അര്‍ജന്റീന പാപ്പരായതുപോലെ ഇന്ത്യയും പാപ്പരാകുമോ ? പ്രമുഖ സാമ്പത്തിക വിദഗ്ധരുടെ എതിര്‍പ്പ് മറികടന്നാണ് കരുതല്‍ ധനം കൈമാറുന്നത്

അര്‍ജന്റീന പാപ്പരായതുപോലെ ഇന്ത്യയും പാപ്പരാകുമോ ? പ്രമുഖ സാമ്പത്തിക വിദഗ്ധരുടെ എതിര്‍പ്പ് മറികടന്നാണ് കരുതല്‍ ധനം കൈമാറുന്നത്
August 27 17:49 2019 Print This Article

മുംബൈ : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പക്കലുള്ള കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് കൈമാറാമെന്ന ബിമല്‍ ജലാന്‍ സമിതിയുടെ ശുപാര്‍ശയ്ക്കു ആര്‍.ബി.ഐ കേന്ദ്ര ബോര്‍ഡ അംഗീകാരം നല്‍കിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുന്ന കേന്ദ്രസര്‍ക്കാറിന് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്.

2018-19 സാമ്പത്തിക വര്‍ഷത്തിലെ നീക്കിയിരിപ്പായ 1,23,414 കോടി രൂപയും പുതുക്കിയ സാമ്പത്തിക മൂലധന ചട്ടക്കൂട് പ്രകാരം കണ്ടെത്തിയ 52,637 കോടി രൂപയും ഉള്‍പ്പെടെ 1,76,051 കോടി രൂപയാണ് കൈമാറാന്‍ തിങ്കളാഴ്ച ഗവര്‍ണര്‍ ശക്തികാന്തദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചത്.  കഴിഞ്ഞ അഞ്ചു വര്‍ഷത്തനിടെ ലഭിച്ച ശരാശരി തുകയേക്കാള്‍ മൂന്നു മടങ്ങ് തുകയാണ് ഇത്തവണ കേന്ദ്രത്തിന് ലഭിക്കുന്നത്. ഇതോടെ അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ കേന്ദ്രസര്‍ക്കാറിന് ബജറ്റില്‍ പ്രതീക്ഷിച്ചതിലും 64 ശതമാനം അധികതുകയാണ് റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിക്കുന്നത്.

അധിക കരുതല്‍ ധനം സര്‍ക്കാറിന് കൈമാറാനുള്ള തീരുമാനം നിരവധി സാമ്പത്തിക വിദഗ്ദ്ധര്‍ നേരത്തെ രേഖപ്പെടുത്തിയ എതിര്‍പ്പുകള്‍ മറികടന്നാണ്. മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍, ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ തുടങ്ങിയവര്‍ രാജിവെച്ചത് വിഷയത്തില്‍ സര്‍ക്കാറുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ്. ഉര്‍ജിത് പട്ടേലിന്റെ മുന്‍ഗാമി രഘുറാം രാജനും കരുതല്‍ ധനം കൈമാറുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തിരുന്നു. ഗവര്‍ണര്‍ പദവിയില്‍ രണ്ടാമൂഴം രഘുറാം രാജന്‍ ആഗ്രഹിച്ചിരുന്നെങ്കിലും മോദി സര്‍ക്കാര്‍ അതിന് അനുവദിക്കാതിരുന്നതും ഈ എതിര്‍പ്പ് കൂടി ഉള്ളതു കൊണ്ടാണ്.

ഉര്‍ജിതിന്റെ രാജിക്കു പിന്നാലെ, ഗവര്‍ണറായി എത്തിയ ശക്തികാന്ത ദാസിന്റെ നിയമനത്തിന് രണ്ടാഴ്ചക്കകം, 2018 ഡിസംബര്‍ 27നാണ് അധികമൂലധനം സര്‍ക്കാറിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബിമല്‍ ജലാനിന്റെ നേതൃത്വത്തില്‍ ആറംഗ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. കമ്മിറ്റിയുടെ വൈസ് ചെയര്‍മാനും മുന്‍ ആര്‍.ബി.ഐ ഡപ്യൂട്ടി ഗവര്‍ണറുമായ രാകേഷ് മോഹനും ഈ ഫണ്ട് സര്‍ക്കാറിന് കൈമാറുന്നതില്‍ ആദ്യം എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. കമ്മിറ്റി അംഗവും മുന്‍ ധനകാര്യ സെക്രട്ടറിയുമായ എസ്.സി ഗാര്‍ഗും തീരുമാത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇദ്ദേഹം പിന്നീട് ഊര്‍ജ്ജ സെക്രട്ടറിയേറ്റിലേക്ക് മാറി.

കരുതല്‍ ധനം കേന്ദ്രസര്‍ക്കാറിന് കൈമാറുന്നത് വന്‍ സാമ്പത്തിക അരാജകത്വത്തിലേക്ക് നയിക്കും എന്നാണ് ഈയിടെ ആര്‍.ബി.ഐയില്‍ നിന്ന് രാജിവച്ച ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ പറഞ്ഞിരുന്നത്. സമാന നീക്കം നടത്തിയ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രം വന്‍ ദുരന്തത്തിലേക്ക് പോയതായി 2018 ഒക്ടോബറില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ആര്‍.ബി.ഐയുടെ സ്വയംഭരണാധികാരത്തിന് വേണ്ടി ശക്തമായി വാദിച്ച അദ്ദേഹം സര്‍ക്കാറുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ രാജിവയ്ക്കുകയായിരുന്നു.

2010 ഡിസംബര്‍ 14ന് ക്രിസ്റ്റിന ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലുള്ള അര്‍ജന്റൈന്‍ സര്‍ക്കാറാണ് അധിക കരുതല്‍ ധനം കേന്ദ്ര ട്രഷറിയിലേക്ക് വാങ്ങിയിരുന്നത്. കേന്ദ്ര ബാങ്ക് റിസര്‍വില്‍ നിന്ന് 6.6 ബില്യണ്‍ യു.എസ് ഡോളറാണ് അര്‍ജന്റീനന്‍ കേന്ദ്രബാങ്ക് നാഷണല്‍ ട്രഷറിയിലേക്ക് കൈമാറിയത്. കേന്ദ്രബാങ്കില്‍ 18 ബില്യണ്‍ യു.എസ് ഡോളര്‍ അധികധനം ഉണ്ട് എന്നായിരുന്നു സര്‍ക്കാറിന്റെ വാദം. ഫണ്ട് കൈമാറാന്‍ വിസമ്മതിച്ച കേന്ദ്രബാങ്ക് മേധാവി റെഡ്രാഡോയെ പുറത്താക്കിയ ശേഷമാണ് ഫണ്ട് സര്‍ക്കാര്‍ ട്രഷറിയിലെത്തിച്ചത്.

ഇതോടെ 2001ന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക സാഹചര്യത്തിലേക്ക് അര്‍ജന്റീന വീണു. അക്കാലത്ത് അര്‍ജന്റീന്‍ സാമ്പത്തിക മേഖലയെ അപഗ്രഥിച്ചിരുന്ന ഗോള്‍മാന്‍ സാഷിന്റെ ധനകാര്യവിദഗ്ധന്‍ ആല്‍ബര്‍ട്ടോ റാമോസ് എഴുതിയത് ഇന്ത്യയെ സംബന്ധിച്ചും പ്രധാനമാണ്. അതിങ്ങനെയാണ്;

‘ സര്‍ക്കാര്‍ ബാദ്ധ്യതകള്‍ വീട്ടാന്‍ കേന്ദ്രബാങ്ക് കരുതല്‍ ധനം ഉപയോഗിക്കുക എന്നത് ക്രിയാത്മകായ നീക്കമല്ല. അധിക കരുതല്‍ ധനം എന്ന ആശയം തന്നെ ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ടതാണ്. കേന്ദ്രബാങ്കിന്റെ ബാലന്‍സ് ഷീറ്റിനെ അതു ദുര്‍ബലപ്പെടുത്തും. സര്‍ക്കാറിന് തെറ്റായ പ്രചോദനധനം (ഇന്‍സന്റീവ്) നല്‍കുകയും ചെയ്യും’.

റെഡ്രാഡോയുടെ പുറത്തു പോക്കിന് പിന്നാലെ, ന്യൂയോര്‍ക്ക് കോടതി അര്‍ജന്റീനന്‍ സെന്‍ട്രല്‍ ബാങ്കിന്റെ അക്കൗണ്ട് മരവിപ്പിച്ചു. അര്‍ജന്റീനന്‍ കേന്ദ്രബാങ്ക് സ്വയംഭരണാധികാര സ്ഥാപനമല്ല എന്ന നിക്ഷേപകരുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്.

രഘുറാം രാജന്‍, ഉര്‍ജിത് പട്ടേല്‍ എന്നിവര്‍ക്കു പുറമേ, മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍മാരായ ഡി. സുബ്ബറാവുവും വൈ.വി റെഡ്ഡിയും കരുതല്‍ ധനം കൈമാറുന്നതില്‍ എതിര്‍പ്പ് അറിയിച്ചവരാണ്. സര്‍ക്കാറിന്റെ ധന ബാലന്‍സ് ദുര്‍ബലമായിരിമ്പോള്‍ സെന്‍ട്രല്‍ ബാങ്കിന്റെ ബാലന്‍സ് ഷീറ്റ് കരുത്തുള്ളതാകണമെന്ന പക്ഷക്കാരനാണ് റെഡ്ഢി. ബാലന്‍സ് ഷീറ്റില്‍ റെയ്ഡ് നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, റിസര്‍വ് ബാങ്ക് നിലവില്‍ സൂക്ഷിക്കുന്ന കരുതല്‍ ധനം കൂടുതല്‍ ആണെന്ന് മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടിരുന്നു. കരുതല്‍ ധനത്തിന്റെ ഏകദേശം നാലു ലക്ഷം കോടി ബാങ്കുകളുടെ റി കാപ്പിറ്റലൈസേഷന് ഉപയോഗിക്കാം എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അന്നത്തെ ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles