ഷിബു മാത്യൂ
എട്ട് റീജിയണനുകളില്‍ നിന്നായി ആയിരത്തില്‍പ്പരം മത്സരാര്‍ത്ഥികള്‍…
ആറ് വിഭാഗങ്ങളിലായി ഇരുപത്തിരണ്ട് മത്സരയിനങ്ങള്‍….
ഒരേ സമയം ഒമ്പത് സ്റ്റേജുകള്‍…
അഭിവന്ദ്യ പിതാവിന്റെ മുഴുവന്‍ സമയ സാന്നിധ്യം….
പത്തോളം കമ്മറ്റികളും നൂറ്റിയമ്പതില്‍പ്പരം വോളണ്ടിയേഴ്‌സും…
കുരുന്നുകള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കഥാപാത്രങ്ങളാകുന്ന സമ്പൂര്‍ണ്ണ ബൈബിളിന്റെ ദൃശ്യാവിഷ്‌ക്കാരത്തിന് ബ്രിസ്റ്റോള്‍ ഒരുങ്ങി. യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കലോത്സവം ഡയറക്ടര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ടുമായി മലയാളം യുകെ സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യൂ നടത്തിയ അഭിമുഖം.

ബൈബിള്‍ അധിഷ്ഠിതമായ തിരുവചനങ്ങള്‍ വിവിധ കലാരൂപങ്ങളായി വേദിയിലെത്തുന്നത് ആത്മനിര്‍വൃതിയോടെ കാണാന്‍ കാത്തിരിക്കുകയാണ് ഫാ. പോള്‍ വെട്ടിക്കാട്ട്. 2016ലെ ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവം മുഴുവന്‍ സമയവും വീക്ഷിച്ച രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ താല്പര്യപ്രകാരം ബൈബിള്‍ കലാത്സവത്തിനെ രൂപതാതലത്തിലേയ്ക്കുയര്‍ത്തുകയായിരുന്നു. വെറുമൊരു കലോത്സവമായി ഇതിനെ കാണാനാവില്ല. തലമുറകളുടെ സംഗമമാണിത്. സുവിശേഷകന്റെ വേല ചെയ്യുക എന്ന ആപ്തവാക്യവുമായി രൂപീകൃതമായ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയ്ക്ക് ഒരു വയസ്സ് തികഞ്ഞപ്പോള്‍ തന്നെ പ്രായഭേതമെന്യേ എല്ലാ സഭാ മക്കളേയും ഒന്നിപ്പിച്ചുള്ള സംപൂര്‍ണ്ണ ബൈബിളിന്റെ ദൃശ്യാവിഷ്‌ക്കാരം നടത്താന്‍ കഴിഞ്ഞ അഭിവന്ദ്യ പിതാവിന്റെ നേതൃത്വം തന്റെ സുവിശേഷ വേലയുടെ ആദ്യപടി എന്ന് പറയാതിരിക്കാന്‍ സാധിക്കില്ല. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വളര്‍ച്ചയ്ക്കുള്ള ശക്തമായ അടിത്തറയാണ് ഈ ബൈബിള്‍ കലോത്സവമെന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നു.

ചോ. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാതലത്തിലുള്ള ആദ്യ ബൈബിള്‍ കലോത്സവത്തിന്റെ വലിയ ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ഈ സാഹചര്യത്തില്‍ രൂപതാ ബൈബിള്‍ അപ്പസ്‌തോലേറ്റിന്റെ പ്രഥമ ബൃഹദ് സംരഭമായ ബൈബിള്‍ കലോത്സവത്തിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ ഈ കലോത്സവത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഒന്നു വിശദീകരിക്കാമോ?

കരുണയുടെ വര്‍ഷത്തില്‍ നമുക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് നമ്മുടെ രൂപതയും അഭിവന്ദ്യ പിതാവും. സുവിശേഷകന്റെ വേല ചെയ്യുക എന്ന ദൗത്യവുമായി നമ്മെ നയിക്കുന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ പ്രവര്‍ത്തനങ്ങളോട് ഒത്തുചേരാനുള്ള വലിയ ഒരവസരമാണ് ഈ ബൈബിള്‍ കലോത്സവം നമുക്ക് നല്‍കിയിരിക്കുന്നത്. നാല് സുവിശേഷങ്ങളിലും അപ്പസ്‌തോല പ്രവര്‍ത്തനങ്ങളിലും ശിഷ്യഗണത്തിന് ഈശോ നല്‍കുന്ന പ്രേഷിത ദൗത്യം ഏറ്റം പ്രാധാന്യത്തോടെ രേഖപ്പെടുത്തിയിരിക്കുന്നു. അവന്‍ അവരോട് പറഞ്ഞു. ‘നിങ്ങള്‍ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍’.

യേശു സഭയ്ക്ക് നല്‍കിയിരിക്കുന്ന ഏക ദൗത്യമാണ് സുവിശേഷ പ്രഘോഷണം. ബൈബിള്‍ കലോത്സവ വേദികളില്‍ സംഗീതമായി, നൃത്തമായി, നടനമായി, വിവിധ കലാരൂപങ്ങളിലൂടെ സുവിശേഷം പ്രഘോഷിക്കപ്പെടുമ്പോള്‍ സഭയുടെ മഹാ ദൗത്യത്തില്‍ നാമും പങ്കാളികളാവുകയാണ്.

ചോ. ബൈബിള്‍ കലോത്സവത്തിന്റെ ആദ്യവര്‍ഷങ്ങള്‍.????

യുകെയിലെ സീറോ മലബാര്‍ സമൂഹങ്ങളില്‍ വിശ്വാസ സമൂഹമായി ഒന്നിച്ചു കൂടിയതിന്റെ പത്താം വാര്‍ഷികം ആഘോഷിച്ച ആദ്യ സമൂഹമാണ് ബ്രിസ്റ്റോള്‍. ‘കൃപയുടെ പത്ത് വര്‍ഷങ്ങള്‍’ നല്‍കിയ സ്വര്‍ഗ്ഗീയ പിതാവിനുള്ള കൃതജ്ഞതര്‍പ്പണമായി തുടങ്ങി, കരുണയുടെ വര്‍ഷത്തില്‍ രൂപതാതലത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ട് തലമുറകളിലൂടെ തുടരേണ്ട ഒരു മഹാ പ്രയാണത്തിന്റെ ബൃഹത്തായ തലത്തിലുള്ള വലിയ തുടക്കമാണിവിടെ.
2011 ലാണ് ആദ്യത്തെ ബൈബിള്‍ കലോത്സവം സംഘടിപ്പിക്കപ്പെട്ടത്. ആവേശത്തോടെ, ഉത്സാഹത്തോടെ, തീക്ഷ്ണതയോടെ അനേകം വിശ്വാസികള്‍ പങ്കു ചേര്‍ന്ന വലിയ ഒത്തുചേരലുകളായിരുന്നു ഓരോ ബൈബിള്‍ കലോത്സവം എന്നത് അഭിമാനത്തോടെ കൃതജ്ഞതയോടെ ഓര്‍ക്കുന്നു..

ചോ. കലാരൂപങ്ങളോട് സഭയുടെ സമീപനമെന്താണ് ?

കലാരൂപങ്ങളെക്കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖകള്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. മനുഷ്യ പ്രതിഭയുടെ ഏറ്റവും ഉദാത്തമായ പ്രവര്‍ത്തനങ്ങളില്‍ ലളിതകലകളും പ്രത്യേകിച്ച് മതപരമായ കലകളും അവയുടെ പരമകാഷ്ഠയായ വിശുദ്ധ കലകളും സര്‍വ്വോത്തമമായി കണക്കാക്കപ്പെടുന്നത് തികച്ചും ന്യായയുക്തമാണ്. മെത്രാന്മാര്‍ നേരിട്ടോ, വ്യുല്‍പത്തിയും കലാ സ്‌നേഹവും നിറഞ്ഞ പ്രാപ്തരായ വൈദീകര്‍ മുഖേനയോ കലാകാരന്മാരുടെ കാര്യം ശ്രദ്ധിക്കണമെന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദൈവാരാധന സംബന്ധിച്ച കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ മഹത്വമുള്ളവയും അലംകൃതവും സുന്ദരവുമാക്കുവാന്‍ വേണ്ടി സഭ എന്നും കലകളുടെ മഹത്തായ സേവനം തേടിയിരുന്നു. ഇപ്രകാരം സഭ അനുശാസിക്കുന്നതു പോലെ മെത്രാന്റെ നേതൃത്വത്തില്‍ വൈദീകരോട് ചേര്‍ന്ന് സഭ കലാരൂപങ്ങള്‍ക്ക് നല്‍കുന്ന പ്രത്യക്ഷമായ പ്രോത്സാഹനത്തിന്റെ, പരോക്ഷമായ പരിശീലനത്തിന്റെ സമന്വയ വേദിയാണ് ഈ ബൈബിള്‍ കലോത്സവം.

ചോ. മത്സര ഇനങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയായിരുന്നു?

വ്യത്യസ്ത കലാരൂപങ്ങളുടെ ആവിഷ്‌ക്കാരങ്ങളിലൂടെ സുവിശേഷം പ്രഘോഷിക്കുക എന്ന ഉദ്ദേശത്തോടെ പരമാവധി ജനങ്ങളെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇരുപത്തിരണ്ട് ഇനങ്ങളില്‍ പ്രായാടിസ്ഥാനത്തില്‍ ആറ് വിഭാഗങ്ങളിലായാണ് മത്സരം നടത്തുക. കുട്ടിക്കാലത്തേ തന്നെ ബൈബിള്‍ വായന പരിശീലിപ്പിക്കുക എന്നദ്ദേശത്തോടെ നടത്തുന്ന ബൈബിള്‍ വായന മത്സരങ്ങള്‍ നമ്മുടെ കലോത്സവത്തിന്റെ പ്രത്യേകതയാണ്. സംഗീതനൃത്ത നടന മേഘലകളിലും ചിത്രകലയിലും മത്സരങ്ങള്‍ നടത്തപ്പെടുന്നു. ഉപകരണസംഗീതം, പ്രസംഗം, ഉപന്യാസ രചന, മോണോ ആക്ട്, ബൈബിള്‍ ടാബ്‌ളോ, ബൈബിള്‍ കോസ്റ്റ്യൂം, കൂടാതെ ഈ വര്‍ഷം പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരങ്ങള്‍ക്കും ആവേശകരമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ബൈബിളിന്റെ സൂക്ഷ്മമായ പഠനം ആവശ്യപ്പെടുന്ന ബൈബിള്‍ ക്വിസ് നമ്മുടെ കലോത്സവത്തിന് ഏറ്റവും പ്രധാന്യമര്‍ഹിക്കുന്നു.

ചോ. മത്സരങ്ങള്‍ എങ്ങനെയാണ് സുവിശേഷ പ്രഘോഷണമാകുന്നത്.?

സുവിശേഷ പ്രഘോഷണമെന്ന ദൗത്യം നമ്മെ ഭരമേല്പിച്ച ഈശോ തന്നെയാണ് ഇക്കാര്യത്തിലും നമ്മുടെ മാതൃകയും പ്രചോദനവും. ഈശോ ഉപമകളിലൂടെയും കഥകളിലൂടെയുമാണ് ജനങ്ങളോട് സംസാരിച്ചത്. ലളിതവും മനോഹരവുമായ അവതരണങ്ങളിലൂടെ ദൈവരാജ്യത്തിന്റെ വലിയ രഹസ്യങ്ങള്‍ അവിടുന്നു നമുക്ക് പഠിപ്പിച്ചു തന്നു. ആ മാതൃക പിഞ്ചെല്ലുകയാണ് നമ്മളും. കലാ രൂപങ്ങളിലൂടെ ബൈബിളിലെ വ്യത്യസ്ത ഏടുകള്‍ നാം സമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കുമ്പോള്‍ അത് ഏറ്റവും മനോഹരമായ ഒരു പ്രഘോഷണമാവുകയാണ്.

ചോ. നവംബര്‍ നാലിന് ഇനി വിരലില്‍ ഒതുങ്ങുന്ന ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ എത്രത്തോളമായി? ബൈബിള്‍ കലോത്സവത്തിന് കേരള കലാരൂപങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ..?

കേരള കലാരൂപങ്ങളോട് ബന്ധപ്പെടുത്തിയല്ല സഭ മുന്നോട്ടു പോകുന്നത്. ബൈബിള്‍ അധിഷ്ഠിതമായ ജീവിത രീതി പരിശീലിപ്പിക്കുക. ബൈബിള്‍ കലാത്സവത്തിന്റെ കാതലും അതു തന്നെ. ഇനി ഒരുക്കങ്ങളേക്കുറിച്ച്..
എല്ലാ റീജിയണില്‍ നിന്നും വൈദീകരുടെ നേതൃത്വത്തില്‍ എത്തിച്ചേരുന്ന ആയിരത്തില്‍പ്പരം മത്സരാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഹൃദ്യമായ സ്വീകരണം നല്‍കുന്നതിനും സമയബന്ധിതമായി കലാമത്സരങ്ങള്‍ നടത്തുന്നതിനും വേണ്ട വളരെ വിപുലമായ ഒരുക്കങ്ങളാണ് ബ്രിസ്റ്റോള്‍ സമൂഹം നടത്തിക്കൊണ്ടിരിക്കുന്നത്. പത്ത് കമ്മറ്റികളിലായി നൂറ്റി അമ്പതില്‍പ്പരം വോളണ്ടിയേഴ്‌സ് രാപകല്‍ ഇല്ലാതെ എല്ലാ ക്രമീകരണങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. ഞാന്‍ എപ്പോഴും പറയാറുള്ളതുപോലെ സേവന സന്നദ്ധതയും സഹകരണ മനോഭാവവും സ്വന്തമായ ബ്രിസ്റ്റോള്‍സമൂഹം ഈ കലോത്സവത്തിന്റെ വിജയത്തിനായി ഒത്തൊരുമിച്ച് അക്ഷീണം പ്രവര്‍ത്തിക്കുകയാണ്. അഭിവന്ദ്യ പിതാവിന്റെ മുഴുവന്‍ സമയ സാന്നിധ്യവും നേതൃത്വവും കലോത്സവ വേദികളില്‍ ഉണ്ടാകും.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ബൈബിള്‍ കലോത്സവത്തിന്റെ അമരക്കാര്‍ ഇവരാണ്.
റവ. ഫാ. തോമസ് പാറയടിയില്‍ (V.G), റവ. ഫാ. മാത്യൂ ചൂരപ്പൊയ്കയില്‍ (V.G), റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയ്ക്കല്‍ (VG), ഫാ. മാത്യൂ പിണക്കാട്ട് ( ചാന്‍സലര്‍), ഫാ. ജോയി വയലില്‍ (കലോത്സവം ജോയിന്റ് ഡയറക്ടര്‍), ഫാ. ജോസഫ് വെമ്പാടുംതറ (ഗ്ലാസ്‌ഗോ), ഫാ. സജി തോട്ടത്തില്‍ (പ്രസ്റ്റണ്‍), ഫാ. തോമസ്സ് തൈക്കൂട്ടത്തില്‍ (മാഞ്ചെസ്റ്റര്‍), ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഒ (മാഞ്ചെസ്റ്റര്‍), ഫാ. ജെയ്‌സണ്‍ കരിപ്പായി (കവെന്‍ട്രി), ഫാ. ടോമി ചിറയ്ക്കല്‍മണവാളന്‍ (സൗത്താംപടണ്‍), ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല (ലണ്ടണ്‍), ഫാ. ജോസ് അന്തിയാകുളം (ലണ്ടണ്‍), ഫാ. ടെറിന്‍ മുള്ളക്കര (കേംബ്രിഡ്ജ്), കൂടാതെ സിജി വാദ്ധ്യാനത്ത് ചീഫ് കൊര്‍ഡിനേറ്ററായി നയിക്കുന്ന ടീംമിലെ അംഗങ്ങളായ അനിതാ ഫിലിപ്പ്, ജോജി മാത്യൂ, ജോമി ജോണ്‍, ലിജോ പടയാട്ടില്‍, ഫിലിപ്പ് കന്‍തോത്ത്, റോയി സെബാസ്റ്റ്യന്‍, ജാഗ്ഗി ജോസഫ് എന്നിവരും കൂടിച്ചേരുന്ന ഈ വലിയ സംരഭം ഒരു ബൈബിള്‍ കലോത്സവമായി പരിണമിക്കുമ്പോള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സ്വപ്നം പൂര്‍ണ്ണമാവുകയാണ്. ‘ സുവിശേഷവേല ചെയ്യുക’.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ ഓരോ വിശ്വാസികള്‍ക്കും അഭിമാനത്തിന്റെ ദിവസങ്ങളാണ് കടന്നു വരുന്നത്. ഒരു വയസ്സ് മാത്രം തികഞ്ഞ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ബൈബിള്‍ കലോത്സവം സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ സ്ഥാനം പിടിക്കുമെന്നുറപ്പാണ്.
സുവിശേഷവേല ചെയ്യുക എന്ന ചിന്തകളെ ആസ്പതമാക്കി നടക്കുന്ന ബൈബിള്‍ കലോത്സവം ഒരു വലിയ മാറ്റത്തിന്റെ തുടക്കമാണ്. പുതിയ തലമുറയുടെ പോക്കിനേക്കുറിച്ച് വേവലാതിപ്പെടുന്ന മാതാപിതാക്കള്‍ക്കുള്ള സഭയുടെ മറുപടിയുമാണ് ഈ കലോത്സവം.
പതിനായിരത്തോളം കുടുംബങ്ങള്‍.. ആയിരത്തോളം മൈലുകള്‍…
നൂറ്റിഎഴുപതോളം വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങള്‍…
നൂറില്‍പ്പരം വൈദീകര്‍…
ഇതെല്ലാം കൂടിച്ചേരുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയിലെ വിശ്വാസികള്‍ ഒന്നിക്കുന്ന സൗഹൃദം. ഈ സൗഹൃദത്തില്‍ നിന്നു കിട്ടുന്ന സന്ദേശം കുടുംബങ്ങളില്‍ പ്രാവര്‍ത്തികമാക്കാന്‍ മാതാപിതാക്കന്മാര്‍ മുതിര്‍ന്നാല്‍ പുതിയ തലമുറയുടെ പോക്കിനേക്കുറിച്ച് വേവലാതിപ്പെടേണ്ടിവരില്ല. അതു തന്നെയാവണം അഭിവന്ദ്യ പിതാവ് സുവിശേഷകന്റെ വേല ചെയ്യുക എന്നതുകൊണ്ട് ഉദ്ദേശിച്ചതും.

അഭിവന്ദ്യ പിതാവിനും ബഹുമാനപ്പെട്ട പോള്‍ വെട്ടിക്കാട്ടച്ചനും ബൈബിള്‍ കലോത്സവം മനോഹരമാക്കാന്‍ അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും മലയാളം യുകെയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍…