“999 വിളിച്ചിട്ട് പറയാൻ സാധിക്കുന്നില്ല… ശ്വസനം തടസപ്പെടുന്നു… നിസ്സഹായരായി വീടിന് പുറത്തു പേടിച്ച് നിൽക്കുന്ന കൂട്ടുകാരികൾ…. മരണം മുന്നിൽ കണ്ടപ്പോൾ മനസ്സിൽ മിന്നിമറഞ്ഞ ബന്ധുക്കൾ…” കൊറോണ ബാധിച്ച യുകെയിലെ മലയാളി വിദ്യാർത്ഥിനി പറയുന്നത്..

“999 വിളിച്ചിട്ട് പറയാൻ സാധിക്കുന്നില്ല… ശ്വസനം തടസപ്പെടുന്നു… നിസ്സഹായരായി വീടിന് പുറത്തു പേടിച്ച് നിൽക്കുന്ന കൂട്ടുകാരികൾ…. മരണം മുന്നിൽ കണ്ടപ്പോൾ മനസ്സിൽ മിന്നിമറഞ്ഞ ബന്ധുക്കൾ…” കൊറോണ ബാധിച്ച യുകെയിലെ മലയാളി വിദ്യാർത്ഥിനി പറയുന്നത്..
March 25 13:25 2020 Print This Article

പ്രെസ്റ്റൺ: ലോകജനത പറഞ്ഞറിയിക്കാൻ കഴിയാത്ത വിഷമ ഘട്ടങ്ങളിൽ കൂടിയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ലോകമെങ്ങും കൊറോണ എന്ന വൈറസ് പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്നു. നാല് ലക്ഷത്തോളം പേര് രോഗബാധിതരായിപ്പോൾ മരണസംഖ്യ ഇതുപതിനായിരത്തോളമാകുന്നു. പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള ഒരു പ്രതിസന്ധിയിലൂടെ കടന്നു പോയ കാലഘട്ടം മുൻപ് ഒന്നും ഓർമ്മയിൽ ഇല്ല.  വൈറസിന്റെ വ്യാപനത്തെ തുടർന്ന് എല്ലാ രാജ്യങ്ങളും നിയന്ത്രണങ്ങൾ ഏർപെടുത്തിയപ്പോൾ പെട്ടുപോയത് കൊച്ചു കേരളത്തിൽ നിന്നും പുറം രാജ്യങ്ങളിൽ ജോലിക്കായും പഠനത്തിനായും പോയ മലയാളി പ്രവാസികളെ ആണ്.

“പൂച്ചേ കൊള്ളാം പൂച്ചയുടെ കണ്ണ് കൊള്ളില്ല” എന്നപോലെയാണ് കേരളത്തിലെ വിദ്യാസമ്പന്നരെന്ന് ആവകാശപ്പെടുന്ന കേരള ജനതയുടെ പ്രവാസികളോടും വിദേശികളോടും പെരുമാറിയ രീതി. ഇത്തരം പെരുമാറ്റം ഉണ്ടാക്കിയ മനോവിഷമം പ്രവാസികളെ സംബന്ധിച്ചു പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ചുരുക്കം ചില പ്രവാസികളുടെ അലംഭാവം അല്ലെങ്കിൽ അറിവില്ലായ്മ അതുമല്ലെങ്കിൽ അനുസരണക്കേട് കാര്യങ്ങൾ വഷളാക്കി എന്ന് സമ്മതിക്കുബോൾ തന്നെയും വരുന്ന എല്ലാ പ്രവാസികളെയും ഒരേ രീതിയിൽ മോശമായി ചിത്രീകരിച്ചപ്പോൾ നാട്ടിൽ പോകാം എന്ന് കരുതിയ ഒരുപിടി പ്രവാസി മലയാളികൾ യാത്ര പകുതി വഴിയിൽ ഉപേക്ഷിച്ചു എന്ന് വേദനയോടെ മലയാളം യുകെയോട് ഇതിനകം പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വൈറൽ ആയ പത്തനംതിട്ടയിൽ നിന്നുള്ള ഒരമ്മയുടെ വോയിസ് ക്ലിപ്പ് തന്നെ അതിന്റെ ഏറ്റവും നല്ല ഉദാഹരണം. പ്രവാസികളാണ് കേരള സാമ്പത്തികത്തിന്റെ നട്ടെല്ല് എന്ന് ഉറക്കെ പറയുന്നവരെല്ലാം ഒരു സുപ്രഭാതത്തിൽ അത് വിസ്മരിക്കുന്ന കാഴ്ച്ച പ്രവാസികളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് എന്നാണ് മലയാളം യുകെ മനസിലാക്കുന്നത്.

ഇനി കൊറോണ എന്ന വൈറസ് എത്രമാത്രം ഭയാനകമാണ് എന്ന് പലരും ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് കരുതുന്നില്ല. വൈറസ് സംബന്ധമായ പല തെറ്റിദ്ധാരണകളും നിലനിൽക്കുന്നതുകൊണ്ടാണ് ഇത്. ചെറുപ്പക്കാരിൽ ഉണ്ടാകില്ല എന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണ് എന്ന് പുറത്തുവരുന്ന വാർത്തകൾ വെളിപ്പെടുത്തുന്നു. ഒരു പക്ഷെ അനുഭവമാണ് ഏറ്റവും വലിയ ഗുരു എന്ന് പറയുന്നതുപോലെ ഇതാ യുകെയിലെ പ്രെസ്റ്റണിലുള്ള ഒരു മലയാളി വിദ്യാർത്ഥിനി വൈറസിന്റെ പിടിയിലമർന്നപ്പോൾ ഉണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ്. UCLAN യൂണിവേഴ്സിറ്റിയിൽ മാസ്‌റ്റേഴ്‌സ് ഡിഗ്രി ചെയ്യുന്ന റാഫിയാ ഷെറിൻ എന്ന മലയാളി പെൺകുട്ടിയാണ് രോഗത്തിന്റെ യഥാർത്ഥ മുഖം എന്താണ് എന്ന് നമ്മൾക്ക് വെളിപ്പെടുത്തുന്നത്.

ഒരാഴ്ച്ച മുൻപ് തന്നെ കൊറോണയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയപ്പോൾ തന്നെ ഐസൊലേഷനിൽ ആയി. ഒരു വീട്ടിൽ  തന്നെ താമസിക്കുകയായിരുന്നു. എന്നാൽ ഇന്നലെ എന്റെ നില വളരെ വഷളാവുകയും ശ്വസനത്തിന് ബുദ്ധിമുട്ട് ഉണ്ടാവുകയും ഓക്സിജൻ ലെവൽ താഴുകയും ചെയ്‌തു. വീട്ടിൽ അറിയിക്കാൻ സാധിക്കാത്ത അവസ്ഥ… ഒരു വിദ്യാർത്ഥിനിയായ ഞാൻ എങ്ങനെയാണ് എല്ലാം ഉമ്മയോട് തുറന്നു പറയുക.. എന്നാൽ ഡോക്ടർ ആയ ഉമ്മക്ക് കാര്യങ്ങൾ മനസിലായി.. എങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല.. ശ്വസിക്കാൻ ഞാൻ വളരെ വിഷമിച്ചപ്പോൾ ഒരു ഐ സി യൂ സ്‌പെഷിലിസ്റ്റായ അങ്കിളിനെ വിളിക്കുകയും പെട്ടെന്ന് 999 വിളിക്കാൻ ഉപദേശിക്കുകയും ചെയ്‌തു.. എമർജൻസി വിളിച്ച എനിക്ക് അവരോട് എന്റെ അവസ്ഥ പറയാനുള്ള ശ്വാസം ലഭിക്കാതായി… ഫോൺ കട്ട് ചെയ്യുകയാണ് ചെയ്‌തത്‌. പിന്നീട് കൂട്ടുകാരിയോട് 999 വിളിക്കാൻ പറയുകയും ഒരാൾക്ക് ടെക്സ്റ്റ് മെസ്സേജ് ചെയ്യുകയും ചെയ്‌തു. താഴെ ഇറങ്ങി വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ താഴെ വീഴുന്ന അവസ്ഥ.. രണ്ടു കൂട്ടുകാർ ഓടിയെത്തിയെങ്കിലും ഒരു ഗ്ലാസ് വെള്ളം എടുത്തുതരാൻ പോലും സാധിക്കുന്നില്ല.. പ്രൊട്ടക്റ്റീവ് മാസ്ക് ഒന്നും അവരുടെ അടുത്ത് ഇല്ല… രോഗം സംശയിക്കുന്നതുകൊണ്ട് സഹായിക്കാൻ പറ്റാത്ത നിസ്സഹായ അവസ്ഥയിൽ  പേടിച്ചു നിൽക്കുന്ന കൂട്ടുകാർ…

ഒരുപാട് ചിന്തകൾ എന്റെ മനസിലേക്ക് ഓടി വന്നു ഞാൻ മരിച്ചുപോകുമെന്ന തോന്നൽ… ശ്വാസം നിലക്കുന്നു, തൊണ്ട വരളുന്നു. സ്പർശന ശക്തി നഷ്ടപ്പെട്ട വിരലുകൾ… ഓക്സിജൻ കുറഞ്ഞതുകൊണ്ട് കാലുകൾ നീല നിറമാകുന്നതു കാണുന്നു… ആംബുലൻസ് എത്താൻ വൈകിയ അഞ്ചു മിനിറ്റ്… മരിച്ചാൽ എന്റെ ബോഡി നാട്ടിൽ കൊണ്ടുപോകാൻ പറ്റുമോ.. എന്റെ ഉമ്മയുടെയും ബന്ധുക്കളുടെയും മുഖങ്ങൾ മനസിൽ മിന്നി മറഞ്ഞു.. എനിക്ക് ഒന്നും വരില്ല എന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നെങ്കിലും ഞാൻ കടന്നു പോയത് വിവരിക്കാൻ പറ്റാത്ത വേദനകളിൽകൂടിയും, ആകാംക്ഷകളിൽ കൂടിയുമാണ്…

ഇപ്പോൾ ഞാൻ ഇത് പങ്കുവെയ്ക്കുന്നത് ഇത് മറ്റൊരാൾക്കും വരാതിരിക്കുന്നതിനും വന്നാൽ ഇത് വളരെ മോശം അവസ്ഥയിൽ ആകുമെന്നും അറിയിക്കാൻ വേണ്ടിയാണ്… ആരോഗ്യമാണ് വലുത് .. പണം പിന്നീട് ഉണ്ടാക്കാം … ദയവായി നിങ്ങൾ എല്ലാവരും വീട്ടിൽ ഇരിക്കുക… എന്റെ എളിയ ഒരു അഭ്യർത്ഥന ആണ്… അവഗണിക്കരുത് ഈ അനുഭവം..

വോയിസ് ക്ലിപ്പ് കേൾക്കാം

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles