Breaking News

സാര്‍..താങ്കളുടെ ഭാര്യയുടെ സ്തനങ്ങളുടെ അളവ് എത്രയാണ് ? നല്ലൊരു സന്ദേശം നല്‍കുന്ന ഹ്രസ്വചിത്രം വൈറലാകുന്നു

സാര്‍..താങ്കളുടെ ഭാര്യയുടെ സ്തനങ്ങളുടെ അളവ് എത്രയാണ് ? നല്ലൊരു സന്ദേശം നല്‍കുന്ന ഹ്രസ്വചിത്രം വൈറലാകുന്നു
March 15 09:54 2017 Print This Article

സ്വന്തം ലേഖകന്‍
സ്ത്രീകളോടുള്ള  സമൂഹത്തിന്റെ ്‍ തെറ്റായ ഇടപെടലുകള്‍ തുറന്ന് കാട്ടുന്ന   ബോംബെ ഡയറീസിന്റെ ഹ്രസ്വചിത്രം ചര്‍ച്ചയാകുന്നു.

അവരും കണ്ടോട്ടെ സാർ ; സാറിന്റെ ഭാര്യയ്ക്കില്ലാത്തതൊന്നും എനിക്കുമില്ല

എത്ര ഉടുപ്പിട്ട് മറച്ചാലും ചിലരുടെ കൂർത്ത നോട്ടങ്ങൾ നെഞ്ചിൽ വന്നു തറയുന്നത് അപമാനഭാരത്തോടെ പെൺകുട്ടികൾ തിരിച്ചറിയാറുണ്ട്. ആ നോട്ടങ്ങൾക്കു മുമ്പിൽ ചൂളിപ്പോവാതെ നെഞ്ചുവിരിച്ചു നിൽക്കാൻ ഉള്ളിൽ മോഹമുണ്ടെങ്കിൽപ്പോലും തങ്ങളുടെ പ്രതികരണത്തെ സമൂഹമെങ്ങനെ വിലയിരുത്തിമെന്നോർത്ത് പതറിപ്പോകാറുണ്ട്. ആ ആത്മവിശ്വാസമില്ലായ്മയ്ക്കു കൊടുക്കേണ്ടി വരുന്നത് വലിയ വിലയായിരിക്കുമെന്നുമാത്രം.

ആത്മ നിന്ദയോടെ സ്വയം പഴിച്ച് കൂടുതൽ‍ വസ്ത്രങ്ങളിൽ മൂടിപ്പൊതിഞ്ഞ് ശരീരം സൂക്ഷിക്കുന്ന സ്ത്രീകളും സ്ത്രീ ശരീരത്തിലേക്ക് കൗതുകത്തിന്റെ കാമക്കണ്ണികളെറിയുന്ന പുരുഷന്മാരും ഈ വിഡിയോ തീർച്ചയായും കണ്ടിരിക്കണം. സഹികെട്ട് ഒരു പെണ്ണു പ്രതികരിച്ചു പോകുന്ന ദൃശ്യങ്ങളാണ് ഈ വിഡിയോയുടെ ഇതിവൃത്തം. മേലധികാരിയായിപ്പോയി എന്നൊരൊറ്റക്കാരണം കൊണ്ട് അയാളുടെ നോട്ടങ്ങളെ നിശ്ശബ്ദം സഹിക്കേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഈ ഹ്രസ്വചിത്രം പറഞ്ഞുവയ്ക്കുന്നത്.

മീനാക്ഷിയെന്ന സഹപ്രവർത്തകയ്ക്ക് മേലുദ്യോഗസ്ഥൻ നൽകിയ ചെല്ലപ്പേര് മഡോണയെന്നാണ്. മനപൂർവം അവളെ മുന്നിൽക്കൊണ്ടു വരാനും നോട്ടം കൊണ്ടും സ്പർശംകൊണ്ടും അവളുടെ ശരീരത്തെ ആസ്വദിക്കാനും ഓഫീസിലുള്ള സമയമത്രയും അയാൾ വിനിയോഗിക്കും. മറ്റു സഹപ്രവർത്തകർക്ക് ഇതിൽ അതൃപ്തിയുണ്ടെങ്കിലും മേലധികാരിയെ ഭയന്ന് അവർ നിശ്ശബ്ദത പാലിക്കാറാണ് പതിവ്.

മേലധികാരിയുടെ പെരുമാറ്റം അതിരുവിട്ടൊരു ദിവസം അവൾ പ്രതികരിക്കുക തന്നെ ചെയ്തു. ഓഫീസ് ഫയലിന്റെ കാര്യമന്വേഷിച്ച് തന്നെ വിളിച്ചു വരുത്തിയ മേലധികാരി താൻ സംസാരിക്കുന്ന ഔദ്യോഗിക കാര്യങ്ങൾ ശ്രദ്ധിക്കാതെ തന്റെ മാറിൽത്തന്നെ തുറിച്ചുനോക്കുന്നതു കണ്ട് സഹികെട്ട് അവൾ അയാളോടു ചോദിക്കുന്നു. സാർ എന്തിന്റെയെങ്കിലും ഭംഗി ആസ്വദിക്കുകയാണോയെന്ന്. എന്നിട്ടും അയാൾക്ക് ചമ്മലില്ലെന്നു കണ്ട് അവൾ തുറന്നു ചോദിക്കുന്നു തന്റെ മാറിടത്തിന്റെ ഭംഗിയാണ് കഷ്ടപ്പെട്ട് ആസ്വദിക്കുന്നതെങ്കിൽ അതു താൻ കാട്ടിത്തരാമെന്നു പറഞ്ഞ് അവൾ വസ്ത്രം അയാൾക്കു മുന്നിൽ അഴിക്കാനൊരുങ്ങുന്നു.

സഹപ്രവർത്തകർ ശ്രദ്ധിക്കുന്നുവെന്നും മൗനം പാലിക്കൂവെന്നും അയാൾ അവളെ ഭീഷണിപ്പെടുത്തുന്നു. എങ്കിൽ അവരും കണ്ടോട്ടെയെന്നും തനിക്കു സ്പെഷ്യലായി ഒന്നുമില്ലെന്നും സാറിന്റെ ഭാര്യയുടെ ശരീരത്തിലുള്ളതു തന്നെയേ തനിക്കുമുള്ളൂവെന്നും അവൾ ശക്തമായ ഭാഷയിൽ തുറന്നടിക്കുന്നു. അളവുകളിലും മൃദുത്വത്തിലും വ്യത്യാസം കാണുമായിരിക്കുമെന്ന് അവൾ പച്ചയ്ക്കു പറയുമ്പോൾ സഹപ്രവർത്തകരുടെ മുന്നിലിരുന്ന് അയാൾ ഉരുകുന്നു.

കാര്യങ്ങൾ തുറന്നു സംസാരിച്ചപ്പോൾ സാറിനു നാണം വരുന്നതുകണ്ടോയെന്ന് അവൾ സഹപ്രവർത്തകരോടു ചോദിക്കുന്നു. ചിലർ അവളെ തടയാൻ ശ്രമിച്ചപ്പോൾ മറ്റു സ്ത്രീ സഹപ്രവർത്തകർ അവരെ പിന്തിരിപ്പിച്ചു. സാർ കാരണമാണ് എനിക്കു സ്ലീവ്‌ലെസ് വസ്ത്രങ്ങൾ ഉപേക്ഷിക്കേണ്ടി വന്നതെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് അവൾ തന്റെ സീറ്റിലേക്കു മടങ്ങിപ്പോകുന്നു.

അവൾ ശബ്ദമുയർത്തിയപ്പോഴൊക്കെ ഇതിന്റെ ഫലം നീ അനുഭവിക്കുമെന്നു അയാൾ ഭീഷണിപ്പെടുത്തിയെങ്കിലും പതറാതെ തളാരാതെ അന്നോളം ഉള്ളിലൊതുക്കിയ വീർപ്പുമുട്ടലുകൾ അതിശക്തമായ ഭാഷയിൽ അവൾ അയാളെ അറിയിച്ചു. അശ്ലീലത സഹിക്കുകയല്ല മറിച്ച് അതിനെതിരെ പ്രതികരിക്കുകയാണു വേണ്ടതെന്ന് ഈ വിഡിയോ പറഞ്ഞു വയ്ക്കുന്നു.

ഒരു പെൺകുട്ടിയുടെ പ്രതികരണത്തിന് സമൂഹത്തിൽ മാറ്റമുണ്ടാക്കാൻ സാധിക്കുമെങ്കിൽ ഒരുമിച്ചു പ്രവർത്തിച്ചാൽ ഈ ലോകം തന്നെ മാറ്റി മറിക്കാമെന്നും. സ്വരമിടറുമ്പോഴും മനസ്സിലുള്ളത് തുറന്നു പറയാൻ കഴിയണമെന്നും പറഞ്ഞുകൊണ്ടാണ് ബോംബെ ഡയറീസ് ഈ ഹ്രസ്വചിത്രം അവതരിപ്പിച്ചത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles

error: Content is protected !! Content right under MalayalamUK.com