Movies

ആരാധകരും സിനിമാ പ്രേമികളും ഏറെ കാത്തിരുന്ന വാർത്തക്ക് സ്ഥിരീകരണം ലഭിച്ചു. തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ രജനീകാന്തും ഉലകനായകൻ കമൽഹാസനും 46 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. സൈമ പുരസ്കാരച്ചടങ്ങിൽ കമൽഹാസൻ പ്രസ്താവിച്ച ഈ വാർത്ത ലോകമെങ്ങുള്ള ആരാധകർ ഏറ്റെടുത്തു . സൈമ പുരസ്കാരച്ചടങ്ങിൽ സംസാരിക്കവേ കമൽഹാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കമലിന്റെ പ്രഖ്യാപനത്തെ ആർപ്പുവിളികളോടെയാണ് സദസ് സ്വീകരിച്ചത്.

. “ഞങ്ങൾ ഒരുമിക്കുന്നു” എന്ന് കമൽഹാസന്റെ പ്രഖ്യാപനം ആരാധകരെ ആവേശകൊടുമുടിയിൽ എത്തിച്ചു . രജനിയും താനും ഒരുമിച്ചൊരു സിനിമ ചെയ്യുക എന്നത് കുറേ കാലമായുള്ള ആലോചനയാണ്. ഇതൊരു ‘വൻ സംഭവം’ എന്നൊന്നും പറയാറായിട്ടില്ല. വൻ സംഭവമാണോ എന്ന് പടം കണ്ടിട്ടാണ് പറയേണ്ടത് എന്ന് കമലഹാ സൻ പറഞ്ഞു. നിർമ്മാതാവ്, സംവിധായകൻ ആരായിരിക്കും എന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ വിവരമില്ല. നേരത്തെ ലോകേഷ് കനകരാജ് രജനിയും കമലിനെയും ഒരുമിപ്പിച്ച് ഗ്യാങ്സ്റ്റർ സിനിമ ഉണ്ടാക്കാൻ ആഗ്രഹിച്ചിരുന്നു.

രിത്രവിജയമായ മലയാള ചിത്രം ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’യില്‍ ഒരു വേഷം ചെയ്യാന്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നുവെന്ന് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. സംവിധായകന്‍ ഡൊമിനിക് അരുണ്‍ കഥ പറഞ്ഞിരുന്നു. ചില കാരണങ്ങളാല്‍ ആ വേഷം ചെയ്യാന്‍ സാധിച്ചില്ല. അതിലിപ്പോള്‍ തനിക്ക് ദുഃഖമുണ്ടെന്നും ബേസില്‍ പറഞ്ഞു. കേരള ക്രിക്കറ്റ് ലീഗ് ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ താരങ്ങള്‍ക്കൊപ്പമുള്ള മുഖാമുഖത്തിലാണ് ബേസില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ലോക‘ ചിത്രത്തില്‍ ഉണ്ടോ എന്നായിരുന്നു താരങ്ങളില്‍ ഒരാളുടെ ചോദ്യം. ‘ലോകയില്‍ ഒരുവേഷം ചെയ്യാന്‍ ഉണ്ടായിരുന്നു. പക്ഷേ, ഞാന്‍ ചെയ്തില്ല. വേറൊരാള്‍ ചെയ്തു. ഇപ്പോള്‍ ഞാനതില്‍ ദുഃഖിക്കുന്നു. വലിയ റോള്‍ ആയിരുന്നു. ഡൊമിനിക് കഥ പറഞ്ഞിരുന്നു. വേറെ കുറച്ച് കാരണം കൊണ്ട് അത് ചെയ്യാന്‍ പറ്റിയില്ല’, എന്നായിരുന്നു ബേസിലിന്റെ പ്രതികരണം.

കല്യാണി പ്രിയദര്‍ശന്‍ ‘ചന്ദ്ര’ എന്ന സൂപ്പര്‍ഹീറോ കഥാപാത്രമായി എത്തിയ ‘ലോക’ വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമായി മാറിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഡൊമിനിക് അരുണ്‍ സംവിധാനംചെയ്ത ചിത്രത്തില്‍ നസ്ലിന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍ എന്നിവരും പ്രധാനവേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു. ഇതിന് പുറമേ മലയാളത്തിലെ ഏതാനും പ്രമുഖതാരങ്ങള്‍ അതിഥിവേഷത്തിലും ചിത്രത്തിലുണ്ട്. ‘ലോക’ എന്ന് പേരുള്ള സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമാണ് ‘ചന്ദ്ര’.

വര്‍ഷങ്ങള്‍ക്കുശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്നു. രഞ്ജിത്തിന്റെ രചനയില്‍ സംവിധാനംചെയ്യുന്ന ചിത്രം സിബി മലയില്‍ പ്രഖ്യാപിച്ചു. കോക്കേഴ്‌സ് മീഡിയയുടെ ബാനറില്‍ സിയാദ് കോക്കറാണ് നിര്‍മാണം. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല. 27 വര്‍ഷങ്ങള്‍ക്കുശേഷം എന്ന് ഇംഗ്ലീഷില്‍ എഴുതിയ പോസ്റ്ററാണ് സിബി മലയില്‍ പങ്കുവെച്ചത്.

‘പൂച്ചയ്ക്ക് മണികെട്ടിയതാര്? എന്തോ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കൂ’, എന്ന കുറിപ്പിനൊപ്പമാണ് സിബി മലയില്‍ പ്രഖ്യാപന പോസ്റ്റര്‍ പങ്കുവെച്ചത്. മനോഹരമായ പ്രകൃതിയുടെ പശ്ചാത്തലത്തില്‍ ഒരു ചില്ലുകൂടും അടുത്തൊരു പൂച്ചയേയും പോസ്റ്ററില്‍ കാണാം.

മുമ്പ് ‘മായാമയൂരം’, ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’, ‘ഉസ്താദ്’ എന്നീ ചിത്രങ്ങളിലാണ് രഞ്ജിത്തും സിബി മലയിലും ഒന്നിച്ചത്. ‘സമ്മര്‍ ഇന്‍ ബെത്‌ലഹേമി’ന്റെ രണ്ടാംഭാഗമാണോ ചിത്രം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പ്രഖ്യാപനത്തിലെ സൂചനകള്‍ പൂരിപ്പിക്കുമ്പോള്‍ ആരാധകര്‍ എത്തിച്ചേര്‍ന്നതും ഈ നിഗമനത്തിലേക്കാണ്. ഡെന്നിസും രവിശങ്കറും ആമിയും വീണ്ടും വരികയാണോ എന്നാണ് ആരാധകരുടെ ചോദ്യം.

1998-ല്‍ പുറത്തിറങ്ങിയ ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’ 2025-ല്‍ 27 വര്‍ഷം പിന്നിടും. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനംചെയ്ത ചിത്രം നിര്‍മിച്ചത് സിയാദ് കോക്കര്‍ തന്നെയായിരുന്നു. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവന്‍ മണി, ജനാര്‍ദ്ദനന്‍, സുകുമാരി, അഗസ്റ്റിന്‍ തുടങ്ങി മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങള്‍ ഒന്നിച്ച ചിത്രമായിരുന്നു ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’. ചിത്രത്തിന്റെ രണ്ടാംഭാഗമാണോ എന്ന് ചോദിക്കുന്ന ആരാധകര്‍, കലാഭവന്‍ മണി ഉള്‍പ്പെടെയുള്ളവരുടെ വിയോഗവും ചൂണ്ടിക്കാണിക്കുന്നുണ്ട്.

എ.എം.എം.എയില്‍ വനിതാ പ്രസിഡന്റിന് സാധ്യതയേറുന്നു. താര സംഘടനയായ എ.എം.എം.എയുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്ന ജഗദീഷിന്റെ പുതിയ നീക്കങ്ങളാണ് വനിതാ പ്രസിഡന്റിനുള്ള സാധ്യത വര്‍ധിക്കാന്‍ കാരണം. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയെ പരിഗണിച്ചാല്‍ മത്സരത്തില്‍ നിന്ന് പിന്മാറാം എന്ന് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ജഗദീഷ് അറിയിച്ചതായാണ് സൂചന. ഇവരുടെ രണ്ട് പേരുടെയും പിന്തുണ ലഭിച്ചാല്‍ ജഗദീഷ് പത്രിക പിന്‍വലിച്ചേക്കും. നിലവില്‍ മോഹന്‍ലാല്‍ ജപ്പാനിലും മമ്മൂട്ടി ചെന്നൈയിലും ആണ് ഉള്ളത്. എ.എം.എം.എയെ വനിതാ പ്രസിഡന്റ് നയിക്കട്ടെ എന്ന നിലപാട് ജഗദീഷിനുണ്ട്. സുരേഷ് ഗോപിയുമായും ഇക്കാര്യം സംസാരിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലാണ് സുരേഷ് ഗോപിയുള്ളത്. ഇന്നോ നാളെയോ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

എ.എം.എം.എയുടെ തലപ്പത്തേക്ക് വനിതകള്‍ എത്തണമെന്ന അഭിപ്രായം താരസംഘടനയില്‍ ശക്തമായി ഉയരുന്നുണ്ട്. ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ നേതൃത്വത്തിലേക്ക് വനിതകള്‍ എത്തണമെന്ന് അഭിപ്രായം പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. വനിതാ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടാല്‍ അത് താരസംഘടന കേള്‍ക്കുന്ന അപവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഉചിതമായ മറുപടിയായിരിക്കും എന്ന വിലയിരുത്തല്‍ പൊതുവേയുണ്ട്. ഒരു ജനാധിപത്യ സംഘടനയല്ല എ.എം.എം.എയെന്നും പുരുഷ കേന്ദ്രീകൃതം ആണെന്നുമുള്ള പേരുദോഷം മാറ്റാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജഗദീഷ് ഉള്‍പ്പെടെ ആറ് പേരാണ് എ.എം.എം.എയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ശ്വേതാ മേനോന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, ദേവന്‍ എന്നിവരാണ് മറ്റുള്ളവര്‍. ജഗദീഷ് പിന്മാറുന്നത് ശ്വേതാ മേനോനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇതില്‍ രവീന്ദ്രനും പിന്മാറാന്‍ സാധ്യത ഉണ്ട്.

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍. കൊച്ചി മരട് പോലീസാണ് സൗബിനെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തത്. നടന്‍ നേരത്തെ ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും.

സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സൗബിന്‍ അഭിഭാഷകനൊപ്പം കഴിഞ്ഞദിവസവും മരട് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. അതിന് ശേഷം വീണ്ടും ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ചയും ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. സിനിമയുടെ സഹനിര്‍മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരും സൗബിനൊപ്പം ചോദ്യം ചെയ്യലിനെത്തിയിരുന്നു. ഇവരുടേയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ നാല് മണിക്കൂര്‍ ചോദ്യം ചെയ്തതിന്‌ ശേഷം പോലീസ് വിട്ടയക്കുകയായിരുന്നു. ഇതിന് ശേഷമാണ് വീണ്ടും വിളിച്ചുവരുത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്കിറങ്ങിയപ്പോള്‍ എല്ലാം പോലീസിനോട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു സൗബിന്റെ പ്രതികരണം.

കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ഇവരുടെ മുന്‍കൂര്‍ ജാമ്യം കോടതി തള്ളിയിരുന്നെങ്കിലും രണ്ടാമത്തെ തവണ നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിക്കുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിബന്ധനയോടെയായിരുന്നു ജാമ്യം. പ്രതികള്‍ കുറ്റം ചെയ്തതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ പോലീസ് കോടതിയെ അറിയിച്ചത്. 200 കോടി രൂപയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ബോക്‌സോഫീസ് കളക്ഷന്‍. സിനിമയുടെ നിര്‍മാണവേളയില്‍ സിനിമയുടെ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് സിറാജ് വലിയതുറ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാല്‍ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം ദൃശ്യം 3-യുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ആശിർവാദ് സിനിമാസ് പുറത്തുവിട്ടു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് നിർമ്മാതാക്കള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ദൃശ്യം ആദ്യഭാഗത്തിലെ ജോർജുകുട്ടിയുടെ കണ്ണിന്റെ ക്ലോസ് അപ് ഷോട്ടില്‍ തുടങ്ങുന്ന ഒരു റീല്‍ പങ്കുവെച്ചുകൊണ്ടാണ് ആശിർവാദ് സിനിമാസ് ഈ വാർത്ത പുറത്തുവിട്ടത്. ‘ദൃശ്യം 3 ഉടൻ വരുന്നു’ എന്ന് റീലില്‍ വ്യക്തമാക്കുന്നുണ്ട്. സംവിധായകൻ ജീത്തു ജോസഫ്, നായകൻ മോഹൻലാല്‍, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ പരസ്പരം കൈകൊടുത്തും ആലിംഗനം ചെയ്തും അഭിവാദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. ‘ലൈറ്റ്, ക്യാമറ, ഒക്ടോബർ’ എന്നും വീഡിയോയില്‍ ചേർത്തിട്ടുണ്ട്.2025 ഒക്ടോബറില്‍ ക്യാമറ ജോർജുകുട്ടിക്കുനേരെ തിരിയും. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല’ എന്ന ആകാംഷ ഉണർത്തുന്ന അടിക്കുറിപ്പോടെയാണ് അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുന്നത്. നേരത്തെ സെപ്റ്റംബറില്‍ ഷൂട്ടിംഗ് തുടങ്ങുമെന്ന പ്രചാരണങ്ങളെ തള്ളിക്കളയുന്നതാണ് ഈ പുതിയ പ്രഖ്യാപനം. കഴിഞ്ഞ ദിവസം ജീത്തു ജോസഫ് ചിത്രത്തിന്റെ തിരക്കഥയില്‍ നിന്നുള്ള ഒരു ഭാഗം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

അതേസമയം, അജയ് ദേവ്ഗണ്‍ നായകനാകുന്ന ഹിന്ദി ദൃശ്യം 3-ന്റെ ഷൂട്ടിംഗും ഒക്ടോബറില്‍ തന്നെ തുടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ വർഷം ഗാന്ധി ജയന്തി ദിനത്തില്‍ ഷൂട്ടിംഗ് ആരംഭിച്ച്‌ അടുത്ത വർഷം ഗാന്ധി ജയന്തി ദിനത്തില്‍ ചിത്രം പ്രദർശനത്തിനെത്തിക്കാനാണ് ഹിന്ദി അണിയറപ്രവർത്തകരുടെ പദ്ധതി.

2013-ല്‍ ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച്‌ മോഹൻലാലും മീനയും പ്രധാന വേഷങ്ങളിലെത്തിയ മലയാളം ക്രൈം ത്രില്ലർ ചിത്രമായിരുന്നു ദൃശ്യം. ഒരു കൊലപാതകവും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും, അത് മറച്ചു വെക്കാനുള്ള നായക കഥാപാത്രത്തിന്റെയും കുടുംബത്തിന്റെയും ശ്രമങ്ങളും പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിർത്തി. 2021-ലാണ് ‘ദൃശ്യം 2: ദി റെസംപ്ഷൻ’ എന്ന പേരില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയത്.

കന്നഡ ഭാഷാവിവാദത്തില്‍ മാപ്പുപറയില്ലെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയതോടെ കര്‍ണാടകയില്‍ ‘തഗ് ലൈഫ്’ പ്രദര്‍ശന വിലക്കിലേക്ക്‌. മാപ്പുപറയാന്‍ രണ്ടുതവണ അനുവദിച്ച സമയപരിധി അവസാനിച്ചതോടെയാണ് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ചിത്രം സംസ്ഥാനത്ത് നിരോധിക്കാന്‍ തീരുമാനിച്ചത്. നേരത്തെ, ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ മാപ്പുപറയില്ലെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു.

‘കന്നഡ അനുകൂലസംഘടനകളുടെ വികാരത്തിനൊപ്പമാണ് ഫിലിം ചേംബര്‍. വിതരണക്കാരെ വിളിച്ചുവരുത്തി കമല്‍ഹാസനുമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തീയേറ്റര്‍ ഉടമകളുമായും ചര്‍ച്ച നടത്തി. കമല്‍ മാപ്പു പറയുന്നതുവരെ ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് തീരുമാനം’, ഫിലിം ചേംബര്‍ പ്രസിഡന്റ് എം. നരസിംഹലു ദി ഫെഡറലിനോട് പറഞ്ഞു. ഇതോടെ ആഗോളറിലീസായി ജൂണ്‍ അഞ്ചിന് എത്തുന്ന ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് വ്യക്തമായി.

പരാമര്‍ശത്തിനെതിരേ ഉയരുന്ന പ്രതിഷേധങ്ങളെക്കുറിച്ച് കമല്‍ഹാസനെ ഇ- മെയില്‍ വഴി അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ മറുപടി ഒന്നും ലഭിച്ചിട്ടില്ലെന്നും നരസിംഹലു അറിയിച്ചു.

നേരത്തെ, ചെന്നൈയില്‍ ഡിഎംകെ ആസ്ഥാനത്ത്‌ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ പരാമര്‍ശത്തില്‍ താന്‍ മാപ്പുപറയില്ലെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു. ‘ഇത് ജനാധിപത്യരാജ്യമാണ്. ഞാന്‍ നിയമത്തിലും നീതിയിലും വിശ്വസിക്കുന്നു. സ്‌നേഹം എപ്പോഴും വിജയിക്കും എന്ന് ഞാന്‍ കരുതുന്നു. കര്‍ണാടകയോടും ആന്ധ്രാപ്രദേശിനോടും കേരളത്തോടുമുള്ള എന്റെ സ്‌നേഹം യഥാര്‍ഥമാണ്. എന്തെങ്കിലും അജന്‍ഡ ഉള്ളവരല്ലാതെ ആരെങ്കിലും അതിനെ സംശയിക്കില്ല. നേരത്തേയും എനിക്കെതിരെ ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. തെറ്റുപറ്റിയെങ്കില്‍ ഞാന്‍ മാപ്പുപറയും, ഇല്ലെങ്കില്‍ പറയില്ല’, എന്നായിരുന്നു കമല്‍ ഹാസന്റെ വാക്കുകള്‍.

ചെന്നൈയില്‍ ‘തഗ് ലൈഫ്’ ചിത്രവുമായി ബന്ധപ്പെട്ട പരിപാടിയില്‍ കമല്‍ഹാസന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. കന്നഡ തമിഴില്‍നിന്ന് ഉത്ഭവിച്ചതാണ് എന്നായിരുന്നു വിവാദപരാമര്‍ശം. മാപ്പുപറയാന്‍ കമലിന് ഫിലിം ചേംബര്‍ 24 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം കമലിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു. കന്നഡ അനുകൂലസംഘടനകളും കമലിനെതിരേ പ്രതിഷേധിച്ചിരുന്നു. കമല്‍ മാപ്പുപറഞ്ഞില്ലെങ്കില്‍ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സംസ്കാരിക വകുപ്പ് മന്ത്രി ശിവരാജ് തങ്കടഗി ഫിലിം ചേംബറിന് കത്ത് നല്‍കിയിരുന്നു.

വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍. കരുണ്‍ (73) അന്തരിച്ചു. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ ‘പിറവി’യിലായിരുന്നു അന്ത്യം. നിലവില്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു.

മലയാള സിനിമയെ ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ അടയാളപ്പെടുത്തിയ പ്രതിഭയെയാണ് നഷ്ടമായത്. ഛായാഗ്രാഹകനായി മലയാള സിനിമയില്‍ അരങ്ങേറിയ അദ്ദേഹം 40-ഓളം ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചു. സംവിധായകനെന്ന നിലയില്‍ ‘പിറവി’യാണ് ആദ്യ ചിത്രം. ‘പിറവി’യ്ക്ക് 1989-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ പ്രത്യേക പരാമര്‍ശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ ‘സ്വം’ കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏകമലയാള ചിത്രമാണ്. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷസ്ഥാനവും ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐഎഫ്എഫ്‌കെ)യുടെ അധ്യക്ഷസ്ഥാനവും വഹിച്ചിട്ടുണ്ട്. 2011-ല്‍ പത്മശ്രീ അവാര്‍ഡിന് അര്‍ഹനായി. മലയാള ചലച്ചിത്രരം​ഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023-ലെ ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ചിരുന്നു.

1952-ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച ഷാജി എന്‍. കരുണ്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിരുദവും 1974-ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. 1975-ല്‍ കേരള സംസ്ഥാന ചലച്ചിത്ര വികസനകോര്‍പ്പറേഷന്റെ രൂപവത്കരണത്തില്‍ മുഖ്യപങ്കു വഹിച്ചു. 1976-ല്‍ കെ.എസ്.എഫ്.ഡി.സിയില്‍ ഫിലിം ഓഫീസര്‍ ആയി ചുമതലയേറ്റു. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദന്‍ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.

1988-ല്‍ സംവിധാനം ചെയ്ത ‘പിറവി’യാണ് ആദ്യ സംവിധാന സംരംഭം. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ, കാന്‍മേളയുടെ ഔദ്യോഗിക വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നു ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്ന ലോകസിനിമയിലെ അപൂര്‍വം സംവിധായകരിലൊരാളായി. കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകള്‍. ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്റ് ലെറ്റേഴ്സ്’, പത്മശ്രീ ബഹുമതികളും ലഭിച്ചിട്ടുണ്ട്.

1998-ല്‍ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ ആയിരുന്നു. അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്താണ് ഐ.എഫ്.എഫ്.കെയില്‍ മത്സരവിഭാഗം ആരംഭിച്ചതും മേളയ്ക്ക് ‘ഫിയാഫി’ന്റെ അംഗീകാരം ലഭിച്ചതും.

യുട്യൂബിൽ ശ്രദ്ധേയമായി മാറിയ ‘ദി നൈറ്റ്‘ നും ’യുകെ മല്ലു ഫ്രസ്ട്രേറ്റഡ്‘ നും ശേഷം യുകെയിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മയായ ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ പ്രശാന്ത് നായർ പാട്ടത്തിൽ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ മലയാളം ഹൃസ്വചിത്രമാണ് ’ദ സിസർ കട്ട്’

ബ്രിട്ടീഷ് സിനിമാതാരവും തിയേറ്റർ ആർട്ടിസ്റ്റുമായ സാറ എലിസബത്ത് പ്രധാനവേഷത്തിൽ എത്തിയ ഈ ഷോർട്ട് ഫിലിം ഇതിനകം തന്നെ യുട്യൂബിൽ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.

ബ്രിട്ടീഷ് അഭിനേതാക്കളെ ഉൾപ്പെടുത്തി പൂർണ്ണമായും യുകെയിൽ ചിത്രീകരിച്ച് വിഷു ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി യുട്യൂബിൽ റിലീസ് ചെയ്ത ഈ ഹൃസ്വചിത്രത്തിന്റെ നിർമ്മാണം ജോ സഖറിയ, സുനിൽ രാജൻ എന്നിവർ ചേർന്ന് നിർവഹിച്ചിരിക്കുന്നു. രചന പ്രശാന്ത് നായർ പാട്ടത്തിൽ, ജിഷ്ണു വെട്ടിയാർ. ക്യാമറ കിഷോർ ശങ്കർ, സംഗീത സംവിധാനം ഋതു രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രഞ്ജിത്ത് വിജയരാഘവൻ, മാത്തുക്കുട്ടി ജോൺ.

യൂട്യൂബ് ലിങ്ക് :

വിവാദങ്ങൾക്ക് പിന്നാലെ മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ 24 വെട്ട്. പ്രധാന വില്ലന്റെ ബജ്റം​ഗി എന്ന പേര് ബൽദേവ് എന്നാക്കുകയും എൻഐഎയുമായി ബന്ധപ്പെട്ട പരമാർശങ്ങൾ മ്യൂട്ട് ചെയ്യുകയും ചെയ്തതായും റീ എഡിറ്റഡ് സെൻസർ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ നന്ദി കാർഡിൽ നിന്ന് സുരേഷ് ​ഗോപിയുടെ പേരും ഐആർഎസ് ഉദ്യോ​ഗസ്ഥനായ ജ്യോതിസ് മോഹന്റെ പേരും ഒഴിവാക്കിയതായി രേഖയിൽ കാണാം.

മൂന്ന് മണിക്കൂറുള്ള സിനിമയിലെ രണ്ടു മിനിട്ട് എട്ടു സെക്കന്റ് വരുന്ന ഭാ​ഗങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്. മത ചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നുപോകുന്നതും സ്ത്രീകൾക്കെതിരായ അതിക്രമസീനുകളും ഒഴിവാക്കിയിട്ടുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദും പിതാവുമായുള്ള സംഭാഷണത്തിലും ചില ഭാ​ഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

സിനിമയിൽ കാണിക്കുന്ന കലാപരം​ഗങ്ങളുടെ കാലഘട്ടമായി 2002 ആണ് ആദ്യ പതിപ്പിൽ കാണിച്ചിരുന്നത്. പുതിയ പതിപ്പിൽ ‘എ ഫ്യൂ ഇയേർസ് എ​ഗോ’ എന്നായിരിക്കും പ്രദർശിപ്പിക്കുക. ഇതുകൂടാതെ പ്രധാന വില്ലന്റെ പേര് ബജ്രം​ഗി എന്നുള്ളത് പരാമർശിക്കുന്ന എല്ലാ ഭാ​ഗത്തും ബൽദേവ് എന്നായിരിക്കും പുതിയ പതിപ്പിലുണ്ടാകുക.

RECENT POSTS
Copyright © . All rights reserved