീമിസ് കതോലിക്കാ ബാവയെ, വൈദികരും നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. സഭാപിതാവ് അരികിലെത്തിയപ്പോള്‍ വിശ്വാസികളുടെ ഹൃദയങ്ങളില്‍ ആഹ്ളാദവും സ്നേഹവും ആര്‍ത്തിരമ്പി.
ഉദ്ഘാടന സമ്മേളനത്തിന് മലങ്കര കത്തോലിക്കാ സഭയുടെ ചാപ്ലെന്‍ ഫാ. രഞ്ജിത്ത് മഠത്തിപ്പറമ്പില്‍ സ്വാഗതം ആശംസിച്ചു. നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കമൂട്ടിലിന്റെ ആമുഖ പ്രസംഗത്തെത്തുടര്‍ന്ന് കര്‍ദ്ദിനാള്‍ ക്ലീമിസ് കതോലിക്കാ ബാവ 6-ാമത് നാഷണല്‍ കണ്‍വെന്‍ഷന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഫാ. ഏബ്രഹാം പതാക്കല്‍, ജോജി മാത്യൂ (നാഷണല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ആതിഥേയരായ ലിവര്‍പൂള്‍ സെന്റ് ബേസില്‍ മലങ്കര കാത്തലിക് മിഷന്‍ സെക്രട്ടറി സാജു തോമസ് നന്ദി പ്രകാശിപ്പിച്ചു.
തുടര്‍ന്ന് വ്യത്യസ്ത ഹാളുകളിലായി നടത്തപ്പെട്ട മാതാപിതാക്കളുടെയും കുട്ടികളുടെയും ശുശ്രൂഷകള്‍ക്ക് യഥാക്രമം കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവയും സെഹിയോന്‍ മിനിസ്ട്രീസും നേതൃത്വം നല്‍കി.
ഉച്ചകഴിഞ്ഞ് നടത്തപ്പെട്ട പാനല്‍ പ്രസന്റേഷന്‍ ‘ജോയ് ഓഫ് ലവ് ഇന്‍ ഫാമിലി”, ആശയത്തിലെ പുതുമകൊണ്ടും അവതരണ ശൈലികൊണ്ടും ബഹുമുഖ പങ്കാളിത്തം കൊണ്ടും ഹൃദ്യമായി. കെയ്റോസ് ടീമിലെ ബ്രദര്‍ റെജി കൊട്ടാരവും ഗായകന്‍ പീറ്റര്‍ ചേരാനെല്ലൂരും ചേര്‍ന്ന് നയിച്ച മ്യൂസിക്കല്‍ വര്‍ഷിപ്പ് ദൈവാനുഭവത്തിന്റെ നീര്‍ച്ചാലുകളായി മാറി. സഭയിലെ വിവിധ മിഷനുകള്‍ മാറ്റുരച്ച ”സോഫിയാ 2017” ബൈബിള്‍ ക്വിസിന് ഫാ. രഞ്ജിത്ത് മഠത്തിറമ്പില്‍ നേതൃത്വം നല്‍കി. വൈവിധ്യമാര്‍ന്ന കലാപരിപാടികളുമായി കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അണിനിരന്ന കലാ സാംസ്‌കാരിക സായാഹ്നം ”ബഥാനിയാ 2017” – നോടു കൂടി ആദ്യദിനത്തിലെ കണ്‍വെന്‍ഷന് സമാപനമായി.
സമാപന ദിവസമായ ജൂണ്‍ 18 ഞായറാഴ്ച രാവിലെ ഒന്‍പത് മണിക്ക് വിശിഷ്ടാതിഥികളായ കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ, ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മഹന്‍, സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവര്‍ക്ക് മാര്‍ തെയോഫീലോസ് നഗറിന്റെ കവാടത്തില്‍ പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി. തുടര്‍ന്ന് നടന്ന വര്‍ണ്ണോജ്ജ്വലവും ഭക്തിനിര്‍ഭരവുമായ പ്രേഷിത റാലിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു. വിശ്വാസ സംഗീതത്തോടൊപ്പം ഐറിഷ് ബാന്‍ഡിന്റെ സംഗീത സാന്നിധ്യം ശ്രാവ്യസുന്ദരമായി.
നാഷണല്‍ കണ്‍വെന്‍ഷന്റെ കേന്ദ്ര ബിന്ദുവായ പൊന്തിഫിക്കല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മഹന്‍, ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായി. വിവിധ റീജിയണുകളിലെ വൈദികര്‍ വിശുദ്ധ ബലിയില്‍ പങ്കുചേര്‍ന്നു.
മറ്റുസഭകളും റീത്തുകളും പുതുമകള്‍ തേടിപ്പോകുമ്പോള്‍ പാരമ്പര്യത്തിലും വിശ്വാസത്തിലും അടിയുറച്ച്, മാറ്റപ്പെടാത്ത ആരാധനാ ക്രമവുമായി അഭിമാനത്തോടെ നിലകൊള്ളുന്ന മലങ്കര കത്തോലിക്കാസഭ അതിവേഗം ഒരു ആഗോള സഭയായി വളരുന്നതില്‍ തനിക്ക് സന്തോഷവും ആനന്ദവുമുണ്ടെന്ന് വചന സന്ദേശം മധ്യേ സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രസ്താവിച്ചു. മാര്‍ തെയോഫീലോസ് നഗറിലെ പ്രധാന ഹാളില്‍ തിങ്ങിനിറഞ്ഞ നൂറ് കണക്കിന് വിശ്വാസികള്‍ക്ക് മൂന്ന് റീത്തുകളിലെ മേലധ്യക്ഷന്മാര്‍ ഒന്ന് ചേര്‍ന്ന ദിവ്യബലി അവിസ്മരണീയമായി.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം അനുഗ്രഹ പ്രഭാഷണത്തില്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം, മലങ്കര കത്തോലിക്കാസഭയുടെ, വിശ്വാസ ദര്‍ശനത്തിലും കെട്ടുറപ്പിലും വിശ്വാസികള്‍ പ്രകടിപ്പിക്കുന്ന ദൈവാരാധനയുടെ ആഭിമുഖ്യത്തിലും തനിക്കുള്ള അതീവ സന്തോഷവും സന്തുഷ്ടിയും വ്യക്തമാക്കി.
ഉച്ചകഴിഞ്ഞ് നടന്ന സമാപന സമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ ക്ലീമിസ് കതോലിക്കാ ബാവ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയ കുട്ടികളെ അനുമോദിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു. വിവിധ മത്സരവിജയികള്‍ക്കുള്ള മെഡലുകളും അവാര്‍ഡുകളും കണ്‍വെന്‍ഷന്‍ തീം സോംഗ് രചിച്ച പ്രകാശ് ഉമ്മനുള്ള മെമന്റോയും വിതരണം ചെയ്തു. ആറാമത് നാഷണല്‍ കണ്‍വെന്‍ഷന് സുവനീര്‍ – ഈത്തോ 2017- ശ്രീ ചാക്കോ കോവൂരിന് ആദ്യ പ്രതി നല്‍കി കര്‍ദ്ദിനാള്‍ ക്ലീമിസ് പ്രകാശനം ചെയ്തു.
ക്രിസ്തുവിന്റെ സ്നേഹം ലോകത്തിന് പകര്‍ന്നു കൊടുക്കുന്ന ഗാര്‍ഹിക സഭകളായി ഓരോ കുടുംബങ്ങളും നവീകരിക്കപ്പെടണമെന്നുള്ള സഭാ പിതാവിന്റെ സമാപന സന്ദേശത്തെ നെഞ്ചിലേറ്റി പുനരൈക്യ പ്രസ്ഥാനത്തിന്റെ പിന്‍തലമുറ ആറാമത് നാഷണല്‍ കണ്‍വെന്‍ഷന്റെ സമാപനത്തിന് സാക്ഷ്യം വഹിച്ചു.
സംഘാടകത്വത്തിലെ മികവുകൊണ്ടും കൃത്യതകൊണ്ടും ഉള്ളടക്കം കൊണ്ടും ഏറെ പ്രശംസിക്കപ്പെട്ട കണ്‍വെന്‍ഷന് ചുക്കാന്‍ പിടിച്ചത് നാഷണല്‍ കോര്‍ഡിനേറ്ററായ ഫാ. തോമസ് മടുക്കമൂട്ടിലും, സഭാ ചാപ്ലൈന്‍ ഫാ. രഞ്ജിത് മഠത്തിറമ്പിലുമാണ്. ലിവര്‍പൂള്‍ സെന്റ് ബേസില്‍ മിഷനിലെ കുടുംബങ്ങള്‍ വിശ്രമമില്ലാതെ പ്രയത്നിക്കുകയും, ഒപ്പം എല്ലാ സഹായങ്ങളുമായ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ കൂടെ ചേരുകയും ചെയ്തപ്പോള്‍ 6-ാമത് മലങ്കര കത്തോലിക്കാ യു.കെ. നാഷണല്‍ കണ്‍വെന്‍ഷന്‍ സഭാ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട ഒരു സമ്മേളനമായി.
Leave a Reply