അദ്ധ്യായം – 16
എന്നെ നക്‌സലാക്കിയ നാടകം ബോക്കാറോയില്‍

കട്ടിലില്‍ തളര്‍ന്നു കിടക്കുമ്പോഴും ശരീരമാകെ വേദനിച്ചു. ശരീരം പൂര്‍ണ്ണമായും രോഗത്തില്‍നിന്നു മുക്തി പ്രാപിച്ചിട്ടില്ല. കളളനെ പോകാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കത്തില്ലായിരുന്നു. അതിന്റെ അര്‍ത്ഥം ഞാനൊരു ഭീരു എന്നല്ലേ. ഈ വീട് സംരക്ഷിക്കേണ്ടത് എന്റെ കടമയാണ്. ഇതിനുളളില്‍ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ ഞാനാണ് ഉത്തരം പറയേണ്ടത്. അങ്ങനെയെങ്കില്‍ എല്ലാവരും എന്നെ കുറ്റപ്പെടുത്തില്ലേ. ഞാന്‍ കളളനു കൂട്ടു നിന്നെന്ന് തന്നെ പറയും. നാട്ടിലായിരുന്നപ്പോള്‍ ഏതോ ഒരു പളളിയില്‍ സ്വര്‍ഗീയ താക്കോലിനെ പറ്റി പ്രസംഗിച്ചത് ഓര്‍മ്മയിലെത്തി. ആ ജീവനുളള താക്കോലിന്റെ നിലയും വിലയും ഇപ്പോഴാണ് ഞാനറിയുന്നത്. അകത്തു നിന്നു പൂട്ടുമ്പോള്‍ അതു രഹസ്യത്തിന്റെ താക്കോല്‍ മാത്രമല്ല, ഉത്തരവാദിത്വവും അധികാരവുമുളള താക്കോലാണ്. ആത്മാവിന്റെ താക്കോലാണ്. എല്ലാ മനുഷ്യരും ഓരോരോ താക്കോലിന്റെ ഉടമകളാണ്. ഉത്തരവാദിത്വവും അധികാരവും മനുഷ്യര്‍ നിര്‍വ്വഹിച്ചാല്‍ തുറക്കാത്ത വാതിലും തുറക്കപ്പെടും. അതു കളളന്റെ താക്കോലല്ല, യേശുക്രിസ്തു വിശുദ്ധ പത്രോസ്സിനു കൊടുത്ത, ജീവനുളള സ്വര്‍ഗീയ താക്കോലാണിത്.

നരകത്തില്‍ നിന്ന് സ്വര്‍ഗത്തിലേക്ക് കളളത്താക്കോലുമായി വന്നു തുറന്നാല്‍ ചുവടുകള്‍ തെറ്റും. ദയനീയമായി നരകത്തില്‍ വീഴുക തന്നെ ചെയ്യും. അതാണ് ഈ കളളനു പറ്റിയത്. കളളനെ കണ്ട് പേടിച്ചു വിറയ്ക്കുന്ന മദ്രാസിയല്ല ഞാനെന്ന് അയാള്‍ മനസ്സിലാക്കിക്കഴിഞ്ഞു. മനസ്സ് വീണ്ടും വ്യാകുലപ്പെട്ടു. എന്തെല്ലാം പ്രതീക്ഷയോടെയാണ് ഇങ്ങോട്ടു വന്നത്. പ്രതീക്ഷയാല്‍ തെളിഞ്ഞുനിന്ന കണ്ണുകള്‍ ഇന്ന് വേദനയാല്‍, ക്ഷോഭത്താല്‍ ചുവന്നിരിക്കുന്നു. എന്റെ ശരീരം അടിപിടിയുടെ അടയാളമായി മാറുന്നത് എന്താണ്. ചാരുംമൂട്ടിലെ ചെറു ബാല്യക്കാരന്‍ മാടാനപൊയ്കയിലെ മാടന്റെ തനി സ്വഭാവക്കാരനായി മറ്റുളളവരെ ഭയപ്പെടുത്തുന്നത് എന്താണ്?. മനസ്സില്‍ തെളിയുന്നത് മാടാന പൊയ്കയിലെ കിണറ്റില്‍ നിന്ന് ഉയര്‍ന്നു പൊന്തുന്ന മാടന്‍ ആരെയോ നിഗ്രഹിക്കാന്‍ വരുന്നതാണ്. കഥയും നാടകവും എഴുതാനാഗ്രഹിച്ച ഞാന്‍ കഥയില്ലാത്തവനായി മാറുകയാണോ?.

കാപ്പില്‍ തോമസ്സിന്റെ വീട്ടില്‍ കളളനുമായിട്ടുണ്ടായ ഏറ്റുമുട്ടല്‍ ഞാന്‍ ആരോടും പറഞ്ഞില്ല. ഒരു ദിനം ജോസഫ് ചേട്ടന്‍ എന്നെത്തേടി വന്നു. ഞാന്‍ എഴുതിത്തീര്‍ത്ത നാടകം അദ്ദേഹത്തെ ഏല്‍പിച്ചു. അതിന്റെ ഏതാനും താളുകള്‍ വായിച്ചിട്ട് പോക്കറ്റില്‍ നിന്ന് ഇരുപത്തിയഞ്ചു രൂപ എന്റെ കൈയ്യില്‍ വച്ചിട്ട് പറഞ്ഞു, ഇതു മറ്റാരും അറിയേണ്ട. എന്റെയൊരു സന്തോഷത്തിനാണ്. നാടകത്തെ അഗാധമായി സ്‌നേഹിക്കുന്ന ജോസഫ് ചേട്ടനെ സ്‌നേഹമിഴികളോടെ നോക്കിയിട്ട് പറഞ്ഞു ഒത്തിരി നന്ദി കാശിനു വേണ്ടിയല്ല ഞാന്‍ എഴുതിയത്. പെട്ടെന്ന് എന്നെ ധൈര്യപ്പെടുത്തിയറിയിച്ചു. ഇതിലും മഹത്തായത് എഴുതണം കേട്ടോ. റിഹേഴ്‌സല്‍ പെട്ടെന്ന് തുടങ്ങണം. അഭിനേതാക്കളെ കണ്ടെത്തണം. ശരി ഞാനിറങ്ങുന്നു. അദ്ദേഹം ആദരവോടെ പുറത്തേക്ക് പോയി. കൈയ്യില്‍ തന്ന പണത്തിലേക്ക് ഞാന്‍ സൂക്ഷിച്ചു നോക്കി. വിശ്വസിക്കാനാകുന്നില്ല. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്‌കൂള്‍- കോളജ് കുട്ടികള്‍ക്ക് ലഘു നാടകങ്ങള്‍ എഴുതിക്കൊടുത്തു കഴിയുമ്പോള്‍ ഒന്നും രണ്ടും രൂപ ലഭിച്ച നിമിഷങ്ങള്‍ ഓര്‍ത്തു. അന്ന് ആദ്യമെഴുതിയ പാട്ട് നാവിന്‍ തുമ്പില്‍ ഊഞ്ഞാലാടി.
ചാരും മൂടിനപ്പുറത്തേ പാടത്ത്
കൊയ്ത്തും മെതിയും ശേലാണേ
ആണും പെണ്ണും കൊറ്റിയും കോഴിയും
കൊയ്യാനെത്തും നാളാണേ
പൊന്നു വിളയും പാടത്ത്
കറ്റ ചുമക്കാന്‍ ഞാനും പോയേ
ആണിനു കിട്ടി അഞ്ചണ
പെണ്ണിനു കിട്ടി മൂന്നണ
കെറ്റിക്കും കോഴിക്കും കിട്ടി മൂന്നണ
ചാത്തന്റെ മോന്‍ കൊലുമ്പനും കിട്ടി മൂന്നണ
തോമസ് നാട്ടില്‍ നിന്ന് വന്നതിനു ശേഷം സെക്ടര്‍ മുന്നിലെ വാസുപിളളയുടെ വീട്ടിലേക്ക് ഞാന്‍ കാവല്‍ക്കാരനായി മാറി. ഇതിനിടയിലാണ് ജംഷഡ്പൂരിലെ റ്റാറ്റ കമ്പനിയിലേക്കും ദന്‍ബാദിലുളള കോള്‍ ഇന്ത്യ കമ്പനിയിലേക്കും ഞാന്‍ ഇന്റര്‍വ്യൂവിനായി പോയത്. ഇതിന് എന്നെ സഹായിച്ചത് അച്ചന്‍കുഞ്ഞാണ്. ദന്‍ബാദിലേക്ക് ബസ്സില്‍ പോയത് ബോക്കാറോ സ്റ്റീല്‍ സിറ്റി വഴിയാണ്. കോള്‍ ഇന്ത്യ കമ്പനിയില്‍ ജോലിയുളള വര്‍ഗ്ഗീസിന്റെ ഓഫിസ്സിലേക്കാണ് ഞാനാദ്യം പോയത്. ഞാന്‍ നാട്ടില്‍ നിന്ന് വരുമ്പോള്‍ എനിക്കൊപ്പം ഷോര്‍ട്ട് ഹാന്‍ഡ് എഴുതാന്‍ വര്‍ഗ്ഗീസ്, അച്ചന്‍കുഞ്ഞ്, രാധാകൃഷ്ണന്‍ നായര്‍ അങ്ങനെ പലരുമുണ്ടായിരുന്നു. അച്ചന്‍കുഞ്ഞിന്റെ അളിയന്റെ ക്വാര്‍ട്ടറിനടുത്താണ് വര്‍ഗ്ഗീസിന്റെ ഒരു ബന്ധുവിനൊപ്പം കഴിഞ്ഞത്. ഞാന്‍ വരുന്നതിനു മുമ്പു തന്നെ വര്‍ഗ്ഗീസ് ദന്‍ബാദില്‍ പോയി സ്‌റ്റെനോഗ്രാഫറുടെ ടെസ്റ്റ് കൊടുത്തിരുന്നു. അവിടെ ജോലിയും കിട്ടി.

ഒരു രാത്രി ഞാന്‍ വര്‍ഗ്ഗീസിനൊപ്പം താമസിച്ചു. എന്റെ ടെസ്റ്റ് രാവിലെ കഴിഞ്ഞതിനു ശേഷം അവിടുത്തെ കല്‍ക്കരി ഖനി കാണാന്‍ പോയി. ആ ഖനി കാണാനിറങ്ങിയത് ലിഫ്റ്റ് വഴിയാണ്. ഏകദേശം നാട്ടിലെ അന്‍പതു തൊടികളുളള കിണറിന്റെ ആഴത്തേക്കാള്‍ താഴ്ച്ചയുളള കല്‍ക്കരി ഖനികള്‍. അത് കുഴിച്ചു കൊണ്ടേയിരിക്കുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇതു പോലൊരു കാഴ്ച്ച കണ്ടത്. അമ്പരന്നത്. ഇതു പോലുളള ഖനികളില്‍ എത്രയോ ജീവന്‍ പൊലിഞ്ഞു എന്നതും വേദനയോടെ ഓര്‍ത്തു.
അവിടെ നിന്നു ഞാന്‍ പോയത് ബോക്കറോ സ്റ്റീല്‍ സിറ്റിയില്‍ ജോലിയുളള കുമ്പനാട്ടുകാരന്‍ കുര്യന്‍ സാറിന്റെ വീട്ടിലേക്കാണ്. ദുര്‍വ്വയിലെ ജോസഫ് സാര്‍ എന്റെ ഒരു നാടകം കുര്യന്‍ സാറിന് കൊടുത്തിരുന്നു. അവിടുത്തെ മലയാളികള്‍ അത് അവതരിപ്പിക്കാന്‍ തീരുമാനിച്ചതായി ജോസഫ് സാര്‍ പറഞ്ഞു. അത് അവതരിപ്പിക്കുവാനുളള അനുവാദം ഞാനപ്പോള്‍ തന്നെ കൊടുത്തു. എന്നാല്‍ നാടകകൃത്തിനു നല്‍കേണ്ട തുക, ഫൈനല്‍ റിഹേഴ്‌സല്‍ നാടകകൃത്ത് കാണുന്ന കാര്യം എന്നിവ സംസാരിക്കാന്‍ ബോക്കാറേ വരെ പോകണമെന്ന് എന്നോടു പറഞ്ഞിരുന്നു. നാടകത്തിന്റെ ഫൈനല്‍ റിഹേഴ്‌സല്‍ കാണാനാണ് ആ ദിവസം മുന്‍കൂട്ടിയറിയിച്ച് ഞാനവിടെ എത്തിയത്.

ആ രാത്രിയില്‍ ഞാന്‍ ഫൈനല്‍ റഹേഴ്‌സല്‍ കണ്ടു. നല്ല അഭിനയമാണ് എല്ലാവരും കാഴ്ച്ചവച്ചത്. ഞാന്‍ ചില ഭാഗങ്ങള്‍ മാത്രം അഭിനയിച്ചു കാണിച്ചു കൊടുത്തു. വളരെ ക്ഷമയും സഹകരണവും അഭിനേതാക്കളെ ഞാന്‍ അഭിനന്ദിച്ചു. 1971ല്‍ വി.വി ഹൈസ്‌കൂള്‍ വാര്‍ഷിക ദിനത്തില്‍ എനിക്ക് ബസ്റ്റ് ക്യാരക്ടര്‍ ആക്ടര്‍ വാങ്ങിത്തന്ന, എന്നെ നക്‌സലാക്കിയ, പോലീസിന്റെ അടി വാങ്ങിത്തന്ന ഇരുളടഞ്ഞ താഴ്‌വര ഞനും കുര്യന്‍ സാറുമായി പങ്കുവച്ചു. കര്‍ത്തവ്യ ബോധമുളള ഒരു പൗരന്‍ എന്ന നിലയില്‍ നമ്മള്‍ വോട്ടു ചെയ്യുന്നു. വോട്ടു വാങ്ങി ജയിക്കുന്നവര്‍ കര്‍ത്തവ്യബോധമുളളവരും ദാസന്മാരുമായി ഇരിക്കേണ്ടവരാണ്. അധികാരം കിട്ടിക്കഴിഞ്ഞാല്‍ അവര്‍ യജമാന്മാരാകും സ്വജനപക്ഷപാതം വളര്‍ത്തി വോട്ടു ചെയ്തവരെ ദാസന്മാരാക്കുന്നു. പോലീസ്സ് അടക്കമുളളവര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് പിന്മാറി അവരും പാവങ്ങളുടെ യജമാനന്മാരാകുന്നു. അതിനാല്‍ ഇന്നും കാണുന്നത് നിസ്വര്‍ത്ഥ സേവനമല്ല. ഈ നാടകത്തില്‍ ശക്തമായി തന്നെ ഇങ്ങനെയുളള വാദമുഖങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അതാണ് ഈ നാടകം ഞങ്ങള്‍ തിരഞ്ഞെടുക്കുവാനുളള കാരണമെന്ന് കുര്യന്‍ സാര്‍ പറഞ്ഞു. സമൂഹത്തില്‍ എഴുത്തുകാരന്‍ ദുര്‍ബലനാകാന്‍ പാടില്ല. അവര്‍ ശക്തരാകുമ്പോഴണ് സമൂഹവും ശക്തരാകുന്നത്. ഞങ്ങള്‍ ഉറങ്ങുന്നതിന് മുമ്പ് കുര്യന്‍ സാറിന്റെ വിലപ്പെട്ട വാക്കുകള്‍ ഞാന്‍ കേട്ടുകൊണ്ടിരുന്നു. രാവിലെ തന്നെ റാഞ്ചിയിലെ വീട്ടിലേക്ക് തിരിച്ചു. എന്റെ യാത്രയെപ്പറ്റി ഞാനാരോടും പറഞ്ഞിരുന്നില്ല. മുറിക്കുള്ളില്‍ ഓമനയുടെ രണ്ടു കത്തുകള്‍ കിടപ്പുണ്ടായിരുന്നു.

ഒരു ദിവസം ഹോട്ടലില്‍ ചെല്ലുമ്പോഴാണറിയുന്നത് വളളിക്കുന്നവും ആനന്ദനും കൂടി കുട്ടന്‍ എന്ന ചട്ടമ്പിയുമായി എന്നെ തേടി ഹോട്ടലില്‍ വന്നവിവരം. ഞാന്‍ അവരെ ഭയന്ന് ഒളിച്ചോടിയിരിക്കുന്നു. ഇതാണ് പറഞ്ഞു പരത്തിയിരിക്കുന്നത്. അപ്പു അവരോട് സ്‌നേഹത്തോടെ പറഞ്ഞത് സോമന്‍ ഇപ്പോള്‍ ഇങ്ങോട്ടു വരാറില്ല. എവിടെയെന്ന് ഞങ്ങള്‍ക്കറിയില്ല. നിങ്ങളുമായുളള പ്രശ്‌നം കഴിഞ്ഞിട്ട് വര്‍ഷം ഒന്നു കഴിഞ്ഞല്ലേ. വെറുതേ എന്തിനാണ് വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ആ പറഞ്ഞതൊന്നും അവരുടെ തലയില്‍ കയറിയില്ല. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണെന്ന് അപ്പുവിനറിയാം. അപ്പു ആ കാര്യം ജ്യേഷ്ഠനോട് പറഞ്ഞില്ല. വെറുതേ മറ്റുളളവരെ എന്തിന് ഇതിലേക്ക് വലിച്ചടണം. അതായിരുന്നു അയാളുടെ മനസ്സ്. അപ്പു പറഞ്ഞതൊന്നും ഞാന്‍ കാര്യമായി എടുക്കാതെ അടുക്കളയിലുളള സുരേഷിന്റെ അടുത്തേക്ക് നടന്നു. അയാള്‍ വലിയ ഇരുമ്പടുപ്പില്‍ ദോശയ്ക്കുളള മാവ് അതിലേക്ക് ഒഴിച്ച് ചട്ടുകം ഉപയോഗിച്ച് പരത്തിക്കൊണ്ടിരുന്നു. ഒരേ സമയം നാലു ദോശ അതില്‍ ചുട്ടെടുക്കാം. സുരേഷുമായ കുശലം പറഞ്ഞു കൊണ്ടിരിക്കേ അപ്പുവുമായി ഒരാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നതു കേട്ടു. അയാള്‍ക്കൊപ്പം മറ്റു രണ്ടു പേരുമുണ്ടായിരുന്നു. അയാള്‍ അകത്തേക്കു വരുന്നതിനെ അപ്പു തടഞ്ഞെങ്കിലും ആ കൈ തട്ടിമാറ്റി അകത്തേക്കു വന്നു. ഞാന്‍ വാതിലിനടുത്തേക്ക് ചെന്നു.

അയാള്‍ ഗര്‍ജ്ജിക്കുന്ന ശബ്ദത്തില്‍ ചോദിച്ചു, നീയാണോടാ സോമന്‍, അപ്പു മുമ്പു പറഞ്ഞയാള്‍ ഇയാളെന്ന് മനസ്സിലായി. ഞാന്‍ ശാന്തനായി ചോദിച്ചു, അങ്ങയെ മനസ്സിലായില്ല. എന്റെ പേര് കുട്ടന്‍. കേരളത്തില്‍ നിന്നു പുതിയൊരു അവതാരം വന്നു എന്നറിഞ്ഞു. കുറച്ചു നാളായി നിന്നെ ഞാന്‍ നോക്കി നടക്കുകയാ, എവിടെയാ നീ പോയി ഒളിച്ചേ. അപ്പു പിറകില്‍ നിന്നു അപേക്ഷിച്ചു. കുട്ടന്‍ സാബ് വെറുതേ പ്രശ്‌നം ഉണ്ടാക്കരുത്. ഞാന്‍ അവിടെ നിന്ന് ഒന്നും പറയാതെ അയാളെ കാര്യമാക്കാതെ പുറത്തേക്ക് നടന്നു. അവന് തല്ലുണ്ടാക്കണമെങ്കില്‍ വിചാരണ നടത്തണമെങ്കില്‍ പുറത്താകട്ടെ. കടയ്ക്കുള്ളില്‍ വേണ്ട, കുട്ടന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി. ഒട്ടും കൂസ്സാതെ മുന്നോട്ടു പോകുന്നവനെ ഒരു നിമിഷം നോക്കി. രക്ഷപ്പെടാനുളള ഭാവമാണ്. കടയ്ക്കുളളില്‍ ഏതാനം പേര്‍ ആവേശത്തോടെ നോക്കിയിരുന്നു.
അപ്പുവിന്റെ കണ്ണുകളില്‍ അമ്പരപ്പു മാത്രമായിരുന്നു. ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുംതോറും കുട്ടന്‍ വിടുന്ന ഭാവമില്ല . മുന്നോട്ടു നടന്ന എന്റെ ഉടുപ്പിന്റെ കോളറില്‍ പിടിച്ച് കുട്ടന്‍ അടുക്കള ഭാഗത്തേക്ക് വലിച്ചെറിഞ്ഞു. തറയില്‍ വീണ എന്റെ മുഖഭാവം മാറി. കണ്ണുകളിലെ വെളിച്ചം കൂടുതല്‍ പ്രകാശിച്ചു. എഴുന്നേറ്റുചെന്ന് അടുപ്പില്‍ ചായക്ക് തിളച്ചു കിടന്ന ചൂടു വെളളം ഒരു മഗ്ഗിലെടുത്ത് മുന്നോട്ടു വന്ന അംഗരക്ഷകരുടെ മുഖത്തേക്ക് തെറപ്പിച്ചു. അതു കുട്ടന്റെ ദേഹത്തും വീണു. ചൂടു വെളളത്തിന്റെ പൊളളലില്‍ മുഴുകി നില്‌ക്കെ കരുത്തുളള ഒരു ഇടി കുട്ടന്റെ മൂക്കിന് കൊടുത്തു. മൂക്കിന് ഇടിച്ച ഇടി പല്ലിന് മുകളിലായി പോയി. അയാളുടെ പല്ല് ഒരെണ്ണം കൊഴിഞ്ഞു വീണു വായിലൂടെ രക്തമൊഴുകി. കൊഴുത്ത ചോര കണ്ടയാള്‍ ഭയന്നു. അംഗരക്ഷകരായി വന്നവര്‍ക്ക് ഇടിക്കു പകരം തൊഴിയാണ് കട്ടിയത്. കുട്ടനും തൊഴി കിട്ടി മലര്‍ന്നുവീണു. അവിടെ കിടന്ന കസേര മുകളിലേക്ക് ഉയര്‍ത്തിയപ്പോള്‍ അപ്പു കസേരയില്‍ പിടിച്ചിട്ട് പറഞ്ഞു. ഇനിയും തല്ലല്ലേ ചത്തു പോകും. കുട്ടനെ സഹായിക്കാനെത്തിയ അംഗരക്ഷകരും പ്രതീക്ഷിച്ചതല്ല സംഭവിച്ചതെന്ന് മനസ്സിലായി.

കിട്ടിയ ചവിട്ട് നാഭിക്കായിരുന്നെങ്കില്‍ ചത്തു പോകുമായിരുന്നു. അവര്‍ ഭയന്നു നടന്നു. കുട്ടനെ ഞാന്‍ പുറത്തേക്ക് വലിച്ചെറഞ്ഞിട്ട് ആക്രോശിച്ചു, നിന്നെയൊക്കെ ഇങ്ങോട്ടു വിട്ടവന്മാരോട് പറഞ്ഞേക്ക് അവന്മാര്‍ പറയുന്നിടത്ത് ഞാന്‍ വരാമെന്ന്. കടയ്ക്കുളളിലുളളവര്‍ മിഴിച്ചു നോക്കിയതല്ലാതെ ശബ്ദിച്ചില്ല. കുട്ടനും കൂട്ടരും അവശരായി നടക്കുന്നത് കണ്ടിട്ടാണ് ഞാന്‍ കടയ്ക്കുളളിലേക്ക് കടന്നത്. അപ്പുവും ഞാനും മൂകരായി ശങ്കയോടെ പരസ്പരം നോക്കി. അപ്പുവിന്റെ മനസ്സു നിറയെ നന്ദിയെങ്കിലും അസ്വസ്തമാണ്. ആ കണ്ണുകളില്‍ എന്തോ ഒളിപ്പിക്കുന്നുണ്ടെന്ന് എനിക്കു തോന്നി. ഞാനീ കടയില്‍ വരുമ്പോഴൊക്കെ വഴക്കും അടിയും നടക്കുന്നു. അതും എന്നിലെ കുറ്റം കൊണ്ടല്ല എന്നിട്ടും ഞാനതില്‍ പങ്കാളിയാകുന്നു. സത്യം അതാണെങ്കിലും കടയുടെ മുതലാളിക്ക് അതൊക്കെ കച്ചവടത്തെ ബാധിക്കുന്ന കാര്യമാണ്.

നേരിയ വേദനയോടെയെങ്കിലും അപ്പുവിനോട് പറഞ്ഞു. ഇനിയും ഞാനീ കടയിലേക്ക് വരില്ല, വന്നാല്‍ ഇതൊക്കെ സംഭവിക്കും. വെറുതെ എന്തിനാ അപ്പു. അപ്പു സഹതാപത്തോടെ നോക്കി. സോമന്‍ അങ്ങനെ ഒരു തീരുമാനമെടുക്കേണ്ട. ഗുണ്ട എന്നൊരു പേരുദോഷം വന്നത് സ്വന്തമായി ഉണ്ടാക്കിയതല്ല. ജോസഫ് സാറ് പറഞ്ഞു നാടകത്തിന്റെ റിഹേഴ്‌സല്‍ നടക്കുന്നുണ്ടെന്ന് അതിലൊക്കെ ശ്രദ്ധിക്ക്. അപ്പുവിന്റെ മനസ്സില്‍ വാസുപിളള കടന്നു വന്നു. അനന്തിരവനെ തല്ലിയതിന് അമ്മാവന്‍ വെറുതെ ഇരിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. ആ കാര്യം വെളിപ്പെടുത്താതെ ഇങ്ങോട്ടു വരാതിരിക്കാനായി പറഞ്ഞു, എഴുതുന്നവര്‍ ഒറ്റയ്ക്ക് ഒരു മുറിയിലിരുന്നല്ലേ എഴുതുന്നേ. ഇനിയും ഇതൊക്കെ മറന്ന് മുറിക്കുളളിലിരുന്ന് എഴുത്. അപ്പോഴത്തെ ശ്രദ്ധ അതിലാ അപ്പു. ശരി ഞാനിറങ്ങുന്നു. കടയില്‍ നിന്നിറങ്ങി മഞ്ഞു കാറ്റിലൂടെ സെക്ടര്‍ മുന്നിലേക്ക് നടന്നു.

തുടര്‍ന്നുളള നാളുകളില്‍ ഞാന്‍ എഴുത്തും വായനയും തുടര്‍ന്നു. എനിക്ക് ബോക്കാറോയിലുളള കുര്യന്‍ സാറിന്റെ കത്ത് കിട്ടി. അതിനൊപ്പം നോട്ടിസ്സുമുണ്ട്. നാടക രചന, ഗാനങ്ങള്‍ കാരൂര്‍ ഡാനി എന്നച്ചടിച്ചത് കണ്ടപ്പോള്‍ സന്തോഷം തോന്നി. നോട്ടിസ് അച്ചടിച്ചിരിക്കുന്നത് കൊല്‍ക്കെത്തയിലാണ്. എന്നെ നാടകം കാണാന്‍ ക്ഷണിച്ചിരിക്കുന്നു. രാവിലെ സര്‍ക്കാര്‍ വക ബസ്സില്‍ ബോക്കാറോയിലേക്ക് യാത്രതിരിച്ചു. ഉച്ച ഊണ് മുരളീധരന്‍ നായരുടെ വീട്ടിലായിരുന്നു. വൈകിട്ട് നാടകം കാണാനിരിക്കുമ്പോള്‍ എന്നെക്കുറിച്ച് കുര്യന്‍ സാര്‍ വളരെ നന്നായി പ്രേക്ഷകരുടെ മുന്നില്‍ സംസാരിച്ചു. ആ വാക്കുകള്‍ എന്നില്‍ ആത്മവിശ്വാസമാണുണ്ടാക്കിയത്. ഈ നാടകത്തില്‍ പോലീസ്സിന്റെ ചെയ്തികളെ ചിത്രീകരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കലഹം നിലവിലുളള വ്യവസ്ഥിതിയോടെന്ന് കുര്യന്‍ സാര്‍ പറഞ്ഞു. അത് എന്റെ വാക്കുകളായി തോന്നി.

പത്തില്‍ പഠിക്കുന്ന കാലം 1971ല്‍ എന്റെ സ്‌കൂളില്‍ ഞാന്‍ അഭിനയിച്ചത്, ബൊക്കാറോയില്‍ മറ്റൊരാള്‍ അഭിനയിച്ചു കാണുമെന്ന് പ്രതീക്ഷിച്ചതല്ല. കഥ ഇങ്ങനെ, സ്ഥലത്തെ പ്രമാണി ശങ്കരന്‍ നായര്‍ പാടത്ത് നില്‌ക്കേ പാടത്ത് തൊഴില്‍ ചെയ്യുന്നയാള്‍ തലയില്‍ ചുമന്ന് കൊണ്ടു വന്ന ചാണകപ്പൊടി നടന്നുവന്ന വരമ്പില്‍ കാല് തെറ്റി അന്യന്റെ കണ്ടത്തില്‍ വീഴ്ത്തിയത് ഇഷ്ടപ്പെടാതെ ശങ്കരന്‍ നായര്‍ ഓടിയെത്തി ജോലിക്കാരനെ തല്ലിയത് ഒപ്പം ജോലി ചെയ്തു കൊണ്ടിരുന്ന രാഘവന് ഇഷ്ടപ്പെട്ടില്ല. ഓടിച്ചെന്ന് ശങ്കരന്‍ നായരെ ദൂരേക്ക് വലിച്ചെറിഞ്ഞു. അതു മനസ്സില്‍ കൊണ്ടു നടന്ന ശങ്കരന്‍ നായര്‍ രാഘവനെ കുല മോഷ്ടിച്ചു എന്നപേരില്‍ കളള കേസ്സില്‍ കുരുക്കി.

പോലീസ് രാഘവനെ അറസ്റ്റു ചെയ്ത് ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. പണം ഇഷ്ടാനുസരണം വാങ്ങിയ പോലീസ് നിരപരാധിയായ രാഘവന്റെ ശരീരത്തിന്റെ ഓരോ ഭാഗവും ഇടച്ചു ചതച്ചു. രാഘവനെ ചില ബന്ധുക്കളുടെ സഹായത്താല്‍ പോലീസ്സില്‍ നിന്നു മോചിപ്പിക്കുന്നു. അയാള്‍ക്ക് നടക്കാനുളള ശക്തി പോലും നശിച്ചിരുന്നു. ഇടിയും തൊഴിയും ഏറ്റുവാങ്ങിയ രാഘവന്‍ ഒരു രോഗിയായി മാറി. രണ്ടു കുഞ്ഞുങ്ങളേയും ഭാര്യയെയും പോറ്റാന്‍ ആരോഗ്യമില്ലാതെ ഒരു യാചകനായി മാറുന്നു. ഒടുവില്‍ ക്ഷയ രോഗം ബാധിച്ച് സ്വന്തം കുഞ്ഞുങ്ങളുടെ മുന്നില്‍ രക്തം ഛര്‍ദ്ദിച്ച് മരിക്കുന്നതു കുഞ്ഞുങ്ങളും ഭാര്യയും കണ്ട് വാവിട്ട് കരയുന്ന രംഗം കണ്ട് കണ്ണു നിറഞ്ഞവര്‍ ധരാളമാണ്. പോലീസ്സിന്റെ ആന്തരികമായ അക്രമ വാസനയും, ഉത്തരവാദിത്വം, അച്ചടക്കം, കൈക്കൂലി, മദ്യ ഉപയോഗം, നീതി നിഷേധം, അങ്ങനെ പലതും സമൂഹത്തില്‍ ഭീതിയും ഭീഷണിയും മാത്രമല്ല, വാദിയെ പ്രതികളാക്കി കുറ്റവാളികളായി ചിത്രീകരിക്കുന്നു. നിലവിലുളള വ്യവസ്ഥതികള്‍ അധികാരികള്‍ ദുര്‍ബലപ്പെടുത്തുന്നതിനാല്‍ അധികാരം ആധിപത്യം നടത്തുന്നുവെന്നാണ് നാടകം കണ്ടിരിക്കുന്നവര്‍ക്ക് മനസ്സിലായത്.
സത്യവും നീതിയുമില്ലാത്ത പോലീസ് ആരുടെ മനസാക്ഷി സൂക്ഷിപ്പുകാരെന്നും, എന്ന് ജനത്തിന് മോചനമുണ്ടാകും എന്നും ഈ നാടകം ചോദിക്കുന്നുണ്ട്. പോലീസ് ഇങ്ങനെ അധപ്പതിക്കുന്നത് എന്തെന്നും, കുറ്റവാളിയായാലും അല്ലെങ്കിലും ഒരാളെ ശാരീരികമായി ഉപദ്രവിക്കാന്‍ പോലീസ്സിന് എന്തധികാരമെന്നുമാണ് നാടകം കണ്ടവരില്‍ പലര്‍ക്കും തോന്നിയത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയുടെ ഓരോ കോണിലും ഇതാണ് സംഭവിക്കുന്നത്. പോലീസ്സിന്റെ ഈ പ്രാകൃത സ്വഭാവം കാടിന്റെ നിയമമെന്നും നാട് ഭരിക്കുന്നവര്‍ കാട്ടു രാജാക്കന്മാരായാല്‍ കാടിന്റെ അക്രമാസക്തി വര്‍ദ്ധിച്ച് നിരപരാധികള്‍ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയാകുമെന്ന പാഠമാണ് ഇരുളടഞ്ഞ താഴ്‌വര എന്ന സംഗീത നാടകം പഠിപ്പിക്കുന്നത്. അന്നത്തെ രാത്രിയില്‍ തന്നെ കുര്യന്‍ സാര്‍ എനിക്ക് നൂറു രൂപ തന്നിട്ട് പറഞ്ഞു, ഇതുപോലുളള അധികാര ഭ്രാന്തന്മാര്‍ക്കും മതഭ്രാന്തന്മാര്‍ക്കും എതിരെ ഇനിയും എഴുതണം. പാവങ്ങളെല്ലാം ഇന്നും ദാരിദ്രത്തിന്റേയും ഭയത്തിന്റേയും നിഴലിലാണ് ജീവിക്കുന്നത്. മരണവും അരാജകത്വവും നമ്മെ തുറിച്ചു നോക്കുകയാണ്. മനുഷ്യര്‍ എത്ര നാളിങ്ങനെ വഞ്ചിതരായി ജീവിക്കും. കുര്യന്‍സാറില്‍ ഒരു നല്ല മനുഷ്യന്‍ ജീവിക്കുന്നതായി എനിക്ക് തോന്നി. എത്രമാത്രം വെറുപ്പാണ് ആ മുഖത്ത് നിഴലിക്കുന്നത്. ആ രാത്രി അവിടെ താമസ്സിച്ചിട്ട് രാവിലെ തന്നെ ഞാന്‍ റാഞ്ചിയിലേക്ക് യാത്ര തിരിച്ചു.

റാഞ്ചിയില്‍ ബസ്സിറങ്ങി ആദ്യം പോയത് റാഞ്ചി എക്‌സ്പ്രസ്സിലെ അച്ചന്‍കുഞ്ഞിനെ കാണാനാണ്. റാഞ്ചിയില്‍ പോകുമ്പോഴൊക്കെ അച്ചന്‍കുഞ്ഞിനെ കാണുക പതിവാണ്. ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ റാഞ്ചിയിലും എന്റെ നാടകം അരങ്ങേറി. നാടകം കണ്ട് പുറത്തിറങ്ങി നില്‍ക്കുമ്പോള്‍ കുട്ടന്റെ അമ്മാവന്‍ വാസുപിളള എന്നെ പരിചയപ്പെടാനെത്തി. ആദ്യം അയാള്‍ സംസാരിച്ചു തുടങ്ങിയത് ഭീഷണിയുടെ സ്വരത്തിലാണ്. നീ ഇവിടെ വന്നത് ജീവിക്കാനൊ അതോ മരിക്കാനോ. തെല്ല് പരിഹാസം നിറഞ്ഞ ആ ചോദ്യത്തിന് ഞാന്‍ കൊടുത്ത മറുപടി, ഞാനിവിടെ വന്നത് നിങ്ങളെപ്പോലെ ജീവിക്കാനാണ്. പിന്നെ ഇവിടുത്തെ ചില ഗുണ്ടകള്‍ക്ക് എന്നെ കൊല്ലണമെന്നുണ്ടെങ്കില്‍ നേരിടാന്‍ ഞാന്‍ തയാറാണ്. അപ്പോള്‍ നോക്കാം ആരാണ് കൊല്ലപ്പെടുന്നത് എന്ന്. അതുകൊണ്ട് ഈ പരിഹാസവും അട്ടഹാസവും ഒന്നും എന്നോടു വേണ്ട. വാസുപിളളയുടെ മുഖമൊന്ന് ചൂളി. മനസ്സ് മന്ത്രിച്ചു ഇവന്‍ എന്നെ കൂടിയാണ് വെല്ലുവിളച്ചിരിക്കുന്നത്. മറ്റുളളവര്‍ പറയുന്നതു പോലെ ഇവനത്ര നിസ്സാരക്കാരനല്ലെന്ന് നേരിലും ബോധ്യപ്പെട്ടിരിക്കുന്നു. ഓരോ സംഭവങ്ങള്‍ പഠിക്കുമ്പോള്‍ എല്ലാവരും വടി കൊടുത്ത് അടി വാങ്ങുകയാണ് ചെയ്തത്. അനന്തിരവനും അതു തന്നെ കാണിച്ചു.

ഇന്നുവരെ അനീതിക്ക് ഞാനും കൂട്ടുനിന്നിട്ടില്ല. അത് വിശ്വസനീയമായ രീതിയില്‍ സ്‌നേഹത്തോടെ പറഞ്ഞത് അക്ഷമനായി നിന്ന് കേട്ടു ഞാന്‍ പറഞ്ഞു. ചേട്ട എനിക്ക് ആരോടും ഒരു പിണക്കവുമില്ല. തെറ്റു ചെയ്യാത്ത ഞനെന്തിനു പിണങ്ങണം. വാസുപിളള സ്വന്തം മാന്യത നഷ്ടപ്പെടുത്താതെ എല്ലാവരും സ്‌നേഹത്തോടെ കഴിയണമെന്ന് പറഞ്ഞിട്ട് മടങ്ങി. അയാള്‍ക്ക് അപ്പോഴുമറിയില്ലായിരുന്നു നാടകം എന്റേതെന്ന്. അതിലെ പേര് കാരൂര്‍ ഡാനിയണ്, സോമനല്ല. ഞാനൊട്ടു പറയാനും പോയില്ല. ഞാന്‍ ജോസഫ് ചേട്ടനെ തേടി അകത്തേക്ക് നടന്നു. ജ്യേഷ്ഠനും കുടുംബവും നാടകം കാണാനുണ്ടായിരുന്നു. നാടകം മാത്രമല്ല നാട്ടിലെ ഓണമടക്കം റഞ്ചിയിലെ മലയാളികള്‍ ആഘോഷങ്ങളായിട്ടാണ് കൊണ്ടാടുന്നത്. നാടകം കാണാന്‍ പോലും എല്ലാവരും എത്തുന്നത് ഒരപൂര്‍വ്വ കാഴ്ച്ചയായിട്ടാണ് ഞാന്‍ കണ്ടത്.

ദുര്‍വ്വയിലും, സെക്ടര്‍ രണ്ട്, മൂന്ന് എന്നിവിടങ്ങളിലും മലയാളികള്‍ നാട്ടില്‍ അവധിക്ക് പോകുമ്പോള്‍ ഞാന്‍ വീടിന്റെ കാവല്‍ക്കാരനായി മാസങ്ങള്‍ കഴിച്ചുകൂട്ടി. ഒരു രാത്രിയില്‍ വാളിനു വെട്ടേറ്റ് ഞാന്‍ വീണു.