ഓസ്‌ട്രേലിയയിൽ പടർന്നു പിടിച്ച കാട്ടുതീ മാസങ്ങളോളം നീണ്ടുനിന്നേക്കാമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ മുന്നറിയിപ്പ് നൽകി. സെപ്റ്റംബറിൽ ആരംഭിച്ച തീപിടുത്തത്തെ തുടര്‍ന്ന് 24 പേർക്കാണ് ജീവന്‍ നഷ്ടമായത്. തലസ്ഥാനമായ കാൻ‌ബെറയിലെ വായുവിന്റെ ഗുണനിലവാരം ഈ വാരാന്ത്യത്തിൽ ലോകത്തിലെ ഏറ്റവും മോശമായ നിലയിലാണ് രേഖപ്പെടുത്തിയത്. തീപിടുത്തത്തിൽ വീടുകളും ബിസിനസുകളും നഷ്ടപ്പെട്ടവരെ സഹായിക്കാൻ ഒരു റിക്കവറി ഏജൻസി ഉടന്‍തന്നെ ആരംഭിക്കുമെന്ന് മോറിസൺ പ്രഖ്യാപിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മന്ദഗതി ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരെ രൂക്ഷമായ വിമര്‍ശമാണ് ഉയരുന്നത്.

ഏതാണ്ട് ഇരുനൂറോളം കാട്ടുതീകളാണ് ഓസ്‌ട്രേലിയയിൽ ഇപ്പോഴും നാശം വിതച്ച് കൊണ്ടിരിക്കുന്നത്. ശക്തമായ കാറ്റും കനത്ത ചൂടും കാരണം കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ അധികൃതർ കഷ്ടപ്പെടുകയാണ്. പുലർച്ചെ മുതൽ അനുഭവപ്പെട്ട തണുത്ത കാലാവസ്ഥ അഗ്‌നിശമന ശ്രമങ്ങളെ വേഗത്തിലാക്കാൻ സഹായകമായിട്ടുണ്ട്. എന്നാൽ വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങൾ നൽകുന്ന മുന്നറിയിപ്പ്. സൗത്ത് വേൽസ്, സൗത്ത് ഓസ്‌ട്രേലിയ, വിക്ടോറിയ എന്നിവിടങ്ങളിലാണ് കാട്ടുതീ ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഈ മേഖലയിലുള്ള ഭൂരിഭാഗം ആളുകളും തീര പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു.

സൗത്ത് ആസ്‌ട്രേലിയയിൽ മാത്രം 14000 ഹെക്ടർ ഭൂമി കത്തി നശിച്ചു. 3000-ത്തോളം സൈനികരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ലക്ഷകണക്കിന് മൃഗങ്ങളാണ് ഇതിനകം വെന്തുമരിച്ചത്. 2 സബ്സ്റ്റേഷനുകളിൽ തീ പടർന്നതോടെ സിഡ്നി നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങി. മൂന്നാമതൊരു യുദ്ധക്കപ്പൽ കൂടി രക്ഷാപ്രവർത്തനങ്ങൾക്കായി ഇറക്കി. സിഡ്നിയിൽ ഇന്നലത്തെ താപനില 45 ഡിഗ്രിയായിരുന്നു, പെൻറിത്തിൽ 48.9 ഡിഗ്രിയും. പ്രതിസന്ധിയെത്തുടർന്ന് നേരത്തെ പ്രഖ്യാപിച്ച ഇന്ത്യാ സന്ദര്‍ശനം മോറിസൺ റദ്ദാക്കി.

രണ്ടുവർഷമായി ഓസ്‌ട്രേലിയയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാവ്യതിയാനം തന്നെയാണ് കാട്ടുതീക്ക്‌ കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 2009 ഫെബ്രുവരിയിലാണ് ഇതിനു മുന്‍പ് ഓസ്ട്രേലിയയിൽ ഏറ്റവും വലിയ കാട്ടുതീ ദുരന്തമുണ്ടായത്. വിക്ടോറിയ സംസ്ഥാനത്ത് അന്ന് 173 പേർ മരിച്ചിരുന്നു. 414 പേർക്ക് പരിക്കേറ്റു. 4500 ചതുരശ്രകിലോമീറ്റർ പ്രദേശം അന്ന് അഗ്നിക്കിരയായി. അതിനേക്കാള്‍ മാരകമായ തീ പിടുത്തമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതേസമയം, കാട്ടുതീ വന്‍നാശം വിതയ്ക്കുന്നതിനിടെ മോറിസണ്‍ അവധിക്കാല വിനോദയാത്ര പോയത് വിവാദമായിരുന്നു. വിമർശനങ്ങൾ വർദ്ധിച്ചതോടെ യാത്ര വെട്ടിച്ചുരുക്കി മടങ്ങിയ അദ്ദേഹം ജനങ്ങളോട് മാപ്പു പറയുകയും ചെയ്തിരുന്നു.