ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചൈനീസ് ആണവ യുദ്ധക്കപ്പലുകളെ കണ്ടെത്തി. ചൈനീസ് ആംഫിബിയസ് യുദ്ധക്കപ്പല്‍ സിയാന്റെയും മിസൈല്‍ യുദ്ധക്കപ്പലിന്റെയും ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യന്‍ നാവികസേനയാണ് ചൈനയുടെ ഈ രഹസ്യനീക്കം കണ്ടെത്തിയത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെ ഇന്ത്യന്‍ നാവികസേനയുടെ പി 8 ഐ സമുദ്ര നിരീക്ഷണ വിമാനമാണ് ചൈനീസ് ആണവ യുദ്ധക്കപ്പലുകളുടെ ചിത്രമെടുത്തത്. ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് കഴിഞ്ഞ മൂന്ന് ആഴ്ചകളായി ചൈനീസ് ചാരക്കപ്പല്‍ ഇന്ത്യന്‍ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ആഴ്ചകള്‍ക്കു മുന്‍പ് ചൈനയുടെ ഏറ്റവും വലിയ ഇന്റലിജന്‍സ് കപ്പല്‍ ഡോങ്ഡിയാഗോ ഈ മേഖലയില്‍ എത്തിയിരുന്നു. ഇന്ത്യന്‍ നാവിക സേന താവളങ്ങളെക്കുറിച്ചും നാവികസേന വിന്യസിച്ച യുദ്ധക്കപ്പലുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ചൈനീസ് നീക്കം.

മിസൈലുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ശേഷിയുള്ള 815 ജി ഡോങ്ഡിയാഗോ കപ്പല്‍ ഈ മേഖലയില്‍ എത്തിയതിനു തൊട്ടുപിന്നാലെ ചൈനീസ് ആണവ യുദ്ധക്കപ്പലുകളും കണ്ടെത്തിയത്. ചൈനയെ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നേവിയുടെ സാന്നിധ്യം ഇന്ത്യ വര്‍ധിപ്പിച്ചിരുന്നു. മേഖലയില്‍ വര്‍ധിച്ചുവരുന്ന ചൈനയുടെ സാന്നിധ്യത്തെ ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. ഇത് ആശങ്കയുണ്ടാക്കുന്നു.

പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങി ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ചൈന നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നിന്ന് മേഖലയെ നിരീക്ഷണത്തിലാക്കുകയെന്ന തന്ത്രമാണ് കാലങ്ങളായി ചൈന ചെയ്യുന്നത്.