ഉംപുൻ ചുഴലിക്കാറ്റിൽ ബംഗാളില്‍ 72 പേര്‍ മരിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി. കൂടുതല്‍ കേന്ദ്ര സഹായം വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കണമെന്നും മമത ആവശ്യപ്പെട്ടു. ബംഗ്ലദേശിലേയ്ക്ക് കടന്ന ഉംപുൻ ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദ്ധമായി ദുർബലപ്പെട്ടു.

ഒഡീഷയുടെ വടക്കും ബംഗാളിന്റെ തെക്കും ഉംപുൻ താണ്ഡവമാടി. ബംഗാള്‍ നേരിട്ട ഏറ്റവും വലിയ ദുരന്തമെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. കോവിഡിനേക്കാൾ നാശമുണ്ടാക്കി. ബംഗാളില്‍ 72 പേർക്ക് ജീവന്‍ നഷ്ടമായതായി മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിനു ബംഗാള്‍ സര്‍ക്കാര്‍ രണ്ടര ലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ദുരന്ത ബാധിത പ്രദേശങ്ങള്‍ വിലയിരുത്തണമെന്നു മമത ആവശ്യപ്പെട്ടു

രാജ്യം മുഴുവന്‍ ബംഗാളിനു ,ഒഡീഷയ്ക്കും ഐക്യദാർഢ്യം പ്രഖ്യപിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഒഡീഷ, ബംഗാള്‍ മുഖ്യമന്ത്രിമാരുമായി സംസാരിച്ചതായും എല്ലാ കേന്ദ്ര സഹായവും ഉറപ്പു നല്‍കിയതായും ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.

ദുരന്ത നിവാരണ പ്രവർത്തനങ്ങൾ തുടരുന്നതായി എന്‍ഡിആര്‍എഫ് അറിയിച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല. കൊൽക്കത്തയിൽ ആശയവിനിമയസംവിധാനങ്ങള്‍ ഇനിയും പുനസ്ഥാപിക്കാന്‍ ആയിട്ടില്ല. കൊല്‍ക്കത്ത വിമാനത്താവളമുള്‍ പ്പെടെ നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറി. ചുഴലിക്കാറ്റില്‍ ഒഡീഷയിൽ മൂന്നു പേരും , ബംഗ്ലാദേശില്‍ പത്തു പേരും മരിച്ചു.