ബോറിസ് ജോണ്‍സണ്‍ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി

ബോറിസ് ജോണ്‍സണ്‍ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി
July 23 13:29 2019 Print This Article

ലണ്ടന്‍∙ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായും കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവായും ബോറിസ് ജോണ്‍സനെ തിരഞ്ഞെടുത്തു. അദ്ദേഹം നാളെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടായിരുന്നു ലണ്ടനിലെ മുന്‍ മേയറായിരുന്ന ബോറിസ് ജോണ്‍സന്റെ പ്രധാന എതിരാളി. ബോറിസ് ജോണ്‍സണ് 66 ശതമാനം വോട്ട് ലഭിച്ചു. ജോണ്‍സണ് 92,153 വോട്ടും ജെറമി ഹണ്ടിന് 46,656 വോട്ടും ലഭിച്ചു.

പാര്‍ട്ടിയുടെ പുതിയ നേതാവായി ബോറിസ് ജോണ്‍സണ്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായതോടെ വിദ്യാഭ്യാസ മന്ത്രി അന്നെ മില്‍ട്ടണ്‍ രാജിവച്ചു. കരാറുകളില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനെ ജോണ്‍സണ്‍ പിന്തുണയ്ക്കുന്നതില്‍ ആശങ്കപ്പെട്ടാണു രാജി. കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് ജോണ്‍സണ്‍ നേരത്തേ പറഞ്ഞിരുന്നു.

1.6 ലക്ഷം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പോസ്റ്റല്‍ വോട്ടാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ പുതിയ നേതാവിനെ തീരുമാനിച്ചത്. അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ ജോണ്‍സന് അനുകൂലമായിരുന്നു. ബ്രെക്‌സിറ്റ് വിഷയത്തില്‍ പലവട്ടം കാലിടറി രാജിവയ്ക്കുന്ന തെരേസ മേയുടെ പിന്‍ഗാമിയെ കാത്തിരിക്കുന്നത് ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്.

പാര്‍ലമെന്റില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷമേയുള്ളു. കടുത്ത വലതുപക്ഷക്കാരനായ ജോണ്‍സന്റെ ബ്രെക്‌സിറ്റ് നയങ്ങളോട് പാര്‍ട്ടിയില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ട്. കരാറോടെയോ അല്ലാതെയോ ഒക്ടോബര്‍ 31നു മുന്‍പ് ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന് ജോണ്‍സന്‍ പ്രഖ്യാപിച്ചിരുന്നു.

ജോണ്‍സന്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും മുന്‍പു രാജിവച്ചൊഴിയുമെന്ന നിലപാടിലാണു ധനമന്ത്രി ഫിലിപ്പ് ഹാമന്‍ഡ്. കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിനെ വീഴ്ത്താന്‍ മടിക്കില്ലെന്നും അദ്ദേഹം പറയുന്നു. ഇതേസമയം, ജോണ്‍സന്റെ കടുത്ത വിമര്‍ശകനും വിദേശകാര്യ സഹ മന്ത്രിയുമായ അലന്‍ ഡങ്കന്‍ രാജിവച്ചു. ബ്രെക്‌സിറ്റ് അഭിപ്രായഭിന്നതയില്‍ സാംസ്‌കാരിക മന്ത്രി മാര്‍ഗോട് ജയിംസ് കഴിഞ്ഞയാഴ്ച രാജിവച്ചിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles