രാജ്യത്ത് ഇതുവരെ 4421 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറില്‍ 354 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 117 പേരാണ് ഇതുവരെ മരിച്ചിരിക്കുന്നത്. 326 പേർ അസുഖം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനങ്ങളുടേയും വിദഗ്ധരുടേയും അഭിപ്രായം പരിഗണിച്ച് 21 ദിവസത്തെ ലോക്ക് ഡൗണ്‍ നീട്ടാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.മഹാരാഷ്ട്രയിലാണ് ഇതുവരെ ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് – 748.

ഉത്തര്‍പ്രദേശിലെ ആഗ്രയിലും ഗൗതംബുദ്ധ നഗറിലും കേരളത്തിലെ പത്തനംതിട്ടയിലും രാജസ്ഥാനിലെ ഭില്‍വാരയിലും ഈസ്റ്റ് ഡല്‍ഹിയിലും ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് സ്ട്രാറ്റജി വിജയകരമാണെന്ന് ആരോഗ്യ ജോയിന്റെ സെക്രട്ടറി അറിയിച്ചു. ഒരു കൊവിഡ് രോഗി ക്വാറന്റൈന്‍ ചെയ്യുന്നില്ലെങ്കില്‍ ഈ രോഗി 30 ദിവസത്തിനുള്ളില്‍ 406 പേര്‍ക്ക് രോഗം പടര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ഐസിഎംആര്‍ പഠനം പറയുന്നതായി ലാവ് അഗര്‍വാള്‍ പറഞ്ഞു. 2500 കോച്ചുകളിലായി 40,000 ഐസൊലേഷന്‍ ബെഡ്ഡുകള്‍ റെയില്‍വേ തയ്യാറാക്കിയിട്ടുണ്ട്. പ്രതിദിനം 375 ഐസൊലേഷന്‍ ബെഡ്ഡുകള്‍ നിര്‍മ്മിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 133 കേന്ദ്രങ്ങളില്‍ ഈ പ്രവര്‍ത്തനം നടക്കുന്നുണ്ട്.