Obituary

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളി കുറ്റിവടക്കേതിൽ (പുത്തൻകാവിൽ) ലെസ്‌ലി കെ. ജോൺ (39) ആണ് മരിച്ചത്. ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ ലെസ്‌ലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

അഞ്ച് വർഷം മുൻപാണ് ഭാര്യ സുനിഷയ്ക്കും കുടുംബത്തിനുമൊപ്പം ലെസ്‌ലി യുകെയിലേക്ക് കുടിയേറിയത്. വെംബ്ലിയിൽ താമസിച്ചിരുന്ന അദ്ദേഹം കെല്ലി കമ്മ്യൂണിക്കേഷൻസിന്റെ പ്രൊക്യുർമെന്റ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. കെ. കോശി–ഹിൽഡാ കോശി ദമ്പതികളുടെ മകനാണ്. അപ്രതീക്ഷിത മരണവാർത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തി.

നിലവിൽ മൃതദേഹം ഹാരോയിലെ നോർത്ത്‌വിക് പാർക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുകെയിലെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും.

ലെസ്‌ലി കെ. ജോണിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിലെ ബാസിൽഡൺ യൂണിവേഴ്സിറ്റി ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തിരുന്ന പത്തനംതിട്ട സ്വദേശിനി ഏയ്ഞ്ചൽ ജെറോം (28) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. യുവപ്രായത്തിൽ തന്നെ വിദേശത്ത് സേവനം അനുഷ്ഠിച്ചിരുന്ന ഏയ്ഞ്ചലിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും യുകെയിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.

കുടുംബജീവിതം ആരംഭിച്ച് അധികം വൈകാതെയാണ് ഈ ദുരന്തം സംഭവിച്ചത്. ഭർത്താവിനും ഏഴ് മാസം പ്രായമുള്ള കുഞ്ഞിനുമൊപ്പമാണ് ഏയ്ഞ്ചൽ യുകെയിൽ താമസിച്ചിരുന്നത്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.

പ്രിയപ്പെട്ട അമ്മയെയും ഭാര്യയെയും നഷ്ടപ്പെട്ട വേദനയിലാണ് കുടുംബം. പൊതുദർശനവും സംസ്കാരച്ചടങ്ങുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഏയ്ഞ്ചലിന്റെ വേർപാട് യുകെയിലെ പ്രാദേശിക മലയാളി സമൂഹത്തിനിടയിൽ വലിയ വേദനയാണ് ഉളവാക്കിയിരിക്കുന്നത്.

ഏയ്ഞ്ചൽ ജെറോമിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി വയനാട് സുൽത്താൻബത്തേരി ഇരുളം സ്വദേശി മനോജ് കാവുങ്കൽ (39) നോട്ടിങ്ങാമിൽ അന്തരിച്ചു. ഏകദേശം ഒരു വർഷം മുൻപാണ് അദ്ദേഹത്തിന് ക്യാൻസർ സ്ഥിരീകരിച്ചത്. ദീർഘകാല ചികിത്സകൾക്കും ആറുമാസം മുൻപ് വിജയകരമായി പൂർത്തിയാക്കിയ ബോൺമാരോ ട്രാൻസ്‌പ്ലാന്റേഷനും പിന്നാലെ ആരോഗ്യനില മെച്ചപ്പെട്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബവും സുഹൃത്തുക്കളും. എന്നാൽ രണ്ടാഴ്ച മുൻപ് ഉണ്ടായ ഗുരുതര ഇൻഫെക്ഷൻ ആരോഗ്യനില വീണ്ടും വഷളാക്കുകയും നോട്ടിങ്ങാം സിറ്റി ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകിട്ട് 7.30ഓടെ അന്ത്യം സംഭവിക്കുകയുമായിരുന്നു.

അഞ്ച് വർഷം മുൻപാണ് മനോജും ഭാര്യ ലിപികയും യുകെയിലെത്തിയത്. നോട്ടിങ്ങാമിൽ കുടുംബമായി താമസിച്ചിരുന്ന ഇവരുടെ ജീവിതത്തിന്റെ സന്തോഷമായിരുന്നു മൂന്നുവയസ്സുകാരിയായ ഏകമകൾ സിയോണ. ക്യാൻസറിനെ ആത്മവിശ്വാസത്തോടെ നേരിട്ട് ചികിത്സകൾ പൂർത്തിയാക്കിയ ശേഷം കുടുംബത്തോടൊപ്പം പുതിയ ജീവിതം ആരംഭിക്കുമെന്ന പ്രതീക്ഷകൾക്കിടെയായിരുന്നു അപ്രതീക്ഷിതമായ വേർപാട്. അച്ഛന്റെ സ്നേഹവും കരുതലും ഏറ്റവും ആവശ്യമായ പ്രായത്തിൽ സിയോണയെ തനിച്ചാക്കി മനോജ് യാത്രയായത് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും യുകെയിലെ മലയാളി സമൂഹത്തെയാകെയും ദുഃഖത്തിലാഴ്ത്തി.

മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം നടത്തുന്നതിനുള്ള നടപടികൾ സിറോ മലബാർ സഭയുടെ നോട്ടിങ്ങാം സെന്റ് ജോൺ മിഷന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. സുൽത്താൻബത്തേരി ഇരുളം സെന്റ് സെബാസ്റ്റ്യൻസ് ആർ.സി. ചർച്ച് ഇടവകാംഗമായ മനോജിന്റെ യുകെയിലെ പൊതുദർശനവും നാട്ടിലെ സംസ്കാര ചടങ്ങുകളുടെയും തീയതികൾ പിന്നീട് അറിയിക്കുമെന്ന് കുടുംബം അറിയിച്ചു. ഭാര്യ: ലിപിക (നേഴ്സ്, ക്വീൻസ് മെഡിക്കൽ സെന്റർ, നോട്ടിങ്ങാം). മകൾ: സിയോണ. മാതാപിതാക്കൾ: ജോസ് കാവുങ്കൽ, ഓമന ജോസ്. സഹോദരൻ: ഉല്ലാസ് കാവുങ്കൽ.

മനോജ് കാവുങ്കലിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ബ്രിട്ടീഷ് ആരോഗ്യവകുപ്പിൽ ദീർഘകാലം സേവനമനുഷ്ഠിച്ച മലയാളി ഡോക്ടർ ഡോ. പ്രേമി മാത്യു (74) അന്തരിച്ചു. കോട്ടയം സ്വദേശിനിയായിരുന്ന അവർ വർഷങ്ങളായി യുകെയിൽ സ്ഥിരതാമസമാക്കി ചികിത്സാരംഗത്ത് സജീവമായിരുന്നു. രോഗികളോടുള്ള കരുതലും സഹപ്രവർത്തകരുമായുള്ള ആത്മബന്ധവും കൊണ്ട് ബ്രിട്ടീഷ് ആരോഗ്യരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്നു.

യുകെയിലെ വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിച്ച ഡോ. പ്രേമി മാത്യു, ആരോഗ്യരംഗത്തെ സമർപ്പിത പ്രവർത്തനത്തിലൂടെയാണ് പ്രവാസി മലയാളികൾക്കിടയിലും സഹപ്രവർത്തകർക്കിടയിലും ആദരവ് നേടിയത്. അവരുടെ നിര്യാണത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും പ്രവാസി മലയാളി സംഘടനകളും അനുശോചനം രേഖപ്പെടുത്തി.

ഡോ. പ്രകാശ് മാത്യുവാണ് ഭർത്താവ്. മക്കളായ ഡോ. പ്രിയ ജോർജ്, ഡോ. അന്ന മാത്യു, മരുമക്കൾ പ്രഫ. ഡോ. ജേക്കബ് ജോർജ്, ഡാമിയൻ ചിമ് എന്നിവരാണ് കുടുംബാംഗങ്ങൾ. ബ്രിട്ടീഷ് ആരോഗ്യവകുപ്പിൽ മാതൃകാപരമായ സേവനം കാഴ്ചവെച്ച ഡോ. പ്രേമി മാത്യുവിന്റെ വേർപാട് യുകെ മലയാളികൾ വളരെ വേദനയോടെയാണ് ഉൾക്കൊണ്ടത്. മൃതസംസ്കാരവും പൊതുദർശനവും സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

ഡോ. പ്രേമി മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ നിന്ന് ആറുമാസം മുൻപാണ് കുടുംബസമേതം ഓസ്ട്രേലിയയിലെ വെസ്റ്റേൺ ഓസ്ട്രേലിയ സംസ്ഥാനത്തെ ബൺബറിയിലേക്ക് കുടിയേറിയ തൊടുപുഴ കരിമണ്ണൂർ സ്വദേശി ശ്രീ ജോബിൻ ജോസ് (42) അന്തരിച്ചു. പരേതനായ വി. ടി. ജോസഫിന്റെയും സെലിൻ ജോർജിന്റെയും മകനായ ജോബിൻ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് പെർത്തിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ ജൂലൈ 2-ന് അപ്രതീക്ഷിതമായി ഗുരുതരാവസ്ഥയിലായ ജോബിനെ അടിയന്തിരമായി ഹെലികോപ്റ്ററിൽ പെർത്തിലെ ഫിയോണ സ്റ്റാൻലി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. വൈദ്യസംഘത്തിന്റെ പരിശ്രമങ്ങൾക്കൊടുവിലും ജീവൻ രക്ഷിക്കാനായില്ല. യുകെയിൽ നിന്നുള്ള പുതിയ ജീവിതയാത്രയുടെ തുടക്കത്തിലിരിക്കെയാണ് അദ്ദേഹത്തിന്റെ വേർപാട് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയത്.

ഭാര്യ കോതമംഗലം വെളിയൽച്ചാൽ സ്വദേശിനിയും ബൺബറി ആശുപത്രിയിൽ നേഴ്സുമായ റിയ ആന്റണിയാണ്. മക്കൾ: ജോസൻ, ജാക്ക്, റിയോൺ.

ജോബിൻ ജോസിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് അനുശോചനം രേഖപ്പെടുത്തുകയും ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിലെ ലിങ്കൺഷെയറിലെ ബോസ്റ്റണിൽ താമസിച്ചിരുന്ന പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിനി ചിഞ്ചു മമ്പള്ളിൽ തോമസ് (34) പ്രസവത്തിന് പിന്നാലെ മണിക്കൂറുകൾക്കകം മരിച്ചത് മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. ഭർത്താവ് പാലക്കാട് കാരകുറുശ്ശി സ്വദേശിയായ എമിൽ ജോസ്. നാലാമത്തെ കുഞ്ഞിന്റെ ജനനത്തിനായി ജൂലൈ 6-ന് ബോസ്റ്റൺ പിൽഗ്രിം എൻഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചിഞ്ചു, ജൂലൈ 7-ന് സാധാരണ പ്രസവത്തിലൂടെ ആരോഗ്യവതിയായ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളില്ലെന്ന വിലയിരുത്തലിനെ തുടർന്ന് ജൂലൈ 8-ന് വൈകിട്ട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങി.

എന്നാൽ വീട്ടിലെത്തി അധികസമയം കഴിയുന്നതിനുമുമ്പ് ചിഞ്ചുവിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയും ചെയ്തു. ഉടൻ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ആരോഗ്യനില ഗുരുതരമാവുകയും വ്യാഴാഴ്ച പുലർച്ചെ മരണം സംഭവിക്കുകയുമായിരുന്നു. മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനും തുടർ മെഡിക്കൽ നടപടികൾക്കും കുടുംബം കാത്തിരിക്കുകയാണ്. നാല് വർഷം മുൻപ് നേഴ്‌സായി ജോലി ലഭിച്ചതിനെ തുടർന്ന് യുകെയിലെത്തിയ ചിഞ്ചുവിനൊപ്പം പിന്നീട് ഭർത്താവും മക്കളും ചേർന്നിരുന്നു. ഒരു വർഷം മുൻപാണ് കുടുംബം ബോസ്റ്റണിൽ സ്വന്തമായി വീട് വാങ്ങി താമസം തുടങ്ങിയത്.

എട്ടു വയസ്സുള്ള മകളും ആറും മൂന്നും വയസ്സുള്ള രണ്ട് ആൺമക്കളും നവജാത പെൺകുഞ്ഞും ഉൾപ്പെടെ നാല് മക്കളെയാണ് ചിഞ്ചു ബാക്കി വെച്ചിരിക്കുന്നത്. പ്രസവശുശ്രൂഷയ്ക്കായി യുകെയിലെത്തിയ മാതാപിതാക്കളായ തോമസും റോസമ്മയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ കടുത്ത ദുഃഖത്തിലാണ്. ബോസ്റ്റൺ മേഖലയിലെ സീറോ-മലബാർ സഭയുടെ മാർ യൗസേപ്പ് മിഷനിലെ സജീവ അംഗങ്ങളായിരുന്ന എമിലും കുടുംബവും പ്രദേശത്തെ മലയാളി സമൂഹത്തിൽ സുപരിചിതരാണ്. ചിഞ്ചുവിന്റെ അപ്രതീക്ഷിത വേർപാട് യുകെയിലെ മലയാളി സമൂഹത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

ചിഞ്ചു മമ്പള്ളിൽ തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്കോട്ട് ലൻഡിലെ ലിവിങ്‌സ്റ്റണിൽ താമസിച്ചിരുന്ന മലയാളിയായ ലിൻഡ മേരി ബാബു അന്തരിച്ചു. മൂന്നുവർഷമായി ക്യാൻസറിനെതിരെ ധീരമായി പോരാടിയിരുന്ന ലിൻഡ ജൂൺ 23-നാണ് അന്തരിച്ചത്. അസുഖബാധിതയായിരുന്ന കാലത്തും അചഞ്ചലമായ ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിട്ട ലിൻഡയുടെ വിയോഗം സ്കോട്ട് ലൻഡിലെ മലയാളി സമൂഹത്തെ ആകെ ദുഃഖത്തിലാഴ്ത്തി.

എഡിൻബറോയിലെ സെന്റ് അൽഫോൻസ – സെന്റ് ആന്റണി സീറോ-മലബാർ മിഷനിലെ സജീവ അംഗമായിരുന്ന ലിൻഡ മത-സാംസ്‌കാരിക പ്രവർത്തനങ്ങളിലെ നേതൃത്വപങ്ക് കൊണ്ടും സേവന മനോഭാവം കൊണ്ടും ശ്രദ്ധേയയായിരുന്നു. മരിക്കുന്നതിനു മുമ്പ് മിഷൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പിള്ളിൽ രോഗീലേപന കൂദാശ നൽകിയിരുന്നു. പോൾ മാത്യു (ബാലു) ആണ് ഭർത്താവ്. മൂന്നുവയസ്സുകാരനായ ആർച്ചർ ആണ് ഏക മകൻ .

ദീർഘകാല രോഗാവസ്ഥയിലായിരുന്നിട്ടും മിഷൻ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത ലിൻഡയുടെ സമർപ്പണവും പോരാട്ടവീര്യവും നിരവധി പേർക്ക് പ്രചോദനമായിരുന്നുവെന്ന് സമൂഹാംഗങ്ങൾ അനുസ്മരിച്ചു. സെന്റ് അൽഫോൻസ പ്രയർ ഗ്രൂപ്പും സുഹൃത്തുക്കളും കുടുംബത്തിന് പിന്തുണയുമായി ഒപ്പമുണ്ട്. സംസ്കാര ചടങ്ങുകളുടെയും അനുസ്മരണ ശുശ്രൂഷകളുടെയും വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ലിൻഡ മേരി ബാബുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെ മലയാളി സമൂഹത്തെ വീണ്ടും ദുഃഖത്തിലാഴ്ത്തി രണ്ടു അപ്രതീക്ഷിത മരണങ്ങൾ കൂടി. ഈസ്റ്റ് ഹാമിൽ താമസിച്ചിരുന്ന സിസിലി കൃഷ്ണ (41) യോഗ പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരണമടഞ്ഞപ്പോൾ, ലിറ്റിൽഹാംപ്ടണിൽ അർബുദ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി വിന്നി എം. കോശിയും വിടവാങ്ങി. കഴിഞ്ഞ ദിവസങ്ങളിലായി യുകെ മലയാളികൾക്കിടയിൽ തുടർച്ചയായി സംഭവിക്കുന്ന അകാല മരണങ്ങൾ സമൂഹത്തെ നടുക്കിയിരിക്കുകയാണ്.

ഈസ്റ്റ് ഹാമിലെ ആരോഗ്യ സംരക്ഷണ വകുപ്പിൽ ജോലി ചെയ്തിരുന്ന സിസിലി കൃഷ്ണ യോഗ പരിശീലനത്തിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. സ്ഥലത്തുണ്ടായിരുന്നവർ സിപിആർ നൽകി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് സിസിലിയുടെ രണ്ടു സഹോദരങ്ങളും നേരത്തെ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സിസിലിയുടെ ആരോഗ്യനില എൻഎച്ച്എസ് നിരീക്ഷണത്തിലായിരുന്നു. മരുന്നുകളും ആരോഗ്യസംരക്ഷണ ജീവിതശൈലികളും കൃത്യമായി പിന്തുടർന്നിരുന്ന സമയത്താണ് അപ്രതീക്ഷിത വിയോഗം.

കൊല്ലം സ്വദേശികളായ ശിവദാസൻ–മീനാക്ഷി ദമ്പതികളുടെ മകളാണ് സിസിലി. വർഷങ്ങളായി കുടുംബം യുകെയിൽ സ്ഥിരതാമസക്കാരായിരുന്നു. ഭർത്താവ് അശോക്. മക്കൾ: റയോൻ, റീസ്. സിസിലിയുടെ വിയോഗം കുടുംബത്തെയും സുഹൃത്തുക്കളെയും വലിയ ദുഃഖത്തിലാഴ്ത്തി.

അതേസമയം, ലിറ്റിൽഹാംപ്ടണിൽ താമസിച്ചിരുന്ന കോട്ടയം താഴത്തങ്ങാടി സ്വദേശി വിന്നി എം. കോശി (52) അർബുദ ചികിത്സയ്ക്കിടെയാണ് മരിച്ചത്. പത്ത് വർഷത്തിലേറെയായി യുകെയിൽ താമസിച്ചു വരികയായിരുന്നു. കോട്ടയത്തെ ആദ്യകാല ബസ് ഉടമകളിലൊരാളായ ചാമ്പ്യൻ മോട്ടോഴ്‌സ് ഉടമ എം.എ. കോശിയുടെയും ഗ്രേസിയുടെയും മകനാണ്. ഭാര്യ സിനി. മകൾ നവീന. സഹോദരി വിൻസി എബ്രഹാം. കോട്ടയം സെന്റ് മേരീസ് ക്‌നാനായ വലിയപള്ളി ഇടവകാംഗമായ വിന്നിയുടെ സംസ്കാരം യുകെയിൽ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.

സിസിലി കൃഷ്ണയുടെയും വിന്നി എം. കോശിയുടെയും നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ലണ്ടനിലെ ലൗട്ടണിൽ താമസിച്ചിരുന്ന ജോർജി മാത്യുവിന്റെ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ജൂൺ 5 വെള്ളിയാഴ്ച നടക്കും. രാവിലെ 10.30ന് ന്യൂ എൽത്താമിലെ സെന്റ് ജെയിംസ് മാർത്തോമ്മാ പള്ളിയിൽ പൊതുദർശനത്തിനും പ്രാർത്ഥനാ ശുശ്രൂഷകൾക്കും അവസരമൊരുക്കും. ബന്ധുക്കളും സുഹൃത്തുക്കളും മലയാളി സമൂഹാംഗങ്ങളും ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് അറിയിച്ചു.

തുടർന്ന് വൈകിട്ട് 3 – ന് ഹൈനാൾട്ടിലെ ഫോറസ്റ്റ് പാർക്ക് ക്രിമറ്റോറിയത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. കുടുംബാംഗങ്ങളുടെ അഭ്യർഥനപ്രകാരം പുഷ്പാർച്ചനകൾക്ക് പകരമായി സ്മാരക സംഭാവനകൾ സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. വിദേശത്തുള്ള ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ചടങ്ങുകൾ തത്സമയം കാണുന്നതിനായി ലൈവ് സ്ട്രീമിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കുട്ടനാട് തലവടി സ്വദേശിയും ലണ്ടനിലെ ലൗട്ടണിൽ താമസിച്ചിരുന്ന പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റുമായ ജോർജി മാത്യു (47) മേയ് 10ന് രാവിലെ നടത്തത്തിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അന്തരിക്കുകയായിരുന്നു. യുകെ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വേർപാട് യുകെ മലയാളി സമൂഹത്തിൽ വലിയ ദുഃഖമായി മാറിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലിറ്റില്‍ഹാംപ്ടണ്‍: അമ്മയ്ക്കൊപ്പമുള്ള ഉറക്കത്തിനിടെ യുകെ മലയാളി ദമ്പതികളുടെ അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു . അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പടയാറ്റില്‍ ജിതിന്‍ സാജുവിന്റെയും മാള കുമ്പിടി കുടിലിങ്ങില്‍ റോസ് മേരിയുടെയും മകള്‍ ജെസീക്കയാണ് മരണമടഞ്ഞത് . ഇന്നലെ പുലര്‍ച്ചെ ഉറക്കമുണര്‍ന്നപ്പോള്‍ തൊട്ടരികില്‍ കിടന്നിരുന്ന കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍ എമര്‍ജന്‍സി സേവനങ്ങളെ വിവരം അറിയിച്ചെങ്കിലും സ്ഥലത്തെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു.

രണ്ടാഴ്ച മുന്‍പ് ചെറിയ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഉറക്കത്തിനിടെ ശ്വാസതടസം ഉണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇക്കഴിഞ്ഞ ആറാം തീയതിയാണ് ജിതിനും റോസ് മേരിയും കുഞ്ഞുമായി നാട്ടിലെത്തി മാമ്മോദീസ ചടങ്ങുകള്‍ നടത്തിയത്. ബന്ധുവീടുകളിലും കുടുംബാംഗങ്ങള്‍ക്കുമിടയില്‍ ജെസീക്കയുടെ കളിചിരികള്‍ ഇന്നും മാഞ്ഞു പോകാത്ത ഓര്‍മയായി നില്‍ക്കുന്നതിനിടെയാണ് യുകെയില്‍നിന്ന് ദുരന്തവാര്‍ത്ത എത്തിയത്. ഒരാഴ്ച മുന്‍പാണ് കുടുംബം യുകെയിലേക്ക് മടങ്ങിയെത്തിയത്.

കുഞ്ഞിന്റെ മരണകാരണം വ്യക്തമാക്കാന്‍ വിദഗ്ധ പരിശോധനകള്‍ ആവശ്യമാണെന്നാണ് ആശുപത്രി അധികൃതര്‍ കുടുംബത്തെ അറിയിച്ചിരിക്കുന്നത്. ബാങ്ക് ഹോളിഡേ ആയതിനാല്‍ തുടര്‍നടപടികള്‍ ചൊവ്വാഴ്ച മാത്രമേ ആരംഭിക്കൂവെന്നാണ് സൂചന. സമീപകാലത്ത് യുകെയിലെ മലയാളി സമൂഹത്തെ നടുക്കിയ ഏറ്റവും വേദനാജനകമായ സംഭവങ്ങളിലൊന്നായി ജെസീക്കയുടെ വേര്‍പാട് മാറിയിരിക്കുകയാണ്.

കുഞ്ഞ് ജെസീക്കയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

Copyright © . All rights reserved