ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫിഫ ലോകകപ്പ് 2026 ആവേശം കൊടുമുടിയിലെത്തിക്കൊണ്ടിരിക്കെ, ഹോമെക്സ് ലീഗലും മലയാളം യുകെയും സംയുക്തമായി സംഘടിപ്പിക്കുന്ന “Predict & Win FIFA World Cup 2026” പ്രവചന മത്സരത്തിന് യുകെ മലയാളി ഫുട്ബോൾ പ്രേമികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹോമെക്സ് ലീഗൽ–മലയാളം യുകെ ലോകകപ്പ് പ്രവചന മത്സരം ഇന്ന് ജൂലൈ 8-ന് സമാപിക്കും. ഇതുവരെ എൻട്രി സമർപ്പിക്കാത്തവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
ലോകകപ്പ് വിജയികളെ കൃത്യമായി പ്രവചിച്ച് ആകർഷക സമ്മാനങ്ങൾ നേടാനുള്ള ഈ അവസരം യുകെയിലെ മലയാളി ഫുട്ബോൾ ആരാധകർക്കായി പ്രത്യേകമായി ഒരുക്കിയിരിക്കുന്നതാണ്. ലളിതമായ രജിസ്ട്രേഷൻ നടപടികളിലൂടെ ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ പ്രവചനം സമർപ്പിക്കാനാകും.

യുകെയിലെ പ്രമുഖ പ്രോപ്പർട്ടി-ലീഗൽ സർവീസ് സ്ഥാപനമായ ഹോമെക്സ് ലീഗൽ മലയാളം യുകെയുമായി സഹകരിച്ച് ഫിഫ ലോകകപ്പ് 2026-നെ ആസ്പദമാക്കി പ്രവചന മത്സരം ആണ് സംഘടിപ്പിച്ചിരിക്കുന്നത് . “Predict & Win FIFA World Cup 2026” എന്ന പേരിൽ നടക്കുന്ന മത്സരത്തിലൂടെ ലോകകപ്പ് ജേതാക്കളെ കൃത്യമായി പ്രവചിക്കുന്നവർക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നേടാനാകും.
മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
2026 ജൂലൈ 8 വരെയാണ് എൻട്രികൾ സ്വീകരിക്കുന്നത്. മത്സരത്തിലെ ഒന്നാം സമ്മാനമായി ഗ്രാൻഡ് പ്രൈസ് വിന്നർ അവാർഡും, രണ്ടാം സമ്മാനമായി സ്പെഷ്യൽ ഗിഫ്റ്റ് ഹാംപറും, മൂന്നാം സമ്മാനമായി ഹോമെക്സ് ലീഗൽ എക്സ്ക്ലൂസീവ് ഗിഫ്റ്റ് പാക്കും ഒരുക്കിയിട്ടുണ്ട്. യുകെ മലയാളി ഫുട്ബോൾ ആരാധകർക്ക് പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
ലോകകപ്പ് ആവേശം കൂടുതൽ സജീവമാക്കുകയും മലയാളി ഫുട്ബോൾ പ്രേമികളെ ഒരുമിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഹോമെക്സ് ലീഗലും മലയാളം യുകെയും ഈ സംരംഭം അവതരിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഹോമെക്സ് ലീഗലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് തങ്ങളുടെ പ്രവചനം സമർപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു.
യുകെയിലെ ലെസ്റ്റർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമെക്സ് ലീഗൽ, പ്രോപ്പർട്ടി വാങ്ങൽ-വിൽപ്പന നടപടികളുമായി ബന്ധപ്പെട്ട നിയമ- കൺസൾട്ടൻസി സേവനങ്ങൾ നൽകുന്ന പ്രമുഖ സ്ഥാപനമാണ്. ഇംഗ്ലണ്ടിലെയും വെയിൽസിലെ ഭവന ഉടമകൾക്കും നിക്ഷേപകർക്കുമായി കൺവേയൻസിംഗ്, പ്രോപ്പർട്ടി സർവേ ഉൾപ്പെടെയുള്ള സേവനങ്ങൾ കമ്പനി നൽകുന്നുണ്ട്.

കേരളത്തിലെ പ്രവാസി മലയാളികൾക്കായി സമഗ്ര ഭവന പരിപാലന സേവനങ്ങൾ നൽകുന്ന ഹോമെക്സ് എസ്റ്റേറ്റ്സും ഹോമെക്സ് ഗ്രൂപ്പിന്റെ മറ്റൊരു പ്രധാന സംരംഭമാണ്. “നിങ്ങളുടെ വീട് – ഞങ്ങളുടെ ഉത്തരവാദിത്തം” എന്ന സന്ദേശവുമായി പ്രവർത്തിക്കുന്ന സ്ഥാപനം, വിദേശത്തുള്ള വീടുടമകൾക്കായി കേരളത്തിലുള്ള അവരുടെ വസ്‌തുവകകളുടെ പ്രോപ്പർട്ടി മാനേജ്‌മെന്റ്, എസ്റ്റേറ്റ് മാനേജ്‌മെന്റ്, പ്രോപ്പർട്ടി സെയിൽസ്, കൺസൾട്ടൻസി സേവനങ്ങൾ എന്നിവ ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്നു. വീടുകളുടെ സ്ഥിരപരിപാലനം, മാസാന്ത്യ ഫോട്ടോ-വീഡിയോ ഇൻസ്പെക്ഷൻ റിപ്പോർട്ടുകൾ, ബിൽ പേയ്മെന്റുകൾ, കീ കസ്റ്റഡി, ഡീപ് ക്ലീനിംഗ്, പ്രീ-പോസ്റ്റ് മൺസൂൺ കെയർ തുടങ്ങിയ സേവനങ്ങളിലൂടെ പ്രവാസികൾക്ക് വിശ്വസനീയമായ പിന്തുണ ഉറപ്പാക്കുകയാണ് ഹോമെക്സ് എസ്റ്റേറ്റ്സ്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമെക്സ് ഗ്രൂപ്പിന്റെ ഭാഗമായ ഈ സ്ഥാപനം, കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്തും സജീവ സാന്നിധ്യമറിയിച്ചുകൊണ്ട് BAYTA Homes എന്ന ഭവന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയാണ്.
ഫുട്ബോൾ പ്രവചന മത്സരത്തിൽ പങ്കെടുത്ത് ഹോമെക്സ് ലീഗലിന്റെ ആകർഷക സമ്മാനങ്ങൾ സ്വന്തമാക്കാൻ ഇനി സമയം വളരെ കുറവാണ്. അവസരം നഷ്ടപ്പെടുത്താതെ നിങ്ങളുടെ പ്രവചനം ഇന്ന് തന്നെ സമർപ്പിക്കൂ.
മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ബിനോയ് എം. ജെ.
യേശുദേവന്റെ പ്രബോധനങ്ങൾ എല്ലാം തന്നെ നിത്യജീവിതത്തെ ചുറ്റിപ്പറ്റിയാണ് കിടക്കുന്നത്. നിത്യ ജീവിതത്തിൽ പ്രവേശിക്കുവാൻ ഒരാൾ എന്ത് ചെയ്യണം? നിത്യ ജീവിതത്തിൽ പ്രവേശിക്കുവാൻ നിങ്ങൾ ഒന്നും തന്നെ ചെയ്യേണ്ടതില്ല. കാരണം നിങ്ങൾ ഇപ്പോൾ തന്നെ നിത്യജീവിതത്തിലാണ്. ആ തിരിച്ചറിവ് മാത്രമാണ് ആവശ്യം. എന്നാൽ നാം നിത്യജീവിതത്തിൽ ആയിരിക്കുമ്പോഴും എല്ലായിടത്തും പരിമിതികളെയും മരണത്തെയും കണ്ടുകൊണ്ടേയിരിക്കുന്നു. ഈ പരിമിതികളാണ് വാസ്തവത്തിൽ അയഥാർത്ഥ്യങ്ങൾ. നാം മിഥ്യയിലാണ് ജീവിക്കുന്നത്. അനന്തത മാത്രമാണ് യാഥാർത്ഥ്യം. ഞാനും നിങ്ങളും ആ അനന്തസത്തയാണ്. അനന്തസത്തയിൽ മരണത്തിന് സ്ഥാനമില്ല. മാത്രമല്ല അവിടെ അനന്താനന്ദം കുടികൊള്ളുകയും ചെയ്യുന്നു.
ജനനവും മരണവും ഒന്നിന് പിറകെ ഒന്നായി മാറിമാറി സംഭവിക്കുന്നു. വാസ്തവത്തിൽ ഇവ രണ്ടും സംഭവിക്കുന്നില്ല. നിങ്ങളുടെ അസ്ത്ഥിത്വമാകുന്ന ഭിത്തിയിൽ പതിയുന്ന നിഴലുകളാണ് ജനന മരണങ്ങൾ. ഏത് നിഴൽ പതിച്ചാലും ഭിത്തിക്ക് മാറ്റം ഒന്നുമില്ല. ഈ നിഴലുകൾ കണ്ട് അവ യാഥാർത്ഥ്യമാണെന്ന് നാം തെറ്റിദ്ധരിക്കുന്നു. ഇത് സിനിമ കാണുന്നതുപോലെ ഉള്ളൂ. സ്ക്രീനിൽ പതിയുന്ന പ്രകാശം കണ്ട് അത് യാഥാർത്ഥ്യമാണെന്ന് നാം തെറ്റിദ്ധരിക്കുന്നു. അവിടെ ആളുകൾ സംസാരിക്കുകയും വിലപിക്കുകയും ശണ്ഠ കൂട്ടുകയും ചെയ്യുന്നതായി നാം കാണുന്നു. എന്നാൽ വാസ്തവത്തിൽ യാതൊന്നും സംഭവിക്കുന്നില്ല. പല ജമാന്തരങ്ങളിലൂടെ അനന്തമായി
നീളുന്ന സത്തയാണ് മനുഷ്യജീവിതം എന്ന് പറയുന്നവരുണ്ട്. എന്നാൽ ഇത് പൂർണ്ണമായും ശരിയല്ല. മനുഷ്യജീവിതം മാത്രമേ അവിടെയുള്ളൂ ജനനവും മരണവും ഇല്ല. ജീവിതം പോലും മിഥ്യയാണ്. നിങ്ങളുടെ അസ്ഥിത്വം മാത്രമാണ് സത്യം. ആ അസ്ഥിത്വം ആകട്ടെ അനാദിയും അനന്തവുമാണ്. അനാദിയും അനന്തവുമായ ഈശ്വരനാണ് ഏക സത്യം. നിങ്ങൾ ആ ഈശ്വരൻ തന്നെ!
നമ്മുടെ ജീവിതം അനന്തമാകുമ്പോൾ ക്ലേശങ്ങളെല്ലാം തിരോഭവിച്ച് തുടങ്ങുന്നു. കാരണം ക്ലേശങ്ങളെല്ലാം തന്നെ മരണത്തെ ചുറ്റിപ്പറ്റിയാണ് കിടക്കുന്നത്. മരിക്കുവാനുള്ള മടി- ഇതിനെ ഈശ്വരന്റെ സവിശേഷ തയായി കാണുന്നതിലും തെറ്റില്ല. ഇതാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം. താൻ മരിക്കില്ല എന്ന
അവബോധം ഉള്ളിന്റെയുള്ളിൽ കിടപ്പുണ്ട്. എന്നാലും ആ കാര്യത്തിൽ നമുക്ക് ശങ്കയാണ്. എല്ലാവരും മരിക്കുന്നു അതിനാൽ തന്നെ ഞാനും മരിക്കും. ഇതിനുമുമ്പ് ഞാൻ പലതവണ മരിച്ചിട്ടുണ്ട്. അതിനാൽ ഞാൻ വീണ്ടും മരിക്കും. ഈ മരണ ഭയത്തിൽ യുക്തി ഒന്നും കിടപ്പില്ല.
നിത്യ ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആഹ്ളാദം നിറയുന്നു. അപ്പോൾ സത്യത്തെ കുറിച്ചുള്ള ഒരു നിമിഷ ദർശനം നമുക്ക് അനുഭവപ്പെടുന്നു. ഇതുതന്നെ സത്യം എന്ന് മനസ്സ് മന്ത്രിക്കുന്നു. എന്നാൽ മരണഭയം നമ്മെ വീണ്ടും വേട്ടയാടുന്നു. നിത്യ ജീവിതം എന്നാൽ സമാധി എന്നാണർത്ഥം. അവിടെ ജനനവും മരണവും തമ്മിലുള്ള സംഘർഷം തിരോഭവിക്കുന്നു. നിഷേധാത്മക ചിന്തകൾ അനാവശ്യങ്ങളാണ്.
സമാധിയിൽ എല്ലാം ഭാവത്മകമായി പരിലസിക്കുന്നു. മരണം ഒരു ബന്ധനമാണ്. അതിൽനിന്നും മനസ്സിനെ പറിച്ചെടുക്കുവാൻ അല്പം ബുദ്ധിമുട്ടാണ്. മരണം നമ്മുടെ സ്വാതന്ത്ര്യത്തെ അപഹരിക്കുന്നു. അതിന്റെ അഭാവത്തിൽ നമുക്ക് അനന്താനന്ദം സംഭവിക്കുന്നു. എവിടെയും പോകാം! എന്തും ചെയ്യാം! അവിടെ അനന്തമായ ഭാവത്മകത കുടികൊള്ളുന്നു. മറിച്ച് മരണം എന്ന ഭീമമായ പ്രശ്നം മനസ്സിൽ കുടിയേറി കഴിഞ്ഞാൽ അത് ആത്മാവിനെ മറക്കുന്നു. പിന്നീട് അങ്ങോട്ട് മനസ്സിൽ അന്ധകാരമാണ്. സന്തോഷവും ആഹ്ലാദവും തിരോഭവിക്കുന്നു.
ഓരോ നിമിഷവും ആഘോഷിക്കുവിൻ. അതാണ് നാം ചെയ്യേണ്ട ഏക ജോലി. ജീവിതം ഒരു ആഘോഷമാണ്. മരണത്തെക്കുറിച്ചുള്ള നിഷേധാത്മക ചിന്തകൾ നമ്മുടെ ആഘോഷത്തെ പരിമിതപ്പെടുത്താതിരിക്കട്ടെ. മരണത്തെ ദൂരെയെറിയുവിൻ. അതിനെ വലിച്ചെറിയുമ്പോൾ നമ്മുടെ പ്രശ്നങ്ങളെല്ലാം തന്നെ അതിന്റെ പിറകെ പൊയ്ക്കൊള്ളും. അപ്പോൾ നാം ചെയ്യുന്ന കർമ്മങ്ങളെല്ലാം ആഹ്ലാദത്തിന്റെ പ്രകടനങ്ങൾ ആയിരിക്കും. ആ കർമ്മങ്ങൾ ഒന്നും നേടിയെടുക്കാൻ വേണ്ടിയുള്ളത് ആയിരിക്കുകയില്ല. കാരണം നമുക്ക് നേടിയെടുക്കുവാൻ വേണ്ടി യാതൊന്നും ബാക്കിയില്ല. നാം നിത്യജീവിതം നേടിയെടുത്തു കഴിഞ്ഞിരിക്കുന്നു. ആയതിനാൽ സ്നേഹിതരെ, നിങ്ങളുടെ ആഗ്രഹങ്ങളും മോഹങ്ങളും സുഖവും ദുഃഖവും എല്ലാം അസ്ഥാനത്താണ്. അവയെല്ലാം കൃത്രിമങ്ങളാണ്. നിങ്ങൾക്ക് യഥാർത്ഥത്തിൽ വേണ്ടത് പണവും പ്രശസ്തിയും അല്ല. മറിച്ച് നിത്യജീവിതം തന്നെ. അതിനുള്ള സാധ്യതകൾ മങ്ങുമ്പോൾ നിങ്ങൾ കൃത്രിമമായ ആഹ്ളാദങ്ങളുടെ പിറകെ പോകുന്നു. അങ്ങനെ യഥാർത്ഥമായ പ്രശ്നവും അതിനുള്ള പരിഹാരവും നിങ്ങൾ വിസ്മരിക്കുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ദീപ ദീപു
ജൂൺ 21 – ലോകമെമ്പാടും പിതൃദിനം ആയി ആഘോഷിക്കുന്ന ദിവസം. ഒരു പ്രത്യേക ദിവസം മാത്രം ആഘോഷിക്കപ്പെടേണ്ടവർ ആണോ യഥാർത്ഥ ജീവിതത്തിലെ ഹീറോസ് ആയ നമ്മുടെ അച്ഛന്മാർ!! അവരുടെ അതിജീവന ചരിത്രം, അവർ കടന്നുവന്ന കനൽ വഴികൾ, അവരുടെ ത്യാഗങ്ങൾ എന്നും ഓർമ്മയിൽ തെളിഞ്ഞു നിൽക്കേണ്ടതല്ലേ? മക്കളെ വലിയ നിലയിൽ എത്തിക്കാൻ അവർ പലപ്പോഴും നടത്തിയ ഒറ്റയാൾ യുദ്ധങ്ങൾ മറക്കാൻ കഴിയുമോ?
ഒരു കുഞ്ഞിന് ജന്മം നൽകാൻ അമ്മ നേരിടേണ്ടിവരുന്ന വേദനകളും സഹനങ്ങളും എല്ലാവരും നന്നായി മനസ്സിലാക്കാറുണ്ട്. അമ്മയുടെ സ്നേഹവും സഹനവും തീർച്ചയായും സമാനതകളില്ലാത്തത് തന്നെയാണ്. എന്നാൽ ഒരു അച്ഛൻറെ സ്നേഹം ആരും കാണാതെ ഒളിപ്പിച്ചു വച്ച വലിയൊരു നിധിയാണ്. തന്റെ ഭാര്യ തന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നു എന്നറിയുന്ന നിമിഷം മുതൽ ആ കുഞ്ഞിനെ തൻറെ ഹൃദയത്തിൽ ഗർഭം ധരിച്ച് ആ കുഞ്ഞിനുവേണ്ടി അവൻ അനുഭവിക്കുന്ന നിശബ്ദമായ സഹനങ്ങളും നൊമ്പരങ്ങളും ആരെങ്കിലും കാണാൻ ശ്രമിക്കാറുണ്ടോ? ഗർഭകാലത്ത് തന്റെ ഭാര്യ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ പുരുഷൻ തന്റെ ഹൃദയത്തിൽ അനുഭവിക്കുന്നു. ഭാര്യയുടെ ആരോഗ്യത്തെയും കുഞ്ഞിൻറെ സുരക്ഷിതത്വത്തെയും കുറിച്ചുള്ള ആകുലതകൾ ഭാവിയിലെ ഉത്തരവാദിത്വങ്ങൾ എല്ലാം പലപ്പോഴും അവൻറെ ഉറക്കം കെടുത്താറുണ്ട്. ജീവിത പ്രാരാബ്ദങ്ങളിൽ തളരുമ്പോഴും, പതറിപ്പോകുമ്പോഴും അവൻ തന്റെ വേദന ആരെയും അറിയിക്കാതെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയുമായി നമ്മുടെ മുമ്പിൽ ജീവിക്കുന്നു . കാരണം പുരുഷൻ തളരാൻ പാടില്ലല്ലോ.
ഈ പിതൃദിനത്തിൽ എൻറെ ജീവിതത്തിൽ ഞാൻ കണ്ടു മനസ്സിലാക്കിയ എൻറെ ഹീറോസിനെ കുറിച്ച് പറയട്ടെ. ആദ്യത്തെ ഹീറോ എനിക്ക് ഏറ്റവും പ്രിയപ്പെട്ട എൻറെ അപ്പച്ച തന്നെയാണ്. എല്ലാ കാര്യങ്ങളിലും എന്റെ റോൾ മോഡൽ. ഒരു മകൻ, ഭർത്താവ്, അപ്പൻ എങ്ങനെ ആയിരിക്കണം എന്ന് തന്റെ ജീവിതം കൊണ്ട് ഞങ്ങൾക്ക് കാണിച്ചുതന്ന എൻറെ അപ്പച്ചയുടെ ജീവിതം എനിക്ക് എന്നും ഒരു അത്ഭുതമാണ്. കോട്ടയം ജില്ലയിലെ പൊൻകുന്നത്ത് ഏറെ സൗകര്യങ്ങളുള്ള തന്റെ വീടും സാഹചര്യങ്ങളും വിട്ട് തന്റെ 18 -ാം വയസ്സിൽ കണ്ണൂർ ജില്ലയിലെ ചെറുപുഴയെന്ന ഗ്രാമത്തിലേക്ക് കുടിയേറി പ്രകൃതിയോടും വന്യജീവികളോടും പടവെട്ടി, അനേകം വെല്ലുവിളികളെ നേരിട്ട് തന്റെ ജീവിതം കരുപിടിപ്പിക്കുവാൻ അപ്പച്ച കാണിച്ച അസാമാന്യമായ ധൈര്യം എന്നെ ഏറെ അതിശയിപ്പിച്ചിട്ടുണ്ട്.
തൻറെ മാതാപിതാക്കളെയും സഹോദരങ്ങളേയും സുഖസൗകര്യങ്ങളും എല്ലാം വിട്ട് ഏറെ ദൂരെയുള്ള ഒരു കാട്ടുപ്രദേശത്തെത്തി, കഠിനാധ്വാനം ചെയ്ത് അവിടെ പൊന്നു വിളയിച്ച, തന്റെ കുടുംബത്തിനായി സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും പലതും ഉപേക്ഷിച്ച് ചോര നീരാക്കി അധ്വാനിച്ച അപ്പച്ച ശരിക്കും അറിയപ്പെടാതെ പോയ ഒരു ഹീറോ അല്ലേ?
അടുക്കള സ്ത്രീയുടെ കുത്തവകാശമാണെന്ന് കരുതപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ, പുരുഷൻ അടുക്കളയുടെ ഏഴയലത്തുപോലും അടുക്കുകയില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ, ആ യാഥാസ്ഥിതിക ചിന്താഗതികളയേയും കാറ്റിൽ പറത്തി അടുക്കളയിൽ എല്ലാ കാര്യങ്ങളിലും അമ്മയെ സഹായിച്ചിരുന്ന അപ്പച്ച എല്ലാ ഭർത്താക്കന്മാർക്കും ഒരു മാതൃകയാണ്. ഞങ്ങൾക്കാർക്കെങ്കിലും അസുഖം വന്നാൽ രാത്രി മുഴുവൻ ഒരു പോള കണ്ണടയ്ക്കാതെ കൂട്ടിരുന്ന് ശുശ്രൂഷിക്കുന്ന അപ്പച്ചയുടെ സ്നേഹം എന്നും മനസ്സിൽ ഒളിമങ്ങാതെ തെളിഞ്ഞു നിൽക്കുന്നു.
പഠനം പാതിവഴിയിൽ ഉപേക്ഷിച്ചതിൽ എന്നും പശ്ചാത്തപിച്ചിരുന്ന അപ്പച്ച തനിക്ക് നേടാൻ കഴിയാതെ പോയത് തൻറെ മക്കളിലൂടെ നേടണമെന്ന വാശിയിൽ ഏറ്റവും മികച്ച കോളേജിൽ തന്നെ പഠിക്കാനുള്ള സാഹചര്യം ഞങ്ങൾക്ക് ഒരുക്കി തന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന ആ സമയത്തും ഞങ്ങളുടെ മികച്ച വിദ്യാഭ്യാസത്തിനായി അപ്പച്ചയുടെ പല ആവശ്യങ്ങളും മാറ്റിവെച്ചു. ഞങ്ങളുടെ എല്ലാ വിജയങ്ങളിലും ഏറെ സന്തോഷിച്ചിരുന്ന അപ്പച്ച വളർച്ചയുടെ ഓരോ ഘട്ടത്തിലും പ്രാർത്ഥനയോടെ ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നു. ഒരു പെൺകുട്ടിയായിരുന്നിട്ടും എന്നെ എല്ലാ സ്വാതന്ത്ര്യങ്ങളും തന്ന് വളർത്തിയ , എൻറെ ഒരു ആഗ്രഹങ്ങൾക്കും എതിരു നിൽക്കാത്ത, ഞാനെടുത്ത എല്ലാ തീരുമാനങ്ങളിലും എന്നെ സപ്പോർട്ട് ചെയ്ത് എൻറെ കൂടെ നിന്ന അപ്പച്ച എനിക്ക് എന്നും ഒരു മാതൃകാ പുരുഷനാണ്.
അടുത്ത ഹീറോ എൻറെ പപ്പയാണ്. ഫാദർ -ഇൻ – ലോ എന്ന ലേബൽ പപ്പയ്ക്ക് കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതൊരു തെറ്റായ പ്രയോഗമാണെന്നാണ് എൻറെ അഭിപ്രായം. കാരണം നിയമത്തിലൂടെയല്ല പപ്പ എൻറെ പപ്പ ആയത് സ്നേഹത്തിലൂടെയാണ് . ഏകദേശം 400 – കിലോമീറ്റർ ദൂരെയുള്ള ഒരു മലയോര ഗ്രാമത്തിൽ തന്റെ മകനുമൊത്ത് എന്നെ പെണ്ണുകാണാൻ വന്ന അന്നുമുതൽ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചയാളാണ് പപ്പ. വീട്ടിലെ ആദ്യത്തെ മരുമകളായി വലതുകാൽ വെച്ച് കയറി അന്നുമുതൽ ഒരു മകളായി കരുതി എന്നെ സ്നേഹിക്കുന്ന പപ്പ സ്വന്തം മക്കളോട് കാണിക്കുന്ന അതേ സ്നേഹവും കരുതലും പരിഗണനയും എനിക്ക് തരുന്നു എന്നത് ഏറെ സ്നേഹത്തോടെ ഓർക്കുന്നു. ഒരു ഹോമിയോ ഡോക്ടർ ആയിരുന്നിട്ടും അനേകം വെല്ലുവിളികളെ നേരിട്ട് തനിയെ വഴിവെട്ടി വന്നവനാണ് പപ്പ. തന്റെ കുടുംബത്തിന് വേണ്ടി ഏറെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സഹിച്ച പപ്പയും എല്ലാവർക്കും ഒരു മാതൃകയാണ്. മക്കളെ ഏറെ സ്നേഹിക്കുന്ന പപ്പയുടെ ജീവിതം അവരുടെ മുമ്പിൽ ഒരു തുറന്ന പുസ്തകമാണ്. മക്കൾക്കറിയാത്ത ഒരു രഹസ്യവും ആ ജീവിതത്തിൽ ഇല്ല. പ്രാർത്ഥനയുടെയും കഠിനാധ്വാനത്തിന്റെയും ഉത്തമോദാഹരണമായ ജീവിതം.
ഇനി പറയാനുള്ളത് എൻറെ സ്വന്തം ജീവിതപങ്കാളിയെ കുറിച്ചാണ്. കഴിഞ്ഞ 26 വർഷങ്ങളായി സുഖത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും എന്നോട് ചേർന്ന് നിൽക്കുന്ന മാതൃകാ ഭർത്താവ്. യാഥാസ്ഥിതിക ഭർത്താവ് ആശയങ്ങളെ കാറ്റിൽ പറത്തി കൊണ്ട് എല്ലാ കാര്യങ്ങളിലും തോളോട് തോൾ ചേർന്ന് എൻറെ കൂടെയുള്ള എൻറെ ഹീറോ . എൻ്റെ എല്ലാ കഴിവുകളെയും കുറവുകളെയും ഒരുപോലെ അംഗീകരിച്ച് എന്നെ ഞാനായി ജീവിക്കാൻ ഏറ്റവും കൂടുതൽ പ്രചോദനം നൽകുന്ന എൻറെ നല്ല പാതി. മക്കളുടെ ഏറ്റവും വലിയ റോൾമോഡൽ അവരുടെ അപ്പ തന്നെയാണ്. അവരുടെ ബെസ്റ്റ്. ഫ്രണ്ട് അവരുടെ കൂടെ കളിക്കാനും സിനിമ കാണാനും ,യാത്രകൾ ചെയ്യാനും ഏറെ ഇഷ്ടപ്പെടുന്ന അപ്പ അവരുടെ എല്ലാ ചലഞ്ചസിലും അവരുടെ കൂടെയുണ്ട്. സന്തോഷിക്കുമ്പോൾ കൂടെ സന്തോഷിക്കുകയും സങ്കടപ്പെടുമ്പോൾ കൂടെ സങ്കടപ്പെടുകയും ചെയ്യുന്ന പച്ചയായ മനുഷ്യൻ. എന്റെ മകൾ എപ്പോഴും പറയും അവൾക്ക് അപ്പയെപ്പോലെയൊരു ഹസ്ബന്റിനെ കിട്ടാനാണ് അവൾ പ്രാർത്ഥിക്കുന്നതെന്ന്. അതുതന്നെയല്ലേ ഒരു അപ്പന് കിട്ടാവുന്ന ഏറ്റവും വലിയ സർട്ടിഫിക്കറ്റ്.
പലപ്പോഴും പുറത്തു കാണിക്കാതെ ഒരു കടലോളം സ്നേഹം ഉള്ളിലൊതുക്കി നമ്മെ സ്നേഹിക്കുന്ന, സ്വന്തം വിയർപ്പ് കൊണ്ട് മക്കൾക്ക് തണലാകുന്ന, മക്കളുടെ വാശികൾ നേടി കൊടുക്കുവാൻ സ്വന്തം ആഗ്രഹങ്ങൾ മാറ്റിവയ്ക്കുന്ന നമ്മുടെ അച്ഛനെ കുറെക്കൂടി മനസ്സിലാക്കാൻ സ്നേഹിക്കാൻ നമുക്ക് സാധിക്കട്ടെ. നമ്മൾ വീഴാതെ താങ്ങുന്ന വലിയ തണൽ മരമായ അപ്പൻറെ നെറ്റിയിലെ ഓരോ ചുളിവിലും നമ്മുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകളുണ്ട് , ആ കൈകളിലെ തഴമ്പുകളിൽ നമുക്കായി പടുത്തുയർത്തിയ സ്വപ്നങ്ങൾ ഉണ്ട് . ആ സ്നേഹത്തിൻറെ തണലിൽ വിശ്രമിക്കാൻ നമുക്ക് കഴിയട്ടെ . ആ തണൽ നഷ്ടപ്പെടുമ്പോൾ മാത്രമേ നമുക്ക് പുറത്തെ വെയിലിന്റെ ചൂടറിയാൻ കഴിയുകയുള്ളൂ.
ഈ പിതൃദിനത്തിൽ ലോകമെമ്പാടുമുള്ള സ്നേഹനിധികളായ എല്ലാ അച്ഛന്മാർക്കും ഹൃദയം നിറഞ്ഞ സ്നേഹവും, ആദരവും, ആശംസകളും നേരുന്നു.
ദീപ ദീപു : കണ്ണൂർ ജില്ലയിലെ ചെറുപുഴ സ്വദേശിയായ മൂന്നു പീടികയിൽ ജോസഫ് കുര്യൻ (ജോയി ) ഫിലോമിന ദമ്പതികളുടെ മകളായ ദീപ, അമേരിക്കയിലെ ഫ്ലോറിഡയിൽ നഴ്‌സ് പ്രാക്ടീഷണറായി ജോലി ചെയ്യുന്നു. തൊടുപുഴ സ്വദേശിയായ പുതുമനത്തൊട്ടിയിൽ ദീപു സെബാസ്റ്റ്യൻ ആണ് ഭർത്താവ്. മക്കൾ : അഞ്ജന മരിയ ദീപു, ആൽബർട്ട് സെബാസ്റ്റ്യൻ ദീപു. നിലവിൽ ഫ്ലോറിഡയിലെ കോറൽ സ്പ്രിംഗ്സിലുള്ള ഔർ ലേഡി ഓഫ് ഹെൽത്ത് കത്തോലിക്ക ഫൊറോന ദേവാലയത്തിൽ കാറ്റിക്കിസം പ്രിൻസിപ്പലായും സേവനം അനുഷ്ഠിക്കുന്നു. ഷിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദീപ രചനയും സംവിധാനവും നിർവഹിച്ച രൂപതയുടെ കഴിഞ്ഞ 25 വർഷത്തെ വളർച്ചയും പ്രവർത്തനങ്ങളും ദൃശ്യവൽക്കരിക്കുന്ന ‘അപ്പസ്തോലികം’ എന്ന ഡോക്യുമെൻററി ശ്രദ്ധ നേടിയിരുന്നു.
കോഴിക്കോട്: ഏറെ വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ ജിതിൻ ഭാസ്കറിനെ ചോദ്യം ചെയ്തിരുന്നുവെന്നും സ്ക്രീൻഷോട്ടിന്റെ ഉറവിടവും പ്രചാരണവുമായി ബന്ധപ്പെട്ട കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.
കേസിന്റെ അന്വേഷണത്തിനിടെ വിവാദ സ്ക്രീൻഷോട്ട് ആദ്യം ലഭിച്ചതും വിവിധ വ്യക്തികളിലേക്ക് കൈമാറപ്പെട്ടതുമായ സാഹചര്യങ്ങൾ എസ്ഐടി പരിശോധിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജിതിൻ ഭാസ്കറിന്റെ മൊഴി രേഖപ്പെടുത്തിയതും കൂടുതൽ തെളിവുകൾ ശേഖരിച്ചതും. കേസിൽ സിപിഎം നേതാക്കളടക്കമുള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പുറത്തുവന്ന കാഫിർ സ്ക്രീൻഷോട്ട് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. സ്ക്രീൻഷോട്ടിന്റെ യഥാർഥ ഉറവിടം കണ്ടെത്താനും അത് പ്രചരിച്ച സാഹചര്യം വ്യക്തമാക്കാനുമുള്ള അന്വേഷണം തുടരുകയാണെന്ന് അന്വേഷണസംഘം അറിയിച്ചു. കൂടുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമോയെന്നതും ശ്രദ്ധേയമാണ്.
ജോർജ് മാത്യു
ബിർമിംഗ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ബർമിംഗ്ഹാം പള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “നുഹ്റോ” എക്യുമെനിക്കൽ കരോൾ മത്സരവും നാഷണൽ നേഴ്സസ് എക്സലൻസ് അവാർഡ് വിതരണവും ഡിസംബർ 12-ന് ബിർമിംഗ്ഹാമിനടുത്തുള്ള കവൻട്രിയിൽ വെച്ച് നടക്കും. ക്രിസ്തുമസ് സന്ദേശമായ സ്നേഹത്തിന്റെയും പ്രത്യാശയുടെയും പ്രകാശം സമൂഹത്തിലാകെ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കവൻട്രിയിലെ വില്ലൻഹാൾ സോഷ്യൽ ക്ലബ് ആണ് പരിപാടിയുടെ വേദി. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി കരോൾ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. വിവിധ സഭകളെയും ക്രൈസ്തവ സമൂഹങ്ങളെയും ഒരുമിപ്പിക്കുന്ന ഈ എക്യുമെനിക്കൽ സംഗമം സംഗീതത്തിന്റെയും ആത്മീയതയുടെയും അപൂർവ വേദിയായിരിക്കും.
സുറിയാനി പാരമ്പര്യത്തിൽ നിന്നുള്ള “നുഹ്റോ” (Nuhro) എന്ന വാക്കിന്റെ അർത്ഥം “ഇരുളിൽ പ്രകാശിക്കുന്ന വെളിച്ചം” എന്നതാണ്. ലോകത്തിന്റെ ഇരുളുകളെ അകറ്റി പ്രത്യാശയും സമാധാനവും പകരുന്ന ക്രിസ്തുവിന്റെ സന്ദേശത്തെ പ്രതിനിധീകരിക്കുന്ന പേരായതിനാലാണ് ഈ കരോൾ മത്സരത്തിന് “നുഹ്റോ” എന്ന് നാമകരണം ചെയ്തിരിക്കുന്നത്.

പരിപാടിയുടെ നാമകരണവും ഔദ്യോഗിക പ്രകാശനവും യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം മാർ സ്തേഫനോസ് നിർവഹിച്ചു. ചടങ്ങിൽ ഇടവക വികാരി ഫാ. ബിനോയ് ജോഷ്വയും കോർ കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.
ആരോഗ്യരംഗത്ത് നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന നേഴ്സുമാരെ ആദരിക്കുന്നതിനായി നാഷണൽ നേഴ്സസ് എക്സലൻസ് അവാർഡും ചടങ്ങിൽ സമ്മാനിക്കും. രോഗി പരിചരണത്തിലും സമൂഹസേവനത്തിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ നേഴ്സുമാരെ ഈ അവാർഡിലൂടെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ബൈജു കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള ഓർഗനൈസിങ് കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി വിവിധ ഒരുക്കങ്ങളുമായി സജീവമായി പ്രവർത്തിച്ചുവരുന്നു. ആത്മീയതയും സംഗീതവും സാമൂഹിക പ്രതിബദ്ധതയും ഒരുമിക്കുന്ന ഈ മഹത്തായ സംഗമം യുകെയിലെ മലയാളി ക്രൈസ്തവ സമൂഹത്തിന് ശ്രദ്ധേയമായ അനുഭവമായി മാറുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ഹർട്ഫോർഡ്‌ഷെയറിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനായ ‘സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ’ 2026 -2027 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ ഇരുപതു വർഷത്തിലധികമായി സാമൂഹ്യ, സാംസ്കാരിക, കായിക, ജീവ കാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളും, മലയാള ഭാഷക്കും,കേരളീയ പൈതൃകത്വത്തിനും മുൻതൂക്കം നൽകി പ്രവർത്തിച്ചു വരുകയും ചെയ്യുന്ന സംഘടന എന്ന നിലയിൽ, യു കെ യിൽ ഏറെ ശ്രദ്ധേയമായ മലയാളി അസോസിയേഷനുകളിൽ ഒന്നാണ് ‘സർഗ്ഗം സ്റ്റീവനേജ്’.
സർഗ്ഗം സ്റ്റീവനേജിന്റെ ക്രിസ്തുമസ്സ് ന്യൂ ഇയർ ആഘോഷത്തിനിടയിൽ നടന്ന വാർഷീക ജനറൽ ബോഡി യോഗത്തിൽ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ട കമ്മിറ്റി മെംബർമാരിൽ നിന്നും മേഴ്സി മാത്യുവിനെ പ്രസിഡണ്ടായും, ജിമ്മി തോമസിനെ സെക്രട്ടറിയായും, സിബി കക്കുഴിയെ ഖജാൻജിയായും ഏകകണ്ഠമായി തെരഞ്ഞെടുത്തു.
സർഗം സ്റ്റീവനേജിന്റെ ചരിത്രത്തിൽ വനിത അമരക്കാരിയാകുന്ന പ്രഥമ കമ്മിറ്റിയിൽ, ബിന്ദു ജിസ്‌റ്റിൻ വൈസ് പ്രസിഡണ്ടും, റൊമാരിയോ ജെറോൾഡ് ജോ. സെക്രട്ടറിയും, ഹെൻട്രിൻ ജോ. ട്രഷററും ആയി ചുമതല വഹിക്കും. പുതിയ ഭരണ സമിതിയിൽ സജീവ് ദിവാകരൻ, ലിജി റെനി, ലേഖാ സുരേഷ്, ടിജോ ടോമി, ജാസ്മിൻ ചാക്കോ, ദിവ്യ രാജ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സേവനം ചെയ്യുന്നതോടൊപ്പം,വിവിധ സബ് കമ്മിറ്റിൾക്ക് നേതൃത്വം നൽകുകയും ചെയ്യും.
പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈസ്റ്റർ-വിഷു-ഈദ് ആഘോഷം പ്രൗഢവും, വിപുലമായും സംഘടിപ്പിക്കും. റാമ്പ് വാക്, ഫെസ്റ്റിവൽ തീം സ്കിറ്റ്സ്, ഡിജെ, ഗ്രാൻഡ് ഈസ്റ്റർ ഡിന്നർ, ശിങ്കാരി മേളം കൂടാതെ കലയുടെ വർണ്ണ വസന്തം വിടരുന്ന സംഗീത-നൃത്ത-നടന വിരുന്നും ആസ്വദിക്കാം ഏപ്രിൽ 12 ന് ഞായറാഴ്ച്ച സംഘടിപ്പിക്കുന്ന ഈസ്റ്റർ , വിഷു ആഘോഷത്തിന് സ്റ്റീവനേജ് ബാൺവെൽ അപ്പർ സ്‌കൂൾ ഓഡിറ്റോറിയം വേദിയാവും.
മുൻ കാലങ്ങളിൽ തുടങ്ങി വെച്ചിട്ടുള്ള കർമ്മ പദ്ധതികൾ തുടർന്ന് കൊണ്ടുപോകുന്നതിനും, സാമൂഹ്യ പ്രതിബദ്ധതയും, സാംസ്ക്കാരിക പൈതൃകവും, മലയാള ഭാഷാ പോഷണം, കായിക ക്ഷമത തുടങ്ങിയ പദ്ധതികൾക്കു മുൻതൂക്കം നൽകുവാനും കമ്മിറ്റി യോഗം തീരുമാനിച്ചു. സർഗം സ്റ്റീവനേജിൽ നിലവിൽ അറുന്നൂറോളം മെംബർമാർ ഉണ്ട്.
പ്രതീക്ഷയുടെയും, പ്രത്യാശയുടെയും സന്ദേശമരുളുന്ന ഉയിർപ്പ് തിരുന്നാളും , സമൃദ്ധിയുടെയും, ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷുവും, കരുണയുടെയും, ദാന-ധർമ്മാതികളുടെയും പുണ്യ ദിനമായ ഈദും ഒന്നിക്കുന്ന മഹാ ആഘോഷത്തിൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്നവർ കമ്മിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്.
മേഴ്സി മാത്യു :07946 441321
ജിമ്മി തോമസ്: 07460 952027
സിബി കക്കുഴി 07503 884775
Barnwell upper School, Shephall , Stevenage, Hertfordshire, SG2 9SW.

സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ‘ഹോം വോട്ടിങ്’ സംവിധാനം 140 മണ്ഡലങ്ങളിലായി ആരംഭിച്ചു. 85 വയസ്സ് പിന്നിട്ടവർക്കും 40 ശതമാനത്തിൽ കൂടുതലായി ഭിന്നശേഷിയുള്ളവർക്കുമാണ് വീടുകളിൽ ഇരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ആദ്യദിനമായ ഇന്നലെ രാത്രി 8 വരെ 10,922 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 85 വയസ്സ് കഴിഞ്ഞ 7,561 പേരും ഭിന്നശേഷിക്കാരായ 3,361 പേരുമുണ്ട്.
ആകെ 2,07,757 പേരാണ് ഹോം വോട്ടിങിന് അർഹരായിരിക്കുന്നത്. ഇതിൽ 85 വയസ്സ് പിന്നിട്ടവരിൽ 71.27 ശതമാനം പേരും ഭിന്നശേഷിക്കാരായ വോട്ടർമാരിൽ 25.50 ശതമാനം പേരും വീടുകളിൽ വോട്ട് ചെയ്യാൻ തെരഞ്ഞെടുത്തിട്ടുണ്ട്. മുൻകൂട്ടി തപാൽ ബാലറ്റ് അപേക്ഷ നൽകിയവരിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് അംഗീകരിച്ചവർക്കാണ് ഈ സൗകര്യം ലഭിക്കുന്നത്.
പോളിങ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം വീടുകളിലെത്തി വോട്ടറെ നേരിൽ കണ്ട ശേഷം ബാലറ്റിൽ വോട്ട് രേഖപ്പെടുത്തുകയും അത് സുരക്ഷിതമായി ശേഖരിക്കുകയും ചെയ്യുന്നു. ഇതിലൂടെ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും വോട്ടവകാശം എളുപ്പത്തിൽ വിനിയോഗിക്കാനാകുന്ന രീതിയിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
ദീപ ദീപു
ആത്മപരിശോധനയുടെയും മാനസാന്തരത്തിന്റെയും ഒരു വിശുദ്ധമായ യാത്രയാണ് ഓരോ നോമ്പുകാലവും. ഈ നോമ്പുകാലത്ത് മൂന്ന് വ്യക്തികളുടെ ജീവിതങ്ങളിലൂടെ നമുക്കൊന്ന് യാത്ര ചെയ്യാം. അന്ധനായ ബർതിമേയൂസിന്റെ വിശ്വാസജീവിതത്തിലൂടെയുള്ള യാത്ര, യൂദാസിന്റെ വിശ്വാസ വഞ്ചനയിലൂടെയുള്ള യാത്ര, പത്രോസിന്റെ തള്ളിപ്പറയിലിൻ്റെയും അനുതാപത്തിന്റെയും വഴിയിലൂടെയുള്ള യാത്ര.
വി. മർക്കോസിന്റെ സുവിശേഷം പത്താം അധ്യായം 46 – 52 വരെയുള്ള തിരുവചനങ്ങളിലാണ് അന്ധനായ ബർതിമേയൂസിനെ നാം കണ്ടുമുട്ടുന്നത്. യേശു തൻറെ സമീപത്തു കൂടി കടന്നു പോകുന്നു എന്നറിഞ്ഞ ബർതിമേയൂസ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു ദാവീദിന്റെ പുത്രനായ യേശുവേ എന്നിൽ കനിയണമേ എന്ന് . അവനെ നിശബ്ദനാകാൻ പലരും ശ്രമിച്ചെങ്കിലും അവൻ കൂടുതൽ ഉച്ചത്തിൽ യേശുവിനെ വിളിച്ചു. യേശു ആ വിളി കേട്ട് അവനെ തന്റെ അടുത്തേക്ക് വിളിച്ചു. യേശുവിൻറെ വിളി കേട്ടയുടനെ ബർതിമേയൂസ് ചെയ്ത കാര്യം വളരെ ശ്രദ്ധേയമാണ്. അവൻ തൻ്റെ പുറങ്കുപ്പായം ദൂരെയെറിഞ്ഞ് കുതിച്ചുചാടി യേശുവിൻറെ അടുത്തെത്തി. പുറങ്കുപ്പായം പ്രതീകാത്മകമായ ഒരു പ്രയോഗമാണ്. മനുഷ്യന്റെ അഹങ്കാരത്തിന്റെ, അസൂയയുടെ, നിരാശയുടെ, ദുഃഖങ്ങളുടെ, അശുദ്ധിയുടെ എല്ലാം പ്രതീകമാണ് പുറങ്കുപ്പായം. അത് വലിച്ചെറിഞ്ഞാൽ മാത്രമേ സ്വാതന്ത്ര്യത്തോടെ സ്നേഹത്തോടെ ഈശോയുടെ അടുത്തേക്ക് നമുക്ക് ഓടിയെത്താൻ കഴിയുകയുള്ളൂ. അങ്ങനെ ഈശോയെ സമീപിക്കുമ്പോൾ നാം എന്ത് ചോദിച്ചാലും അവൻ നമുക്കത് സാധിച്ചു തരും. കലർപ്പില്ലാത്ത വിശ്വാസം നമുക്കുണ്ടെങ്കിൽ എല്ലാ തടസ്സങ്ങളുടെ നടുവിലും ആ വിശ്വാസത്തോടെ ദൈവത്തെ നിരന്തരമായി വിളിക്കുന്നവർക്ക് അവിടുന്ന് എപ്പോഴും സമീപസ്ഥനായിരിക്കുമെന്ന് ബർതിമേയൂസിന്റെ അനുഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.
രണ്ടാമത്തെ ചിന്ത സൗഹൃദത്തെ, സ്നേഹത്തെ വില്പന ചരക്കാക്കിയ യൂദാസിന്റെ വഞ്ചനയുടെ കഥയാണ്. മുപ്പത് വെള്ളിക്കാശിന് വേണ്ടി തന്റെ ഗുരുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ വഞ്ചനയിലൂടെയാണ് യേശുവിൻറെ പീഡാസഹനം ആരംഭിക്കുന്നത്. യേശുവിൻറെ കലർപ്പില്ലാത്ത സ്നേഹത്തിൽ അത്യാഗ്രഹത്തിന്റെ മാലിന്യം യൂദാസ് കലർത്തിയതാണ് അവനെ ഒറ്റുകാരനാക്കിയത് . ബഹുമാനപ്പെട്ട ഫാ. ജിസൺ പോളിന്റെ ഒരു പ്രഭാഷണത്തിൽ നിന്ന് കിട്ടിയ ആശയമാണിത്. യേശുവിൻറെ പീഡാസഹനവും കുരിശു മരണവും അനിവാര്യമായ രക്ഷാകര പദ്ധതിയുടെ ഭാഗമായിരുന്നെങ്കിലും അതിന് കാരണമായത് യേശു ഏറെ സ്നേഹിച്ച തന്റെ ശിഷ്യന്മാരിൽ ഒരുവനായ യൂദാസിന്റെ ചുംബനത്തിലൂടെയുള്ള ഒറ്റിക്കൊടുപ്പിലൂടെയാണ്. നമുക്കും പലപ്പോഴും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാറില്ലേ. ഏറെ സ്നേഹിച്ചവരിൽ നിന്ന് തീവ്രമായ സഹനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമ്പോൾ നെഞ്ചിൽ കത്തി കുത്തിയിറക്കുന്ന വേദന അനുഭവിക്കേണ്ടി വന്നിട്ടില്ലേ? അപ്പോൾ ഈശോ എത്രമാത്രം ഹൃദയവേദന അനുഭവിച്ചു കാണുമെന്ന് നമുക്ക് ഊഹിക്കാൻ കഴിയും. സ്വന്തം ചങ്കായി കണ്ട് സ്നേഹിച്ചവൻ ചുംബനം കൊണ്ട് ഒറ്റിയപ്പോൾ അവന് സഹിക്കേണ്ടി വന്നത് മനുഷ്യന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത പീഡകളാണ്. അവൻ ശിരസ്സിൽ അണിഞ്ഞ മുൾമുടി , ശരീരത്തിലേറ്റ ചാട്ടവാറടികൾ, തോളിലേറ്റിയ ഭാരമേറിയ കുരിശ്, ഏറ്റുവാങ്ങിയ ശാപവചനങ്ങൾ, അവഹേളനങ്ങൾ , കുരിശുമായി മൂന്നുതവണ നിലത്തു വീണപ്പോൾ അനുഭവിച്ച കഠോരമായ വേദന, വഴിയിൽ വച്ച് തന്റെ അമ്മയെ കണ്ടപ്പോൾ അനുഭവിച്ച ഹൃദയവേദന , ഗാഗുൽത്തായിൽ കുരിശിൽ കിടത്തി കൈകളിലും കാലുകളിലും കാരിരുമ്പാണി അടിച്ചിറക്കിയപ്പോൾ അനുഭവിച്ച പ്രാണൻ പറിഞ്ഞു പോകുന്ന വേദന, കുന്തത്താൽ കുത്തി തുറക്കപ്പെട്ട അവൻറെ ഹൃദയത്തിനേറ്റ വേദന. ഇതെല്ലാം സ്നേഹത്തിൽ വഞ്ചന കലർത്തപ്പെട്ടതിന്റെ പരിണിത ഫലമാണ്. ഈ നോമ്പുകാലത്ത് നമുക്ക് യൂദാസിനെപ്പോലെ നമ്മുടെ അത്യാഗ്രഹങ്ങളാൽ, പാപങ്ങളാൽ നമ്മുടെ നാഥനെ ഒറ്റിക്കൊടുക്കാതിരിക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം .
മൂന്നാമതായി പത്രോസിന്റെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം. യേശുവിൻറെ ഏറ്റവും ശക്തനായ ശിഷ്യനായിരുന്നു പത്രോസ്. യേശുവിനെ ആദ്യമായി കണ്ട ദിവസം, അവന്റെ ഒറ്റ വിളിയിൽ സർവ്വവും ഉപേക്ഷിച്ച് അവനെ അനുഗമിച്ച പത്രോസ് എക്കാലവും തന്റെ വിശ്വാസം ഏറ്റുപറയുവാൻ ചങ്കൂറ്റം കാണിച്ചവനാണ്. യേശു സർവ്വശക്തനായ ദൈവത്തിൻറെ പുത്രനായ ക്രിസ്തുവാണെന്ന് സധൈര്യം ഏറ്റുപറഞ്ഞ പത്രോസ്, ഗത് സമേൻ തോട്ടത്തിൽ യേശുവിനെ പിടികൂടാൻ വന്ന പടയാളികളോട് പൊരുതി അവരിലൊരുവന്റെ ചെവി ഛേദിച്ചു കളയാൻ ധൈര്യം കാണിച്ച പത്രോസ്. അവൻ തന്നെ മൂന്നുപ്രാവശ്യം തള്ളിപ്പറയുമെന്ന് യേശു പ്രവചിച്ചപ്പോൾ നിന്നോടു കൂടി മരിക്കേണ്ടിവന്നാൽ പോലും ഞാൻ നിന്നെ തള്ളി പറയില്ല എന്ന് തറപ്പിച്ചു പറയുന്ന പത്രോസിനെ മർക്കോസിന്റെ സുവിശേഷം 14-ാം അധ്യായം 27 – 31 വരെയുള്ള തിരുവചനങ്ങളിൽ നമ്മൾ കാണുന്നു. എന്നാൽ അധികം താമസിയാതെ 66-ാം വാക്യം മുതൽ കാണുന്നത് യേശുവിൻറെ വിചാരണ സമയത്ത് പുറത്ത് തീ കാഞ്ഞുകൊണ്ടിരുന്ന പത്രോസ് ഒരു മനചാഞ്ചല്യവുമില്ലാതെ മൂന്ന് പ്രാവശ്യം തൻറെ ജീവനായിരുന്ന ഗുരുവിനെ തള്ളി പറയുന്നതാണ്. കേവലം നൈമിഷികമായ ഒരു തീയുടെ ചൂട് ലഭിച്ചപ്പോൾ ഒരല്പം സുരക്ഷിതത്വം കിട്ടിയപ്പോൾ ശിഷ്യപ്രമുഖനായ പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞു. എന്നാൽ ഹൃദയവേദനയോടെയുള്ള യേശുവിൻറെ കരുണ നിറഞ്ഞ ഒരു നോട്ടം പത്രോസിന്റെ ഹൃദയത്തിൻറെ ആഴങ്ങളിലാണ് പതിഞ്ഞത്. അവൻ ഹൃദയം നൊന്ത് ഉള്ളുരുകി കരഞ്ഞു എന്നാണ് തിരുവചനം പറയുന്നത്. പത്രോസിന്റെ ആ അനുതാപ കണ്ണുനീർ അവൻറെ മുഖത്തും ഹൃദയത്തിലും മായാത്ത മുദ്രകൾ പതിപ്പിച്ചു. പിന്നീട് ആ അനുതാപം അവനെ നയിച്ചത് ക്രിസ്തുവിൻറെ സഭയുടെ അടിസ്ഥാനമായ ആദ്യത്തെ മാർപാപ്പ എന്ന പദവിയിലേയ്ക്കാണ്. യേശുവിൻറെ സുവിശേഷം സധൈര്യം പ്രഘോഷിക്കാൻ, അവനുവേണ്ടി രക്തസാക്ഷിത്വം വഹിക്കാൻ ആ മാനസാന്തരം അവനെ പ്രാപ്തനാക്കി.
ഈ നോമ്പുകാലത്ത് ബർതിമേയൂസിനെപ്പോലെ വിശ്വാസം ലഭിക്കാനും യൂദാസിനെ പോലെ ഒറ്റുകാരനാകാതിരിക്കാനും പത്രോസിനെ പോലെ ഹൃദയം നൊന്ത് മനസ് തപിക്കാനുവുമുള്ള കരുണയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം.
ദീപ ദീപു
ഫ്ലോറിഡയിൽ നെഫ്രോളജി നഴ്‌സ് പ്രാക്ടീഷണറായ ദീപയുടെ സ്വദേശം കണ്ണൂർ ആണ്. തൊടുപുഴ സ്വദേശിയായ ദീപു സെബാസ്റ്റ്യൻ ആണ് ഭർത്താവ്. മക്കൾ : അഞ്ജന മരിയ ദീപു, ആൽബർട്ട് സെബാസ്റ്റ്യൻ ദീപു. കാത്തലിക് സ്റ്റുഡന്റ്സ് മൂവ്‌മെന്റിന്റെയും ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെയും സജീവ അംഗമായിരുന്നു. 1997-ൽ ജീസസ് യൂത്ത് ഫുൾടൈമറായി സേവനം ചെയ്തിട്ടുണ്ട്. നിലവിൽ ഫ്ലോറിഡയിലെ കോറൽ സ്പ്രിംഗ്സിലുള്ള ഔർ ലേഡി ഓഫ് ഹെൽത്ത് കത്തോലിക്ക ഫൊറോന ദേവാലയത്തിൽ കാറ്റിക്കിസം പ്രിൻസിപ്പലായും സേവനം അനുഷ്ഠിക്കുന്നു. ഷിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദീപ രചനയും സംവിധാനവും നിർവഹിച്ച രൂപതയുടെ കഴിഞ്ഞ 25 വർഷത്തെ വളർച്ചയും പ്രവർത്തനങ്ങളും ദൃശ്യവൽക്കരിക്കുന്ന ‘അപ്പസ്തോലികം’ എന്ന ഡോക്യുമെൻററി ശ്രദ്ധ നേടിയിരുന്നു.
കൊച്ചി: വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ മുൻ യുകെ മലയാളിയും നിർമ്മാതാവുമായ ജോബി ജോർജിന് നാല് വർഷം തടവും 66.5 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. രണ്ട് കേസുകളിലായി കൊച്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂവാറ്റുപുഴ സ്വദേശിയായ രാജേഷ് മാത്യുവും മുളന്തുരുത്തി സ്വദേശികളായ ദമ്പതികളും നൽകിയ പരാതികളിലാണ് നടപടി.
2011ൽ യുകെ വിസ നൽകാമെന്ന് പറഞ്ഞ് രാജേഷ് മാത്യുവിൽ നിന്ന് രണ്ട് തവണയായി 50 ലക്ഷം രൂപ ജോബി ജോർജ് കൈപ്പറ്റി. വാഗ്ദാനം പാലിക്കാതിരുന്നതിനെ തുടർന്ന് 2012ൽ പണം തിരികെ നൽകുന്നതിന്റെ ഭാഗമായി 25 ലക്ഷം രൂപയുടെ ചെക്ക് നൽകിയെങ്കിലും അത് മടങ്ങി. തുടർന്ന് രാജേഷ് മാത്യു പരാതി നൽകുകയായിരുന്നു. രാജേഷിനെ വഞ്ചിക്കാനുള്ള ഉദ്ദേശത്തോടെയാണ് ജോബി പ്രവർത്തിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ഈ കേസിൽ രണ്ട് വർഷം തടവും 50 ലക്ഷം രൂപ പിഴയും വിധിച്ചു. ജോബിയുടെ ഭാര്യ സുനി മോളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
മറ്റൊരു കേസിൽ മുളന്തുരുത്തി സ്വദേശികളായ ബിജു വർഗീസ്, ഭാര്യ ഡാർലി ബിജു എന്നിവരെ യുകെയിൽ ബിസിനസ് പങ്കാളിത്തവും സ്റ്റുഡന്റ് വിസയും വാഗ്ദാനം ചെയ്ത് ജോബി പണം തട്ടിയെന്നാണ് പരാതി. ലണ്ടനിലെ ന്യൂകാസിലിൽ ഒരു ‘ഓഫ് ലൈസൻസ്’ കടയിൽ പങ്കാളിത്തം നൽകാമെന്നും ഡാർലിക്ക് ലണ്ടനിലെ എൽബിഎ കോളേജിൽ ബിസിനസ് ഇൻഫർമേഷൻ ഡിപ്ലോമയ്ക്ക് അഡ്മിഷൻ ഒരുക്കാമെന്നും പറഞ്ഞാണ് പണം വാങ്ങിയത്. യുകെയിൽ എത്തിയശേഷമാണ് തട്ടിപ്പ് മനസിലായത്. പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും ദമ്പതികൾ മൊഴി നൽകി. ഈ കേസിലാണ് ജോബിയെ രണ്ട് വർഷം തടവിനും 16.52 ലക്ഷം രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചത്.
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികളെ നടുക്കി മലയാളിയും നാല് മക്കളുടെ പിതാവുമായ റിജോ പോളിന്റെ ആകസ്മിക വേർപാട്. ഇന്നലെ രാത്രി ഒന്പതരയോടെയാണ് റിജോ കുഴഞ്ഞു വീണതും മരണം സംഭവിക്കുന്നതും. പരേതന് 45 വയസ്സാണ് പ്രായം. ഭാര്യ റാണി, മക്കൾ റോസ്മിൻ, റോസ്മോൾ, റോസ് മേരി, റോവൻ. പരേതൻ ചാലക്കുടി കറുകുറ്റി സ്വദേശി ആണ്.
റിജോ വർക്ക് ചെയ്യുന്ന നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്നവർക്കായി ഒരുക്കിയിരുന്ന ക്രിസ്മസ് പാർട്ടിയിൽ പങ്കെടുക്കവെ ആണ് റിജോ കുഴഞ്ഞുവീണത്. അരമണിക്കൂറോളം CPR കൊടുത്തു ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും പരാജയം സംഭവിക്കുകയായിരുന്നു. പാരാമെഡിക്കൽ ടീമും സ്ഥലത്തെത്തിയിരുന്നു.
ജീവിതത്തിലെ ദുർഘടനിമിഷങ്ങളെ മനഃസാന്നിധ്യം കൊണ്ടും ഭാര്യയുടെ ആത്മാർത്ഥമായ സഹനം കൊണ്ടും നേരിട്ട് വിജയം നേടിയെടുത്തപ്പോൾ ആണ് ഇത്തരത്തിൽ ഒരു വേർപാട് സംഭവിച്ചിരിക്കുന്നത്.
കോവിഡ് കാലത്തു നാട്ടിലെ എല്ലാ ബിസിനസ്സും നഷ്ടപ്പെട്ടപ്പോൾ ആണ് റിജോയും കുടുംബവും യുകെ ലക്ഷ്യമാക്കിയത്. നാട്ടിലെ ഒരു വിസ ഏജന്റിന് 20 ലക്ഷം കൊടുത്തിട്ടാണ് ലണ്ടന് സമീപത്തായി രണ്ട് വർഷം മുൻപ് റിജോയും കുടുംബവും എത്തുന്നത്. എന്നാൽ പിന്നീട് അവിടെയല്ല മിഡ്‌ലാൻസിലെ ബർട്ടൻ ഓൺ ട്രെന്റിലാണ് ഹോം എന്ന് ഏജന്റ് അറിയിക്കുന്നത്. കോവിഡിൽ എല്ലാം നഷ്ടപ്പെട്ട് ബാക്കി ഉണ്ടായിരുന്ന എല്ലാം വിറ്റു കിട്ടിയ പണമായിരുന്നു ഏജന്റിന് നൽകിയത്. അങ്ങനെ ബർട്ടൻ ഓൺ ട്രെന്റിൽ എത്തിയപ്പോൾ ആണ് റിജോ ഒരു സത്യം മനസ്സിലാക്കിയത്. പറഞ്ഞ ഒരു നഴ്സിംഗ് ഹോം അവിടെ ഇല്ല എന്ന വസ്തുത തിരിച്ചറിയുന്നതും താൻ വഞ്ചിക്കപ്പെട്ടു എന്ന സത്യം മനസ്സിലാക്കിയതും.
ചെറിയ നാല് കുട്ടികൾ. ആരെയും പരിചയമില്ല. അങ്ങനെ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുമ്പോൾ റിജോ നാട്ടിലെ ഒരു ധ്യാന സെന്ററിൽ ഉള്ള അറിയുന്ന ഒരു സിസ്റ്ററിനു ഹൃദയഭേദകമായ ഒരു വോയിസ് മെസ്സേജ് അയക്കുന്നത്. ഈ മെസ്സേജ് സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും നാട്ടിൽ തിരിച്ചുപോയ ഒരാൾ കേൾക്കാൻ ഇടവരുകയും ആ വ്യക്തി തന്നെ സ്റ്റോക്ക് ഓൺ ട്രെന്റിലെ സുഹുത്തുക്കൾ വഴി സ്റ്റോക്ക് ഓൺ ട്രെന്റിൽ വിസ ഒരുക്കുകയും ചെയ്തത്. അങ്ങനെ ഒരു വിധത്തിൽ ജീവിതം മുൻപോട്ട് നീങ്ങവേ ആണ് മരണം നടന്നിരിക്കുന്നത്.
ഒരു മാസത്തിനുള്ളിൽ സ്റ്റോക്ക് ഓൺ ട്രെന്റിൽ നടക്കുന്ന മൂന്നാമത്തെ മരണമാണ്. റിജോയുടെ ആകസ്മിക വേർപാടിൽ പരേതന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം ദുഖാർത്തരായ ബന്ധുക്കളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.