അഞ്ജു റ്റിജി

വെള്ളിമൂങ്ങയ്ക്കും, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ സിനിമകൾക്ക് ശേഷം സംവിധായകൻ ജിബു ജേക്കബ് സംവിധാനം ചെയ്ത സിനിമയാണ് ആദ്യരാത്രി.പക്ഷേ, ആദ്യ രണ്ടു സിനിമകളുടെ പ്രതീക്ഷകളുമായി വരുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുന്നതാണീ സിനിമ. മുല്ലക്കര എന്ന ഗ്രാമത്തിലെ കല്യാണ ബ്രോക്കർ എന്ന് വിശേഷിപ്പിക്കുന്നതിനപ്പുറം വിവാഹങ്ങളുടെ ഇവൻറ് മാനേജറായ മനോഹരനാണ് ബിജു മേനോൻ അവതരിപ്പിക്കുന്ന നായക കഥാപാത്രം. നല്ല രീതിയിൽ കൊണ്ടുപോകാവുന്ന ഒരു കഥ , നായക കഥാപാത്രത്തെ സൂപ്പർ നായകനാക്കാനുള്ള വെമ്പലിൽ പാളിപോയൊരു സിനിമയാണ് ആദ്യരാത്രി .വെള്ളിമൂങ്ങ എഫക്ടിൽ അജു വർഗീസിനെയും കൂട്ടി കുറേ തമാശകൾ കുത്തിനിറച്ച  സിനിമ .അടുത്തിടെ കണ്ടതിൽ വെച്ച് ഏറ്റവും വ്യക്തിത്വമില്ലാത്ത നായികാ കഥാപാത്രത്തെ ആദ്യരാത്രിയിൽ കാണാം. അനശ്വര രാജൻ അവതരിപ്പിക്കുന്ന അശ്വതി എന്ന കഥാപാത്രം. പലപ്പോഴും അജു വർഗീസിന്റെ തമാശകൾ വിഡ്ഢിവേഷം കെട്ടുന്നതിലേക്ക് തരംതാഴുന്നു .ഇടവേളയ്ക്കു മുൻപ് അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രങ്ങൾ പിന്നീട് കഥയുടെ പരിണാമഗതിയിൽ യാതൊരു സ്‌ഥാനവുമില്ലാതെ ഏച്ചുകെട്ടിയതുപോലെ മുഴച്ചുനിൽക്കുന്നു.

സാമാന്യ യുക്തിക്ക് നിരക്കാത്ത ഒരു കല്യാണത്തോടെ കഥപറഞ്ഞവസാനിപ്പിക്കുമ്പോൾ വെള്ളിമൂങ്ങയുടെ അനുരണനങ്ങളിൽ കുറേ പ്രേക്ഷകരെ ലഭിയ്ക്കുമെന്നായിരിക്കും അണിയറ പ്രവർത്തകർ കരുതിയിരിക്കുക. ഗാനങ്ങൾ ശരാശരി നിലവാരം പുലർത്തി . സാദിഖ് കബീറിൻെറ ക്യാമറ കുട്ടനാടിൻെറ സൗന്ദര്യം ഒപ്പിയെടുക്കുന്നതിൽ വിജയിച്ചു .ബിജു സോപാനം , മനോജ് ഗിന്നസ് ഉൾപ്പെടെയുള്ള സഹ കഥാപാത്രങ്ങളുടെ അഭിനയ മുഹൂർത്തങ്ങൾ പലതും മനസ്സിൽ തങ്ങി നിൽക്കുന്നതാണ് . പല സംഭാഷണങ്ങളും സംവിധായകൻ ഉദ്ദേശിച്ച രീതിയിൽ പ്രേക്ഷകരിലേയ്ക്ക് എത്തിപ്പെട്ടോ എന്നത് സംശയമാണ് .   വിവാഹത്തിനു പെൺകുട്ടിയുടെ സമ്മതം പരമപ്രധാനമാണെന്ന സത്യം എടുത്തുപറയാൻ സംവിധായകൻ പലവട്ടം ശ്രമിക്കുന്നുണ്ട് . പക്ഷേ സിനിമയുടെ കഥ നടക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ ഒന്നുമല്ലല്ലോ .ഒരു ശരാശരി കോമഡി സിനിമയ്ക്കപ്പുറം ആദ്യരാത്രി നമ്മുടെ മനസ്സിൽ ഒന്നും അവശേഷിപ്പിക്കുന്നില്ല.