ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍(എംആര്‍എസ്) സ്‌കൂളിലെ 13 വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പരാതിയില്‍ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഗീതാധ്യാപകന്‍ ആത്മഹത്യ ചെയ്തു. വൈക്കം സ്വദേശി നരേന്ദ്ര ബാബുവിനെയാണ് വീടിന് സമീപത്തെ പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നു കിട്ടിയ ആത്മഹത്യ കുറിപ്പില്‍, സ്‌കൂളിലെ മുന്‍ മാനേജറും കൗണ്‍സിലറും ഡ്രൈവറും ചേര്‍ന്ന് ഗൂഢാലോചനയെ നടത്തിയാണ് തന്നെ പോക്‌സോ കേസില്‍ കുടുക്കിയെന്ന ആരോപണമുള്ളതായി വൈക്കം പൊലീസ് പറയുന്നുണ്ട്. മറ്റ് നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്നും വൈക്കം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട നരേന്ദ്ര ബാബുവിനെ റിമാന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇദ്ദേഹം റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചയോടെയായിരുന്നു ഇയാള്‍ ജീവനൊടുക്കിയതെന്നും പൊലീസ് പറയുന്നു.

2019 ഒക്ടോബര്‍ 23 ന് ആയിരുന്നു നരേന്ദ്ര ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിയുള്ള സര്‍ക്കാര്‍ സംവിധാനമായ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ഒന്നായ ഏറ്റുമാനൂര്‍ എംആര്‍എസില്‍ അഞ്ച്, ആറ് ക്ലാസുകളില്‍ പഠിക്കുന്ന പത്തിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള പന്ത്രണ്ട് കുട്ടികളുടെ പരാതിയെ തുടര്‍ന്നായിരുന്നു നരേന്ദ്ര ബാബുവിനെതിരേ കേസ് ചാര്‍ജ് ചെയ്യുന്നത്. അധ്യാപകനില്‍ നിന്നും തങ്ങള്‍ക്ക് നേരിട്ട ലൈംഗികാതിക്രമം കുട്ടികള്‍ സ്റ്റുഡന്‍സ് കൗണ്‍സിലറോടാണ് പറയുന്നത്. കൗണ്‍സിലര്‍ ഈ വിവരം അന്നത്തെ സ്‌കൂള്‍ മാനേജര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പിന്നീട് ഈ വിവരം മറച്ചുവയ്ക്കാന്‍ ശ്രമം നടന്നതായി ആരോപണമുയര്‍ന്നതോടെ വിഷയം വലിയ വിവാദമായിരുന്നു.

മാതാപിതാക്കള്‍ കുട്ടികള്‍ക്കു നേരെ നടന്ന അതിക്രമത്തിന്റെ വിവരം അറിയുന്നതോടെയാണ് പൊലീസില്‍ പരാതിയെത്തുന്നത്. ആദ്യം എംആര്‍എസിന്റെ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ല കളക്ടറെയാണ് പരാതിയുമായി സമീപിക്കുന്നത്. തുടര്‍ന്ന് കളക്ടര്‍, വിഷയത്തില്‍ അന്വേഷണം നടത്തുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഇതിനുശേഷമാണ് നരേന്ദ്ര ബാബുവിനെതിരേ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതും പോക്‌സോ വകുപ്പ് ചുമത്തുന്നതും. തുടര്‍ന്ന് അറസ്റ്റ് ചെയ്ത ഇയാളെ റിമാന്‍ഡില്‍ അയക്കുകയായിരുന്നു.