ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിൽ നിര്യാതനായ അറക്കുളം സ്വദേശി ജോസ് മാത്യു ഇളതുരുത്തിയിലിന്റെ സംസ്കാരശുശ്രൂഷ ഡിസംബർ 2-ന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് സ്റ്റോക്ക് ഓൺ ട്രെന്റിലെ സെന്റ് ജോസഫ് കത്തോലിക്കാ ചർച്ചിൽ നടക്കും. പിതാവ് പരേതനായ മാത്യു ജോസഫ് ഇളതുരുത്തിൽ, അമ്മ ഏലിക്കുട്ടി മാത്യു (ഈരാറ്റുപേട്ട പേഴ്ത്തുംമൂട്ടിൽ) എന്നിവരാണ്.
ഭാര്യ ഷീബ ജോസ് (പുറപ്പുഴ പാലക്കൽ), മക്കൾ കെവിൻ ജോസ്, കാരോൾ ജോസ് (കീൽ യൂണിവേഴ്‌സിറ്റി, ന്യൂകാസിൽ), മരിയ ജോസ് (7-ാം ക്ലാസ്) എന്നിവരാണ് കുടുംബാംഗങ്ങൾ. സഹോദരങ്ങൾ സിസ്റ്റർ ജിജി മാത്യു (പ്രിൻസിപ്പൽ, സെന്റ് ജെയിംസ് കോളേജ് ഓഫ് നേഴ്സിംഗ്, ചാലക്കുടി), റെജി ചെറിയാൻ (കല്ലുകുളങ്ങര, കണമല), ലിജി ജെയ്സൺ (മരങ്ങാട്ട്, അറക്കുളം), ബിജു ഇളതുരുത്തിൽ (പ്രസിഡന്റ്, പ്രവാസി കേരള കോൺഗ്രസ് യുകെ) എന്നിവരാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെയും വെയിൽസിലെയും നിരവധിസ്ഥലങ്ങളിൽ കനത്ത മഴയുടെ പശ്ചാത്തലത്തിൽ വെള്ളപ്പൊക്ക ഭീഷണി ഉയരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇംഗ്ലണ്ടിലെ വിവിധ നദീതീരങ്ങളിൽ 35 ഉം വെയിൽസിൽ 10 ഉം മുന്നറിയിപ്പുകൾ നിലവിലുണ്ടെന്ന് ബന്ധപ്പെട്ട ഏജൻസികൾ അറിയിച്ചു. ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, യോർക്‌ഷയർ–ഹംബർ മേഖലകളിലേയ്ക്കുള്ള യെല്ലോ മഴ മുന്നറിയിപ്പും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ 60 മില്ലീമീറ്റർ വരെ മഴ ലഭിക്കാമെന്ന് മെറ്റ് ഓഫീസ് പ്രവചിക്കുന്നു.

തിങ്കളാഴ്ച വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ വ്യാപകമായ മഴയ്ക്ക് യെല്ലോ ആംബർ മുന്നറിയിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഡർബിഷെയർ, നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട്, യോർക്‌ഷയർ–ഹംബർ മേഖലകളിൽ 40 മില്ലീമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് പ്രവചനം. കുംബ്രിയൻ ഫെൽസിലെ ചില ഭാഗങ്ങളിൽ 120 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട് . എക്സ്മൂർ, ഡോർസെറ്റ്, മെൻഡിപ്സ്, കൊട്സ്വോൾഡ്സ് എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിലും ശക്തമായ മഴ പ്രതീക്ഷിക്കുന്നു. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമുള്ള വെള്ളക്കെട്ട്, ഗതാഗത തടസ്സം, അപകടകരമായ റോഡ് സാഹചര്യം എന്നിവയ്ക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, സ്കോട്ട്ലൻഡിൽ ശക്തമായ കാറ്റിന്റെ ആഘാതം നേരിട്ടു. 83 മൈൽ വേഗത്തിൽ കാറ്റടിച്ച വെസ്റ്റേൺ ഐൽസിലും 75 മൈൽ വേഗം രേഖപ്പെടുത്തിയ മൾ ദ്വീപിലും വെള്ളിയാഴ്ച രാവിലെ ആയിരത്തോളം വീടുകളിലും ആണ് വൈദ്യുതി മുടങ്ങിയത്. ഭൂരിഭാഗം പ്രദേശങ്ങളിലും പിന്നീട് വൈദ്യുതി പുനഃസ്ഥാപിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടൻ സർക്കാരിന്റെ അഭയാർത്ഥി ക്യാമ്പിൽ കഴിയുന്നവർക്ക് മെഡിക്കൽ ചികിൽസയ്‌ക്ക് ടാക്സി ഉപയോഗിക്കുന്നത് ഫെബ്രുവരി മുതൽ നിരോധിക്കാൻ തീരുമാനിച്ചു. ബിബിസി നടത്തിയ അന്വേഷണത്തിൽ ചില അഭയാർഥികൾ നൂറുകണക്കിന് മൈൽ നീളുന്ന ടാക്സി യാത്രകൾ നടത്തിയതായി വെളിപ്പെട്ടതോടെയാണ് നടപടി. ഒരു അഭയാർഥി 250 മൈൽ ദൂരം ടാക്സിയിൽ യാത്ര ചെയ്തതും സർക്കാർ £600 ചെലവഴിച്ചതും വിവാദമായിരുന്നു.

നിലവിൽ സർക്കാർ ശരാശരി £15.8 മില്യൺ ഈ ഗതാഗത ചെലവിനായി ചിലവഴിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ലണ്ടൻ ഉൾപ്പെടെ പല സ്ഥലങ്ങളിലും ഹോട്ടലുകളിൽ നിന്ന് ആശുപത്രികളിലേക്കുള്ള ചെറിയ ദൂരം പോലും വലിയ ചെലവിൽ ടാക്സി സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നുവെന്നും ഡ്രൈവർമാർ വെളിപ്പെടുത്തി. ചില കരാർ കമ്പനികൾ അനാവശ്യമായി ദൂരം കൂട്ടിയാണ് യാത്രകൾ നടത്തുന്നതെന്ന് ആരോപണങ്ങളുണ്ട്.

ടാക്സി നിരോധനത്തിൽ നിന്ന് ശാരീരിക വെല്ലുവിളികൾ, ദീർഘകാല രോഗങ്ങൾ, ഗർഭിണികൾ എന്നിവർക്കു മാത്രമേ ഒഴിവുണ്ടാകൂ. കൂടുതൽ അഭയാർഥി ഹോട്ടലുകൾ അടയ്ക്കാനും മറ്റുള്ള താമസ മാർഗങ്ങൾ ഉപയോഗിക്കാനുമുള്ള സർക്കാർ നീക്കങ്ങളും പുരോഗമിക്കുന്നുണ്ട് . അതേസമയം, അഭയാർഥികൾക്ക് ജോലി ചെയ്യാൻ കൂടുതൽ അവസരം നൽകണമെന്ന് റഫ്യൂജി കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടു .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പെൻഷൻ മാത്രം വരുമാനമായി ഉള്ളവർക്ക് ഇനി അധിക നികുതി ബാധ്യത ഉണ്ടാകില്ലെന്ന് ചാൻസലർ റേച്ചൽ റീവ്സ് വ്യക്തമാക്കി. പെൻഷൻ തുകയിലെ വാർഷിക വർധനയിലൂടെ 2027 മുതൽ പെൻഷൻ വരുമാനം നികുതി പരിധി മറികടക്കുമെന്ന ആശങ്കകളാണ് ഉയർന്നിരുന്നത്. ഇത്തരം സാഹചര്യത്തിൽ പെൻഷൻകാരെ ചെറുതും അനാവശ്യവുമായ നികുതി കണക്കിൽ നിന്ന് രക്ഷിക്കുന്നതിന്റെ ഭാഗമായി 2030 വരെ പെൻഷൻ മാത്രം ലഭിക്കുന്നവർക്ക് നികുതി ഈടാക്കില്ലെന്ന തീരുമാനമാണ് സർക്കാർ പ്രഖ്യാപിച്ചത്.

പുതിയ ഫ്ലാറ്റ് റേറ്റ് സിസ്റ്റത്തിൽ ഉൾപ്പെട്ടവർക്ക് ലഭിക്കുന്ന £12,547.60 എന്ന പെൻഷൻ തുക അടുത്ത വർഷം നിലവിലെ £12,570 നികുതി പരിധിയോടെ വളരെ അടുത്തതായിരിന്നു . നികുതി പരിധി 2027 വരെ ഫ്രീസ് ചെയ്തിരിക്കുന്നതിനാൽ ശേഷമുള്ള വർധനകൾ ഈ പരിധി കടക്കുമെന്നത് പൊതുവെ ആശങ്ക ഉളവാക്കിയിരുന്നു . സാധാരണ സാഹചര്യത്തിൽ എച്ച് എം ആർ സി ലളിതമായ അസ്സസ്‌മെന്റ് വഴി ചെറുതായ നികുതി തുകകൾ ഈടാക്കാറുണ്ട്. എന്നാൽ ഇത്തരം ചെറിയ തുകകൾക്കായുള്ള കണക്കെടുപ്പും നോട്ടീസുമെല്ലാം പെൻഷൻകാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്ന വിലയിരുത്തലോടെയാണ് സർക്കാർ ഈ ഇളവ് പരിഗണിക്കുന്നത്. ഇതോടെ പെൻഷൻ മാത്രമുള്ളവർക്ക് നികുതി സംബന്ധിച്ച ആശങ്കകൾ ഒന്നടങ്കം മാറും.

അതേസമയം, പെൻഷൻകാരുടെ ഭൂരിഭാഗവും ഇപ്പോഴും നികുതി നൽകുന്നവരാണ് എന്നതാണ് യാഥാർത്ഥ്യം. പഴയ പെൻഷൻ സംവിധാനത്തിൽ ഉൾപ്പെട്ട 25 ലക്ഷം പേർക്ക് അടിസ്ഥാന പെൻഷനും എസ് ഇ ആർ പി എസ് വരുമാനവും ഒരുമിച്ച് ലഭിക്കുന്നതിനാൽ നികുതി ബാധ്യത തുടരും. ചെറിയ സ്വകാര്യ പെൻഷൻ ലഭിക്കുന്നവർക്കും നികുതി ഒഴിവാകില്ല. ഇതുവഴി തൊഴിലാളികളും പെൻഷൻകാരും തമ്മിൽ നികുതി തുല്യത ഉറപ്പാക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ നയം നടപ്പിലാക്കാനുള്ള കൃത്യമായ മാര്‍ഗരേഖ ഇപ്പോഴും സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നതും ചർച്ചയാകുന്നുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ റോയൽ ബറോ ഓഫ് കെൻസിങ്ടൺ ആൻഡ് ചെൽസിയ (RBKC) ഉൾപ്പെടെ മൂന്ന് കൗൺസിലുകളെ ലക്ഷ്യമിട്ടുണ്ടായ സൈബർ ആക്രമണത്തെ തുടർന്ന് താമസക്കാരോട് അധിക ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി . കൗൺസിലിന്റെ സിസ്റ്റങ്ങളിൽ നിന്ന് ചില “ സുപ്രധാന വിവരങ്ങൾ മോഷണം പോയതായി അധികൃതർ സ്ഥിരീകരിച്ചു. ഇതിൽ വ്യക്തിഗതമായതോ സാമ്പത്തികവിവരങ്ങളോ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതായും അവർ വ്യക്തമാക്കി.

ആക്രമണത്തെ തുടർന്ന് ഫോൺ സിസ്റ്റങ്ങൾ ഉൾപ്പെടെ നിരവധി സേവനങ്ങൾ തകരാറിലായതോടെ ആർ ബി കെ സി, വെസ്റ്റ്‌മിൻസ്റ്റർ, ഹാമർസ്മിത്ത് & ഫുൽഹാം കൗൺസിലുകൾ രണ്ടാഴ്ചയെങ്കിലും വലിയ തടസ്സങ്ങൾ നേരിടുമെന്ന് അറിയിച്ചു. നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിന്റെയും മെട്രോപൊളിറ്റൻ പൊലീസിന്റെയും ദേശീയ ക്രൈം ഏജൻസിയുടെയും സഹായത്തോടെ ആക്രമണത്തിന് പിന്നിലെ സംഘത്തെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നുണ്ട് .

ബ്രിട്ടനിലെ പൊതുമേഖല-സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കെതിരെ കഴിഞ്ഞ വർഷങ്ങളിൽ വർധിച്ചുവരുന്ന റാൻസംവെയർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്. സിസ്റ്റങ്ങൾ കമ്പ്യൂട്ടർ വൈറസ് ഉപയോഗിച്ച് ആക്രമിക്കുകയും ഡേറ്റാ ചോർത്തുകയും തുടർന്ന് ക്രിപ്‌റ്റോകറൻസിയിൽ പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ഇത്തരം ആക്രമണങ്ങൾ. ഇത്തരം ആക്രമണങ്ങൾക്കെതിരെ ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലണ്ടൻ: യുകെയിലെ ILR/PR സ്ഥിരതാമസ യോഗ്യതയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, സ്കിൽഡ് വർക്കർ വിസയിലുള്ള മലയാളികളുൾപ്പെടെയുള്ള കുടിയേറ്റക്കാരെ നേരിട്ട് ബാധിക്കുന്ന സാഹചര്യത്തിൽ, പൊതുസമൂഹത്തിൽ ഉയരുന്ന ആശങ്കകൾ പരിഹരിക്കാനും വ്യക്തത കൈവരിക്കുന്നതിനുമായി ഐ ഓ സി (യുകെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ ഒരു അടിയന്തര ഓൺലൈൻ സെമിനാർ (Zoom) സംഘടിപ്പിക്കുന്നു.
പുതിയ നിർദ്ദേശങ്ങൾ പ്രകാരം ILR ലഭിക്കുന്നതിനുള്ള നിലവിലെ 5 വർഷത്തെ കാലാവധി 10 വർഷമോ അതിലധികമോ ആയി ഉയർത്തപ്പെടുവാൻ സാധ്യതയുള്ളതിനാൽ വ്യാപകമായ ആശങ്കകളും വ്യാഖ്യാനക്കുഴപ്പങ്ങളും ഉയർന്നിട്ടുണ്ട്. സർക്കാരിന്റെ കൺസൾട്ടേഷൻ ഉടൻ പുറത്തുവരാനിരിക്കുന്നതോടെ സമൂഹത്തെ ബോധവൽക്കരിക്കുകയും, വേണ്ട നടപടികൾ സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനുമായി യു കെയിലെ സാമൂഹിക – രാഷ്ട്രീയ – നിയമ മേഖലയിലെ പ്രമുഖരെ അണിനിരത്തിക്കൊണ്ടാണ് ഐ ഓ സി (യുകെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നത്.
പ്രധാന വിഷയങ്ങൾ
പുതിയ ILR/PR നിർദ്ദേശങ്ങളുടെ സംക്ഷിപ്ത വിശദീകരണം
സ്കിൽഡ് വർക്കർ, ഹെൽത്ത് & കെയർ വർക്കർ, ആശ്രിതർ പുതിയ നിയമത്തിൽ എങ്ങനെ ബാധിക്കപ്പെടും
കൺസൾട്ടേഷനിൽ അഭിപ്രായം രേഖപ്പെടുത്തുന്ന മാർഗങ്ങൾ
നിയമ-രാഷ്ട്രീയ തലത്തിലുള്ള നടപടികൾ
വിദഗ്ധ പാനൽ
Daniel Zeichner
Member of Parliament for Cambridge
Sol. Adv. Cllr. Baiju Thittala Former Mayor of Cambridge;
Legal Advisor, Indian Overseas Congress
Cllr. Beth Gardiner Smith
Senior Policy Associate, Future Governance Forum
(Focus on Asylum & Migration)

ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ പുതിയ ബജറ്റിൽ 26 ബില്യൺ പൗണ്ടിന്റെ നികുതി വർധന പ്രഖ്യാപിച്ചു. വരുമാന നികുതിയും നാഷണൽ ഇൻഷുറൻസ് നിരക്കും തുടങ്ങുന്ന വരുമാനപരിധി 2031 വരെ തുടരുമെന്ന തീരുമാനം സാധാരണ ജനങ്ങൾക്ക് കൂടുതൽ നികുതി ബാധ്യത വരുത്തി വെക്കും. 2 മില്ല്യൺ പൗണ്ടിനു മുകളിൽ വിലയുള്ള വീടുകൾക്ക് അധിക വാർഷിക നികുതി, ഇലക്ട്രിക് വാഹനങ്ങൾക്ക് മൈലേജിന് നികുതി, ഓൺലൈൻ ബെട്ടിംഗിന് ഉയർന്ന ഡ്യൂട്ടി എന്നിവയും പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ എല്ലാവരും കുറച്ച് അധികം സംഭാവന ചെയ്യേണ്ടി വരുമെന്ന് ചാൻസലർ റെച്ചൽ റീവ്സ് വ്യക്തമാക്കി

വൻ വിമർശനങ്ങൾക്ക് ഇടയാക്കിയ ടു ചൈൽഡ് ബെനെഫിറ്റ് ലിമിറ്റ് അടുത്ത ഏപ്രിൽ മുതൽ ഒഴിവാക്കുമെന്ന് റീവ്സ് പ്രഖ്യാപിച്ചു. ഈ തീരുമാനത്തോടെ 4.5 ലക്ഷം കുട്ടികളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. വൈദ്യുതി ബില്ലിൽ ചേർത്തിരുന്ന ഗ്രീൻ ലെവി ഒഴിവാക്കിയതോടെ കുടുംബങ്ങൾക്ക് വർഷത്തിൽ ഏകദേശം £150 വരെ കുറവ് ലഭിക്കും. മരുന്ന് ചാർജുകളും ചില റെയിൽ നിരക്കുകളും താത്കാലികമായി കുറച്ചതും സാധാരണ ജനങ്ങൾക്ക് ചെറിയ ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷ.

എന്നാൽ ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് പ്രതിപക്ഷം കഠിന വിമർശനവുമായി രംഗത്തെത്തി. ഉയർന്ന നികുതിയും നിയന്ത്രണം വിട്ട ചെലവുമാണ് ഈ ബജറ്റിൽ എന്ന് കൺസർവേറ്റീവ് നേതാവ് കെമി ബഡിനൊച് പ്രതികരിച്ചു. കഴിഞ്ഞ വർഷവും വൻ നികുതി കൂട്ടിയിട്ടും വീണ്ടും വർധന വരുത്തിയതിൽ അവർ റീവ്സിനെ കുറ്റപ്പെടുത്തി. ലിബറൽ ഡെമോക്രാറ്റുകളും റിഫോം യു.കെ പാർട്ടിയും സാധാരണ തൊഴിലാളികളാണ് ഈ ബഡ്ജറ്റ് കൊണ്ട് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുകയെന്ന് ചൂണ്ടിക്കാട്ടി. സ്കോ ട്ടിഷ് നാഷണൽ പാർട്ടി സ്കോട്ട് ലാൻഡിനെ ബഡ്ജറ്റിൽ അവഗണിച്ചതായുള്ള വിമർശനം ഉന്നയിച്ചിട്ടുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡബ്ലിൻ/എറണാകുളം ∙ അയർലൻഡിൽ കുളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് കുറുപ്പുംപടി വേങ്ങൂർ വക്കുവള്ളി സ്വദേശി തെക്കുംകുടി ബേസിൽ വർഗീസ് (39) ആണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. കുഴഞ്ഞു വീണതിനെ തുടർന്ന് ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനനം . ഉടനെ സി.പി.ആർ. ഉൾപ്പെടെയുള്ള പ്രാഥമിക ചികിത്സാ ശ്രമങ്ങൾ നടത്തിയിട്ടും ജീവൻ രക്ഷിക്കാനായില്ല.
ബേസിൽ വർഗീസിന്റെ ഭാര്യ കുക്കു സജി മേയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സാണ്. ഇവർക്ക് ഒരു കുട്ടിയുണ്ട് . കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം ബേസിലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്ന് സംസ്‌കരിക്കാനുള്ള നടപടികൾ പ്രാദേശിക മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട് .
ബേസിൽ വർഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്‍ സർക്കാർ അടുത്ത വർഷം ഏപ്രിലില്‍ മാസം മുതൽ 21 വയസ്സിന് മുകളിൽ പ്രായമുള്ള തൊഴിലാളികള്‍ക്ക് കുറഞ്ഞ ശമ്പളം മണിക്കൂറിന് 12.71 പൗണ്ട് ($16.67) ആയി വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതുവരെ ജൂലൈയിൽ ഉണ്ടായ 6.7 ശതമാനം വർധനവിന് പിന്‍തുടര്‍ന്നുള്ള നടപടിയാണിത്. പുതിയ നടപടിയിൽ 2.4 മില്യൺ തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കും. കൂടാതെ 21 വയസ്സിന് താഴെയുള്ളവർക്ക് 6%–8.5%വർധനവും പ്രഖ്യാപിച്ചിട്ടുണ്ട് . പണപ്പെരുപ്പവും ജീവിത ചിലവുകളും ഉയർന്ന സാഹചര്യത്തിലാണ് കുറഞ്ഞ ശമ്പളക്കാരുടെ ജീവിക്കാൻ കഴിയുന്ന വേതനം ഉറപ്പാക്കുന്നതിനായി സർക്കാർ വേതന വർദ്ധനവ് പ്രഖ്യാപിച്ചത്.

ജോലി ചെയ്യുന്നവർക്ക് അവരുടെ പരിശ്രമത്തിന് യഥാർഥ മൂല്യം നൽകുന്ന നടപടി ആണ് ഇതെന്നാണ് പുതിയ തീരുമാനത്തെ ചാൻസിലർ റേച്ചൽ റീവ്സ് വിശേഷിപ്പിച്ചത് . കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളുടെ ജീവിത ചെലവുകൾ ഉയരുന്നതോടെ അവരുടെ സാമ്പത്തിക സുരക്ഷയ്ക്കും കുടുംബങ്ങളുടെ ഭാവി ഉറപ്പാക്കുന്നതിനും ഇത് സഹായിക്കുമെന്ന് അവര്‍ വ്യക്തമാക്കി. എന്നാൽ ബ്രിട്ടന്റെ ഹോസ്പിറ്റാലിറ്റി വ്യവസായം പുതിയ ശമ്പള വർധന വില വർധനയ്ക്ക് കാരണമാകും എന്ന് മുന്നറിയിപ്പ് നല്‍കി.

ബ്രിട്ടനിലെ കുറഞ്ഞ ശമ്പള നിരക്ക് യൂറോപ്പിൽ ശരാശരി വേതനത്തിന്റെ അനുപാതത്തിൽ രണ്ടാം സ്ഥാനത്താണുള്ളത്. 2019 മുതൽ കണക്കാക്കുമ്പോൾ വേതന വർദ്ധനവ് 60 ശതമാനത്തിൽ കൂടുതൽ ആണെന്നാണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പണപ്പെരുപ്പം 2027 വരെ 2 ശതമാനം ലക്ഷ്യത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നെങ്കിലും, കോവിഡ് -19 കഴിഞ്ഞ് ഉയർന്ന ശമ്പള വർധനയും കുറഞ്ഞ ഉല്‍പ്പാദനക്ഷമതയും ലക്ഷ്യം കൈവരിയ്ക്കുന്നതില്‍ വെല്ലുവിളി സൃഷ്ടിക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ബ്രിട്ടനിൽ സ്റ്റുഡന്റ് വിസയിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് ഈ ശമ്പള വർധന ഉപകരപ്രദമാകും . പലരും പാർട്ട്ടൈം ജോലികൾ ചെയ്താണ് തങ്ങളുടെ ചെലവുകൾക്കുള്ള പണം കണ്ടെത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഏകദേശം 30 ലക്ഷം തൊഴിലുകൾ 2035ഓടെ എ.ഐയും ഓട്ടോമേഷൻ സംവിധാനങ്ങളും കാരണം ഇല്ലാതാകാനിടയുണ്ടെന്ന് നാഷണൽ ഫൗണ്ടേഷൻ ഫോർ എജുക്കേഷണൽ റിസർച്ച് (NFER) നടത്തിയ പഠനത്തിൽ കണ്ടെത്തി. ട്രേഡ് ജോലികൾ, മെഷീൻ ഓപ്പറേഷൻ, ഓഫീസിലുളള അഡ്മിനിസ്ട്രേറ്റീവ് ജോലി എന്നിവയാണ് ഏറ്റവും കൂടുതൽ അപകട സാധ്യത നേരിടുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, ഉയർന്ന നൈപുണ്യമുള്ള പ്രൊഫഷണൽ രംഗങ്ങളിൽ എ.ഐ വളർച്ച മൂലം ആവശ്യകത വർധിക്കുമെന്നും പഠനം വിലയിരുത്തുന്നു.

എന്നാൽ പുതിയ കണ്ടെത്തലുകൾ മറ്റ് പഠനങ്ങളോട് വ്യത്യസ്തമാണ്. ചില ഗവേഷണങ്ങൾ സൂചിപ്പിച്ചതനുസരിച്ച് സോഫ്റ്റ്‌വെയർ എഞ്ചിനിയറിംഗ്, മാനേജ്മെന്റ് കൺസൾട്ടിങ് പോലുള്ള ഉയർന്ന ശമ്പള ജോലികൾക്കാണ് എ.ഐ മൂലം തൊഴിൽ സാധ്യത ഇല്ലാതാകുക എന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. കിങ്സ് കോളേജ് നടത്തിയ പഠന പ്രകാരം 2021–25 കാലയളവിൽ ഉയർന്ന ശമ്പള തസ്തികകളിൽ ഏകദേശം 9.4% ജോലി നഷ്ടമായതായി കണ്ടെത്തിയിരുന്നു. അതേസമയം, റൂഫർമാർ, കെട്ടിട തൊഴിലാളികൾ, സ്പോർട്സ് പ്ലെയേഴ്സ് എന്നിവരെ എ.ഐ മാറ്റിസ്ഥാപിക്കാനുള്ള സാധ്യത കുറവാണ് .

എ.ഐയെ അധികരിച്ചു തൊഴിൽ നഷ്ടം ചർച്ച ചെയ്യുന്നത് അതിശയോക്തിപരമാണെന്നു എൻ എഫ് ഇ ആർ റിപ്പോർട്ട് തയ്യാറാക്കിയ ജൂഡ് ഹില്ലറി പറഞ്ഞു. യുകെയിലെ മന്ദഗതിയിലുള്ള സാമ്പത്തിക സാഹചര്യം, തൊഴിൽ നൽകുന്ന സ്ഥാപനങ്ങളുടെ ജാഗ്രത, മറ്റു ചെലവുകൾ എന്നിവയും ഇപ്പോഴത്തെ പിരിച്ചുവിടലുകൾക്ക് കാരണമാകാം എന്ന് അദ്ദേഹം സൂചിപ്പിച്ചു. എ.ഐയുടെ വളർച്ചയിൽ ചില പ്രൊഫഷണൽ ജോലികൾ കൂടും. പക്ഷേ താഴ്ന്ന നൈപുണ്യമുള്ള ജോലികൾ കുറയുമെന്നും, ഇവയിലുണ്ടാകുന്ന നഷ്ടം പൂർണമായി നികത്താൻ പലർക്കും പുനർപരിശീലനം നേടുന്നത് ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.