എൻ.ഡി.എ കുതിപ്പ്, എക്സിറ്റ് പോള്‍ ഫലങ്ങൾ തള്ളി മമത; ‘വോട്ടിങ് യന്ത്രങ്ങളിലെ തട്ടിപ്പ് ന്യായീകരിക്കാൻ മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു…

എൻ.ഡി.എ  കുതിപ്പ്, എക്സിറ്റ് പോള്‍ ഫലങ്ങൾ തള്ളി മമത; ‘വോട്ടിങ് യന്ത്രങ്ങളിലെ തട്ടിപ്പ് ന്യായീകരിക്കാൻ മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു…
May 20 02:48 2019 Print This Article

എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വോട്ടിങ് യന്ത്രങ്ങളില്‍ നടത്തിയ ക്രമക്കേടുകള്‍ എക്സിറ്റ് ഫലങ്ങളിലൂടെ ന്യായീകരിക്കാനാണ് ശ്രമം. പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് നിന്ന് പോരാട്ടം തുടരണമെന്നും മമത ട്വിറ്ററില്‍ കുറിച്ചു. ബംഗാളില്‍ വലിയ മുന്നേറ്റമാണ് ബിജെപിക്ക് എക്സിറ്റ് പോളുകള്‍ പ്രവചിച്ചത്.

ഇന്ത്യ വീണ്ടും നരേന്ദ്ര മോദി ഭരിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. എന്‍.ഡി.എ നേട്ടമുണ്ടാക്കുമെന്നാണ് ഒന്‍പത് എക്സിറ്റ് പോളുകള്‍ പറയുന്നത്. ഇതില്‍ അഞ്ചു സര്‍വേകള്‍ എന്‍.ഡി.എ മുന്നൂറ് സീറ്റിലധികം നേടുമെന്നാണ് പ്രവചനം. യു.പിയില്‍ ബിജെപിക്ക് ചെറിയ ക്ഷീണമുണ്ടാകുമെങ്കിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെയ്ക്കുെമന്നാണ് സര്‍വേകള്‍ പൊതുവേ ചൂണ്ടിക്കാട്ടുന്നത്. യുപിഎ ദക്ഷിണേന്ത്യയില്‍ നേട്ടമുണ്ടാക്കും.

ബിജെപി വിരുദ്ധ സര്‍ക്കാരിനായി ഡല്‍ഹിയില്‍ കരുനീക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് പ്രതിപക്ഷത്തിന് നിരാശ നല്‍കുന്നതും ബിജെപി ക്യാംപില്‍ ആവേശം വിതറുന്നതുമായ പ്രവചനങ്ങള്‍ പുറത്തുവരുന്നത്. ഇന്ത്യ ടുഡേയുടെ സര്‍വേ പ്രകാരം എന്‍ഡിഎയ്ക്ക് 339 നും 365നും ഇടയില്‍ സീറ്റ് കിട്ടും. യുപിഎ 77 നും 108നും ഇടയില്‍. മറ്റുള്ളവര്‍ക്ക് 69നും 95നും ഇടയില്‍ സീറ്റുകളേ നേടാനാകൂ. ന്യൂസ് 18ന്‍റെ പ്രവചനം എന്‍ഡിഎ 336, യുപിഎ 82, മറ്റുള്ളവര്‍ 124 എന്നിങ്ങനെയാണ്. ടൈംസ് നൗ പ്രവചിക്കുന്നത് എന്‍ഡിഎക്ക് 306 ഉം യുപിഎയ്ക്ക് 132ഉം മറ്റു പാര്‍ട്ടികള്‍ക്ക് 104 ഉം സീറ്റാണ്. റിപ്പബ്ലിക് സി വോട്ടര്‍ സര്‍വേ പ്രകാരം എന്‍.ഡി.എ 287, യുപിഎ 129 മറ്റുള്ളവര്‍ 127. ബിജെപിയും ഒപ്പമുള്ള പാര്‍ട്ടികളും കേവലഭൂരിപക്ഷം നേടില്ലെന്നാണ് എബിപി ന്യൂസിന്‍റെ പ്രവചനം.

എന്‍ഡിഎ 267, യുപിഎ 127, മറ്റുള്ളവര്‍ 148 എന്നിങ്ങനെയാണ് എബിപി ന്യൂസ് പ്രവചനം. ന്യൂസ് എക്സും എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷം പ്രവചിക്കുന്നില്ല. 242 സീറ്റുകള്‍ കിട്ടും. യുപിഎയ്ക്ക് 162  സീറ്റുകള്‍ നേടുമ്പോള്‍ 136 സീറ്റുകളുമായി മറ്റുള്ളവര്‍ നിര്‍ണായക ശക്തിയാകും. എന്‍ഡിഎയ്ക്ക് ടുഡേസ് ചാണക്യ 306 സീറ്റും ജന്‍കി ബാത്ത് 305 സീറ്റും പ്രവചിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മോദി പ്രഭാവത്തിലൂടെ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി മറികടക്കാനിടയുണ്ട്. ബംഗാളിലും ഒഡീഷയിലും ബിജെപി മുന്നേറ്റമുണ്ടാക്കും. കര്‍ണാടകയില്‍ ബിജെപിയുടെ നേരിടാന്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് സാധിച്ചിട്ടില്ലെന്നും സര്‍വേകള്‍ പറയുന്നു. തമിഴ്നാട്ടില്‍ ഡിഎംകെയ്ക്ക് അനുകൂലമാണ് സാഹചര്യം. പഞ്ചാബിലാണ് കോണ്‍ഗ്രസിന് പ്രതീക്ഷയ്ക്ക് വകയുള്ളതെന്നും പ്രവചനങ്ങള്‍ പറയുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles