രാജ്യത്ത് വീണ്ടും എന്‍ ഡി എ ഭരണം ഉണ്ടാകുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളോട് രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി രംഗത്തെത്തി. മോദിക്ക് വേണ്ടി ഉണ്ടാക്കിയ എക്സിറ്റ് പോളുകളാണ് ഇന്ന് പുറത്തുവന്നതെന്നാണ് ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. ചാനലുകള്‍ക്ക് എവിടുന്നാണ് ഇത്തരം സര്‍വ്വെ ഫലം കിട്ടിയതെന്ന് മനസിലാകുന്നില്ലെന്നും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തെറ്റാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയും അഭിപ്രായപ്പെട്ടിരുന്നു. ബിജെപിക്കും എൻഡിഎക്കും അതിഗംഭീര വിജയം പ്രവചിച്ചതിന് പിന്നാലെയാണ് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും തെറ്റാണെന്ന് ശശി തരൂർ പറഞ്ഞത്. വിദേശ രാജ്യമായ ഓസ്ട്രേലിയയിൽ നടന്ന സമീപകാല തെരഞ്ഞെടുപ്പ് സാഹചര്യങ്ങളെ ഉദാഹരിച്ചുകൊണ്ടായിരുന്നു ശശി തരൂർ എംപിയുടെ ട്വീറ്റ്.

“എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഓസ്ട്രേലിയയിൽ കഴിഞ്ഞ ആഴ്ച 56 എക്സിറ്റ് പോൾ ഫലങ്ങളാണ് തെറ്റാണെന്ന് തെളിഞ്ഞത്. ഇന്ത്യയിലെ വോട്ടർമാർ ആർക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്താറില്ല. ആർക്കാണ് വോട്ട് ചെയ്തതെന്ന് ചോദിക്കുന്നവർ സർക്കാർ ഉദ്യോഗസ്ഥരോ സർക്കാർ പ്രതിനിധികളോ ആയിരിക്കാമെന്ന് ഭയപ്പെടുന്നവരാണവർ. 23ാം തീയ്യതി യഥാർത്ഥ റിസൾട്ട് വരാനായി കാത്തിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ട്വിറ്ററിൽ തന്റെ ഔദ്യോഗിക അക്കൗണ്ടിലാണ് അദ്ദേഹം ഇത് കുറിച്ചത്. ബിജെപി നയിക്കുന്ന എൻഡിഎ കേവല ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്നാണ് ബഹുഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിച്ചത്. ഇന്ത്യ ടുഡെ ബിജെപി മുന്നണിക്ക് 365 സീറ്റ് വരെ കിട്ടിയേക്കാമെന്നാണ് പ്രവചിച്ചത്.