മലയാളം യുകെന്യൂസ് ടീം

ലോക ശ്രദ്ധയാകർഷിച്ച ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവം നാളെ ലിവർപൂളിൽ നടക്കും. പ്രസ്റ്റൺ റീജിയൺ ആതിധേയത്വം വഹിക്കുന്ന ബൈബിൾ കലോത്സവം ലിവർപൂളിലെ ഡെ ലാ സാൽ അക്കാഡമിയിൽ അരങ്ങേറും. ഗ്ലാസ്‌ഗോ, പ്രസ്റ്റൺ, മാഞ്ചെസ്റ്റർ, കവൻട്രി, ബ്രിസ്സ്റ്റോൾ കാർഡിഫ്, സൗത്താംടൺ, ലണ്ടൻ, കേംബ്രിഡ്ജ് തുടങ്ങിയ എട്ടു റീജിയണിൽ നിന്നുമായി ആയിരത്തി ഇരുന്നൂറോളം മത്സരാർത്ഥികളാണ് തങ്ങളുടെ കഴിവ് തെളിയ്ക്കാനെത്തുന്നത്. ഇരുപത്തി രണ്ടോളം ഇനങ്ങളിലായി അറുനൂറിൽപ്പരം പേർ പങ്കെടുക്കുന്ന വ്യക്തിഗത മത്സരങ്ങളും, ഗ്രൂപ്പിനങ്ങളിലായി തൊണ്ണൂറോളം ടീമുകളും പങ്കെടുക്കുന്ന ഗ്രൂപ്പ് മത്സരങ്ങളും കൂടിച്ചേരുമ്പോൾ സീറോ മലബാർ സഭയുടെ ലോകത്തിലെ ഏറ്റവും വലിയ ബൈബിൾ കലോത്സവത്തിനാണ് ബ്രിട്ടണിലെ ലിവർപൂൾ ഒരുങ്ങുന്നത്.

രാവിലെ എട്ട് മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഒമ്പത് മണിക്ക് കലോത്സവത്തിന്റെ ആദ്ധ്യാത്മികത വിളിച്ചുണർത്തുന്ന ബൈബിൾ പ്രതിഷ്ഠ നടക്കും. തുടർന്ന് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവം രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തിരി തെളിയ്ച്ച് ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്യും. തുടർന്ന് പതിനൊന്ന് സ്റ്റേജുകളിയായി മത്സരങ്ങൾ നടക്കും. കഴിഞ്ഞ രണ്ട് വർഷവും ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ബൈബിൾ കലോത്സവം വിജയത്തിലെത്തിച്ച ഫാ. പോൾ വെട്ടിക്കാട്ടിലിന്റെ പരിചയസമ്പത്ത് മൂന്നാമത് ബൈബിൾ കലോത്സവത്തിന് മുതൽക്കൂട്ടാകുമെന്ന് മാധ്യമങ്ങൾ വിലയിരുത്തുന്നു.

അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഴുവൻ സമയ സാമിപ്യവും വികാരി ജനറാളന്മാരും അമ്പതോളം വൈദീകരും ഇരുപതോളം വരുന്ന സിസ്സ്റ്റേഴ്സിന്റേയും കൂടാതെ സൺഡേ സ്ക്കൂൾ അധ്യാപകർ, അൽമായ പ്രതിനിധികൾ തുടങ്ങിയവരുടെ സാധിദ്ധ്യവും കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വഴിയൊരുക്കും. വൈകുന്നേരം 5.30ന് മത്സരങ്ങൾ അവസാനിപ്പിക്കാനുള്ള തിരക്കിലാണ് സംഘാടകർ. 5.45ന് സമാപന സമ്മേളനം ആരംഭിക്കും. എട്ട് മണിയോട് കൂടി ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവത്തിന് ലിവർപൂളിൽ തിരശ്ശീല വീഴും.

നൂറ്റിയമ്പതോളം വരുന്ന വോളണ്ടറിയന്മർ, ഫസ്റ്റ് എയിഡ് സംവിധാനങ്ങൾ, രുചികരമായ ഭക്ഷണക്രമീകരണങ്ങൾ, വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവർക്ക് സുഗമമായ രീതിയിൽ മത്സരങ്ങളിൽ പങ്കെടുക്കുവാനും ആസ്വദിക്കുവാനുമുള്ള അവസരമാണ് കോർഡിനേറ്ററന്മാരായ സിജി വാദ്യാനത്തിന്റെയും റോമിൽസ് മാത്യൂവിന്റെയും നേതൃത്വത്തിൽ ലിവർപൂളിൽ ഒരുക്കുന്നതെന്ന് രൂപതയുടെ വികാരി ജനറാളും ആതിധേയത്വം വഹിക്കുന്ന ലിവർപൂളിന്റെ ഇടവക വികാരിയുമായ റവ. ഫാ. ജിനോ അരീക്കാട്ട് മലയാളം യുകെയോട് പറഞ്ഞു.

പതിവ് വർഷങ്ങൾക്ക് വിപരീതമായി വളരെയധികം ആവേശത്തോടെയാണ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ എല്ലാ റീജിയണിൽ നിന്നുമായി മത്സരാർത്ഥികൾ എത്തുന്നത്. രൂപതാസ്ഥാനത്തു നിന്നും അഞ്ഞൂറോളം മൈലുകൾ ദൂരത്തിലുള്ള സ്കോട്ലാന്റിൽ നിന്നും ഫാ. ജോസഫ് വെമ്പാടുംതറയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷത്തേപ്പോലെ ഇത്തവണയും ബൈബിൾ കലോത്സവത്തിന് വ്യക്തമായ പ്രാതിനിധ്യം ഉണ്ടാകും. ബസ്സുകളിലും കാറുകളിലുമായി മത്സരാർത്ഥികൾ ഉൾപ്പെടെ മുന്നോറോളം വരുന്ന സമൂഹമാണ് ദൂരങ്ങൾ താണ്ടി ലിവർപൂളിലെത്തുന്നത്. സീറോ മലബാർ സഭയുടെ ബൈബിൾ കലോത്സവം സ്കോട്ലാന്റിനെ സംബന്ധിച്ച് മൂന്ന് ദിവസത്തെ ഉത്സവമാണെന്ന് ഫാ. ജോസഫ് വെമ്പാടുംതറ പറഞ്ഞു. 2018ലെ ബൈബിൾ കലോത്സവത്തിൽ സ്കോട് ലാന്റ് മൂന്നാമത് എത്തിയിരുന്നു. വളരെ ആവേശത്തോടെയാണ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവത്തിനെ യുകെ മലയാളികൾ നോക്കിക്കാണുന്നത്.

2018 ലെ ബൈബിൾ കലോത്സവത്തിൽ കവൻട്രി റീജിയൺ കിരീടം ചൂടിയപ്പോൾ നേരിയ വ്യത്യാസത്തിൽ ബ്രിസ്റ്റോൾ കാർഡിഫ് റീജിയൺ രണ്ടാമതും എത്തിയിരുന്നു.

ബൈബിൾ കലോത്സവത്തിന്റെ എല്ലാ വിശേഷങ്ങളും വായനക്കാരിലേയ്ക്ക് എത്തിക്കാൻ മലയാളം യുകെയും വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത് .