കണ്ണൂര്‍ തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് അറസ്റ്റുണ്ടായേക്കും. കുട്ടിയുടെ അച്ഛനും, അമ്മയും പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാവിലെയാണ് തയ്യില്‍ കടപ്പുറത്തെ ശരണ്യ, പ്രണവ് ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹം കടൽഭിത്തിയിലെ പാറക്കൂട്ടത്തില്‍ നിന്ന് ലഭിച്ചത്. അച്ഛന്റെയും, അമ്മയുടേയും മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇരുവരും വിവാഹമോചനത്തിന്റെ വക്കില്‍ ആയിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. കുടുംബപ്രശ്നങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

അച്ചന്റെയും, അമ്മയുടേയും മൊഴികളിലെ വൈരുധ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇരുവരേയും പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യുന്നത്. കുട്ടി അമ്മയോടൊപ്പമാണ് ഉറങ്ങാന്‍ കിടന്നതെന്നും പുലര്‍ച്ചെ മൂന്നുമണിക്ക് കുഞ്ഞ് കരഞ്ഞപ്പോള്‍ ശരണ്യ ഉറക്കിയെന്നുമാണ് പ്രണവിന്റെ മൊഴി. എന്നാല്‍ കുഞ്ഞ് ഉണര്‍ന്നശേഷം, ശ്രദ്ധിക്കണമെന്ന് പ്രണവിനോട് പറഞ്ഞിരുന്നതായി ശരണ്യ പറയുന്നു. നിലവില്‍, ഈ മൊഴി അന്വേഷണസംഘം വിശ്വസിക്കുന്നില്ല. അതുകൊണ്ടു തന്നെയാണ് ശരണ്യയുടെ കിടക്കവിരിയടക്കമുള്ള സാധനങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി പൊലീസ് അയച്ചിരിക്കുന്നതും. ശരണ്യയും, പ്രണവും വിവാഹമോചനത്തിന്റെ വക്കില്‍ ആയിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

ശരണ്യയ്ക്ക് മറ്റു വിവാഹാലോചനകള്‍ നടന്നിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രണവ് വീട്ടില്‍ വരുന്നത് ശരണ്യയുടെ പിതാവ് വിലക്കിയിരുന്നു. അദ്ദേഹം വീട്ടില്‍ ഇല്ലാത്ത തക്കം നോക്കിയാണ് ഞായറാഴ്ച രാത്രി പ്രണവ് എത്തിയത്. ഈ കുടുംബപ്രശ്നങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. സമീപവാസികളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.