തമിഴ്‌നാട്ടില്‍ തീരദേശ മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയില്‍ ഇടിഞ്ഞ വീണ കെട്ടിടത്തിനിടയില്‍ പെട്ട് മേട്ടുപാളയത്ത് 15 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏഴ് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഇതോടെ തമിഴ്‌നാട്ടിലെ മഴക്കെടുതിയിലെ ആകെ മരണം 20 ആയി. തീരദേശ മേഖലയിലെ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

തമിഴ്നാട്ടിലും പുതുച്ചേരിയിലും വരും ദിവസങ്ങളിലും കനത്ത മഴ സംബന്ധിച്ച് കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ സ്‌കൂളുകളും കോളേജുകളുമടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മദ്രാസ് യൂണിവേഴ്സിറ്റിയുടേയും അണ്ണാ യൂണിവേഴ്സിറ്റിയുടേയും പരീക്ഷകള്‍ റദ്ദാക്കിയിട്ടുണ്ട്. തിരുവല്ലൂര്‍, തൂത്തുക്കുടി രാമനാഥപുരം മേഖലകളില്‍ സ്‌കൂളുകള്‍ക്ക് ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്കല്‍പേട്ട്, കാഞ്ചീപുരം, കടലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ അടച്ചു. പുതുച്ചേരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.

തമിഴ്നാട് അധികൃതര്‍ വില്ലുപുരം ജില്ലയിലെ വീഡൂര്‍ ഡാം തുറന്നുവിടുന്നതിന് മുന്നോടിയായി പുതുച്ചേരിയിലെ ശങ്കരഭരണി നദിക്ക് സമീപം താമസിക്കുന്നവര്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലൂര്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് 800നടുത്ത് പേരെ ഒഴിപ്പിച്ചതായി തമിഴ്നാട് ദുരന്തനിവാരണ മന്ത്രി ആര്‍ ബി ഉദയകുമാര്‍ പറഞ്ഞു. ദുരന്ത പ്രതികരണ സേന ടീം അംഗങ്ങള്‍ ചെന്നൈ, കന്യാകുമാരി, നീലഗിരി, തിരുവല്ലൂര്‍, കാഞ്ചീപുരം, ഡിണ്ടിഗല്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലേയ്ക്ക് തിരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചെന്നൈയില്‍ കനത്ത മഴയ്ക്കിടെ ഒരാള്‍ മരിച്ചിരുന്നു. തൂത്തുക്കുടി, കടലൂര്‍, തിരുനെല്‍വേലി, കാഞ്ചീപുരം എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്.

അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്ത് ന്യൂമര്‍ദം രൂപപ്പെട്ടതായികഴിഞ്ഞ ദിവസം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മാലിദ്വീപ്, ലക്ഷദ്വീപ് മേഖല, കേരള തീരം എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.