ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് സ്‌കോര്‍ 100 പിന്നിട്ടു. നിലവില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയിലാണ് അവര്‍. ഓപ്പണര്‍മാരെ നഷ്ടമായ ശേഷം നിലയുറപ്പിച്ച് കളിക്കുന്ന ഒലി പോപ്പും ജോ റൂട്ടുമാണ് ക്രീസില്‍.
പച്ചപ്പിന്റെ അതിപ്രസരമില്ലാത്ത പിച്ചാണ് ലോര്‍ഡ്‌സില്‍ ഒരുക്കിയിരിക്കുന്നതെങ്കിലും ജസ്പ്രീത് ബുംറയും ആകാശ് ദീപും മുഹമ്മദ് സിറാജും അടങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ തുടക്കത്തില്‍ ശ്രദ്ധയോടെയായിരുന്നു ഇംഗ്ലീഷ് ഓപ്പണര്‍മാരുടെ ബാറ്റിങ്. ഇത്തരത്തില്‍ 13 ഓവര്‍ വരെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ ശ്രദ്ധയോടെ പിടിച്ചുനിന്ന സാക്ക് ക്രോളിക്കും ബെന്‍ ഡക്കറ്റിനും പക്ഷേ നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ 13-ാം ഓവറില്‍ പിഴച്ചു. തന്റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഡക്കറ്റിനെയും (23), ആറാം പന്തില്‍ ക്രോളിയേയും (18) നീതീഷ്, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച പോപ്പ് – റൂട്ട് സഖ്യം ഇതുവരെ 96 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. നേരത്തേ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്സ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നാലു വര്‍ഷങ്ങള്‍ക്കു ശേഷം പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമില്‍ ഇടംപിടിച്ചപ്പോള്‍ ഇന്ത്യന്‍ നിരയില്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ജസ്പ്രീത് ബുംറ ഇടംനേടി. ജോഷ് ടങ്ങിന് പകരമാണ് ആര്‍ച്ചറെത്തിയത്.
അനിൽ ഹരി
പ്രഫഷനൽ അലയൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്സ് (PAIR) ജൂലൈ അഞ്ചിന് അപ്പോളോ ബക്കിങ്ങാം ഹെൽത്ത് സയൻസസ് ക്യാംപസിൽ വെച്ച് രാജ്യാന്തര റേഡിയോഗ്രാഫേഴ്സ് കോൺഫറൻസ് (IRC2025) സംഘടിപ്പിച്ചു . വിവിധ രാജ്യങ്ങളിൽ നിന്നു നിന്നുള്ള റേഡിയോഗ്രാഫി പ്രഫഷനലുകളെ ഒരുമിപ്പിക്കാനും അവരുടെ അറിവുകളും അനുഭവങ്ങളും പങ്കുവെക്കാനും ലക്ഷ്യമിട്ടുള്ള ഈ സമ്മേളനത്തിന്റെ പ്രധാന പ്രമേയം “Building Bridges in Radiology: Learn I Network I Thrive എന്നതായിരുന്നു.
ആഷ്ഫോർഡിലെ പാർലമെന്റ് അംഗം സോജൻ ജോസഫ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു . സൊസൈറ്റി ആൻഡ് കോളജ് ഓഫ് റേഡിയോഗ്രാഫേഴ്സിന്റെ സിഇഒ റിച്ചാർഡ് ഇവാൻസ്, ഇന്റർനാഷനൽ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് ആൻഡ് റേഡിയേഷൻ ടെക്നോളജിസ്റ്റ് പ്രസിഡന്റ് ഡോ. നപപോങ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി . സംഘാടകസമിതി ചെയർമാൻ രാജേഷ് കേശവൻ സ്വാഗതവും വൈസ് ചെയർമാൻ ബോസ്കോ ആന്റണി നന്ദിയും രേഖപ്പെടുത്തി. നോയൽ മാത്യു, എബ്രഹാം കോശി, ശ്രീനാഥ് ശ്രീകുമാർ, ഉഖിലേഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
യുകെയിൽ ജോലി ചെയ്യുന്ന രാജ്യാന്തരതലത്തിൽ പരിശീലനം നേടിയ റേഡിയോഗ്രാഫർമാരുടെ വൈവിധ്യം, തൊഴിൽപരമായ വളർച്ച, അതുല്യമായ സംഭാവനകൾ എന്നിവ പ്രോത്സാഹിപ്പിക്കുവാൻ ലക്ഷ്യം വെച്ചുള്ള ഈ കോൺഫറൻസ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ റേഡിയോഗ്രാഫേഴ്സിൻ്റെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന 175 ഓളം റേഡിയോഗ്രാഫേഴ്സ് പരിപാടിയിൽ പങ്കെടുത്തു.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധ വിമാനം എഫ്-35 ബി സാമൂഹ്യ മാധ്യമങ്ങളില്‍ സൂപ്പര്‍ താരമാണ്.
കേരള ടൂറിസം വകുപ്പ് ഈ ഫൈറ്റര്‍ ജെറ്റിനെ വച്ച് ഒരു പ്രൊമോഷന്‍ പരസ്യം തന്നെ ചെയ്തിരുന്നു. മില്‍മ, കേരള പൊലീസ് എന്നിവയുടെ ഒഫിഷ്യല്‍ പേജുകളില്‍ ബ്രിട്ടീഷ് വിമാനത്തെക്കുറിച്ചുള്ള രസകരമായുള്ള പോസ്റ്റുകള്‍ വന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ യു.കെയിലെ ഒരു മലയാളി റെസ്റ്റോറന്റ് അവരുടെ പരസ്യത്തിലും ,നായകനാ’ക്കിയിരിക്കുന്നത് എഫ് 35 ബിയെ തന്നെയാണ്. ‘മകനേ മടങ്ങി വരൂ’… എന്നാണ് മാഞ്ചസ്റ്ററിലെ മലയാളി റെസ്റ്റോറന്റായ ‘കേരള കറി ഹൗസിന്റെ’ പരസ്യത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
‘ഒരിക്കല്‍ വന്നാല്‍ തിരികെ പോകാന്‍ തോന്നില്ല’ എന്ന സംസ്ഥാന ടൂറിസം വകുപ്പിന്റെ പരസ്യത്തിന് ബദലായാണ് റെസ്റ്റോറന്റിന്റെ പരസ്യം. വിമാനത്തിന്റെ എ.ഐ ചിത്രവും ഒപ്പമുണ്ട്.
‘കേരളത്തിന്റെ രുചി കേരള കറി ഹൗസില്‍ വിളമ്പുമ്പോള്‍ നീ എന്തിനാണ് അവിടെ നില്‍ക്കുന്നത്’ എന്നാണ് പരസ്യത്തിലെ ചോദ്യം. കേരളത്തിന്റെ വൈബിനായി കൊതിക്കുന്നവര്‍ ഇതൊരു തമാശയായി എടുക്കണമെന്ന് അടിക്കുറിപ്പും കൊടുത്തിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കവൻട്രിയിൽ ഏഴു വയസുകാരൻെറ അപ്രതീക്ഷിത വേർപാടിൻെറ ഞെട്ടലിലാണ് യുകെ മലയാളികൾ. എന്നും വരുന്നത് പോലെ സ്‌കൂളിൽ പോയി വന്നതായിരുന്നു ഏഴു വയസുകാരനായ റൂഫസ് കുര്യന്‍. വീട്ടിൽ വന്നതിന് പിന്നാലെ പനിയുടെ ലക്ഷണം കാണിച്ചതിനാൽ മരുന്ന് കഴിച്ച് കിടന്നുറങ്ങി. ശരീരത്തില്‍ തടിപ്പുകള്‍ കണ്ടപ്പോള്‍ അല്പം ആശങ്ക തോന്നിയെങ്കിലും നേഴ്‌സായ അമ്മയ്ക്കും അതൊരു സാധാരണ പനിയായി മാത്രമാണ് തോന്നിയത്. എന്നാൽ അർധരാത്രിയോടെ കുട്ടിക്ക് കലശലായ ക്ഷീണവും ബുദ്ധിമുട്ടും തോന്നിയതിന് പിന്നാലെ അടുത്തുള്ള ആശുപത്രിയിൽ കുട്ടിയെ കൊണ്ടുവരികയായിരുന്നു.
കവന്‍ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ എ ആന്‍ഡ് ഇ യില്‍ എത്തി വൈകാതെ തന്നെ കുട്ടി മരിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ വേർപാടിൻെറ ഞെട്ടലിലും ദുഃഖത്തിലാണ് കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ഇപ്പോൾ. സാധാരണ പനിയുമായി സ്‌കൂളില്‍ നിന്നെത്തിയ കുഞ്ഞ് ആശുപത്രിയില്‍ എത്തിച്ചിട്ടും മരിച്ചെന്ന വാര്‍ത്ത യുകെ മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്.
ഗള്‍ഫില്‍ നിന്നും ഒന്നര വര്‍ഷം മുൻപ് മാത്രമാണ് റൂഫസും കുടുംബവും യുകെയിൽ എത്തിയത്. ആലപ്പുഴ സ്വദേശികളാണ് റൂഫസിന്റെ മാതാപിതാക്കളായ കുര്യന്‍ വര്‍ഗീസും ഷിജി തോമസും. ഏക സഹോദരന്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.
റൂഫസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറിന് (40) കണ്ണീരോടെ ജന്മനാട് വിടപറഞ്ഞു. അഹമ്മദാബാദിൽനിന്നു ഡൽഹി വഴി ഇന്നലെ രാവിലെ ഏഴിനാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിലും വസതിയിലുമായി പൊതുദര്‍ശനത്തിനു വച്ച ഭൗതിക ശരീരത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ മന്ത്രിമാരായ വി.എന്‍. വാസവനും സജി ചെറിയാനും ജനപ്രതിനിധികളുമടക്കം ആയിരക്കണക്കിനു പേര്‍ ഒഴുകിയെത്തി.
തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍ എന്നിവര്‍ ഏറ്റുവാങ്ങി ആദരമര്‍പ്പിച്ചു. മുന്‍ മന്ത്രിമാരായ എം.എ. ബേബി, എം.വി. ഗോവിന്ദന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരും വിമാനത്താവളത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. നോര്‍ക്കയ്ക്കു വേണ്ടി പ്രൊജക്ട് മാനേജര്‍ ആര്‍.എം.ഫിറോസ് ഷാ പുഷ്പചക്രം സമര്‍പ്പിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.
തുടര്‍ന്നു സ്വദേശമായ തിരുവല്ല പുല്ലാടിലേക്കു മൃതദേഹം എത്തിച്ചു. സഹോദരന്‍ രതീഷ് ജി.നായരും അമ്മാവന്‍ ഉണ്ണിക്കൃഷ്ണനും ഭൗതികശരീരത്തെ അനുഗമിച്ചു. പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ രാവിലെ 10ന് ആരംഭിച്ച പൊതുദര്‍ശനത്തില്‍ നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു. ഉച്ചയ്ക്ക് ശേഷം മൃതദേഹം വീട്ടിലേത്തിച്ചു. മന്ത്രി സജി ചെറിയാന്‍, എംഎല്‍എമാരായ കെ.യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍ എന്നിവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. വൈകിട്ട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പിലായിരുന്നു സംസ്കാരം.
യുകെയിലെ പോർട്സ്മൗത്ത് ഹോസ്പിറ്റൽസ് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ട്രസ്റ്റിന്റെ ക്വീൻ അലക്സാന്ദ്ര ഹോസ്പിറ്റലിൽ നേഴ്സായിരുന്നു രഞ്ജിത. 2024 ഓഗസ്റ്റിലാണ് ക്വീൻ അലക്സാന്ദ്രയിലെ കാർഡിയോളജി സി6 യൂണിറ്റിൽ നേഴ്സായി രഞ്ജിത ജോലിയിൽ പ്രവേശിക്കുന്നത്. നാല് ദിവസത്തെ അവധിക്കായി നാട്ടിൽ പോയി മടങ്ങി വരവേയാണ് അഹമദാബാദിലെ വിമാനദുരന്തത്തിന് ഇരയായത്. യുകെയിൽ എത്തി ഒരു വർഷം പൂർത്തിയാകാൻ മാസങ്ങൾ ബാക്കി നിൽക്കെയാണ് അപ്രതീക്ഷിത വിട വാങ്ങൽ.
കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 21 ന് നടക്കുന്ന Meet& GROW പരിപാടിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ആമ്പിൾ മോർട്ടഗേജ് കമ്പനിയും പങ്കെടുക്കുന്നു . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എൻ ആർ ഐ ,യുകെ ബാങ്ക് അക്കൗണ്ടുകൾ ,ഫിക്സഡ് ഡെപ്പോസിറ്റുകൾ ,ISA അക്കൗണ്ടുകൾ , Buy to let കൊമേർഷ്യൽ ലോണുകൾ എന്നിവ ആരംഭിക്കാൻ ഒരു അവസരം . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതിനിധികൾ ബ്രിസ്റ്റോൾ ഗ്രീൻവേ സെന്ററിൽ രാവിലെ 10 മുതൽ മൂന്നു മണി വരെ ഉണ്ടാകും . ഉപഭോക്‌താക്കൾ പാസ്പോർട്ട് /BRP card /OCI/PAN /ഡ്രൈവിംഗ് ലൈസൻസ് /നാഷണൽ ഇൻഷുറൻസ് നമ്പർ / 2 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് തുടങ്ങാൻ കൊണ്ടുവരേണ്ടതാണ് .
മോർട്ടഗേജ് /റീ മോർട്ടഗേജ് ആവശ്യങ്ങൾക്കായി യുകെയിലെ പ്രമുഖ മോർട്ടഗേജ് കമ്പനിയായ ആമ്പിൾ മോർട്ടഗേജിന്റെ പവലിയനും ഉണ്ടായിരിക്കുന്നതാണ് .
പ്രവേശനം തികച്ചും സൗജന്യമാണ്
വിലാസം
Cabot Room
Greenway Centre
Doncaster Road ,Southmead
Bristol BS 10 5PY .
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ :074327 32986
ആമ്പിൾ മോർട്ടഗേജ് :079 36 831 339
കോസ്മോപോളിറ്റൻ ക്ലബ് :07754 724 879.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാമിൽ നിര്യാതനായ ബിജു ജോസഫിന് ജൂൺ 21-ാം തീയതി ശനിയാഴ്ച യുകെ മലയാളികൾ വിട പറയും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2 മണി മുതൽ 5 മണി വരെയാണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. പൊതുദർശനം നടക്കുന്ന പള്ളിയുടെ വിലാസം താഴെ കൊടുത്തിരിക്കുന്നു.
Our Lady of the Rosary and St Therese of Lisieux
Birmingham, B8 3BB
യുകെയിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായ ബിജു ജോസഫ് കേരളത്തിൽ കൊട്ടിയൂർ നെടുംകല്ലേൽ കുടുംബാംഗമാണ്. ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ (BCMC) സജീവ പ്രവർത്തകനും സീറോ മലബാർ സഭയുടെ സെൻറ് ബെനഡിക് മിഷൻ സാറ്റ്ലി ഇടവകാംഗവുമായിരുന്നു പരേതൻ.
മൃതസംസ്‍കാരം ജൂൺ 26 -ന് കണ്ണൂർ കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ രാവിലെ 10 മണിക്ക് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
യുകെ മലയാളികളുടെ പുതിയ സംരഭത്തിന് ഇന്ന് നോട്ടിങ്ഹാമിൽ തുടക്കമായി. മദേഴ്സ് ഫുഡ്സ് ലിമിറ്റഡ് എന്ന പേരിൽ ആരംഭിച്ച സംരംഭത്തിന്റെ ആശീർവാദ കർമ്മം രാവിലെ 10 മണിയ്ക്ക് ഫാ. ജോബി ജോൺ നിർവഹിച്ചു. തുടർന്ന് ക്രേംബ്രിഡ്ജ് മുൻ മേയർ ബൈജു തിട്ടാല ഉദ്ഘാടനം ചെയ്തു.
ചപ്പാത്തിയും പൊറോട്ടയും ഉൾപ്പെടെ രുചികരവും ഗുണമേന്മയും ഉള്ളതുമായ ഭക്ഷണ ഉത്പന്നങ്ങൾ നോട്ടിങ്ഹാമിൽ തന്നെ ഉത്പാദനം ചെയ്ത് യുകെയിലെ എല്ലാ വിഭാഗങ്ങളിലും എത്തിക്കുക എന്ന ആശയത്തോടെ മദേഴ്സ് ഫുഡ് ലിമിറ്റഡ് എന്ന ഫുഡ് മാനുഫാക്ചറിങ് കമ്പനിയുടെ ആരംഭ ലക്ഷ്യം. കമ്പനി ബോർഡ് ഡയറക്ടേഴ്സ് ആയ വിജേഷ്, രാജു, രാജേഷ്, പ്രിൻസ്, ജോണി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
യുകെയിലെ വലിയ മലയാളി സംഘടനയായ യുഗ്മയുടെ ഈസ്റ്റ് വെസ്റ്റ് ലാൻഡ് പ്രസിഡന്റ് അഡ്വക്കേറ്റ് ജോബി പുതുകുളങ്ങര, നോട്ടിങ്ഹാം മലയാളി അസോസിയേഷൻ പ്രസിഡന്റ് ബെന്നി ജോസഫ് , മുദ്ര ആർട്സ് നോട്ടിങ്ഹാം പ്രസിഡന്റ് നെവിൻ സി ജോസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്രിസ്തീയ സ്നേഹവും വിശ്വാസവും ഒത്തൊരുമയും ഒരു നല്ല ഇടവക സമൂഹത്തിന്റെ മുഖമുദ്രയാണ്. ഞായറാഴ്ചകളിലും വിശേഷവസരങ്ങളിലെയും ഒത്തുചേരലുകളും പ്രാർത്ഥന കൂട്ടായ്മകളും ആണ് ഇടവക സമൂഹത്തിൽ ഊടും പാവും നെയ്യുന്നത്. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടിയേറിയ സീറോ മലബാർ സമൂഹത്തിന്റെ അംഗങ്ങളാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള സ്റ്റോക്ക് ഓൺ ട്രെൻഡ് ഇടവക സമൂഹത്തിന്റെ ശക്തി സ്രോതസ്സ്. വികാരി ഫാ. ജോർജ് ഏട്ടുപറയുടെ നേതൃത്വത്തിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് സ്റ്റോക്ക് ഓൺ ട്രെൻഡ് ഇടവകയെ വ്യത്യസ്തമാക്കുന്നത് . വിശ്വാസത്തിൻറെ നേർവഴികൾക്കൊപ്പം സ്നേഹബന്ധങ്ങളുടെ ഊഷ്മളതയും ഊട്ടി ഉറപ്പിക്കുന്നതിനായി അവതരിപ്പിച്ച നസ്രാണി കളിക്കളം അതുകൊണ്ടുതന്നെ ഇടവകാംഗങ്ങളുടെ മാത്രമല്ല മറ്റ് സ്ഥലങ്ങളിൽ ഉള്ളവരുടെയും പ്രശംസ പിടിച്ചു പറ്റി.
മെയ് 31 -നാണ് നസ്രാണി കളിക്കളം എന്ന കായിക ദിനം സ്റ്റോക്ക് ഓൺ ട്രെൻഡ് ഇടവകയിൽ കൊണ്ടാടിയത്. ആധുനിക കാലത്ത് മൊബൈൽ ഫോണുമായി ചങ്ങാത്തം കൂടി ഒറ്റപ്പെടുന്ന യുവജനങ്ങളെയും കുട്ടികളെയും കളിക്കളത്തിലിറക്കി സമൂഹ ജീവിതത്തിന്റെയും പരസ്പര സഹകരണത്തിൻെറ മനോഹര കാഴ്ചകളിലേയ്ക്ക് എത്തിക്കാനായി ആണ് ഫാ. ജോർജ് എട്ടുപറ അച്ചൻ ഈ മനോഹര ആശയം മുന്നോട്ട് വച്ചത്.
500 പരം ഇടവക അംഗങ്ങളാണ് നസ്രാണി കളിക്കളത്തിൽ പങ്കെടുത്തത്. ഏറ്റവും കൂടുതൽ ആളുകളെ മാർച്ച് പാസ്റ്റുകളിലും സമാപന സമ്മേളനങ്ങളിലും കൊണ്ടുവന്ന ഹൗസുകൾക്ക് പോയൻ്റുകൾ ഏർപ്പെടുത്തിയത് നസ്രാണി കളിക്കളത്തിൽ ഇടവകാംഗങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് സഹായകരമായി. മാർച്ച് ഫാസ്റ്റിലും ക്ലോസിങ് സെറിമണികളിലും ഏറ്റവും കൂടുതൽ ആളുകളെ കൊണ്ടുവന്ന് ഒന്നാം സ്ഥാനം നേടിയത് റെഡ് ഹൗസ് ആണ്.
കട്ടയ്ക്ക് കട്ടയ്ക്ക് നിന്ന മത്സരങ്ങളിൽ 267 പോയിൻറ് നേടി റെഡ് ഹൗസ് ഓവറോൾ കിരീടം ചൂടി. ഫെനിഷ് വിൽസൻ്റെ നേതൃത്വത്തിലാണ് റെഡ് ഹൗസ് കിരീടം ചൂടിയത് . തൊട്ടടുത്തു തന്നെ 265 പോയിന്റുകൾ നേടി ഗ്രീൻ ഹൗസ് അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ രണ്ടാം സ്ഥാനത്ത് എത്തി. 184 പോയിന്റുമായി ജിജോ മോൻ ജോർജിൻറെ നേതൃത്വത്തിൽ യെല്ലോ ഹൗസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. 143 പോയൻറുകൾ നേടി സോണി ജോണിന്റെ നേതൃത്വത്തിൽ ബ്ലൂ ഹൗസ് നാലാം സ്ഥാനം കരസ്ഥമാക്കി.
സിബി ജോസ്, ജോഷി വർഗീസ്, സുദീപ് എബ്രഹാം, ക്രിസ്റ്റി സെബാസ്റ്റ്യൻ, ഡേവിസ് എന്നിവരായിരുന്നു നസ്രാണി കളിക്കളത്തിൻറെ മുഖ്യ സംഘാടകർ.
സമാപന സമ്മേളനത്തിൽ നസ്രാണി കളിക്കളം വിജയത്തിലേയ്ക്ക് എത്തിക്കാൻ അഹോരാത്രം കഷ്ടപ്പെട്ട ട്രസ്റ്റിമാരെയും കോ ഓർഡിനേറ്റർമാരെയും സ്പോർട്സ് കോ ഓർഡിനേറ്റർമാരെയും ഫാ. ജോർജ് എട്ടുപറയിൽ അച്ചൻ അഭിനന്ദിച്ചു. ഇടവക കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിച്ച സിസ്റ്റർ ലിൻസിയും സിസ്റ്റർ ഷേർലിയും ആദ്യവസാനം ഇടവകാംഗങ്ങൾക്കൊപ്പം നസ്രാണി കളിക്കളത്തിൽ പങ്കുചേർന്നിരുന്നു.
സ്റ്റോക്ക് ഓൺ ട്രെൻഡ് ഇടവകയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരെയും പുതിയതായി എത്തിയവരെയും ഒരേ കുടക്കീഴിൽ അണിനിരത്തിയ നസ്രാണി കളിക്കളം എല്ലാവരുടെയും മനസ്സിൽ വിരിയിച്ചത് ഒത്തൊരുമയുടെ സന്ദേശമായിരുന്നു.
റെഡ്ഡിംഗിൽ മലയാളി യുവതി മരണമടഞ്ഞു. റെഡ്ഡിംഗിലെ മിനി – ജോസി ദമ്പതികളുടെ മകൾ പ്രസീന വർഗീസ് ആണ് കുഴഞ്ഞു വീണതിനെ തുടർന്ന് മരണമടഞ്ഞത്. പ്രസീനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല എന്നാണ് പ്രാഥമിക വിവരം. പ്രസീനയ്ക്ക് ഹൃദയ സ്തംഭനം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വെറും 24 കാരിയായ പ്രസീനയുടെ മരണം യുകെയിലെ മലയുയാളികളെ ഞെട്ടിച്ചിരിക്കുകയാണ്..
റെഡ്ഡിംഗിലെ മിനി – ജോസി ദമ്പതികളുടെ മകളാണ് പ്രസീന. പ്രസീനയുടെ കുടുംബം റെഡ്ഡിംഗ് മലയാളി സമൂഹത്തിനും സീറോ മലബാര്‍ സഭ വിശ്വാസികള്‍ക്കും ഏറെ പ്രിയപ്പെട്ടവര്‍ ആയിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പങ്കുവയ്ക്കപ്പെടുന്നത്. നാട്ടില്‍ പാലാ സ്വദേശികളാണ് ഇവര്‍.
പ്രസീനയുടെ വേര്‍പാടിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ആറു മണിയ്ക്ക് ഇവരുടെ വീട്ടില്‍ വച്ച് ഒപ്പീസ് പ്രാര്‍ത്ഥന നടത്തി. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. പ്രസീനയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.