കമലഹാസ്സന്റെ പാര്‍ട്ടി ആം ആദ്മി പാര്‍ട്ടി തന്നെ ആണോ ? അതുകൊണ്ടല്ലേ കേജരിവാള്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ ഉദ്ഘാടനത്തിന് വിശിഷ്ട വ്യക്തിയായി ക്ഷണിക്കപ്പെട്ടത് .

കമലഹാസ്സന്റെ പാര്‍ട്ടി ആം ആദ്മി പാര്‍ട്ടി തന്നെ ആണോ ? അതുകൊണ്ടല്ലേ കേജരിവാള്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ ഉദ്ഘാടനത്തിന് വിശിഷ്ട വ്യക്തിയായി ക്ഷണിക്കപ്പെട്ടത് .
February 25 12:13 2018 Print This Article

പ്രണവ് രാജ്

ചെന്നൈ : ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി കമലഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ പുതിയ പാര്‍ട്ടിയുടെ പേര് ”  മക്കള്‍ നീതി മയ്യം  ”  എന്ന് തമിഴില്‍ . മക്കള്‍ക്ക് നീതി ഉറപ്പാക്കുന്ന കേന്ദ്രമെന്ന് മലയാളത്തിലും , പീപ്പിള്‍സ് ജസ്റ്റിസ് പാര്‍ട്ടിയെന്ന് ഇംഗ്ലീഷിലും അര്‍ത്ഥം . യഥാര്‍ത്ഥത്തില്‍ കമലഹാസ്സന്റെ ഈ പാര്‍ട്ടി തമിഴ്നാട്ടിലെ ആം ആദ്മി പാര്‍ട്ടി തന്നെയല്ലേ ?. ഈ പാര്‍ട്ടിയുടെ ഉദ്ഘാടനത്തിന് എത്തിയ വിശിഷ്ട വ്യക്തികളില്‍ കമലഹാസ്സന്റെ വലത് വശത്ത് ആം ആദ്മി പാര്‍ട്ടിയുടെ അമരക്കാരനായ അരവിന്ദ് കെജ്‌രിവാളും , ഇടത് വശത്ത് ആം ആദ്മി പാര്‍ട്ടിയുടെ തമിഴ്നാടിന്റെ ചുമതല വഹിക്കുന്ന സോമനാഥ് ഭാരതിയുമായിരുന്നു ഉണ്ടായിരുന്നത്.

അതുമാത്രമല്ല കമലഹാസ്സന്റെ പ്രസംഗത്തില്‍ ഉടനീളം ഇന്ത്യയുടെ ഏക പ്രതീക്ഷയായ  കെജരിവാളിനെപ്പറ്റി അദ്ദേഹം വാചാലനായി . കെജരിവാളാണ് എനിക്ക് ഇങ്ങനെ ഒരു പാര്‍ട്ടി ഉണ്ടാക്കുവാന്‍ പ്രചോദനം തന്നത് എന്നും അദ്ദേഹം പറയുകയുണ്ടായി. .

കമലഹാസ്സന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഒന്ന് ശ്രദ്ധിക്കുക.

നിങ്ങളുടെ നായകനല്ല ഞാന്‍ , മറിച്ച് നിങ്ങളിലൊരുവനാണ് . ഇവിടെ കൂടിയവരിലെ ആയിരക്കണക്കിന് നേതാക്കളുടെ ഒപ്പം നില്‍ക്കുന്നവന്‍ . തമിഴകത്ത് പുതുയുഗം കുറിക്കുകയാണ് നാമിന്ന് . താരമെന്ന പദവിയില്‍ നിന്ന് അണികളുടെ വീട്ടിലെ വിളക്കായി ഇരിക്കാനാണ് താന്‍ ആഗ്രഹിയ്ക്കുന്നത് . ആ വിളക്ക് കെടാതെ സൂക്ഷിയ്‌ക്കേണ്ടത് അണികളാണ് . അഴിമതി പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിയ്ക്കണം . എല്ലാവരും ഒരുമിച്ച് നിന്നിട്ട് എന്നോട് മാത്രം അഴിമതി ഇല്ലാതാക്കാന്‍ ശ്രമിയ്ക്കണമെന്ന് പറഞ്ഞാല്‍ എങ്ങനെയാണ് സാധിക്കുക . നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിയ്ക്കും . എന്നെക്കൊണ്ട് ഒറ്റയ്ക്ക് സാധിയ്ക്കുമോ ?. ഇല്ല . ഒരു മരം ഒറ്റയ്ക്ക് വളര്‍ന്നാല്‍ അതിനെ തോട്ടം എന്ന് വിളിക്കാന്‍ കഴിയില്ലെന്ന് നിങ്ങള്‍ കേട്ടിട്ടില്ലേ . എല്ലാവരും വരൂ . നമുക്ക് ഒരുമിച്ച് നിന്ന് അഴിമതിയ്ക്കെതിരെ പ്രവര്‍ത്തിയ്ക്കാം . ചെയ്തു കാണിയ്ക്കാം .  അതിനായി നമ്മള്‍ ചില ത്യാഗങ്ങള്‍ സഹിയ്‌ക്കേണ്ടി വരും , അഴിമതിയാണ് നമ്മള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമെന്നും , അത് തുടച്ച് നീക്കിയാല്‍ മറ്റ് എല്ലാം പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ നമ്മുക്ക് കഴിയുമെന്നും കമല്‍ പറഞ്ഞു.

കമലഹാസ്സന്റെ ഈ പ്രസംഗം കേള്‍ക്കുമ്പോള്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡെല്‍ഹിയിലെ രാം ലീല മൈതാനത്ത് കെജരിവാള്‍ നടത്തിയ പ്രസംഗം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നതുപോലെ തോന്നും . അഴിമതി ഇല്ലാതാക്കുക , വര്‍ഗീയത ഇല്ലാതാക്കുക , എല്ലാവര്‍ക്കും വിദ്യാഭ്യാസവും ജോലിയും ഉറപ്പാക്കുക തുടങ്ങിയാണ് പാര്‍ട്ടിയുടെ ലക്ഷ്യങ്ങളെന്നും കമല്‍ പറഞ്ഞു .

ഇതെല്ലാം ഇച്ഛാശക്തിയുള്ള സത്യസന്ധനും , അഴിമതി ചെയ്യാത്തവനുമായ ഒരു നേതാവിന്റെ കീഴില്‍ ഒരു സര്‍ക്കാര്‍ വന്നാല്‍ , ചെയ്യാന്‍ കഴിയുമെന്ന് കെജരിവാള്‍ തെളിയിച്ചെന്നും കമലഹാസ്സന്‍ ആവര്‍ത്തിച്ചു പറഞ്ഞു . ഡെല്‍ഹി എന്ന ചെറിയ സംസ്ഥാനത്ത് കെജരിവാള്‍ നടത്തിയ വികസനങ്ങള്‍ പോലെ തമിഴ്നാട്ടിലെ എട്ട് ഗ്രാമങ്ങള്‍ ദത്തെടുത്ത് , മാതൃകാ വികസനം എങ്ങനെയെന്ന് നിലവിലെ സര്‍ക്കാറിന് കാണിച്ചു കൊടുക്കുമെന്നും കമല്‍ പറഞ്ഞു . അതോടൊപ്പം ഇസ്സങ്ങളെക്കാള്‍ ജനങ്ങളുടെ വിശപ്പടക്കാനുള്ള സിദ്ധാന്തങ്ങള്‍ക്കും , പ്രത്യേയശാസ്ത്രങ്ങള്‍ക്കുമാണ് നമ്മള്‍ പ്രാധാന്യം നല്‍കുന്നതെന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ സൂചിപ്പിച്ചുകൊണ്ട് കമല്‍ വ്യക്തമാക്കി.

മഹത്തായ കാര്യങ്ങള്‍ക്ക് വളരെ ലളിതമായാണ് തുടക്കം കുറിയ്ക്കേണ്ടത് . അതുകൊണ്ട് തന്നെയാണ് ലളിത ജീവിതം നയിച്ച രാജ്യത്തെ മഹത് വ്യക്തിയായ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ വീട്ടില്‍ നിന്ന് തന്നെ ഈ പാര്‍ട്ടിയുടെ പര്യടനം തുടങ്ങിയതെന്നും , കെജരിവാളിനെപ്പോലെ ലളിത ജീവിതം നയിക്കുന്ന ഒരു നേതാവിനെ ഈ സന്തോഷത്തില്‍ പങ്ക് ചേരാന്‍ ക്ഷണിച്ചതെന്നും കമലഹാസന്‍ പറഞ്ഞു.

സത്യത്തില്‍ കമലഹാസ്സന്റെ പ്രസംഗത്തില്‍ ഉടനീളം കെജരിവാള്‍ എന്ന വ്യക്തിയെയും , അദ്ദേഹം നടപ്പിലാക്കുന്ന അഭൂതപൂര്‍വമായ വികസനങ്ങള്‍ ഒന്നിച്ച് നിന്നാല്‍ നമ്മുക്കും ചെയ്യാന്‍ കഴിയും എന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു . അതോടൊപ്പം ഇന്‍ഡ്യയില്‍ നിലവിലുള്ള മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുടരുന്ന ജനങ്ങളുടെ ഇന്നത്തെ നിത്യജീവിതത്തിന് ഗുണകരമല്ലാത്ത ഇസ്സങ്ങളെക്കാളും ഉപരി ,  ജനങ്ങളുടെ വിശപ്പടക്കാനുള്ള സിദ്ധാന്തങ്ങള്‍ക്കും , പ്രത്യേയശാസ്ത്രങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്നും കമലഹാസന്‍ വ്യക്തമാക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഈ പുതിയ പാര്‍ട്ടി തമിഴ്നാട്ടിലെ ആം ആദ്മി പാര്‍ട്ടി തന്നെയാണെന്ന് ഉറപ്പിക്കാം.

എങ്കില്‍ എന്തുകൊണ്ടാണ് ഈ പാര്‍ട്ടിക്ക്  ”  ആം ആദ്മി പാര്‍ട്ടി ” എന്ന് പേരിടാഞ്ഞത് എന്ന ചോദ്യം  അവശേഷിക്കുന്നുണ്ട് . ഇവിടെയാണ് കുറെ മാസങ്ങള്‍ക്ക് മുന്‍പ് കേജരിവാളും , കമലഹാസ്സനും തമ്മില്‍ കൂടി നടത്തിയ കൂടിക്കാഴ്ചയെ നമ്മള്‍ കൂട്ടി വായിക്കേണ്ടത് . തമിഴ് ജനതയുടെ ഹിന്ദി ഭാഷയെക്കാള്‍  ”  തമിഴ്  ”  ഭാഷയോടുള്ള അവരുടെ ആത്മബന്ധം മറ്റ് ആരെക്കാളും കമലഹാസ്സന് നല്ലതുപോലെ അറിയാം. അതോടൊപ്പം നോര്‍ത്ത് ഇന്‍ഡ്യയില്‍ ജോലി ചെയ്യുന്നവരില്‍ മറ്റ് സംസ്ഥാനത്ത് നിന്ന് ഉള്ളവരേക്കാള്‍ എണ്ണത്തില്‍ കുറവാണ് സാധാരണക്കാരായ തമിഴ് ജനത . മാഹാഭൂരിപക്ഷവും തമിഴ്നാട്ടില്‍ തന്നെ കൃഷിക്കാരായും , ബിസ്സിനസ്സുകാരുമായി തുടരുകയാണ് അവര്‍ . ബാക്കിയുള്ളവരില്‍ അധികവും ഗള്‍ഫ്‌ , സിംഗപ്പൂര്‍ , മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ജീവിക്കുന്നതും . അതുകൊണ്ട് തന്നെയാണ് ഹിന്ദി ഭാഷയിലുള്ള  ”  ആം ആദ്മി പാര്‍ട്ടി  ”  എന്ന പേരിന് സമാനമായ അതേ അര്‍ത്ഥം വരുന്ന തമിഴ് പേര് സ്വീകരിച്ചതും . അങ്ങനെയാണ് ആം ആദ്മി പാര്‍ട്ടിയുടെ എല്ലാ ആശയങ്ങളെയും വികസ്സനങ്ങളെയും അതെ രൂപത്തില്‍ നടപ്പിലാക്കുയും ,  എന്നാല്‍ തമിഴ് ജനത ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഭാഷയായ തമിഴില്‍   ”  മക്കള്‍ നീതി മയ്യം  ” എന്ന പേര് ഈ പാര്‍ട്ടിക്ക് നല്‍കുകയും ചെയ്തത് . അതുകൊണ്ട് തന്നെയാണ് കെജരിവാള്‍ എന്ന മറ്റൊരു പാര്‍ട്ടിയുടെ നേതാവ് ഈ പുതിയ പാര്‍ട്ടിയുടെ ഉദ്ഘാടനത്തിന് വിശിഷ്ട വ്യക്തിയായി ക്ഷണിക്കപ്പെട്ടതും. അതിനര്‍ത്ഥം മക്കള്‍ നീതി മയ്യവും , ആം ആദ്മി പാര്‍ട്ടിയും ഒരു പാര്‍ട്ടി തന്നെയെന്നാണ്.

ലക്ഷക്കണക്കിന്‌ തമിഴ് ജനത കമലഹാസ്സനിന്റെ പാര്‍ട്ടിയില്‍ അണിചേരും എന്നുറപ്പാണ് .  തമിഴ് ജനതയ്ക്ക് സിനിമ താരങ്ങളോടുള്ള മാനസിക ബന്ധം അത്രയ്ക്ക് വലുതാണ്‌ . അതുമാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലെ സിനിമ താരങ്ങളെക്കാളും എളിമയുള്ളവരും , സാധാരണക്കാരെ സാമ്പത്തികമായി സഹായിക്കുന്നവരുമാണ് തമിഴ് സിനിമ താരങ്ങള്‍ . അതുകൊണ്ട് തന്നെയാണ് തമിഴ്നാട്ടില്‍ സിനിമ താരങ്ങള്‍ മരിക്കുമ്പോള്‍ ഈ പാവങ്ങള്‍  ശരീരത്ത് തീ കൊളുത്തി സ്വന്തം ജീവന്‍ നല്‍കികൊണ്ട് താരങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതും .

സത്യത്തില്‍ തമിഴ് ജനത ഡെല്‍ഹിയിലെ ജനങ്ങളെപ്പോലെ ഭാഗ്യം ചെന്നവരാണ് . കാരണം കമലഹാസ്സനും കെജരിവാളും കൈകോര്‍ക്കുമ്പോള്‍ വരും നാളുകളില്‍ തമിഴ് ജനത വന്‍ വികസങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും എന്നുറപ്പാണ് .  അതുമാത്രമല്ല ഇപ്പോള്‍ ഇന്ത്യ മുഴുവനും വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഈ കൂട്ട്കെട്ട് കൂടുതല്‍ സഹായകമാകും ചെയ്യും.  ഡെല്‍ഹിയില്‍ ഉണ്ടായിരിക്കുന്ന അദ്ഭുതകരമായ വികസനങ്ങളെയും , കെജരിവാള്‍ എന്ന നേതാവിന്റെ ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയത്തെയും ലോകം മുഴുവനിലുമുള്ള ഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനതയും ഇതിനോടകം നെഞ്ചിലേറ്റി കഴിഞ്ഞു എന്നതാണ് കമലഹാസ്സന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് മനസ്സിലാകുന്നത് .

 

 

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles