വടക്ക് കിഴക്കൻ ഡൽഹിയിൽ‌ കലാപം തുടരുന്നതിനിടെ താൻ നടത്തിയ വിവാദ പരാമർശങ്ങളെ ന്യായീകരിച്ച് വീണ്ടും ബിജെപി നേതാവ് കപില്‍‌ മിശ്ര. താൻ നടത്തിയ പരാമർശങ്ങളിൽ ഖേദമില്ലെന്നും ജാഫറാബാദ് ഒഴിപ്പിച്ചത് ശരിയായ നടപടിയാണെന്നുമാണ് കപിൽ മിശ്രയുടെ പുതിയ പ്രതികരണം.

ഡൽഹിയിലെ പ്രതിഷേധം കലാപമായി മാറിയത് കപിൽ മിശ്രയുടെ വിദ്വേഷ പരാമർശങ്ങളായിരുന്നെന്ന് വ്യാപക വിമർ‌നങ്ങൾ ഉയരുന്നതിടെയാണ് കപിൽ മിശ്രയുടെ പുതിയ പ്രതികരണം. കപിൽ മിശ്രയുടെ പരാമർശത്തിനെതിരെ ബിജെപി നേതാവും ഡൽഹിയിലെ എംപിയായ ഗൗതം ഗംഭീർ അടക്കമുള്ളവർ നിലപാട് എടുത്തിരുന്നു. പിന്നാലെയാണ് മിശ്രയുടെ പുതിയ പ്രതികരണം.

വിമർശനങ്ങൾ രൂക്ഷമായതോടെ സമാധാനാഹ്വാനവുമായി മിശ്ര രംഗത്തെത്തി. പിന്നാലെ തന്റെ ട്വിറ്റർ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകളില്‍ ഉൾപ്പെടെയാണ് പുതിയ പരാമർശങ്ങൾ. ജാഫറാബാദ് ഒഴിപ്പിച്ചത് ശരിയായ നടപടിയാണ്, അതുകൊണ്ട് മറ്റൊരു ഷാഹിൻബാഗ് ഒഴിവായെന്നാണ് പുതിയ പരാമർശം.

തനിക്കെതിരെ വധ ഭീഷണികൾ വരുന്നുണ്ടെന്നും മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ ഉള്ളവർ തന്നെ അധിക്ഷേപിക്കുകയാണെന്നും മിശ്ര ട്വീറ്റില്‍ പറയുന്നു. വിദേശത്ത് നിന്നുൾപ്പെടെ ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന മിശ്ര എന്നാൽ തെറ്റ് ചെയ്തിട്ടില്ലാത്ത തനിക്ക് ഭയമില്ലെന്നും കൂട്ടിച്ചേർത്തു.

ദേശീയ തലസ്ഥാനത്ത് സമാധാനം സ്ഥാപിക്കുന്നതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ആശയക്കുഴപ്പമുണ്ടാക്കുന്ന ചെയ്തികളിൽ നിന്നും വിട്ടുനിൽക്കണമന്നും ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരി ആവശ്യപ്പെട്ടു. ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുന്ന പരാമർശങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ എല്ലാ പാർട്ടി നേതാക്കളും തയ്യാറാവണമെന്നും മനോജ് തിവാരി ചൊവ്വാഴ്ച ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുത്ത ശേഷമായിരുന്നു പ്രതികരണം. പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഡൽഹിയിൽ അരങ്ങേറിയ അക്രമങ്ങൾ ആസൂത്രിതമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. ഇന്നലെ ചേർന്ന അവലോകന യോഗത്തിലാണ് അമിത് ഷാ ഈ നിലപാട് എടുത്തത് എന്നാണ് റിപ്പോർട്ട്. സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണ വിധേയമാണെന്നാണ് അധികൃതർ നൽകുന്ന വിവരം. എന്നാൽ, ചൊവ്വാഴ്ച വലി അഴിഞ്ഞാടിയ ഗോകുൽപുരിയിൽ ഇന്ന് വീണ്ടും സംഘർഷം ഉണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു. ജഫ്രാബാദുൾപ്പടെയുള്ള മേഖലകളിൽ കേന്ദ്രസേന നിലയുറപ്പിച്ചിരിക്കെയാണ്, ഗോകുൽപുരിയിൽ വീണ്ടും അക്രമം അരങ്ങേറിയിരിക്കുകയാണ്.

അതിനിടെ, രാജ്യ തലസ്ഥാനത്ത് തുടരുന്ന കലാപത്തിൽ മരിച്ചവരുടെ എണ്ണം 18 ആയെന്നാണ് പുതിയ റിപ്പോർട്ടുകൾ. പരിക്കേറ്റ നിരവധിപ്പേരെ പ്രവേശിപ്പിച്ചിരിക്കുന്ന ഡൽഹി ജിടിബി ആശുപത്രിയിൽ നിന്നാണ് ഈ സ്ഥിരീകരണമുണ്ടായിരിക്കുന്നത്. ഇന്ന് പുലർച്ചെ മാത്രം അഞ്ച് പേർ പേരാണ് മരിച്ചെന്നാണ് പ്രതികരണം. ഇരുന്നൂറ്റിയമ്പതിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 35 പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.