കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന കര്‍ണാടകയിലെ വിമത എംഎല്‍എ സ്വന്തമാക്കിയത് 11 കോടിയോളം വിലയുള്ള ‘അദ്ഭുത കാര്‍’. ഹോസ്കോട്ട് എംഎല്‍എ എംടിബി നാഗരാജാണ് അത്യാഢംബര ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‍സിന്‍റെ ഫാന്‍റം VIII എന്ന കാര്‍ സ്വന്തമാക്കിയത്.

ഇന്ത്യയിൽ വിൽപ്പയ്ക്കുള്ളതിൽ വെച്ച് ഏറ്റവും വില കൂടിയ മോഡലാണിത്. കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന ആഢംബര കാറായതിനാൽ പുതിയ സംവിധാനങ്ങൾ കൂട്ടിച്ചേർത്തതിനനുസരിച്ച് വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഇതോടെ രാജ്യത്ത് ആഡംബരം വാഹനം സ്വന്തമായുളള രാഷ്ട്രീയക്കാരുടെ മുൻനിരയിലാണ് ഇനി നാഗരാജിന്‍റെ സ്ഥാനം.

കൂറുമാറ്റത്തെത്തുടര്‍ന്ന് സ്‍പീക്കര്‍ അയോഗ്യത കല്‍പ്പിച്ച എംഎല്‍എയായ നാഗരാജ് ഹോസ്കോട്ടിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ കാണാന്‍ ഈ കാറിലാണ് എത്തിയത്. കോൺഗ്രസ് നേതാവ് നിവേദിത് ആൽവയാണ് നാഗരാജ് റോൾസ് റോയ്‍സിനൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവിട്ടത്. ചിത്രം പുറത്ത് വന്നതോടെ സംഭവം വിവാദമായി. എന്നാൽ കോടീശ്വരനായ നാഗരാജ് ആഡംബര കാർ വാങ്ങിയത് വിവാദമാക്കേണ്ട കാര്യമില്ലെന്നാണ് അദ്ദേഹത്തിന്‍റെ അനുകൂലികള്‍ പറയുന്നത്.

ഈ വാഹനം സ്വന്തമാക്കുകയെന്നത് തന്‍റെ ദീര്‍ഘനാളത്തെ ആഗ്രമായിരുന്നുവെന്നും ഇപ്പോഴാണ് അത് സാധ്യമായതെന്നുമാണ് നാഗരാജ് പറയുന്നത്. 2013ലെ തിരഞ്ഞെടുപ്പിൽ 470 കോടി രൂപയാണ് തന്റെ ആസ്‍തിയെന്നാണ് നാഗരാജ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്. 2018ൽ ഇത് 709 കോടിയും ഭാര്യയുടെ പേരിൽ 306 കോടിയുമായിരുന്നു. കർണാടകയിലെ പ്രളയ ദുരിതാശ്വാസത്തിനായി ഒരു കോടി രൂപയുടെ ചെക്കും കഴിഞ്ഞദിവസം നാഗരാജ് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു

ബ്രിട്ടീഷ് ആഢംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സിന്റെ ഫ്‌ളാഗ്ഷിപ്പ് സെഡാനായ ഫാന്‍റം പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുകയാണ്. ഇപ്പോള്‍ എട്ടാമത്തെ തലമുറ ഫാന്‍റമാണ് വിപണിയില്‍. ഇതാ പേരുപോലെ തന്നെ ശബ്‍ദമില്ലാതെ ഒഴുകി വരുന്ന ഫാന്‍റം കാറുകളുടെ ചില വിശേഷങ്ങള്‍

1925-ലാണ് ആദ്യത്തെ ഫാന്‍റം മോഡലിന്‍റെ പിറവി
മറ്റുകാറുകളെപ്പോലെ എല്ലാ വര്‍ഷവും ഫാന്‍റം കാറുകള്‍ വിപണിയിലെത്തില്ല. ആന പ്രസവിക്കുന്നതുപോലെ പതിറ്റാണ്ടുകള്‍ക്കിടെ ഒരെണ്ണം മാത്രം
വിവിധ രാഷ്ട്രത്തലവന്മാര്‍, രാജകുടുംബാംഗങ്ങള്‍ തുടങ്ങി പ്രമുഖരുടെയെല്ലാം ഇഷ്‍ടവാഹനം
ന്യൂജന്‍ ആഢംബരമോഡലുകളോട് പിടിച്ചു നില്‍ക്കാന്‍ ശേഷിയുള്ള ഏക മോഡല്‍
വിഷന്‍ നെക്സ്റ്റ് 100 കോണ്‍സെപ്റ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഏറെ പ്രത്യകതകളുമായി എട്ടാം തലമുറ

പുതിയ അലുമിനിയം സ്‌പേസ്‌ഫ്രെയിം പ്ലറ്റ്‌ഫോം. ഏത് റോഡിലും വെള്ളത്തിലൂടെ ഒഴുകുന്ന അനുഭവം
ഏഴാം തലമുറയെക്കാള്‍ മുപ്പത് ശതമാനം ഭാരക്കുറവില്‍ എട്ടാം തലമുറ
563 എച്ച്പി കരുത്തോടെ 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 12 പെട്രോള്‍ എഞ്ചിന്‍ ഹൃദയം
പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 5.1 സെക്കന്റുകള്‍ മാത്രം
പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്റര്‍. പക്ഷേ റേസ് ട്രാക്ക് പോലുള്ള റോഡുകളില്‍ 290 കിലോമീറ്റര്‍ വരെ വേഗത

ടയര്‍ റോഡില്‍ ഉരയുന്ന ശബ്‍ദം പോലും കേള്‍ക്കില്ല. ഇതിനായി 180 ഓളം വ്യത്യസ്‍ത ടയര്‍ ഡിസൈനുകള്‍.
എഞ്ചിന്‍ററെയോ വാഹനത്തിന്റെയോ ശബ്ദം യാത്രികരെ അലോസരപ്പെടുത്താതിരിക്കാന്‍ 130 കിലോഗ്രാം ഭാരമുള്ള ശബ്ദമില്ലാതാക്കല്‍ പദാര്‍ത്ഥങ്ങള്‍
ആഢംബരം നിറഞ്ഞുതുളുമ്പുന്ന അകത്തളം

മുന്‍ തലമുറ മോഡലുകളില്‍ നിന്നും വ്യത്യസ്‍തമായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും
ഗ്യാലറി എന്ന് റേള്‍സ് റോയ്‌സ് വിശേഷിപ്പിക്കുന്ന ഡാഷ്‌ബോര്‍ഡിലുള്ള വലിയ ഗ്ലാസ് പാനല്‍
ഉള്ളില്‍ കയറി ഡോര്‍ ഹാന്‍ഡിലിന്റെ സെന്‍സറില്‍ തൊട്ടാല്‍ ഡോര്‍ തനിയെ അടയും
വിസ്‌കി ഗ്ലാസുകളും ഡികാന്ററും ഷാംപെയ്ന്‍ ഫ്‌ളൂട്ടുകളും കൂള്‍ ബോക്‌സുമൊക്കെ സൂക്ഷിക്കാന്‍ ഡ്രിങ്ക്‌സ് ക്യാബിന്‍

മികച്ച സുരക്ഷ. നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, ആക്ടീവ് ക്രൂസ് കണ്‍ട്രോള്‍, കൂട്ടി ഇടിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന കൊളീഷന്‍ വാണിങ്, ക്രോസ് ട്രാഫിക്ക് വാണിങ്, കാല്‍നടക്കാരുടെ സാന്നിധ്യം തിരിച്ചറിയുന്ന പെഡസ്ട്രിയന്‍ വാണിങ് തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകള്‍