ഹോങ്കോങ് ∙ ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശം മാനിക്കാൻ ചൈന തയാറാകണമെന്ന നിലപാട് ആവർത്തിച്ചു പറയുന്നതിനിടെ ഹോങ്കോങ് പ്രക്ഷോഭകാരികളെ അനുകൂലിക്കുന്ന ബില്ലില്‍ ഒപ്പുവച്ച് യുഎസ്. ചൈനയുടെ ശക്തമായ വെല്ലുവിളികളെ അവഗണിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി.

ഹോങ്കോങ്ങിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ജനാധിപത്യവാദികൾ ഉജ്വല വിജയം നേടിയതോടെ ഭരണകൂടത്തിനെതിരായ വികാരത്തിനൊപ്പം നിൽക്കാൻ യുഎസ് ഭരണകൂടം തീരുമാനിക്കുകയായിരുന്നു. 452 ജില്ലാ കൗൺസിൽ സീറ്റുകളിൽ 388 എണ്ണം, 6 മാസമായി പ്രക്ഷോഭം തുടരുന്ന ജനാധിപത്യവാദികൾ പിടിച്ചെടുത്തത് ചൈനയ്ക്കു കനത്ത പ്രഹരമായി. ചൈന അനുകൂല വിഭാഗത്തിന് വെറും 59 സീറ്റുകളേ ലഭിച്ചുള്ളൂ. 5 സ്വതന്ത്രന്മാരും ജയിച്ചു. നിലവിൽ ജനാധിപത്യചേരിക്ക് 125 സീറ്റുകളാണ് ഉണ്ടായിരുന്നത്.

പ്രക്ഷോഭകാരികളെ അനുകൂലിക്കുന്ന ബില്ലില്‍ ഒപ്പുവച്ച ട്രംപിന്റെ നടപടിക്കെതിരെ ചൈന വാളെടുത്തു കഴിഞ്ഞു. ഹോങ്കോങ്ങിൽ ജനാധിപത്യവാദികൾ നടത്തിവരുന്ന പ്രക്ഷോഭത്തിൽ യുഎസിനു പങ്കുണ്ടെന്ന് കാലങ്ങളായി ചൈന ഉയർത്തുന്ന ആരോപണമാണ്. ബെയ്ജിങ്ങിന്റെ ജനാധിപത്യ വ്യവസ്ഥകള്‍ക്കുമേലുള്ള കടന്നു കയറ്റമെന്നാണു യുഎസ് നടപടിയെ ചൈന വിശേഷിപ്പിച്ചതും. ട്രംപിന്റെ നടപടിയെ ശക്തമായി അപലപിച്ച ചൈന ബില്ലിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നു യുഎസിന് മുന്നറിയിപ്പു നൽകുകയും ചെയ്തു.

അതിനിടെ ഹോങ്കോങ് ജനാധിപത്യവാദികളെ പിന്തുണയ്ക്കുന്ന ബില്‍ നടപ്പാക്കുന്നതിൽ നിന്നു പിന്മാറണമെന്നാവശ്യപ്പെട്ട് യുഎസ് അംബാസഡറെ ചൈന വിളിച്ചു വരുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാതാരിക്കാനാണ് ഈ ആവശ്യമെന്നും ബില്ലിന്മേൽ കനത്ത പ്രതിഷേധം അറിയിക്കുന്നതായും ചൈനീസ് ഉപ വിദേശകാര്യമന്ത്രി ലെ യുചേങ് അറിയിച്ചു.

തെറ്റ് തിരുത്താൻ യുഎസ് തയാറാകണമെന്നും അംബാസഡർ ടെറി ബ്രാൻസ്റ്റഡിനോട് ചൈന ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് ഹോങ്കോങ് ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഡെമോക്രസി ആക്ട് 2019ൽ (ഹോങ്കോങ് മനുഷ്യാവകാശ ജനാധിപത്യ നിയമം) ട്രംപ് ഒപ്പുവച്ചത്. സെനറ്റിലെ ഒരംഗം ഒഴികെ ബാക്കിയെല്ലാവരും ബില്ലിനെ പിന്തുണച്ചു.

വ്യാപാര ഇടപാടുകൾക്ക് ഹോങ്കോങ്ങിനു പ്രത്യേക പദവിയാണ് യുഎസ് നൽകിയിരിക്കുന്നത്. ഹോങ്കോങ്ങിനു സ്വയംഭരണാവകാശം ഉണ്ടെന്ന് ഉറപ്പു വരുത്തിയാണ് ഈ പദവി നൽകിയിരിക്കുന്നത്. വ്യാപാരം മുന്നോട്ടു പോകണമെങ്കിൽ ഇതു നിലനിർത്തേണ്ടതും അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ ഹോങ്കോങ്ങിന് യുഎസ് നിഷ്കർഷിക്കുന്നതു പ്രകാരമുള്ള സ്വയംഭരണാവകാശം ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ചുമതലയാണ്.

ഹോങ്കോങ്ങിൽ യുഎസിന് ‘ആവശ്യമായ’ സ്വയംഭരണാവകാശം നിലനിൽക്കുന്നുണ്ടെന്നു വർഷത്തിലൊരിക്കൽ ഉറപ്പുവരുത്താൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോടു നിർദേശിക്കുന്നതാണ് ബിൽ. ഹോങ്കോങ്ങിൽ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു കാരണക്കാരാകുന്ന ചൈനീസ്, ഹോങ്കോങ് ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്താനും ബിൽ അനുശാസിക്കുന്നു. ചൈന–യുഎസ് ബന്ധത്തിന് ഉലച്ചിലുണ്ടാക്കാൻ പോന്നതാണ് ഈ നിർദേശങ്ങൾ.

ഹോങ്കോങ്ങിൽ ട്രംപ് ഭരണകൂടത്തിനു നേരിട്ട് ഇടപെടാവുന്ന രീതിയിലേക്കു കാര്യങ്ങൾ മാറ്റാനുള്ള യുഎസ് തന്ത്രമാണ് ഹോങ്കോങ് മനുഷ്യാവകാശ ജനാധിപത്യ നിയമമെന്നു ചൈന കുറ്റപ്പെടുത്തുന്നു. ഹോങ്കോങ്ങിന്റെ ഭരണഘടനാപരമായ കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം തങ്ങൾക്കു മാത്രമാണെന്ന് ചൈന ആവർത്തിച്ചു പറയുമ്പോഴും ജനാധിപത്യവാദികൾക്ക് യുഎസ് നൽകുന്ന പിന്തുണ ചൈനയെ ചൊടിപ്പിക്കുന്നുണ്ട്.