ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ . പിറന്ന നാടിന്റെ ഓർമ്മകളും ബാല്യകാല സ്മരണകളുമായി യു കെ യിലേക്ക് കുടിയേറിയ ചങ്ങനാശ്ശേരി നിവാസികൾ നാളെ കെറ്ററിംഗിൽ ഒത്തു ചേരുമ്പോൾ നാട്ടുകാരോടൊപ്പം ചേർന്ന് വിശേഷങ്ങൾ പങ്കിടാനും പരിപാടി ഉത്‌ഘാടനം ചെയ്യുന്നതിനുമായി ചങ്ങനാശ്ശേരിയുടെ സ്വന്തം ജനകീയ എം എൽ എ അഡ്വ. ജോബ് മൈക്കിൾ കൂടി യു കെയിൽ എത്തിച്ചേർന്നതോടെ ആവേശത്തോടെ തങ്ങളുടെ നാട്ടു സംഗമത്തിൽ പങ്കെടുക്കുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു .
മധ്യ തിരുവിതാം കൂറിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് പുകൾപെറ്റ മത സൗഹാർദത്തിന്റെ കേന്ദ്രമായ അഞ്ചു വിളക്കിന്റെ നാട്ടുകാർ യുകെയുടെ ഹൃദയ ഭൂമിയായ കെറ്ററിങ്ങിൽ ഒന്ന് ചേരുമ്പോൾ ജന്മം കൊണ്ടും കർമ്മം കൊണ്ടും ചങ്ങനാശ്ശേരിയിലും പരിസര പ്രദേശങ്ങളിൽ നിന്നും യു കെയിലേയ്ക്ക് കുടിയേറിയ യുകെ നിവാസികളിൽ ഭൂരിഭാഗം പേരും ഈ സംഗമത്തിൽ പങ്കെടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് .
ബാല്യ കൗമാര കാലഘട്ടങ്ങളിലും സ്കൂൾ കോളേജ് കാലത്തും സമകാലീകർ ആയിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും , ജന്മനാടിന്റെ സൗഹൃദം പങ്ക് വയ്ക്കുന്നതിനും ആയി പങ്കെടുപ്പിച്ചിരിക്കുന്ന ഈ സംഗമത്തിൽ ഗൃഹാതുരത്വം ഉണർത്തുന്ന നിരവധി പരിപാടികൾ ആണ് ഒരുക്കിയിരിക്കുന്നത് , ജോബ് മൈക്കിൾ എം എൽ എ ഉൾപ്പടെ ചങ്ങനാശ്ശേരിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചിരിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ഈ സ്നേഹ സംഗമത്തിൽ ഇനിയും പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഭാരവാഹികളുമായി എത്രയും പെട്ടെന്ന് ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു .
Please complete Google registration form https://forms.gle/3yWxGhtEBaEcYmCt7
Please pay registration fee £10/ Family to the account details given below and put your name as reference.
NB: മിതമായ നിരക്കിൽ സ്വാദിഷ്ടമായ ഭക്ഷണങ്ങൾ ലഭിക്കുന്ന നാടൻ തനിമയാർന്ന കേരളാ വിഭവങ്ങളടങ്ങിയ *Pappaya Restaurant Kettering* കേരളാ ഫുഡ് സ്റ്റാൾ ഇവന്റിൽ തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും.
വിൽസൺ പുന്നോലിൽ
എക്സിറ്റർ: യൂകെയിലെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ ഇടുക്കി ജില്ല സംഗമത്തിൻ്റെ പതിനൊന്നാമത് സമ്മേളനത്തിനുള്ള എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു. 28-ാം തീയതി ശനിയാഴ്ച ബർമിങ്ഹാമിനു അടുത്തുള്ള ബ്രിയേർലി ഹിൽ ആണ് ഈ വർഷത്തെ സംഗമത്തിനു വേദിയാകുന്നത്.
ഹൈറേഞ്ചും, ലോറേഞ്ചും ഉൾപ്പെട്ട പ്രകൃതി സൗന്ദര്യവും മനോഹാരിതയും, മൊട്ടകുന്നുകളും,
താഴ്വാരങ്ങളും സുഗന്ധ വ്യഞ്ജനങ്ങളുടെ പറുദീസായും ലോക ഭൂപടത്തിൽ ഇടം നേടിയ മനോഹരമായ ഇടുക്കി ആർച്ച് ഡാം ജലസംഭരണിയും വശ്യസുന്ദരമായ മൂന്നാറും, തേക്കടി ജലാശയവും, വിവിധ ഭാഷയും, സംസ്കാരവും ഒത്തു ചേർന്ന ഇടുക്കിയുടെ അഭിമാനമായി മാറിയ ഇടുക്കി ജില്ലാ സംഗമത്തിൻ്റെ കൂട്ടായ്മ കുറ്റമറ്റ രീതിയിൽ നടത്തുവാനുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി പ്രസിഡൻ്റ് സിബി ജോസഫ് പറഞ്ഞു.
ബഹുമാനപ്പെട്ട കേരള ജലസേചന മന്ത്രിയും ഇടുക്കിയുടെ എം എൽ എ യുമായ റോഷി അഗസ്റ്റ്യൻ കൂട്ടായ്മയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ഇടുക്കി ജില്ല സംഗമത്തിൻ്റെ നേതൃത്വത്തിൽ നാടിനു നൽകുന്ന സംഭാവനകൾ അഭിനന്ദനാർഹമാണെന്നും അത് ഇനിയും തുടരട്ടെയെന്നും ആശംസിച്ചു. ഷെഫ് ജോമോൻ കലാഭവൻ ബിനു തുടങ്ങിയവരും ഇടുക്കി ജില്ലാ സംഗമത്തിന് ആശംസകൾ അർപ്പിച്ചു സന്ദേശങ്ങൾ നൽകുകയുണ്ടായി.
ഇടുക്കി ജില്ലാക്കാരായ പ്രവാസികളുടെ ഈ സ്നേഹ കുട്ടായ്മ എല്ലാ വർഷവും ഭംഗിയായി നടത്തി വരുന്നതും യുകെയിലും, ജൻമ നാട്ടിലും നടത്തിവരുന്ന ചാരിറ്റി പ്രവർത്തനത്തിനും, ആന്യദേശത്ത് ആണങ്കിലും പിറന്ന മണ്ണിനോടുള്ള സ്നേഹം മറക്കാതെ നിലനിർത്തുന്നതിലും, ഇതിൽ മതവും, രാഷ്ട്രിയവും നോക്കാതെ പ്രവർത്തനങ്ങൾ നടത്തി വരുന്നതിൽ വിവിധ മത, രാഷ്ടിയ, സംഘടനാ നേത്വത്തിന്റെ പ്രശംസയ്ക്ക് കാരണമാകുവാൻ ഇടുക്കി ജില്ലാ സംഗമത്തിന് കഴിഞ്ഞിട്ടുണ്ട്.
ഇടുക്കി ജില്ലാ സംഗമത്തിൻ്റെ പതിനൊന്നാമത് കൂട്ടായ്മ എത്രയും ഭംഗിയായും, മനോഹരമായും
അസ്വാദകരമാക്കാൻ എല്ലാ ഇടുക്കിക്കാരും നമ്മുടെ ഈ കൂട്ടായ്മയിലെയ്ക്ക് കടന്നു വരണമെന്ന് സെക്രട്ടറി ജിൻ്റോ ജോസഫ് അഭ്യർത്ഥിച്ചു.
രാവിലെ ആരംഭിക്കുന്ന സ്നേഹ കൂട്ടായ്മ ഡി ജെയടക്കമുള്ള വിവിധങ്ങളായ കലാപരിപാടികൾക്കും ഭക്ഷണത്തിനും പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പിനും ശേഷം വൈകുന്നേരത്തോടെ പിരിയുന്നതാണ്.
സംഗമവുമായി ബന്ധപ്പെട്ട് കുടുൽ വിവരങ്ങൾക്ക് സിബിയേയും (07563544588) ജിൻ്റോയുമായും
(07868173401)
ഇനിയും കലാപരിപാടികൾ അവതരിപ്പിക്കുവാൻ താത്പര്യമുള്ളവർ വൈസ് പ്രസിഡൻന് വിൻസി (0759395 3326) റോയ് (07447 439942) സാജു (07842 430654)
എന്നിവരുമായി അവരുടെ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
തീയതി: 28 June 2025
സമയം: 11 am to 5 pm
സ്ഥലം: High St, Pensnett Community Centre,
Brierley Hill
DY5 4JQ
ലോകമെങ്ങും പുകഴ്പ്പറ്റ കുടിയേറ്റ പാരമ്പര്യം നെഞ്ചേറ്റും ക്നാനായ മക്കളുടെ യൂറോപ്യൻ മണ്ണിലെ എട്ടാമത് സംഗമം എന്ന മഹത്തായ സ്വപ്നം നെഞ്ചേറ്റി ,പ്രതിസന്ധികളിൽ പതറാതെ ലെസ്റ്റർ നഗരത്തിന്റെ സാഫല്യ തീരത്തേക്ക് മെല്ലെ അടുക്കുകയായി ഒരുമയുടെ പായ്ക്കപ്പൽ.
യൂറോപ്പിൽ എങ്ങും ഉള്ള ക്നാനായ മക്കളുടെ ഹൃദയ ധമനികളിൽ മാറ്റത്തിന്റെ ഭേരി മുഴക്കി , ഒരു നവോത്ഥാന ആശയം എന്നപോലെ യൂറോപ്പിലുള്ള എല്ലാ ക്നാനായ ദേവാലയങ്ങളുടെയും, പ്രത്യേകം തിരഞ്ഞെടുത്ത സംഗമം നിർവാഹക സമിതിയുടെയും, യൂറോപ്പ്യൻ ക്നാനായ കമ്മിറ്റി പ്രതിനിധികളുടെയും, അതതു ദേവാലയ വികാരിമാരുടെയും ഭരണസമിതി അംഗങ്ങളുടെയും, പ്രോഗ്രാം കോഡിനേറ്റേഴ്സിന്റെയും, ഒത്തിണക്കത്തോടെയുള്ള നിസ്വാർത്ഥ പ്രവർത്തനങ്ങളുടെ അകത്തുകയാണ് നാം എത്തിനിൽക്കുന്ന ഒരുമയുടെ പ്രൗഡി വിളിച്ചോതുന്ന *എട്ടാമത് ക്നാനായ സംഗമം .
പ്രായഭേദമന്യേ യൂറോപ്പിലുള്ള ആബാലവൃത്തം ക്നാനായ ജനതയും ഒരു മനസ്സോടെ , ഏറെ സന്തോഷത്തിൽ തങ്ങളുടെ ബന്ധുമിത്രാദികളെ വീണ്ടും കാണുവാനും , തനിമയിൽ ഒത്തുചേരുവാനുമായി യൂറോപ്പിന്റെ നാനാ ദേശത്തു നിന്നും ലെസ്റ്ററിലേക്കുള്ള യാത്ര ഇതിനോടകം തന്നെ തുടങ്ങിയിരിക്കുന്നു.
ജൂൺ 28 ശനിയാഴ്ചയുടെ പൊൻപുലരി ലെസ്റ്റർ മെഹർ സെന്ററിനായി കാത്തു വച്ചിരിക്കുന്നത് ആയിരങ്ങൾ ആനന്ദചിത്തരായി ഒഴുകിയെത്തി നാളെയുടെ ചരിത്രമായി മാറാൻ പോകുന്ന ക്നാനായ ജനതയാൽ തീർക്കപ്പെടുന്ന അതിരുകളില്ലാത്ത മഹാ മനുഷ്യസമുദ്രത്തിനായിരിക്കും.
അന്നേ ദിവസം രാവിലെ 8 30 നോട് കൂടി പ്രഭാത പ്രാർത്ഥനയും, ക്നാനായ അതിഭദ്രാസനത്തിന്റെ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ കുറിയാക്കോസ് മോർ സേവേർസിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയും, തുടർന്ന് യൂറോപ്പിലെ എല്ലാ ക്നാനായ ദേവാലയ അംഗങ്ങളെയും അണിനിരത്തിയുള്ള മഹാ ഘോഷയാത്രയും, വിശിഷ്ട വ്യക്തികളുടെ മഹത് സാന്നിധ്യത്തിൽ പൊതുസമ്മേളനവും തുടർന്ന് , വിവിധ ദേവാലയങ്ങൾ നേതൃത്വം നൽകുന്ന വർണ്ണാഭമായ കലാപരിപാടികളും നടത്തപ്പെടുന്നതാണ്.
ഇതിനോടകം തന്നെ നവമാധ്യമങ്ങളിലൂടെ ശ്രദ്ധയോർജിച്ച ലോകമെമ്പാടുമുള്ള ക്നാനായ മക്കൾ ഉദ്വേഗത്തിൽ കാത്തിരിക്കുന്ന ഫാദർ ജോമോൻ പുന്നൂസ് രചിച് ഈണം നൽകിയ എട്ടാമത് ക്നാനായ സംഗമത്തിന്റെ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തോടെയാണ് കലാപരിപാടികൾക്ക് തുടക്കം കുറിക്കുന്നത്..
സംഗമ വേദിയിലേക്കുള്ള പ്രവേശനം മുൻപ് ഇടവകകളിൽ വിതരണം ചെയ്തതോ, അന്ന് വേദിയിൽ ലഭ്യമാകുന്നതോ ആയ പ്രവേശന ടിക്കറ്റ് അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്, പ്രത്യേകം തയ്യാറാക്കിയ റിസ്റ്റ് ബാൻഡ് അതതു ദേവാലയത്തിന്റെ നിയുക്ത പ്രതിനിധികളിൽ നിന്നും , മുൻപ് വാങ്ങിയിരിക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ കൈപ്പറ്റേണ്ടതാണ്.
കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനായി വേദിയിലേക്കുള്ള പ്രവേശനവും മറ്റു ക്രമസമാധാന കാര്യങ്ങളും പ്രത്യേക അധികാരമുള്ള സെക്യൂരിറ്റി സർവീസിനെയാണ് സംഗമം കമ്മിറ്റി ചുമതലപ്പെടുത്തിയിരിക്കുന്നത്.
സംഗമവേദിയിൽ പ്രത്യേകം തയ്യാറാക്കിയ പാർക്കിംഗ്, ഫുഡ് സ്റ്റാൾ, അഡീഷണൽ ടോയ്ലറ്റ് സൗകര്യങ്ങൾ, സെക്യൂരിറ്റി സർവീസ്, മറ്റു വിവിധങ്ങളായ സൗകര്യങ്ങളും അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സംഗമം കമ്മിറ്റി ക്രമീകരിച്ചിട്ടുണ്ട്
എക്കാലവും ഓർമ്മയിൽ തങ്ങിനിൽക്കാവുന്ന, വരുംതലമുറയുടെ മനോമണ്ഡലങ്ങളിൽ ക്നാനായ പൈതൃകത്തിന്റെ പെരുമയും അഭിമാനവും എന്നും വിളിച്ചോതാൻ ഉതകുന്ന, ഇതര മതക്കാർ തിങ്ങിപ്പാർക്കുന്ന യൂറോപ്യൻ നാടുകളിൽ ഏറെ തലയെടുപ്പോടെ എന്നും ക്നാനായ ജനതയ്ക്ക് എടുത്തു പറയാൻ പറ്റുന്ന വ്യത്യസ്തമായ സ്നേഹ സമാഗമനത്തിനായി നിങ്ങൾ ഏവരെയും ഒരിക്കൽക്കൂടി ഹാർദ്ദവമായി സംഗമം വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു..
ഷാജി വർഗീസ് മാമൂട്ടിൽ
ആൾഡർഷോട്ട്: നമ്മുടെ സ്വന്തം ആൾഡർഷോട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച നടന്ന ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റിൽ, ആവേശം വാനോളമുയർത്തി എൻഎസ്‌എ സൂപ്പർ കിങ്സ് രണ്ടാം തവണയും കിരീടമുയർത്തി.
യുകെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും വന്ന ഒൻപത് ടീമുകൾ ഈ വർഷത്തെ ടൂർണമെൻ്റിൽ മാറ്റുരച്ചു. ആവേശകരമായ ഫൈനൽ മത്സരത്തിൽ റെഡ് ബാക്‌സ് ഈസ്റ്റ്ഹാമിനെതിരെയാണ് സൂപ്പർ കിങ്സ് അത്യുജ്ജ്വലമായ വിജയം നേടിയത്.
ശനിയാഴ്ച രാവിലെ മുതൽ ആൾഡർഷോട്ട് ക്രിക്കറ്റ് ക്ലബ്ബിൻ്റെ മൈതാനത്ത് ആരംഭിച്ച ടൂർണമെൻ്റിൽ ഇ.സി. ബോയ്സ് ക്രോയ്ഡൺ, ഗിൽഫോർഡ് കേരള സ്പോർട്സ് ക്ലബ്, കേരള റോയൽസ്, മിക്സ് ബോയ്സ് ഹെസെൽമെർ, എൻഎസ്‌എ ചിയേർസ് XI ആൾഡർഷോട്ട്, റെഡ്ബാക്‌സ് ഈസ്റ്റ്ഹാം, റോയൽ സ്ട്രൈക്കേഴ്സ്, സറി സൂപ്പർസ്റ്റാർസ് എന്നീ ടീമുകൾ പങ്കെടുത്തു. ടീമുകൾക്ക് പ്രോത്സാഹനവുമായി ധാരാളം മലയാളികൾ എത്തിയത് മത്സരാവേശം വാനോളമുയർത്തി.
ലീഗ് റൗണ്ടിലെ മത്സരത്തിൽ വളരെ ഉയർന്ന റൺ സ്കോർ ചെയ്ത സൂപ്പർ കിംഗ്സ്, മികച്ച റൺറേറ്റിൻ്റെ പിൻബലത്തിൽ നേരിട്ട് ഫൈനലിലേക്ക് പ്രവേശിച്ചു. അത്യന്തം ആവേശവും ആകാംക്ഷയും നിറഞ്ഞ ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, സൂപ്പർ കിംഗ്സിൻ്റെ ക്യാപ്റ്റൻ നിജിൽ ജോസ്, ജിബിൻ രാജേന്ദ്രൻ എന്നിവരുടെ ഉജ്ജ്വല ഇന്നിംഗ്സിൻ്റെ മികവിൽ കപ്പിൽ മുത്തമിട്ടു.
ഗിൽഫോർഡ് കേരള സ്പോർട്സ് ക്ലബ് മൂന്നാം സ്ഥാനക്കാർക്കുള്ള ട്രോഫിയും, റെഡ്ബാക്സ് ഈസ്റ്റ്ഹാം റണ്ണേഴ്‌സിനുള്ള ട്രോഫിയും ക്യാഷ് അവാർഡും കരസ്ഥമാക്കി. വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും NSA സൂപ്പർ കിങ്സിനുവേണ്ടി ക്യാപ്റ്റൻ നിജിൽ ജോസ് ഏറ്റുവാങ്ങി. ജെസ്സൻ ജോൺ (മികച്ച ബാറ്റ്സ്മാൻ, കേരള റോയൽസ്), ഹർപ്രീത് സിങ് (മികച്ച ബൗളർ, മോസ്റ് വാല്യൂബൾ പ്ലേയർ, റെഡ്ബാക്സ്) ജിബിൻ രാജേന്ദ്രൻ (മാൻ ഓഫ് ദി മാച്ച്, എൻഎസ്‌എ സൂപ്പർ കിംഗ്സ്) എന്നിവർ വ്യക്തിഗത പുരസ്കാരങ്ങൾ നേടി.
കളിക്കാർക്ക് ആവേശം പകർന്ന് നൽകി ടൂർണമെൻ്റിൻ്റെ സ്പോൺസർമാരായ ഐക്കൺ മോർട്ട്ഗേജ് അസോസിയേറ്റ്സ്, യൂറോ മെഡിസിറ്റി, ഇന്ത്യൻ ടേസ്റ്റ്, ബെഡ്‌സ് ആൻഡ് ഫർണിച്ചർ എന്നിവയുടെ സാരഥികളുടെ സാന്നിധ്യം ശ്രദ്ധേയമായി. മത്സരത്തോട് അനുബന്ധിച്ച് നടന്ന സ്വർണനാണയ നറുക്കെടുപ്പ്, തട്ടുകട, ബർബെക്യു, എന്നിവയും ഉത്സവ പ്രതീതിയുണർത്തി. കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ച് അടുത്ത സീസണിലും ടൂർണമെൻ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ 2025 2026 കാലത്തേയ്ക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. മുൻ പ്രസിഡന്റ് ജോജി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിനോയ് തോമസിനെ പ്രസിഡന്റായും ലേഖ ഷിനുവിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ട്രഷറർ – ശ്രീജു പുരുഷോത്തമൻ ,വൈസ് പ്രസിഡന്റ് -ചാൾസ് ജോസ് ,ജോയിൻ സെക്രട്ടറി – സജി വർഗീസ് ,ജോയിൻ ട്രഷറർ – ജോജി ജോസഫ് ,പബ്ലിക് റിലേഷൻസ് ഹരികുമാർ മേനോൻ, യുക്മ പ്രതിനിധികൾ ആൻറണി ജോർജ്, ജോജി ജോസഫ് ,അബ്രഹാം ലൂക്കോസ് കൂടാതെ 19 പേരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയും ചുമതല ഏറ്റു.
പതിനഞ്ചാം വർഷ നിറവിൽ നിൽക്കുന്ന കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളിലും കലാകായികരംഗത്തും മുൻപന്തിയിൽ നിൽക്കുന്ന ബ്രിട്ടനിലെ പ്രധാന അസോസിയേഷനുകളിൽ ഒന്നാണ്. കേംബ്രിഡ്ജ് മേഖലയിലെ മലയാളികളുടെ കൂട്ടായ്മയ്ക്കായും ക്ഷേമപ്രവർത്തനങ്ങൾക്കായും കുട്ടികളുടെ കലാപരവും കായികപരവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ പുതിയ കാൽവെപ്പുകളുമായി മുന്നോട്ടുപോകുമെന്ന് പുതിയ ഭരണസമിതി അറിയിച്ചു. മുൻ വർഷത്തെ പ്രവർത്തന റിപ്പോർട്ട് മുൻ സെക്രട്ടറി ദീപാ സിനോയ് അവതരിപ്പിച്ചു. ബാർബിക്യൂ – സ്പോർട്സ് ഡേ, പുരുഷ – വനിതാ ദിനങ്ങൾ, ക്രിസ്മസ് -ന്യൂ ഇയർ, ഈസ്റ്റർ- വിഷു ആഘോഷങ്ങൾക്കായുള്ള മുന്നൊരുക്കങ്ങളും , ഭവനരഹിതർക്കായി ആരംഭിച്ച കരുണ എന്ന ഗൃഹനിർമ്മാണ പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങളും ആരംഭിച്ചതായി അസോസിയേഷൻ അറിയിച്ചു.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് ഗുരു പൂർണിമ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. 2025 ജൂൺ 28-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിമുതൽ ലണ്ടനിലെ ക്രോയിഡോണിൽ ഉള്ള വെസ്റ്റ് തൊണ്ടൺ കമ്മ്യൂണിറ്റി സെന്റെറിൽ വച്ചാണ് ഗുരു പൂർണിമ ആഘോഷങ്ങൾ നടത്തപ്പെടുന്നത്. അന്നേ ദിവസം വിഷ്ണു പൂജ, ഗുരുപാദ പൂജ, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഗുരുവായൂർ ദേവസ്വം കിഴേടം പുന്നത്തൂർ കോട്ട മേൽശാന്തി വടശ്ശേരി വാസുദേവൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകും. ജാതി മത ഭേദമന്യേ എല്ലാവരും ലണ്ടൻ ശ്രീ ഗുരുവായൂരപ്പ ക്ഷേത്രത്തിന്റെ സാക്ഷത്ക്കാരത്തിനായി നടത്തുന്ന വിഷ്ണു പൂജയിൽ പങ്കെടുത്തു പ്രാർത്ഥിക്കാൻ ശ്രീ ഗുരുവായൂരപ്പ നാമത്തിൽ സംഘടകർ അഭ്യർത്ഥിക്കുന്നു. ഗുരുപാദ പൂജയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് സംഘടകരെ ബന്ധപ്പെടാവുന്നതാണ്.കൂടുതൽ അന്വേഷണങ്ങൾക്ക്.
SURESH BABU – 07828137478
GANESH SIVAN – 07405513236
SUBASH SARKARA -07519135993
ന്യൂപോർട്ടിലെ അങ്കത്തട്ടില്‍ തീപാറി, ഈ വർഷത്തെ വടംവലിയിലെ തലതൊട്ടപ്പൻമാർ തങ്ങള്‍ തന്നെയെന്ന് സ്റ്റോക്ക് ലയൺ വാരിയർസ്. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഹെർഫോർഡ് അച്ചായൻസിനെ മുട്ടുകുത്തിച്ചാണ് സ്റ്റോക്ക് ലയൺ വാരിയർസ് കിരീടം കൈപ്പിടിയിലൊതുക്കിയത്. കഴിഞ്ഞ രണ്ടു തവണ തുടർച്ചയായി സമീക്ഷയുടെ കപ്പുയർത്തിയ അച്ചായൻസിനു ഇതോടെ സമീക്ഷയുടെ എവർ റോളിംഗ് ട്രോഫി സ്വന്തമാക്കാനുള്ള അവസരമാണ് നഷ്ടമായത്.
പന്ത്രണ്ടു ടീമുകള്‍ മാറ്റുരച്ച ടൂർണമെന്‍റില്‍ വൂസ്റ്റർ തെമ്മാടിസ് മൂന്നാംസ്ഥാനവും സ്റ്റോക്ക് ലയൺ ചാമ്പ്യൻസ് നാലാം സ്ഥാനവും നേടി. അഞ്ചാം സ്ഥാനം കൊമ്പൻസ് ബ്ലൂ കരസ്ഥമാക്കി. ആറും ഏഴും എട്ടും സ്ഥാനങ്ങൾ യഥാക്രമം ചലഞ്ചേഴ്‌സ് സാലിസ്ബറി, റോവേഴ്സ് എക്സിറ്റർ , ടീം ലിവർപൂൾ എന്നിവർ നേടി. ഫെയർ പ്ലേ അവാർഡ് സ്വന്തമാക്കിയത് റോവേഴ്സ് എക്സിറ്റർ ടീമാണ്. മികച്ച കമ്പവലിക്കാരനായി ഹെർഫോർഡ് അച്ചായൻസിലെ അനൂപ് മത്തായി ഈ വർഷവും തെരഞ്ഞെടുക്കപ്പെട്ടു. യുകെ ചരിത്രത്തിലെ ആദ്യത്തെ ഏറ്റവും വലിയ ആറടി ഉയരമുള്ള ട്രോഫിയും, അഞ്ച് അടി വലിപ്പമുള്ള ഏറ്റവും വലിയ എവർ റോളിംഗ് ട്രോഫിയുമാണ് സമീക്ഷ വിജയികൾക്കായി ഒരുക്കിയത്. ഒന്നാം സ്ഥാനക്കാർക്ക് 1501 പൗണ്ടും ട്രോഫിയും സമ്മാനിച്ചു. 1001 പൗണ്ടാണ് രണ്ടാം സ്ഥാനക്കാർക്ക് നല്‍കിയത്. മൂന്നാം സ്ഥാനക്കാർക്ക് 751 പൗണ്ടും നാലാം സ്ഥാനക്കാർക്ക് 501 പൗണ്ടും കൈമാറി. അഞ്ച് മുതല്‍ എട്ട് സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 151 പൗണ്ട് നല്‍കി. ഫെയർ പ്ലേ അവാർഡ് 101 പൗണ്ടും മികച്ച വടംവലിക്കാരന് 101 പൗണ്ടുമാണ് സമ്മാനിച്ചത്.
സമീക്ഷ നാഷണല്‍ ട്രഷറർ അഡ്വ . ദിലീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാർഡിഫ് & വെയിൽസ് യൂണിറ്റ് സെക്രട്ടറി രാകേഷ് രവി സ്വാഗതം പറഞ്ഞു. സമീക്ഷ നാഷണൽ ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ ബാലൻ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. കാർഡിഫ് & വെയിൽസ് യൂണിറ്റ് പ്രസിഡന്റ് പ്രിൻസ് എം ജോർജ് നന്ദി പറഞ്ഞു.
സെബാസ്റ്റ്യൻ എബ്രഹാമും അരവിന്ദ് സതീഷും ചേർന്നാണ് മത്സരം നിയന്ത്രിച്ചത്. ചടുലമായ അനൗൺസ്മെൻ്റിലൂടെ സാലിസ്ബറിയിൽ നിന്നുള്ള ജയേഷ് അഗസ്റ്റിൻ കാണികളെ ആവേശം കൊള്ളിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് മത്സരം കാണാൻ ന്യൂപോർട്ടിൽ എത്തിയത്. സംഘാടന മികവ് കൊണ്ടും ടൂർണമെന്‍റ് വേറിട്ടുനിന്നു. വടംവലി മത്സരം വൻവിജമാക്കിയതിന് പിന്നില്‍ മൂന്നു മാസക്കാലത്തെ ചിട്ടയായ പ്രവർത്തനമാണ്.
മനോജ് ജോസഫ്
ലിവർപൂൾ: യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) തിളക്കമാർന്ന വിജയം നേടി ചാമ്പ്യൻപട്ടം കരസ്ഥമാക്കി. ആവേശകരമായ പ്രകടനങ്ങളിലൂടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ലിമ ഈ അത്യുജ്ജ്വല നേട്ടം കൈവരിച്ചത്. ലിമയുടെ ആഭിമുഖ്യത്തിൽ ലിവർപൂളിലെ ലിതർലാൻഡ് സ്പോർട്സ് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന ഈ കായികമാമാങ്കം അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ച് വൻ വിജയമായി മാറി.
രാവിലെ പത്തുമണി മുതൽ വൈകിട്ട് എട്ട് മണി വരെ നടന്ന കായികമേളയിൽ യുകെയിലെ നോർത്ത് വെസ്റ്റ് റീജിയണിലെ വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നായി നൂറുകണക്കിന് കായികതാരങ്ങളും കാണികളും പങ്കെടുത്തു. രാവിലെ 9.30 മണിക്ക് ലിമയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് പാസ്റ്റോടെയാണ് മത്സരങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. യുക്മ നാഷണൽ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ ഉദ്ഘാടന വേളയിൽ സന്നിഹിതനായിരുന്നു. ട്രാക്കിലും ഫീൽഡിലുമായി ഒരേ സമയം ഇടവേളകളില്ലാതെ നടന്ന മത്സരങ്ങൾ കായികപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.
ലിവർപൂൾ മലയാളി അസോസിഷേനിൽ നിന്നുമുള്ള രൺവീർ മിലാൻഡ് ആനപ്പറമ്പിൽ, ഷീൻ മാത്യു, അനസ് അലി എന്നിവർ വ്യക്തിഗത ചാംപ്യൻഷിപ്പ് കരസ്ഥമാക്കി.
റീജിയനൽ ഓവറോൾ ചാമ്പ്യൻ പട്ടം ആതിഥേയ അസോസിയേഷനായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) കരസ്ഥമാക്കിയപ്പോൾ വിഗൻ മലയാളി അസോസിഷേൻ രണ്ടാം സ്ഥാനവും, ബേർൻലി മലയാളി അസോസിഷേൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഓരോ മത്സരവും നിറഞ്ഞ കൈയടികളോടെയാണ് കാണികൾ സ്വീകരിച്ചത്. താരങ്ങൾ കാഴ്ചവെച്ച മികച്ച പ്രകടനങ്ങൾ കായികമേളയ്ക്ക് മാറ്റുകൂട്ടി. ലിമയുടെ സംഘാടന മികവ് പരിപാടിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. സമയബന്ധിതമായ മത്സരക്രമീകരണങ്ങളും മികച്ച സൗകര്യങ്ങളും പങ്കെടുത്തവരുടെയെല്ലാം പ്രശംസ പിടിച്ചുപറ്റി. ഇത് ഒരു കായികമേള എന്നതിലുപരി മലയാളി സമൂഹത്തിന്റെ ഒത്തുചേരലിന്റെയും സൗഹൃദത്തിന്റെയും വേദിയായി മാറി.
കായികമേളയുടെ ഹൈലൈറ്റുകളിലൊന്നായ ആവേശകരമായ വടംവലി മത്സരത്തിൽ വിജയികളായ ടീമിന് “ലൗ റ്റു കെയർ” സ്പോൺസർ ചെയ്ത ഉജ്ജ്വലമായ ക്യാഷ് അവാർഡും, യുക്മ എവർ റോളിങ്ങ് ട്രോഫിയും സമ്മാനിച്ചു.
കായിക മത്സരങ്ങൾക്ക് പുറമെ ഒരു ദിവസത്തെ ദിനചര്യകളിൽ നിന്ന് മാറിനിൽക്കാനും, പ്രിയപ്പെട്ടവരുമായി ഒത്തുചേർന്ന് ആഘോഷിക്കാനുമുള്ള അവസരം ലഭിച്ചതിൽ പങ്കെടുത്തവരെല്ലാം നിറഞ്ഞ സംതൃപ്തി രേഖപ്പെടുത്തി. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള വൻ വിജയമാക്കി തീർത്തതിന്, പങ്കെടുത്ത കായികതാരങ്ങൾക്കും, കാണികൾക്കും, നിസ്വാർത്ഥമായി പ്രവർത്തിച്ച സംഘാടകർക്കും, എല്ലാ പിന്തുണയും നൽകിയ സ്പോൺസർമാർക്കും ലിമ ഭാരവാഹികൾ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി.
ഈ മാസം 28 ശനിയാഴ്ച ലെസ്റ്ററിലെ മഹർ സെൻററിൽ നടക്കുവനിരിക്കുന്ന യൂറോപ്പിൽ ആകമാനം ഉള്ള സുറിയാനി ക്നാനായ ക്രിസ്ത്യാനികളുടെ മഹാ കൂട്ടായ്മയ്ക്കുള്ള പ്രധാന ഒരുക്കങ്ങൾ പൂർത്തിയായി.
മുൻ വർഷങ്ങളിൽ നിന്നും വേറിട്ട്, യൂറോപ്പിലുള്ള എല്ലാ ക്നാനായ ഇടവകകളുടെയും ഇടവക ജനങ്ങളുടെയും, വൈദികരുടെയും, യൂറോപ്യൻ ക്നാനായ കമ്മിറ്റി അംഗങ്ങളുടെയും പരിപൂർണ്ണ പങ്കാളിത്തത്തിലാണ് ഈ വർഷത്തെ ക്നാനായ യൂറോപ്യൻ സംഗമം സഫലമാകാൻ പോകുന്നത്..
കുടിയേറ്റ പാരമ്പര്യം എന്നും നെഞ്ചേറ്റുന്ന യൂറോപ്യൻ ക്നാനായ ജനതയുടെ ഒരുമയുടെയും, തനിമയിൽ ഇഴ ചേർന്ന സ്നേഹബന്ധങ്ങളുടെയും ഊഷ്മളത ഊട്ടിയുറപ്പിക്കു വാനുമായി നടത്തപ്പെടുന്ന ഈ മഹാ സംഗമത്തിന് അനുഗ്രഹ ആശംസകൾ ഏകുവാനും, മുൻനിരയിൽ നിന്ന് നേതൃത്വം വഹിക്കുവാനുമായി ക്നാനായ അതിഭദ്രാസനത്തിന്റെ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് മെത്രാപ്പോലീത്തായും, അഭിവന്ദ്യ തിരു മനസ്സിനോടൊപ്പംസമുദായ സെക്രട്ടറി ശ്രീ ടി ഓ എബ്രഹാം,, സമുദായ ട്രസ്റ്റി ശ്രീ ടി സി തോമസ്, എന്നിവരും ഇതിനോടകം യുകെയിൽ എത്തിക്കഴിഞ്ഞു .
കഴിഞ്ഞ ഏതാനും മാസങ്ങളായി യൂറോപ്പിലുള്ള എല്ലാ ക്നാനായ ദേവാലയങ്ങളിലും അതതു വികാരിമാരുടെയും ഭരണസമിതിയുടെയും, പ്രോഗ്രാം കോഡിനേറ്റേഴ്സിന്റെയും നേതൃത്വത്തിൽ വിവിധങ്ങളായ ഒരുക്കങ്ങളാണ് നടത്തപ്പെട്ടു പോന്നത്. എട്ടാമത് ക്നനായ സംഗമ വേദിയിൽ അവിസ്മരണീയ കലാപ്രകടനങ്ങൾ നടത്തി വേറിട്ട സാന്നിധ്യമാകുവാനായി എല്ലാ ഇടവകകളും വൈവിധ്യങ്ങ ളാർന്ന കലാ പ്രകടനങ്ങളാണ് അണിയറയിൽ ഒരുക്കുന്നത്.
ചിട്ടയായുള്ള ഒരുക്കങ്ങളും, കൃത്യമായ ഇടവേളകളിലെ അവലോകനയോഗങ്ങളും, സമയബന്ധിതമായി പൂർത്തിയാക്കപ്പെടുന്ന തീരുമാനങ്ങളും , എല്ലാ ഇടവകകളിലെ പ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളെയും , നവമാധ്യമങ്ങളിലൂടെയുള്ള പ്രചരണവും സമന്വയിപ്പിച്ചാണ് ഫാദർ ബിനോയി തട്ടാൻ കന്നേൽ , അപ്പു മണലിത്തറ, ജിനു കോവിലാൽ, ജോ ഒറ്റ തൈകൽ എന്നിവർ നേതൃത്വം നൽകുന്ന കേന്ദ്ര സംഗമം നിർവാഹക സമിതി പ്രവർത്തിച്ചുവന്നത്.
സംഗമ ദിവസം വിശുദ്ധ കുർബാനയും, യൂറോപ്പിലെ ക്നാനായ ഇടവകാംഗങ്ങളെ അണിനിരത്തി യുള്ള ഘോഷയാത്രയും, പൊതുസമ്മേളനം, മറ്റു വിവിധങ്ങളായ കലാപരിപാടികളും നടത്തപ്പെടും.
ഫാദർ ജോമോൻ പൊന്നൂസ് രചിച്ചു ഈണമേകിയ സ്വാഗത ഗാനത്തിന്റെ താള ശീലുകൾക്ക് യുകെയിലെ അനുഗ്രഹീത കലാകാരൻ കലാഭവൻ നൈസ് 50 പരം കുട്ടികളെ അണിനിരത്തി ചിട്ടപ്പെടുത്തിയ മേളച്ചുവടുകൾ ചേർത്ത് കാണികൾക്ക് എന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരു ദൃശ്യാനുഭവമാണ് അണിയറയിൽ ഒരുങ്ങുന്നത്.
സംഗമവേദിയിൽ പ്രത്യേകം തയ്യാറാക്കിയ പാർക്കിംഗ്, ഫുഡ് സ്റ്റാൾ, അഡീഷണൽ ടോയ്ലറ്റ് സൗകര്യങ്ങൾ, സെക്യൂരിറ്റി സർവീസ്, മറ്റു വിവിധങ്ങളായ സൗകര്യങ്ങളും അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സംഗമം കമ്മിറ്റി ക്രമീകരിച്ചിട്ടുണ്ട്
സംഗമ വേദിയിലേക്കുള്ള പ്രവേശനം ,മുൻപ് ഇടവകകളിൽ വിതരണം ചെയ്തതോ, സംഗമ ദിവസം വേദിയിൽ ലഭ്യമാകുന്നതോ ആയ പ്രവേശന ടിക്കറ്റ് കളുടെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്… ഇതിനോടകം പ്രവേശന ടിക്കറ്റുകൾ ലഭിക്കാത്ത ക്നാനായ മക്കൾ അതതു ദേവാലയങ്ങളിലെ പ്രോഗ്രാം കോഡിനേറ്ററൂമാരുമായോ കേന്ദ്ര ,സംഗമം കമ്മിറ്റി അംഗങ്ങളോ ആയി ബന്ധപ്പെട്ട വേണ്ട ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്.
ചരിത്രത്തിൻറെ ഏടുകളിലേക്ക് നടന്നു നീങ്ങുന്ന ഒരു വ്യത്യസ്തമായ സ്നേഹ സമാഗമനത്തിനായി നിങ്ങൾ ഏവരെയും ഒരിക്കൽക്കൂടി ഹാർദ്ദവമായി സംഗമം വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു..
കെന്റ് അയ്യപ്പ ടെംപിൾ കെന്റ് ഹിന്ദു സമാജത്തിന്റ മിഥുന മാസ ശ്രീ അയ്യപ്പ പൂജ, 2025 ജൂൺ 21-ാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നു. അന്നേ ദിവസം വൈകുന്നേരം 6:30 മുതൽ ഗണപതി പൂജ, അഭിഷേകം, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ രണ്ടു ബഞ്ച് പൂക്കളും, ഒരു നാളികേരവും, നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.ജാതി മത ഭേദമന്യേ എല്ലാവർക്കും ഈ മഹത്തായ പൂജയിൽ പങ്കെടുക്കാമെന്നു അയ്യപ്പ സ്വാമിയുടെ നാമത്തിൽ അഭ്യർത്ഥിക്കുന്നു.
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ വിളിക്കാവുന്നതാണ്
07838170203, 07985245890, 07507766652, 07906130390