കൊച്ചി: സംഘടനയ്ക്കുള്ളിലെ വിവാദങ്ങളും നിയമപോരാട്ടങ്ങളും തുടരുന്നതിനിടെ താരസംഘടനയായ അമ്മയുടെ ഔദ്യോഗിക പ്രവർത്തനങ്ങൾ വീണ്ടും സജീവമായി. അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതി സ്റ്റേ അനുവദിച്ചതിനെ തുടർന്ന് ശ്വേത മേനോൻ പ്രസിഡന്റായുള്ള പഴയ ഭരണസമിതിയാണ് വീണ്ടും പ്രവർത്തനം ഏറ്റെടുത്തത്. ശ്വേത മേനോന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സംഘടനയുടെ സാമ്പത്തിക കണക്കുകൾ അംഗങ്ങൾക്ക് സുതാര്യമായി ബോധ്യപ്പെടുത്തുന്നതിന് മുൻഗണന നൽകാൻ തീരുമാനിച്ചു.
കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ വരവ്–ചെലവ് കണക്കുകൾ പൂർണമായി അവതരിപ്പിക്കാൻ സാധിക്കാതിരുന്നത് സംഘടനയ്ക്കുള്ളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 543 അംഗങ്ങൾക്കും വിശദമായ സാമ്പത്തിക കണക്കുകൾ ഈ മാസം തന്നെ ഇ–മെയിൽ വഴി കൈമാറാനാണ് തീരുമാനം. പുതിയ ജനറൽ ബോഡി യോഗം വിളിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാക്കി അംഗങ്ങളെ നേരിട്ട് വിവരമറിയിക്കുന്നതിലൂടെ സുതാര്യത ഉറപ്പാക്കാനാണ് നീക്കം. മാധ്യമങ്ങൾക്കു മുന്നിലും കണക്കുകൾ വിശദീകരിക്കാൻ സമിതി തയ്യാറെടുക്കുന്നുണ്ട്.
ഇതിനിടെ ഭരണസമിതി പ്രവർത്തനം പുനരാരംഭിച്ചെങ്കിലും സംഘടന ഇപ്പോഴും പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. യോഗം ചേരാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ അംഗസംഖ്യ തികച്ച് മാത്രമാണ് നിലവിൽ യോഗങ്ങൾ നടക്കുന്നത്. ട്രഷറർ ഉണ്ണി ശിവപാലിന്റെ അഭാവവും നേതൃത്വത്തിന് വെല്ലുവിളിയായിട്ടുണ്ട്. അതേസമയം അംഗങ്ങളുടെ പെൻഷൻ വിതരണം, മാസവരി പിരിവ്, ചികിത്സാസഹായ പദ്ധതികൾ എന്നിവ ഉൾപ്പെടെയുള്ള ക്ഷേമപ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ യോഗങ്ങൾ ചേർന്ന് സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് തീരുമാനം.
‘അമ്മ’യിലെ പ്രസിഡന്റ് ശ്വേതാ മേനോനും എം.എൽ.എയും നടനുമായ രമേഷ് പിഷാരടിയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ നടി ഉഷ ഹസീന രൂക്ഷ വിമർശനവുമായി രംഗത്തെത്തി. യാഥാർഥ്യം മനസ്സിലാക്കാതെയാണ് പിഷാരടിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതെന്നും അദ്ദേഹത്തിന് സംഘടനയിലെ അംഗങ്ങളുടെയും പൊതുജനങ്ങളുടെയും പിന്തുണ ലഭിക്കുമെന്നും ഉഷ ഹസീന പറഞ്ഞു. ശ്വേതാ മേനോൻ പുറത്തുവിട്ട ഓഡിയോ ആസൂത്രിതമായ നടപടിയാണെന്നും പിഷാരടിയെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കാനുള്ള ശ്രമമാണിതെന്നും അവർ ആരോപിച്ചു.
വാട്സ്ആപ്പ് കോൾ റെക്കോർഡ് ചെയ്ത് പുറത്തുവിട്ടതും അതിന്റെ ചില ഭാഗങ്ങൾ മാത്രം പ്രചരിപ്പിച്ചതും ഗൗരവമുള്ള വിഷയമാണെന്ന് ഉഷ ഹസീന പറഞ്ഞു. സഹപ്രവർത്തകർ തമ്മിലുള്ള സൗഹൃദപരമായ സംഭാഷണത്തെ വളച്ചൊടിച്ചാണ് വിവാദമാക്കിയതെന്നും വർഷങ്ങളായി പരിചയമുള്ള പിഷാരടി ആരോടും മോശമായി പെരുമാറുന്ന ആളല്ലെന്നും അവർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പിഷാരടി വലിയ മാനസിക വിഷമത്തിലാണെന്നും അദ്ദേഹത്തോട് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ഉഷ ഹസീന കൂട്ടിച്ചേർത്തു.
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പിന്തുണ തനിക്കുണ്ടെന്ന ശ്വേതയുടെ വാദവും ഉഷ ഹസീന തള്ളി. ‘അമ്മ’യിലെ സാധാരണ അംഗങ്ങൾ കണക്ക് ചോദിച്ചതിനെയാണ് ചിലർ ‘പവർ ഗ്രൂപ്പ്’ എന്ന് വിശേഷിപ്പിക്കുന്നതെന്നും യഥാർഥ പ്രശ്നങ്ങൾ മറച്ചുവെക്കാനാണ് പുതിയ വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നും അവർ ആരോപിച്ചു. സംഘടനയിലെ അംഗങ്ങൾക്ക് ക്ഷേമപദ്ധതികളും സഹായങ്ങളും ഉറപ്പാക്കാനാണ് മുതിർന്ന താരങ്ങൾ ഒപ്പമുണ്ടായിരുന്നതെന്നും സഹപ്രവർത്തകനെ ചതിച്ച ഒരാളെ അവർ പിന്തുണയ്ക്കുമെന്ന് വിശ്വസിക്കാനാകില്ലെന്നും ഉഷ ഹസീന പറഞ്ഞു. ശ്വേതാ മേനോൻ ഇത്തരമൊരു നടപടി സ്വീകരിക്കരുതായിരുന്നുവെന്നും പിഷാരടിയെ കുടുക്കി പൊതുജനങ്ങൾക്ക് മുന്നിൽ നാണംകെടുത്തിയതായും അവർ വിമർശിച്ചു.
‘അമ്മ’ സംഘടനയിൽ പ്രവർത്തിക്കുന്ന ചില ‘പവർ ഗ്രൂപ്പുകൾ’ തന്നെയാണ് മുൻ പ്രസിഡന്റ് മോഹൻലാൽ രാജിവയ്ക്കാൻ കാരണമായതെന്ന് പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയ്ക്കുള്ളിൽ ശക്തമായ സ്വാധീനമുള്ള ഇത്തരം ഗ്രൂപ്പുകളെ ഒറ്റയ്ക്ക് നേരിടുക പ്രയാസമാണെന്നും, മോഹൻലാലിന് പോലും അതിനു സാധിക്കാതെ വന്ന സാഹചര്യമാണ് ഉണ്ടായതെന്നും ശ്വേതാ പറഞ്ഞു.
‘അമ്മ’യിലെ നിലവിലെ പ്രതിസന്ധിയെക്കുറിച്ച് പ്രതികരിക്കവെയാണ് ശ്വേതയുടെ പരാമർശം. ചില അംഗങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ അജൻഡയുമായി എത്തിയെന്നും സംഘടനയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമങ്ങൾ നടന്നുവെന്നുമാണ് അവരുടെ ആരോപണം. പൊതുയോഗത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ കൊണ്ടുവന്ന പ്രമേയത്തിന് ചട്ടപ്രകാരമുള്ള ഭൂരിപക്ഷം ലഭിച്ചില്ലെന്നും, അതിനാൽ അഡ്ഹോക് കമ്മിറ്റിയുടെ രൂപീകരണം നിയമപരമായി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അവർ പറഞ്ഞു.
മോഹൻലാൽ രാജിവച്ചപ്പോഴും പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി തുടരുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ശ്വേതാ, ഇപ്പോഴത്തെ കമ്മിറ്റിയും അതേ രീതിയിൽ തുടരേണ്ടതാണെന്ന് വ്യക്തമാക്കി. സംഘടനയെ ആരും ഹൈജാക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും, അംഗങ്ങളുടെ ക്ഷേമപദ്ധതികളും ധനസഹായ വിതരണവും തടസമില്ലാതെ തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
ചലച്ചിത്രരംഗത്ത് നിന്ന് വർഷങ്ങളായി വിട്ടുനിന്നിരുന്ന നടി ലിസി വീണ്ടും ക്യാമറയ്‌ക്ക് മുന്നിലെത്തി. പ്രമുഖ ജ്വല്ലറി സ്ഥാപനത്തിന്റെ പുതിയ പരസ്യചിത്രത്തിലാണ് ലിസി അഭിനയിച്ചിരിക്കുന്നത്. മകൾ കല്യാണി പ്രിയദർശൻ്റെയും പരസ്യത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
പരസ്യചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സംവിധായകൻ പ്രിയദർശൻ ആണ്. ഏറെക്കാലത്തിന് ശേഷം ലിസിയും പ്രിയദർശനും ഒരു പ്രൊഫഷണൽ പദ്ധതിക്കായി ഒന്നിക്കുന്നതും ശ്രദ്ധേയമായി. അമ്മയും മകളും ഒരുമിച്ച് അഭിനയിക്കുന്നതിലൂടെ പരസ്യചിത്രത്തിന് പ്രത്യേക ആകർഷണം ലഭിച്ചിരിക്കുകയാണ്.
പരസ്യത്തിന്റെ ദൃശ്യങ്ങളും ചിത്രീകരണ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ലിസിയുടെ മടങ്ങിവരവും കല്യാണിക്കൊപ്പമുള്ള സ്ക്രീൻ സാന്നിധ്യവും ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
‘മോളിവുഡ് ടൈംസ്’ യുട്യൂബ് ചാനലുമായി ബന്ധപ്പെട്ട വിവാദത്തിൽ സിനിമാ നിർമാതാവ് ആഷിഖ് ഉസ്മാനെ പൊലീസ് ചോദ്യം ചെയ്തു. ചാനലിന്റെ പ്രവർത്തനങ്ങളുമായും സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ നടന്നത്.
ചാനലിലൂടെ ചില വ്യക്തികൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ അപകീർത്തികരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി വിവിധ വ്യക്തികളിൽ നിന്ന് മൊഴിയെടുക്കുന്ന നടപടികൾ അന്വേഷണസംഘം തുടരുകയാണ്.
ഡിജിറ്റൽ തെളിവുകളും സാമ്പത്തിക രേഖകളും ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. കേസിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനും ആവശ്യമായാൽ തുടർനടപടികൾ സ്വീകരിക്കാനുമാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
സ്വപ്നരാജ്യം, മൂന്നാംഘട്ടം എന്നീ സിനിമകൾക്ക് ശേഷം രഞ്ജി വിജയൻ രചനയും സംവിധാനവും നിർവഹിക്കുന്ന മൂന്നാമത്തെ സ്വതന്ത്ര ചലചിത്രമാണ് കൃഷ്ണ. ഒട്ടനവധി ഫിലിം ഫെസ്റ്റിവലുകളിൽനിന്ന് വ്യത്യസ്ഥ വിഭാഗങ്ങളിലായി ധാരാളം അവാർഡുകൾ വാങ്ങിയ സ്വപ്നരാജ്യം, മൂന്നാംഘട്ടം എന്നീ സിനിമകൾ തീയറ്റർ റിലീസിനും പ്രീമിയറിനും ശേഷം നിലവിൽ ആമസോൺ പ്രൈമിൽ ലഭ്യമാണ്.
മെയ് 24ന് കൃഷ്ണ-യുടെ പൂജ സ്റ്റീവനേജിൽ നടന്നു. പൂജക്ക് ശേഷം തുടർച്ചയായ 12 ദിവസത്തെ ഷൂട്ടിങ്ങിനു ശേഷം ജൂൺ 4 ന് ആദ്യ ഷെഡ്യൂൾ വർക്കുകൾ അവസാനിച്ചു. ലണ്ടൻ, സ്റ്റീവനേജ്, ഗ്രാൻഥം, ല്യൂട്ടൻ തുടങ്ങി ഒട്ടേറെ ലൊക്കേഷനുകളിലായാണ് ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ചത്. ജൂൺ 15 മുതൽ അടുത്ത ഷെഡ്യൂൾ ഷൂട്ട് തുടങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

യവനിക ടാക്കീസിന്റെ ബാനറിൽ പൂർണ്ണമായും യുകെയിൽ ഷൂട്ട് ചെയ്യുന്ന “കൃഷ്ണ” സിനിമയിൽ പുതുമുഖ താരങ്ങളുൾപ്പെടെ ഒട്ടനവധി കലാകാരന്മാർ അണിനിരക്കുന്നുണ്ട്.
പാർവതി പിള്ള, ഹരിഗോവിന്ദ് താമരശ്ശേരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ ആഷ്‌ലി, സോഫിയ, ജോ ഈശ്വർ, സിജോ മംഗലശ്ശേരിൽ, കുര്യാക്കോസ് ഉണ്ണിട്ടൻ, അനന്ത പദ്മനാഭൻ, അക്ഷയ, ജൈനമ്മ, ശ്രീ സിജോ, മോസ്സസ്, മെൽജോ, സുജാത, സനു, നിധിൻ, അഞ്ജന, രാജേഷ്, വൈശാലി, റോസ്ബിൻ, രാകേഷ് കാർത്തിക്, സാമന്ത, വാസുദേവ് തുടങ്ങിയവർ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
മറ്റ് അണിയറ പ്രവർത്തകർ :
Story, Script and Direction: Ranji Vijayan
Chief Associate Director: Jose Cherusseril
Assistant Directors: Chandana K, Krupa Korah, Sreelakshmi
DOP: Sreehari
Sound Recording and Mixing: Mithun Rishan
Music: Prasanth Karma
Production Banner: Yavanika Talkies

ഫാമിലി ഡ്രാമ ജോനറിൽ വരുന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം യുകെയിൽ തീയറ്റർ പ്രീമിയറുകൾ സംഘടിപ്പിക്കുവാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. തീയറ്റർ പ്രീമിയറിനു ശേഷം പ്രമുഖ OTT പ്ലാറ്റുഫോമുകൾ വഴി “കൃഷ്ണ” പ്രേക്ഷകരിലേക്കെത്തും.
‘വാഴ’ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആദ്യ രണ്ട് ഭാഗങ്ങളുടെ രചയിതാവും സഹനിർമ്മാതാവുമായ വിപിൻ ദാസ് നൽകിയ സൂചനയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം വന്നത്. മുൻഭാഗങ്ങൾ പോലെ അല്ലാതെ, ‘വാഴ 3’ൽ പ്രധാന കഥാപാത്രങ്ങളായി പെൺകുട്ടികളായിരിക്കും എത്തുക എന്നതാണ് വലിയ പ്രത്യേകത; “ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്” എന്നതാണ് ടാഗ് ലൈൻ.
ആദ്യ രണ്ട് ഭാഗങ്ങളും വ്യത്യസ്ത സംവിധായകരാണ് കൈകാര്യം ചെയ്തതെന്ന പതിവ് തുടർന്നുകൊണ്ട്, ഇത്തവണ വിഷ്ണു ശ്രീജിത്ത് സംവിധാനം നിർവഹിക്കും. തിരക്കഥ വിപിൻ ദാസിന്റേതായിരിക്കും. ഹാരിസ് ദേശം, പി.ബി. അനീഷ്, സാഹു ഗരപതി, ആദർശ് നാരായൺ, ഐക്കൺ സ്റ്റുഡിയോസ് എന്നിവരാണ് നിർമ്മാണത്തിൽ പങ്കാളികൾ. അങ്കിത് മേനോൻ സംഗീത വിഭാഗം കൈകാര്യം ചെയ്യുമ്പോൾ, വിവിധ ബാനറുകൾ ചേർന്നാണ് നിർമ്മാണം നടക്കുന്നത്.
പ്രതീക്ഷിക്കാത്ത രീതിയിൽ ഫ്രാഞ്ചൈസി വളർന്നതിൽ സന്തോഷമുണ്ടെന്നും, പുതിയ പ്രതിഭകളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യം തുടരുമെന്നും വിപിൻ ദാസ് വ്യക്തമാക്കി. എഴുത്ത്, അഭിനയം, സംവിധാനം, സംഗീതം തുടങ്ങി എല്ലാ മേഖലകളിലേക്കും പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന പ്ലാറ്റ്ഫോമായി ‘വാഴ’ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രീകരണം അടുത്ത വർഷം ആരംഭിക്കാനാണ് പദ്ധതി; തിരക്കഥ പൂർത്തിയായതിന് ശേഷം ഓഡിഷൻ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
മലയാള സിനിമയിലെ നായക സങ്കല്പങ്ങളെ തിരുത്തിക്കുറിച്ച വ്യക്തിയാണ് ശ്രീനിവാസൻ. വെളുത്ത നിറമോ, തടിച്ച പേശികളോ ഇല്ലാത്ത ഒരു സാധാരണക്കാരൻ്റെ രൂപത്തിൽ വന്ന് അദ്ദേഹം മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം വെറുമൊരു കൊമേഡിയൻ മാത്രമായിരുന്നില്ല. ഓരോ മനുഷ്യൻ്റെയും ഉള്ളിലെ അരക്ഷിതാവസ്ഥകളെയും, ഈഗോയെയും, ഭയത്തെയും ഇത്രത്തോളം സൂക്ഷ്മമായി നർമ്മമയി വരച്ചുകാട്ടിയ മറ്റൊരു എഴുത്തുകാരൻ മലയാളത്തിലില്ല.
ശ്രീനിവാസൻ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം എന്ന സിനിമ മലയാള സിനിമയിലെ തന്നെ മികച്ച ഒരു സൈക്കോളജിക്കൽ സ്റ്റഡി (Psychological Study) ആണ്. തളത്തിൽ ദിനേശൻ എന്ന കഥാപാത്രത്തിലൂടെ ഒരു മനുഷ്യൻ്റെ അപകർഷതാബോധവും സ്വന്തം രൂപത്തെക്കുറിച്ചുള്ള ഭയവും സംശയരോഗവുമെല്ലാം ഒരു മനുഷ്യനെ എങ്ങനെയൊക്കെ തകർക്കാമെന്ന് അദ്ദേഹം കാണിച്ചുതന്നു. അതുപോലെ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ ദൈവത്തെയും ആത്മീയതയെയും മറയാക്കുന്ന എസ്കാപ്പിസം (Escapism) എന്ന മാനസികാവസ്ഥയെ അദ്ദേഹം തുറന്നുകാട്ടുന്നു.
സന്ദേശമെന്ന ചിത്രത്തിലൂടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ അന്ധമായി പിന്തുടരുന്നവർ കുടുംബബന്ധങ്ങളെയും യാഥാർത്ഥ്യങ്ങളെയും എങ്ങനെ മറക്കുന്നു എന്ന് വിളിച്ചു കൂവി ഈ ചിത്രം പരിഹസിക്കുന്നു. അതുകൊണ്ടൊക്കെ തന്നെയാണ് പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന ഡയലോഗ് ഇന്നും പ്രസക്തമാകുന്നത് അത് നമ്മുടെ ഈഗോയെ തുറന്നുകാട്ടുന്നതുകൊണ്ടാണ്.
വരവേൽപ്പ് എന്ന മൂവിയിലൂടെ ഒരു സാധാരണക്കാരൻ്റെ സംരംഭകത്വ മോഹങ്ങളെ വ്യവസ്ഥിതി എങ്ങനെയൊക്കെ തല്ലിക്കെടുത്തുന്നുവെന്നും വിദേശത്തുനിന്ന് അധ്വാനിച്ചുണ്ടാക്കിയ പണവുമായി വരുന്ന മലയാളി നേരിടുന്ന മാനസിക സംഘർഷങ്ങളും ഒരു തിരുത്തലും വേണ്ടതെപ്പോലെ ഇതിൽ പ്രകടമാണ്. നാടോടിക്കാറ്റും പട്ടണപ്രവേശനവും ദാസനും വിജയനുമെല്ലാം ഒരു സാധ മലയാളിയുടെ തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിൻ്റെയും പ്രതീകങ്ങളാണ്. എത്ര വലിയ പ്രതിസന്ധിയിലും പ്രത്യാശ കൈവിടാതെ മുന്നോട്ട് പോകാനുള്ള മനസ്സിൻ്റെ കരുത്താണ് ഈ സിനിമകൾ നൽകുന്നത്. എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ എന്ന വരികൾ ഇന്നും പലർക്കും ഒരു സ്ട്രെസ് റിലീഫ് തന്നെയാണ് …
ഉദയനാണ് താരത്തിലൂടെ സിനിമയിലെ താരപ്രഭയും (Superstar Ego) യഥാർത്ഥ പ്രതിഭയും തമ്മിലുള്ള പോരാട്ടത്തിലൂടെയും രാജപ്പൻ എന്ന സരോജ് കുമാറിലൂടെയും പ്രശസ്തി ഒരു മനുഷ്യൻ്റെ സ്വഭാവത്തിൽ വരുത്തുന്ന വൈകൃതങ്ങളെ അദ്ദേഹം നന്നായി തന്നെ നമ്മുടെയൊക്കെ മനസിലേക്ക് കീറി ഒട്ടിച്ചു …
കഥ പറയുമ്പോൾ (2007) എന്ന മൂവിയിലൂടെ തന്റെ സുഹൃത്ത് എത്ര വലിയ നിലയിൽ എത്തിയാലും താൻ താഴ്ന്ന നിലയിലാണെന്ന തോന്നൽ സൃഷ്ടിക്കുന്ന സാമൂഹിക അകലം (Social Insecurity) ഈ സിനിമ മനോഹരമായി കൈകാര്യം ചെയ്യുന്നു.
അതെ പലവിധ കറുത്ത ഹാസ്യങ്ങൾ കൊണ്ടുള്ള ചികിത്സയിലൂടെ മനുഷ്യ മനസ്സിനെ വേട്ടയാടുന്ന വിഷാദത്തിൻ്റെയും വേവലാതികളുടെയും കാർമേഘങ്ങളെ മാറ്റാൻ അദ്ദേഹത്തിന് പ്രത്യേകമായ ഒരു കഴിവുണ്ടായിരുന്നു. ദാസനും വിജയനും നമുക്ക് വെറും രണ്ട് സിനിമാ കഥാപാത്രങ്ങളായിരുന്നില്ല മറിച്ചു തൊഴിലില്ലായ്മയുടെ കയ്പ്പിലും തമാശ കണ്ടെത്തിയ രണ്ട് സുഹൃത്തുക്കളാണ്. നമ്മുടെ അയൽപക്കത്തുള്ള തുന്നൽക്കാരൻ്റെയോ, ഗൾഫിൽ പോയി കഷ്ടപ്പെടുന്ന മധ്യവർഗ്ഗക്കാരൻ്റെയോ, രാഷ്ട്രീയത്തിൻ്റെ പേരിൽ തമ്മിലടിക്കുന്ന സഹോദരങ്ങളുടെയോ ഒക്കെ കഥകൾ അദ്ദേഹം നമ്മളോട് പറഞ്ഞു കാണിച്ചു തന്നു . ആ കഥകളിലെല്ലാം ഒരു മനഃശാസ്ത്രപരമായ ഉൾക്കാഴ്ച ഉണ്ടായിരുന്നു.
“His lost is not lost”. അദ്ദേഹത്തിൻ്റെ ഭൗതികമായ അഭാവം നമുക്ക് നഷ്ടമാണെങ്കിലും, അദ്ദേഹം തുന്നിച്ചേർത്ത വാക്കുകളും കഥാപാത്രങ്ങളും ഓരോ മലയാളി ഉള്ളിടത്തോളം കാലം ഇവിടെയുണ്ടാകും. ആ മനഃശാസ്ത്രപരമായ നിരീക്ഷണങ്ങൾ വരുംതലമുറകൾക്കും പാഠപുസ്തകങ്ങളായിരിക്കും….
ഹണി റോസ് നായികയായെത്തുന്ന ‘റേച്ചൽ’ ഡിസംബർ 6-ന് തിയറ്ററുകളിൽ എത്താനൊരുങ്ങുന്നു. ചിത്രം താൻ പ്രതീക്ഷിച്ചതിനെക്കാൾ മികച്ചതായി തീർന്നുവെന്നും, പ്രേക്ഷകശ്രദ്ധ നേടുന്ന വലിയ വിജയമായിരിക്കും ‘റേച്ചൽ’ എന്ന് തനിക്ക് ഉറപ്പുണ്ടെന്നും വിനയൻ പറഞ്ഞു. ഇന്ന് മലയാള സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരെക്കാൾ അധികം വരുമാനം ഹണി റോസ് ഒരു വർഷത്തെ ഉദ്ഘാടനങ്ങളിലൂടെ സമ്പാദിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“റേച്ചൽ എന്നെ അത്യന്തം അത്ഭുതപ്പെടുത്തിയ ഒരു ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു . ഹണി റോസ് കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചു. വളരെ സീരിയസ് വിഷയം കൈകാര്യം ചെയ്യുന്ന, കഠിനാധ്വാനത്തോടെ പിറന്ന ഒരു സിനിമയാണ് ഇത്. ഇത്തരത്തിൽ ആത്മാർത്ഥമായി നിർമ്മിച്ച ചിത്രങ്ങൾക്ക് ഭാവിയിൽ വലിയ സ്വാധീനം ചെലുത്താനുള്ള കഴിവുണ്ട്,” വിനയൻ പറഞ്ഞു. ഹണി റോസുമായുള്ള ആദ്യ പരിചയവും അദ്ദേഹം ഓർത്തെടുത്തു. 2002-03 കാലത്ത് പൃഥ്വിരാജിന്റെ ‘മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും’ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഹണിയുടെ അച്ഛൻ അവരെ നായികയാക്കണമെന്ന ആഗ്രഹവുമായി എത്തുകയായിരുന്നു. പിന്നീട് ‘ബോയ്‌ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയരംഗത്ത് പ്രവേശിച്ചത്.
ചെറിയ ബജറ്റിൽ പിറന്ന സിനിമകൾ വൻവിജയം നേടുമ്പോഴാണ് ഏറ്റവും വലിയ സന്തോഷമെന്ന് വിനയൻ പറഞ്ഞു. “35 ലക്ഷം രൂപ മുടക്കി ചെയ്ത വാസന്തിയും ലക്ഷ്മിയും മൂന്നര കോടി രൂപ കളക്ട് ചെയ്ത കാലം ഇന്നും മറക്കാനാവില്ല. അതുപോലെ തന്നെ റേച്ചലും ഒരു വലിയ വിജയം കൈവരിക്കട്ടെ,” എന്നാണ് അദ്ദേഹത്തിന്റെ ആശംസ.
*ബൗഗൈൻവില്ല സിനിമയുടെ ദേശീയ പുരസ്കാര അപേക്ഷ സമർപ്പിക്കാനാകാത്തതിനെ കുറിച്ച് അമൽ നീരദ് പ്രൊഡക്ഷൻസ് നൽകിയ ഹർജിയിൽ കേന്ദ്ര വിവരപ്രക്ഷേപണ മന്ത്രാലയം നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചു. ദേശീയ പുരസ്കാര പോർട്ടൽ അവസാന ഘട്ടത്തിൽ തകരാറിലായതിനെ തുടർന്ന് ഫീസ് അടയ്ക്കാനാകാതെ അപേക്ഷ സമയത്ത് സമർപ്പിക്കാനായില്ലെന്നാണ് ഹർജിക്കാരുടെ പരാതി.
അപേക്ഷ അവസാന തീയതി ഒക്ടോബർ 31 ആയിരുന്നുവെന്ന് ചൂണ്ടിക്കാട്ടി സമയം നീട്ടണമെന്നാവശ്യപ്പെട്ടാണ് നിർമ്മാണ സ്ഥാപനം അതേ ദിവസം തന്നെ അധികാരികൾക്ക് പരാതി നൽകിയിരുന്നത്. ചിത്രത്തിന് കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളിൽ ഏഴ് പുരസ്കാരങ്ങൾ ലഭിക്കുകയും വിമർശക പ്രശംസ നേടുകയും ചെയ്തതായും, ദേശീയതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം നഷ്ടപ്പെടുന്നത് കലാകാരന്മാർക്കും ടീമിനും വലിയ നഷ്ടമാണെന്നും ഹർജിയിൽ വ്യക്തമാക്കി.
പോർട്ടൽ ഒക്ടോബർ 10 മുതൽ പ്രവർത്തിച്ചുവരികയായിരുന്നുവെന്നും പ്രക്രിയയെ കുറിച്ച് വ്യാപകമായി പ്രചാരണം നടന്നുവെന്നും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ പരാതി സമയബന്ധിതമായി നൽകിയതിനാൽ അത് പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. വിവരപ്രക്ഷേപണ മന്ത്രാലയത്തിലെ സെക്രട്ടറി ഹർജിക്കാരന്റെ അപേക്ഷ പരിശോധിച്ച് വിധി ലഭിച്ച പത്ത് ദിവസത്തിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് കോടതി നിർദേശിച്ച് ഹർജി തീർപ്പാക്കി.