ശ്രീജിത്ത് മാടക്കത്ത്
ലണ്ടൻ: യുകെയിലെ ലെസ്റ്റർ ലാസ്യ കലാകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ‘മധുരം മലയാളം’ ക്ലാസിന്റെ ഉദ്ഘാടനം വർണ്ണാഭമായി നടന്നു. ലെസ്റ്ററിലെ മുഴുവൻ മലയാളി കുടുംബങ്ങളുടെയും സ്വപ്നമായ-കുട്ടികൾക്ക് മലയാളം വായിക്കാനും എഴുതാനും സംസാരിക്കാനും കഴിവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ലാസ്യ കലാകേന്ദ്ര ഈ ഭാഷാ പഠന കേന്ദ്രത്തിന് തുടക്കം കുറിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ച ലെസ്റ്റർ വൂഡ്ഗേറ്റ് കമ്മ്യൂണിറ്റി സെന്ററിൽ കുട്ടികളും അധ്യാപകരും മാതാപിതാക്കളുമുൾപ്പെടെയുള്ള സദസ്സിനെ സാക്ഷി നിർത്തി ‘മധുരം മലയാളം’ സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും ലോക കേരളസഭാംഗവുമായ സി എ ജോസഫ് ഭദ്രദീപം തെളിച്ച് നിർവഹിച്ചു. ലാസ്യ കലാകേന്ദ്ര ഡയറക്ടർ ശ്രീജിത്ത് മാടക്കത്ത് അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ, റീജണൽ കോഡിനേറ്ററും ലോക കേരളസഭാംഗവുമായ ആഷിക്ക് മുഹമ്മദ് നാസർ, ഗീതു ശ്രീജിത്ത്, കൃഷ്ണപ്രസാദ്, ഗീത ലക്ഷ്മൺ എന്നിവർ ആശംസകൾ അർപ്പിച്ചു. അജേഷ് നായർ സ്വാഗതവും അനുപമ സ്മിജു നന്ദിയും പറഞ്ഞു.

ചടങ്ങിൽ മലയാളം മിഷൻ ഭാരവാഹികൾ വിദേശത്ത് വളരുന്ന കുട്ടികൾക്ക് മാതൃഭാഷ പഠനത്തിന്റെ പ്രാധാന്യവും മലയാളം മിഷന്റെ ലക്ഷ്യങ്ങളും വിശദീകരിച്ചു. തുടർന്ന്, കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ ചൊല്ലിയും കുട്ടികളെ ആവേശഭരിതരാക്കികൊണ്ടും എബ്രഹാം കുര്യൻ ആദ്യ ക്ലാസിന് നേതൃത്വം നൽകി..
അധ്യാപകരായും ഭാഷാപ്രവർത്തകരായും സേവനം ചെയ്യുന്ന അജേഷ് നായർ, സ്റ്റെഫി അജിത്, ഷിജി സ്റ്റാൻലി, സുനിൽ പിള്ള, ശ്രീലക്ഷ്മി പ്രസാദ്, ലിസ ബിജു, രേവതി വെങ്ങലോട്, ഡീന മാണി, ഷെർലിൻ എബി, മോനിഷ ശ്രീജിത്ത്, അശ്വതി നിവ്യ, സ്വപ്ന, ഗീതു, അനുപമ സ്മിജു എന്നിവർക്ക് മലയാളം മിഷൻ യുകെ ചാപ്റ്റർ ഭാരവാഹികൾ അഭിനന്ദനങ്ങൾ അർപ്പിച്ചു.

കേരളീയ നൃത്ത കലകളും സംസ്കാരവും സമന്വയിപ്പിച്ചുകൊണ്ട് ഇരുന്നൂറോളം കുട്ടികളെയും മുതിർന്നവരെയും നൃത്തരൂപങ്ങൾ അഭ്യസിപ്പിക്കുന്ന നൃത്ത വിദ്യാലയത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് പുതുതലമുറക്ക് മലയാളത്തിന്റെ മാധുര്യവും സമ്പന്നതയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘മധുരം മലയാളം’ സ്കൂൾ ആരംഭിക്കുന്നതിന് ലാസ്യ കലാകേന്ദ്ര മുന്നോട്ടുവന്നത്.
മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ സഹകരണത്തോടെ ലെസ്റ്റർ ലാസ്യ കലാകേന്ദ്ര ആരംഭിച്ചിരിക്കുന്ന ‘മധുരം മലയാളം’ ക്ലാസിലൂടെ കുട്ടികൾക്ക് ഭാഷയോടുള്ള സ്നേഹവും അഭിമാനവും വളർത്താൻ സാധിക്കട്ടെയെന്നും ലെസ്റ്ററിലുള്ള കുട്ടികൾ ഈ അവസരം വിനിയോഗിക്കുന്നതിനായി മാതാപിതാക്കളുടെ പൂർണ്ണമായ പ്രോത്സാഹനം ഉണ്ടാവണമെന്നും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി എബ്രഹാം കുര്യൻ, റീജിയണൽ കോർഡിനേറ്റർ ആഷിക്ക് മുഹമ്മദ് നാസർ എന്നിവർ സംയുക്തമായി അഭ്യർത്ഥിച്ചു.

റെഡ് ഹിൽ സറേ: 2025 നവംബർ എട്ടാം തീയതി റെഡ് ഹിൽ സെയിന്റ് മാത്യൂസ് ഹോളിൽ ചേർന്ന
മലയാളി അസോസിയേഷൻ ഓഫ് റെഡ് ഹിൽ സറേയുടെ (MARS) വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
ഇലക്ഷൻ കമ്മീഷൻ അംഗങ്ങളായ ജോസഫ് വി ജോൺ, ജെസിൽ ജോസ്, ടിങ്കു തോമസ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന പൊതുയോഗത്തിൽ മാർസ് സെക്രട്ടറി ശ്രീ സ്റ്റാലിൻ പ്ലാവില വാർഷിക റിപ്പോർട്ടും ട്രഷറർ ശ്രീ ജെന്നി മാത്യു വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു . തുടർന്ന് നടന്ന പൊതുയോഗത്തിൽ ഇലക്ഷൻ കമ്മീഷൻ അംഗങ്ങൾ പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു.

യുക്മ സൗത്ത് ഈസ്റ്റ് റീജണൽ പ്രസിഡന്റും പ്രവാസി കേരള കോൺഗ്രസ് യുകെ ജനറൽ സെക്രട്ടറിയുമായ ശ്രീ ജിപ്സൺ തോമസ് ആണ് പുതിയ പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. 2015-16, 2021-22 വർഷങ്ങളിൽ മാർസ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള ശ്രീ ജിപ്സൺ, 2022-25 വർഷങ്ങളിൽ യുക്മ സൗത്ത് ഈസ്റ്റ് റീജണൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ എവിൻ അവറാച്ചൻ, റെഡ് ഹിൽ വാരിയേഴ്സ് സ്പോർട്സ് ക്ലബ് സെക്രട്ടറി കൂടിയാണ്. സീറോ മലബാർ സെന്റ് ക്ലിയർ മിഷൻ കമ്മിറ്റി അംഗമായ ശ്രീ ജോസിൻ പകലോമറ്റമാണ് പുതിയ ട്രഷറർ.

പുതിയ സാരഥികളുടെ പൂർണമായ ലിസ്റ്റ് താഴെ കൊടുക്കുന്നു
· പ്രസിഡൻറ് : ജിപ്സൺ തോമസ്
· സെക്രട്ടറി : എവിൻ അവറാച്ചൻ
· ട്രഷറർ: ജോസിൻ പകലോമറ്റം
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
· ജോബി ഫിലിപ്പ്
· ഷെന്നി ജോസ്
· സ്മിത ജോയസ്
· സിനി സേവിയർ
· ബിജു ജോർജ്
· ജോബിൻ ജോസ്
· വിനീത് P T
· സിജോ ഫ്രാൻസിസ്
· സിയ റോസ് മാത്യു

ജോബി തോമസ്
ലണ്ടൻ: ബേസിംഗ്സ്റ്റോക്ക് റോയൽസ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന രണ്ടാമത് ആൾ യു കെ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് 2025 നവംബർ 15 ശനിയാഴ്ച ബേസിംഗ്സ്റ്റോക്ക് എവറസ്റ്റ് കമ്മ്യൂണിറ്റി അക്കാദമിയിൽ നടക്കും. രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന ടൂർണമെന്റ് ബേസിംഗ്സ്റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് പൗലോസ് പാലാട്ടി ഫ്ളാഗ് ഓഫ് ചെയ്യും.
വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ബേസിംഗ്സ്റ്റോക്ക് എം പി ലൂക്ക് മർഫി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. കൗൺസിലർ സജീഷ് ടോം യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറിലധികം ബാഡ്മിന്റൺ താരങ്ങളാണ് ശനിയാഴ്ച ബേസിംഗ്സ്റ്റോക്കിലേക്ക് ഒഴുകിയെത്തുന്നത്.
ഈ വർഷത്തെ ടൂർണമെന്റിൽ രണ്ട് പ്രധാന വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ബാഡ്മിന്റൺ ഇംഗ്ലണ്ട് ഗ്രേഡഡ് കളിക്കാർ ഏറ്റുമുട്ടുന്ന അഡ്വാൻസ്ഡ് വിഭാഗത്തിൽ പന്ത്രണ്ട് ടീമുകളും ഇന്റർമീഡിയറ്റ് വിഭാഗത്തിൽ നാൽപ്പത് ടീമുകളും മാറ്റുരക്കുന്ന തീപാറുന്ന പോരാട്ടത്തിനാകും ബേസിംഗ്സ്റ്റോക്ക് സാക്ഷ്യം വഹിക്കുവാൻ പോകുന്നത്.
ആവേശവും സൗഹൃദവും അലയൊലി ഉയർത്തുന്ന ടൂർണമെന്റിൽ അഡ്വാൻസ്ഡ് വിഭാഗത്തിൽ ഒന്നാം സമ്മാനം 450 പൗണ്ടും ട്രോഫിയും,രണ്ടാം സമ്മാനം 250 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം 100 പൗണ്ടും ട്രോഫിയും നൽകുന്നതാണ്. ഇന്റർമീഡിയറ്റ് വിഭാഗത്തിൽ ഒന്നാം സമ്മാനമായ 350 പൗണ്ടും ട്രോഫിയും, രണ്ടാം സമ്മാനമായ 200 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനമായ 100 പൗണ്ടും ട്രോഫിയുമാണ് വിജയികളെ കാത്തിരിക്കുന്നത്.
കായിക രംഗത്ത് താല്പര്യമുള്ള ബേസിംഗ്സ്റ്റോക്കിലെ ഒരുപറ്റം മലയാളി ചെറുപ്പക്കാരാണ് “ബേസിംഗ്സ്റ്റോക്ക് റോയൽസ്” ക്ലബ്ബിനെ നയിക്കുന്നത്. ടൂർണമെന്റിന്റെ വിജയത്തിനായി സെൽജോ ജോണി, ദിനേശ് വത്സല സുരേഷ്, റൈജു കുര്യാക്കോസ്, നിതിൻ ബാബു, സുബിൻ സാബു, ഹരിഹരൻ സേതുമാധവൻ, റിജിൽ ജോൺ, സിൻറ്റോ സൈമൺ, ഷിജോ ജോസഫ്, രാഹുൽ രാജ്, അശ്വിൻ സതീഷ് രാജു എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.
മത്സരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Everest Community Academy, Oxford Way, Sherborne St John, Basingstoke, RG24 9UP
മികച്ച കളിക്കാരുടെ പങ്കാളിത്തംകൊണ്ടും, ചിട്ടയായ സംഘാടക മികവ്കൊണ്ടും യു കെ യിൽ ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞ ബാഡ്മിന്റൺ ടൂർണമെന്റുകളിൽ ഒന്നായ ബേസിംഗ്സ്റ്റോക്ക് റോയൽസിന്റെ രണ്ടാമത് ആൾ യു കെ ബാഡ്മിന്റൺ ടൂർണമെന്റിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. അതിഥികൾക്കും കളിക്കാർക്കും വേണ്ടി പാൻ ഏഷ്യൻ കാറ്ററിംഗ് ഒരുക്കുന്ന രുചികരമായ ഭക്ഷണസൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. മുൻ വർഷത്തേത് പോലെത്തന്നെ സൗജന്യ റാഫിൾ നറുക്കെടുപ്പും ടൂർണമെന്റിനോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.
ലിവർപൂൾ: ലിമയും (ലിവർപൂൾ മലയാളി അസോസിയേഷൻ) ലിവർപൂൾ ടൈഗേഴ്സും ചേർന്ന് ഒക്ടോബർ നാലിന് ലിവർപൂളിൽ സംഘടിപ്പിച്ച വടം വലിയെന്ന കായിക ആവേശത്തെ സമൂഹബോധത്തിന്റെയും കാരുണ്യത്തിന്റെയും ഉജ്ജ്വല ഉദാഹരണമായി ചാരിറ്റിയാക്കി മാറ്റി.
നോസ്ലി ലെഷർ ആൻഡ് കൾച്ചറൽ ഹാളിൽ വച്ച് നടന്ന “ജോസ് കണ്ണങ്കര മെമ്മോറിയൽ ട്രോഫി – ഓൾ യു കെ വടംവലി” മത്സരം, യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ ടീമുകളുടെ ആവേശപൂർണ്ണമായ മത്സരങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

മത്സരത്തിൽ നിന്നു ലഭിച്ച £750 തുക, ശ്രീ. ജോസ് കണ്ണങ്കരയുടെ ഭാര്യ ശ്രീമതി സൂസൻ ജോസ് ലിവർപൂൾ ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ക്യാൻസർ വാർഡിന് ചാരിറ്റിയായി നൽകി.
ലിമയുടെ സെക്രട്ടറി ആതിര ശ്രീജിത്ത്, ജോയിന്റ് സെക്രട്ടറി ബ്ലെസൻ, ടൈഗേഴ്സ് ടീം ക്യാപ്റ്റൻ ജിസ്മോൻ, ടീം കോർഡിനേറ്റർ ബിബിൻ , ലിമ വൈസ്പ്രസിഡന്റും, ടൈഗേഴ്സ് ടീം മാനേജർ ഹരികുമാർ ഗോപാലൻ എന്നിവർ തദ്ദവസരത്തിൽ സന്നിഹിതരായിരുന്നു
“കായികരംഗത്തെ ആവേശം സാമൂഹ്യ സേവനവുമായി ചേർക്കുമ്പോൾ അതിന് ഒരു പ്രത്യേക അർത്ഥം ലഭിക്കുന്നു. വടംവലി മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകളുടെയും സ്പോൺസേഴ്സിന്റെയും പിന്തുണയാലാണ് ഈ ചാരിറ്റി പ്രവർത്തനം വിജയകരമായത്.”
ലിവർപൂളിലെ മലയാളി സമൂഹം കായിക മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയിലും മുന്നിലാണ് എന്നതിന്റെ മറ്റൊരു തെളിവായി ഈ സംഭാവന മാറിയെന്ന് ശ്രീ. ഹരികുമാർ അഭിപ്രായപ്പെട്ടു.
സ്റ്റോക്ക്-ഓൺ-ട്രെന്റ്: സമീക്ഷ യുകെയുടെ മൂന്നാമത് ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഭാഗമായുള്ള സ്റ്റോക്ക്-ഓൺ-ട്രെന്റ് റീജിയണൽ മത്സരങ്ങൾ ആവേശോജ്വലമായ പോരാട്ടങ്ങൾക്കൊടുവിൽ സമാപിച്ചു. നവംബർ 2 ഞായറാഴ്ച വൈ.എം.സി.എ. നോർത്ത് സ്റ്റാഫോർഡ്ഷയർ ലെഷർ സെന്ററിൽ വെച്ച് നടന്ന ടൂർണമെന്റിൽ 12 ടീമുകൾ പങ്കെടുത്തു. ശക്തമായ മത്സരങ്ങൾക്കൊടുവിൽ, ബെൻസൺ ബെന്നി – അക്ഷയൻ സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി കിരീടം ചൂടി.
സ്റ്റോക്ക് ലയൺസ് വടംവലി ടീമിന്റെ സാരഥി അജി ഭാസ്കറും സമീക്ഷ യുകെ നാഷണൽ കമ്മിറ്റി മെമ്പർ ദീപ്തി ലൈജുവും ചേർന്ന് ടൂർണമെന്റ് ഉൽഘാടനം ചെയ്തു. കായികപരമായ ഒരു ഒത്തുചേരലിന് ഇത് തുടക്കം കുറിച്ചു.

ഒന്നാം സ്ഥാനം: ബെൻസൺ ബെന്നി & അക്ഷയൻ
രണ്ടാം സ്ഥാനം: സുവിൻ & ഇർഷാദ് അലി
മൂന്നാം സ്ഥാനം: ബിബിൻ & വിവേക്
ഒന്നാം സമ്മാനമായ £151-ഉം ട്രോഫിയും മെഡലുകളും സമീക്ഷ യുകെ നാഷണൽ കമ്മിറ്റി മെമ്പർ ദീപ്തി ലൈജുവും യൂണിറ്റ് സെക്രട്ടറി ദീപകും ചേർന്ന് വിജയികൾക്ക് സമ്മാനിച്ചു.
രണ്ടാം സമ്മാനമായ £101-ഉം ട്രോഫിയും മെഡലുകളും സമീക്ഷ യുകെ യൂണിറ്റ് പ്രസിഡൻ്റ് സാംസൺ സെബാസ്റ്റ്യനും യൂണിറ്റ് ജോയിന്റ് സെക്രട്ടറി അജു ജോസഫും ചേർന്ന് നൽകി.
മൂന്നാം സമ്മാനമായ £75-ഉം ട്രോഫിയും മെഡലുകളും വിതരണം ചെയ്തത് സ്റ്റോക്ക് സ്മാഷേർസ് ബാഡ്മിന്റൺ ക്ലബിലെ ബെയ്സിലും റൈക്കോയും ചേർന്നാണ്.

മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും, വിജയികൾക്കും സമീക്ഷ യുകെ അഭിനന്ദനങ്ങൾ അറിയിച്ചു. ഈ റീജിയണൽ മത്സരങ്ങളിലെ മികച്ച പ്രകടനത്തിലൂടെ വിജയിച്ച ടീമുകൾക്ക് നവംബർ 9-ന് ഷെഫീൽഡിൽ നടക്കുന്ന ദേശീയ ഫൈനലിൽ മാറ്റുരയ്ക്കാനുള്ള അവസരം ലഭിക്കും. വരാനിരിക്കുന്ന ദേശീയ മത്സരങ്ങൾക്കും വലിയ വിജയമുണ്ടാകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

ന്യൂസ് ഡെസ്ക് . മലയാളം യുകെ
കീത്തിലി മലയാളി അസ്സോസിയേഷനും പ്രതീക്ഷ കൾച്ചറൽ മലയാളി അസ്സോസിയേഷനും ഒരുമിച്ച് അണിയിച്ചൊരുക്കുന്ന എം ക്യൂബ് മാജിക് നൈറ്റ് ഷോ നാളെ കീത്തിലി വിക്ടോറിയാ ഹാളിൽ അരങ്ങേറും. മെഗാ ഷോയുടെ ടിക്കറ്റ് വിൽപ്പന പൂർത്തിയായി. നാളെ വൈകുന്നേരം കൃത്യം 5 മണിയ്ക്ക് മെഗാ ഷോ ആരംഭിക്കും. 4 മണി മുതൽ വിക്ടോറിയാ ഹാളിൻ്റെ ഗേറ്റ് കാണിക്കൾക്കായി തുറന്നു കൊടുക്കും. 400 സീറ്റുകൾ മാത്രമുള്ള വിക്ടോറിയാ ഹാളിൽ തിരക്കൊഴിവാക്കാൻ കാണികൾ കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്. വിക്ടോറിയാ ഹാളിൻ്റെ സമീപത്ത് തന്നെ ഇരുനൂറോളം കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പരിപാടിയിലുടനീളം രുചികരമായ ഭക്ഷണം മിതമായ നിരക്കിൽ ലഭ്യമാണ്.
ഓട്ടിസം ബാധിച്ച കുട്ടികൾക്കായി ജീവിതം ഒഴിഞ്ഞു വെച്ച ഗോപിനാഥ് മുതുകാട് തൻ്റെ പ്രതിജ്ഞ ലംഘിച്ച് പുറത്തെടുക്കുന്ന വിസ്മയങ്ങൾ മെഗാ ഷോ കളർഫുള്ളാക്കുമെന്നതിൽ സംശയമില്ല. നൂറ് കോടി രൂപാ മുതൽമുടക്കിൽ കാസർഗോഡ് ആരംഭിക്കുന്ന മുതുകാടിൻ്റെ സ്വപ്നമായ ബൗദ്ധിക വികാസമെന്ന പൂർണ്ണമാകാത്ത കുട്ടികൾക്കുള്ള അന്താരാഷ്ട്ര കേന്ദ്രത്തിനായുള്ള ധനശേഖരാർത്ഥം നടത്തുന്ന മെഗാ ഷോയാണ് എം ക്യൂബ് എന്ന വിളിപ്പേരിട്ട മാജിക് നൈറ്റ്.
പാലാ പള്ളി തിരുപ്പള്ളി എന്ന ഒരൊറ്റ ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന അതുൽ നറുകര, മഞ്ച് സ്റ്റാർ, സരിഗമപഥനിസ തുടങ്ങിയ ടെലിവിഷൻ ഷോയിലൂടെ വിജയക്കൊടി പാറിച്ച് സിനിമയിലെത്തിയ ശ്വേതാ അശോകിനോടൊപ്പം തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി ഒട്ടേറെ പ്രശസ്ത ഗാനങ്ങളുടെ കവർ വേർഷൻ വയലിൻ ഒരുക്കി സംഗീതപ്രേമികളുടെ മനം കവർന്ന വിഷ്ണു അശോക് തുടങ്ങിയവരാണ് മുതുകാട് ഷോയുടെ അമരക്കാർ.
മെഗാ ഷോയുടെ കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Sreejesh – 07735773231
Jomesh – 07404771500
Renjith – 07492180908
Libin – 07436855482
Lisa – 07552 242806
Tom – 07727622470
Shibu – 07411443880


ലണ്ടൻ: കല്ലൂപ്പാറക്കാർ എന്ന വികാരമാണ് അവരെ ഒന്നിപ്പിച്ചത്. പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ എന്ന ഗ്രാമത്തിൽ നിന്നുള്ളവർ ഒക്ടോബർ 25-ാം തീയതി ലെസ്റ്ററിൽ ഒന്നിച്ചപ്പോൾ അത് ആ നാടിനോടുള്ള ആദരവ് കൂടിയായി. മതേതരത്വത്തിന് പേരുകേട്ട നാടാണ് കല്ലൂപ്പാറ. പള്ളിയിലെയും അമ്പലത്തിലേയും പെരുന്നാളും ഉത്സവവും ഒന്നായി ഏറ്റെടുത്തു ആഘോഷിക്കുന്ന നാട്. ജാതി- മത വ്യത്യാസങ്ങൾക്ക് അതീതമായി കല്ലൂപ്പാറക്കാർ എന്ന വികാരം നെഞ്ചിലേറ്റിയവർ . ആ നാട്ടിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറിയവർ നിരവധിയാണ്. അത്തരത്തിൽ യുകെയിൽ എത്തിയ കല്ലൂപ്പാറക്കാരാണ് ലെസ്റ്ററിൽ ഒത്തുകൂടിയത്.
“എൻ്റെ നാട് കല്ലൂപ്പാറ ” എന്ന പേരിലാണ് യുകെയിലെ പ്രഥമ കുടുംബ സംഗമം നടത്തിയത്. നാൽപതോളം കുടുംബങ്ങളിൽ നിന്നും എഴുപതിൽ അധികം പേർ ഈ കൂട്ടായ്മയിൽ പങ്കെടുത്തു. യുണൈറ്റഡ് കല്ലൂപ്പാറയുടെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. കുട്ടികളുടേയും മുതിർന്നവരുടേയും കലാ പരിപാടികൾ ചടങ്ങിന് മിഴിവേകി.
ആദ്യകാലങ്ങളിൽ കല്ലൂപ്പാറയിൽ നിന്നും യുകെയിൽ എത്തി ജീവിതം കെട്ടിപ്പടുത്തിയവരുടെ അനുഭവ വിവരണം വേറിട്ടതയിരുന്നു. തങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകളും തരണം ചെയ്ത പ്രതിസന്ധികളും പങ്കുവച്ചപ്പോൾ പലരും വികാരാധീനരായി. ആ അനുഭവങ്ങൾ പുതുതലമുറയിലെ പലർക്കും പ്രചോദനമായിരുന്നു.ഒപ്പം പുതുതായി ഇവിടെ എത്തിചേർന്നവരും അവരും അനുഭവങ്ങളും പങ്കുവെച്ചു.സഹായഹസ്തം വേണ്ടവർക്ക് അത് ലഭിച്ചതോടെ കൂട്ടായ്മ പരസ്പര സഹകരണത്തിൻ്റെ മറ്റൊരു മാതൃക കൂടി തീർത്തു.
കലാമത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും ചടങ്ങിൽ നടന്നു. യുണൈറ്റഡ് കല്ലൂപ്പാറയുടെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. വരും വർഷങ്ങളിൽ വിപുലമായ കുടുംബ സംഗമം നടത്തുന്നതിനും ധാരണയായി. യുകെയിലെ വിവിധ ഭാഗങ്ങളിൽ ഉള്ള കൂടുതൽ കല്ലൂപ്പാറക്കാരെ ഒരുമിപ്പിക്കാനുള്ള ഉദ്യമം ഭാരവാഹികൾ നടത്തും.
ഒരു നാടിന്റെ കൂട്ടായ്മ എന്നതിലുപരി പരസ്പരം സഹായത്തിന്റെയും സഹകരണത്തിന്റെയും വേദി കൂടിയായി തങ്ങളുടെ കൂട്ടായ്മയെ മാറ്റണമെന്നാണ് ആഗ്രഹം എന്ന് ഭാരവാഹികൾ പറഞ്ഞു. സന്തോഷവും സൗഹൃദവും കളിയും ചിരിയുമായി ഒരുപിടി നല്ല ഓർമകളാൽ സമ്പന്നമായിരുന്നു “എന്റെ നാട് കല്ലൂപ്പാറ “എന്ന കുടുബ സംഗമം.ഇനിയും ഇതുപോലുള്ള കൂട്ടായ്മകൾ ഉണ്ടാകാൻ യുണൈറ്റഡ് കല്ലൂപ്പാറ പ്രചോദനം ആകട്ടെ എന്നും ഭാരവാഹികൾ പ്രതിക്ഷ പങ്കുവെച്ചു.
ലണ്ടൻ: ലോക ചരിത്രത്തിൽ സ്വന്തം രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി ധീര രക്തസാക്ഷിത്വം വഹിച്ച ഇന്ദിരാജി തന്റെ ഓരോ തുള്ളി ചോരയും ഇന്ധ്യക്ക് ശക്തിയും ഉര്ജ്ജവും പകർന്ന് നൽകിയെന്ന് സജീവ് ജോസഫ് എം എൽ എ.ഐ ഓ സി കേരള ചാപ്റ്റർ ഇപ്സ്വിച്ച് റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്ദിരാജി അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
അദ്ദേഹം.
ഒക്ടോബർ 23നു വൈകുന്നേരം ഇപ്സ്വിച്ച് ലെ സെന്റ് ജെയിംസ് ചർച്ച് ഹാളിൽ ഇരിക്കൂർ MLA അഡ്വ.സജീവ് ജോസഫ് ന്റെ മഹനീയ സാന്നിധ്യത്തിൽ ,റീജിയൺ പ്രസിഡന്റ് ബാബു മങ്കുഴിയിലിന്റെ അധ്യക്ഷതയിലാണ് അനുസ്മരണ സമ്മേളനം നടന്നത് .റീജിയൺ സെക്രട്ടറി അഡ്വക്കേറ്റ് സി പി സൈജേഷ് ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.വിശിഷ്ടാതിഥിയായി പങ്കെടുത്ത MLA ശ്രീ സജീവ് ജോസഫ് യോഗം ഉത്ഘാടനം ചെയ്ത് ദീർഘമായി സംസാരിച്ചു.

ബഹുമാനപ്പെട്ട ടോമി മണവാളൻ അച്ഛൻ ഇന്ദിരാഗാന്ധിയുമായുള്ള അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കിട്ട് സംസാരിച്ചു. വളരെ കുറഞ്ഞ സമയക്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ശ്രീമതി ഇന്ദിര പ്രിയദർശിനിയുടെ ഛായ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്താൻ എത്തിച്ചേർന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന നീണ്ട നിര ദൃശ്യമായിരുന്നു. റീജിയണിന്റെ മുൻ പ്രസിഡന്റും,നാഷണൽ കമ്മിറ്റി അംഗവും അതിലേറെ സജീവ പ്രവർത്തകനുമായ കെ ജി ജയരാജ് ശ്രീമതി ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു സംസാരിച്ചത് ഏവർക്കും ഹൃദ്യാനുഭവമായി.
റീജിയൺ വൈസ് പ്രസിഡന്റ് നിഷ ജിനീഷ്,ജിജോ സെബാസ്റ്റ്യൻ,ട്രഷറർ ജിൻസ് തുരുത്തിയിൽ , നാഷണൽ ജോയിന്റ് സെക്രട്ടറി വിഷ്ണു പ്രതാപ്,കമ്മിറ്റി അംഗങ്ങളായ ജിനീഷ് ലൂക്കാ,ജോൺസൺ സിറിയക്,നിഷ ജയരാജ് ,ബിജു ജോൺ ,മൊബീഷ് മുരളീധരൻ തുടങ്ങിയവർ അനുസ്മരണ ചടങ്ങിന് നേതൃത്വം വഹിച്ചു.
ശ്രീമതി ഇന്ദിരാഗാന്ധിയുടെ ദീപ്ത സ്മരണകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ എല്ലാവരോടും കെ ജി ജയരാജ് നന്ദി പ്രകാശിപ്പിച്ചു.

ന്യൂസ് ഡെസ്ക് . മലയാളം യുകെ
കീത്തിലി മലയാളി അസ്സോസിയേഷനും പ്രതീക്ഷ കൾച്ചറൽ മലയാളി അസ്സോസിയേഷനും ഒരുമിച്ച് അണിയിച്ചൊരുക്കുന്ന എം ക്യൂബ് മാജിക് നൈറ്റ് ഷോ നവംബർ 2 ന് കീത്തിലി വിക്ടോറിയാ ഹാളിൽ അരങ്ങേറും. മെഗാ ഷോയുടെ ടിക്കറ്റ് വിൽപ്പന പൂർത്തിയായി. ഞായറാഴ്ച്ച വൈകുന്നേരം കൃത്യം 5 മണിയ്ക്ക് മെഗാ ഷോ ആരംഭിക്കും. 4 മണി മുതൽ വിക്ടോറിയാ ഹാളിൻ്റെ ഗേറ്റ് കാണിക്കൾക്കായി തുറന്നു കൊടുക്കും. 400 സീറ്റുകൾ മാത്രമുള്ള വിക്ടോറിയാ ഹാളിൽ തിരക്കൊഴിവാക്കാൻ കാണികൾ കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്.
ഓട്ടിസം ബാധിച്ച കുട്ടികൾക്കായി ജീവിതം ഒഴിഞ്ഞു വെച്ച ഗോപിനാഥ് മുതുകാട് തൻ്റെ പ്രതിജ്ഞ ലംഘിച്ച് പുറത്തെടുക്കുന്ന വിസ്മയങ്ങൾ മെഗാ ഷോ കളർഫുള്ളാക്കുമെന്നതിൽ സംശയമില്ല. നൂറ് കോടി രൂപാ മുതൽമുടക്കിൽ കാസർഗോഡ് ആരംഭിക്കുന്ന മുതുകാടിൻ്റെ സ്വപ്നമായ ബൗദ്ധിക വികാസമെന്ന പൂർണ്ണമാകാത്ത കുട്ടികൾക്കുള്ള അന്താരാഷ്ട്ര കേന്ദ്രത്തിനായുള്ള ധനശേഖരാർത്ഥം നടത്തുന്ന മെഗാ ഷോയാണ് എം ക്യൂബ് എന്ന വിളിപ്പേരിട്ട മാജിക് നൈറ്റ്.
പാലാ പള്ളി തിരുപ്പള്ളി എന്ന ഒരൊറ്റ ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന അതുൽ നറുകര, മഞ്ച് സ്റ്റാർ, സരിഗമപഥനിസ തുടങ്ങിയ ടെലിവിഷൻ ഷോയിലൂടെ വിജയക്കൊടി പാറിച്ച് സിനിമയിലെത്തിയ ശ്വേതാ അശോകിനോടൊപ്പം തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി ഒട്ടേറെ പ്രശസ്ത ഗാനങ്ങളുടെ കവർ വേർഷൻ വയലിൻ ഒരുക്കി സംഗീതപ്രേമികളുടെ മനം കവർന്ന വിഷ്ണു അശോക് തുടങ്ങിയവരാണ് മുതുകാട് ഷോയുടെ അമരക്കാർ.
മെഗാ ഷോയുടെ കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Sreejesh – 07735773231
Jomesh – 07404771500
Renjith – 07492180908
Libin – 07436855482
Lisa – 07552 242806
Tom – 07727622470
Shibu – 07411443880