പലിശ നിരക്കുകളില്‍ ഉടന്‍ വര്‍ദ്ധനവുണ്ടാകില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍നി. ഈ മാസം പലിശ നിരക്കുകളില്‍ വര്‍ദ്ധനവുണ്ടാകാന്‍ സാധ്യയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 0.75 ശതമാനം വരെ വര്‍ദ്ധനവ് നിക്ഷേപകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വര്‍ദ്ധനവ് ഉടന്‍ ഉണ്ടാകില്ലെന്ന് ബാങ്ക് ഒാഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ സ്ഥിരീകരിച്ചു. പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നാല്‍ അത് സമയബന്ധിതമായി മാത്രമെ പ്രാവര്‍ത്തികമാക്കുകയുള്ളുവെന്ന് മാര്‍ക്ക് കാര്‍നി വ്യക്തമാക്കി. വിപണിയില്‍ പൗണ്ടിന്റെ മൂല്യം തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന സമയത്ത് പലിശ നിരക്കുകളില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് നേരത്തെ സാമ്പത്തിക നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ പൗണ്ടിന്റെ മൂല്യം 1.14 യൂറോയും ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 1.4മാണ്.

വിപണയില്‍ സാമ്പത്തിക നീക്കങ്ങള്‍ മന്ദഗതിയിലായതോടെയാണ് പലിശ നിരക്കുകളിലും മാറ്റങ്ങള്‍ വരുത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആലോചിക്കുന്നത്. എന്നാല്‍ നിരക്ക് വര്‍ദ്ധന എപ്പോള്‍ നടപ്പിലാക്കണമെന്ന് സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. വരും വകര്‍ഷങ്ങളില്‍ നിരക്കുകളില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകുമെന്ന് മാര്‍ക്ക കാര്‍നി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വിന്ററിലുണ്ടായ അതിശൈത്യം റിട്ടൈല്‍ വ്യാപാര മേഖലയെ ബാധിച്ചത് സാമ്പത്തിക മേഖലയില്‍ പ്രതികൂല സാഹചര്യം സൃഷ്ടിച്ചതായി കാര്‍നി പറുന്നു. ബീസ്റ്റ് ഫ്രം ഈസ്റ്റ് പ്രതിഭാസം മൂലം സമീപ വര്‍ഷങ്ങളിലെ ഏറ്റവും ശക്തമായ ശൈത്യത്തിന് വഴിതെളിച്ചിരുന്നു. മാര്‍ച്ചിലുണ്ടായ നാണയപ്പെരുപ്പവും പലിശ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് കാര്‍നി വ്യക്തമാക്കി. മാര്‍ച്ചില്‍ 2.5 ശതമാനം ഇന്‍ഫ്ളേേഷന്‍ രേഖപ്പെടുത്തിയിരുന്നു.

സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റിട്ടൈല്‍ മേഖലയുടെ വളര്‍ച്ച മന്ദഗതിയിലാണെന്നും മറ്റു മേഖലകളിലേക്ക് ഇത് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും മനസിലായതായി കാര്‍നി പറയുന്നു. വാഷിംഗ്ടണ്‍ ഡിസിയില്‍ വെച്ച് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിരക്കുകളില്‍ വര്‍ദ്ധനവുണ്ടാകുമെന്നത് നിശ്ചയമാണ്. അടുത്ത വര്‍ഷങ്ങളില്‍ പല തവണയായി പലിശ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വന്നേക്കാം അദ്ദേഹം പറഞ്ഞു. 2009ല്‍ 0.5 ശതമാനം പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ഈ നിരക്കാണ് 2016 വരെ നിലനിന്നിരുന്നത്. ബ്രക്‌സിറ്റ് വോട്ടെടുപ്പിന് ശേഷം 0.25 ശതമാനം നിരക്ക് കുറയ്ക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുന്‍ വര്‍ഷങ്ങളെക്കാള്‍ കുറവ് വേഗതയിലാണ് മുന്നോട്ട് പോകുന്നതെന്ന് കാര്‍നി പറഞ്ഞു. വളര്‍ച്ചാ നിരക്ക് കുറയുന്നതാണ് പലിശ വര്‍ദ്ധിപ്പിക്കാന്‍ പ്രേരിതമാക്കുന്ന പ്രധാന ഘടകമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.