വിശാഖ് എസ് രാജ്‌ , മലയാളം യുകെ ന്യൂസ് ടീം

കയറുപൊട്ടിച്ചു പായുന്ന പോത്തിന് പുറകെ ഓടുന്ന കുറേയേറെ മനുഷ്യരുടെ കഥയാണ് ഒറ്റനോട്ടത്തിൽ ജെല്ലിക്കട്ട് എന്ന സിനിമ. ഒരു മൃഗത്തിനെ പിടിക്കാനോടുന്ന വേറൊരു കൂട്ടം മൃഗങ്ങളുടെ കഥയെന്ന് തോന്നും പിന്നീടുള്ള ചിന്തകളിൽ. കൂടുതൽ ആഴ്ന്നിറങ്ങാൻ നിങ്ങളിലെ പ്രേക്ഷകൻ തയ്യാറാണെങ്കിൽ മനുഷ്യർ മനുഷ്യരെതന്നെ പിടിക്കാൻ ഭ്രാന്ത് പിടിച്ചോടുന്നതിന്റെ കഥയാണെന്ന് ബോധ്യപ്പെടും. ഇങ്ങനെ നിരവധി മാനങ്ങളിലേയ്ക്ക് ഒരു പോത്തിനേയും പുറകെ കുറെ മനുഷ്യരെയും അഴിച്ചു വിട്ടിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ.
പ്രശസ്ത കഥാകൃത്ത് എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയിൽ നിന്നാണ് ജെല്ലിക്കട്ടിന്റെ പിറവി. എസ് . ഹരീഷും ആർ. ജയകുമാറും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും രംഗനാഥ്‌ രവി പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു. ആന്റണി വർഗീസ്, ചെമ്പൻ വിനോദ് , ജാഫർ ഇടുക്കി , സാബുമോൻ , ശാന്തി ബാലചന്ദ്രൻ തുടങ്ങിയവരാണ് അഭിനേതാക്കൾ.

സ്നേഹം , കരുണ , സഹാനുഭൂതി , സഹജീവി സ്നേഹം , ക്ഷമിക്കാനും മറക്കുവാനുമുള്ള കഴിവ് ഇതൊക്കെയാണ് മനുഷ്യനെ മറ്റു ജീവിവർഗ്ഗങ്ങളിൽ നിന്ന് വേറിട്ടു നിർത്തുന്നത്. മേൽപ്പറഞ്ഞതെല്ലാം ഒത്തുചേരുമ്പോൾ മനുഷ്യത്വം ആയി. ഒരേ ആവാസ വ്യവസ്‌ഥയിൽ ജീവിക്കുമ്പോഴും മനുഷ്യൻ മറ്റൊരു മൃഗമാകാതിരിക്കുന്നത് ഈ മനുഷ്യത്വം ഉള്ളതിനാലാണ്. എന്നാൽ മനുഷ്യത്വത്തിന് പരിധിയുണ്ടോ? ഒരു വേലി. അപ്പുറത്ത് മൃഗതൃഷ്ണ. അതുകടന്ന് വന്നാണ് നീ മനുഷ്യനായത്. പക്ഷെ ആ വേലി ബലമുള്ളതോ ? ചാടി കടക്കാനാകാത്ത വിധം ഉയരമുള്ളതോ ? ഒരാൾ വേലി ചാടി അപ്പുറം പോയാൽ ? കുറെ മനുഷ്യർ ഒരുമിച്ചു പോയാൽ ? സിനിമയിലെ കഥാപാത്രങ്ങൾ പോത്തിന് പുറകെ ഓടുമ്പോൾ നമ്മിലെ പ്രേക്ഷകൻ ഈ ചോദ്യങ്ങളുമായി മനുഷ്യരുടെ പുറകെ ഓടുകയാണ്. ആര് ആർക്ക് പുറകെയാണ് ഓടുന്നതെന്ന് അമ്പരക്കുകയാണ്. ആരെയാണ് പിടിച്ചു കെട്ടേണ്ടതെന്ന് സംശയിക്കുകയാണ്. നാളെ ജലത്തിന് ക്ഷാമം ഉണ്ടായാൽ , ഭക്ഷണത്തിനും ഇന്ധനത്തിനും ക്ഷാമം വന്നാൽ നമ്മിലെ സംസ്കാരചിത്തനായ മനുഷ്യൻ നിലനിൽപ്പിന് വേണ്ടി ഏതറ്റം വരെ പോയേക്കാം ? അതുതന്നെയല്ലേ ഇടുക്കിയിലെ ആ മലയോരഗ്രാമത്തിലെ പോത്തിനെ പിടിക്കാനോടുന്ന മനുഷ്യരും ചെയ്യുന്നത് ? മനുഷ്യനാകാൻ മനസ്സിന്റെ അടിത്തട്ടിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയ വന്യത പുറത്തുവരാൻ അധിക സമയം വേണ്ടി വരുമോ ? എത്ര നാൾ താൻ

വെറുമൊരു മൃഗമല്ലെന്ന് സ്വയം വിശ്വസിപ്പിച്ചു പിടിച്ചു നിൽക്കാനാകും ?
സിനിമയുടെ അവസാന മിനിറ്റുകൾ മനുഷ്യത്വത്തിന്റെ വീരഗാഥകളിൽ അഭിരമിക്കുന്നവർക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കാം. അരാജകത്വം പന്തം കൊളുത്തി ആയുധങ്ങളുമായി മലയിറങ്ങുന്ന കാഴ്ച്ച ഭീതിജനകമാണ്. ഇവിടെ നിലനിൽപ്പിന്റെ പരിണാമ ശാസ്ത്രമെഴുതിയ ആചാര്യന്റെ വാക്കുകൾ ശരി വെയ്ക്കുകയാണ് സംവിധായകൻ. ശാസ്ത്ര സിദ്ധാന്തത്തിന് സെല്ലുലോയിഡിൽ ഒരു പ്രൂഫ്.

കാഴ്ചയിൽ സിനിമ മനോഹരമാണ്. രാത്രി ദൃശ്യങ്ങൾ ഇത്ര ഭംഗിയിൽ കാണാൻ കഴിഞ്ഞ മറ്റൊരു മലയാള സിനിമയില്ല. നായിക വെള്ളത്തിലേക്ക് ചാടുമ്പോൾ കാമറയും ചടട്ടെ എന്നുള്ള ശ്രീനിവാസൻ കോമഡി പോലെ ഇവിടെ ഗിരീഷ് ഗംഗാധരന്റെ കാമറ പോത്തിനും ജനത്തിനുമൊപ്പം ഓടുകയാണ്. സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ള ഇടവഴികളിലും ഇടങ്ങളിലും ദൈർഘ്യമുള്ള സിംഗിൾ ഷോട്ടുകളുമായി കാമറ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുന്നു.
പേരെടുത്ത് അറിയാവുന്നവരും അല്ലാത്തവരുമായ അഭിനേതാക്കൾ എല്ലാം തന്നെ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. പ്രഗൽഭരല്ലാത്തവരെകൊണ്ട് അഭിനയിപ്പിച്ചെടുക്കാനുള്ള സംവിധായകന്റെ കഴിവ് അങ്കമാലി ഡയറീസിൽ നാം കണ്ടതാണ്. ജെല്ലിക്കട്ടിൽ എത്തുമ്പോൾ ആ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അയാൾ വരുത്തിയിട്ടില്ല. ആന്റണി വർഗീസും സാബുമോനുമാണ് അഭിനയത്തിൽ മുന്നിട്ട് നിന്നത്. പാത്ര സൃഷ്ടിയിൽ കൂടുതൽ ഇടം ലഭിച്ച കഥാപാത്രങ്ങളും ഇവർ രണ്ടുപേരുടെയുംതന്നെ.

മരണ വീട്ടിലെ തമാശ പോലെ (ഈ മ യൗ) ഇവിടെ കലാപത്തിന്റെ പന്തംകൊളുത്തി പ്രകടനത്തിനിടയിലും ചില ചിരിക്കൂട്ടുകളുണ്ട്. പക്ഷേ ചിരിക്കാനുള്ള സിനിമയല്ല. നിങ്ങൾ നിങ്ങളിലെ മനുഷ്യത്വംതന്നെ ഉരച്ചു നോക്കുന്ന പരുഷ യാഥാർത്ഥ്യങ്ങളുടെ തിരക്കാഴ്ചയാണ്. എല്ലാവരും തൃപ്തിപ്പെടണമെന്നില്ല.

അവസാനമായി സംവിധായകനെക്കുറിച്ച്. സിനിമ കണ്ടിറങ്ങിയപ്പോൾ ഒരു സുഹൃത്തിനെ വിളിച്ചു. സിനിമ എങ്ങനെയുണ്ടെന്ന് സുഹൃത്തിന്റെ ചോദ്യം. തിരശീലയിൽ കണ്ട കാഴ്ചകളുടെ ഭ്രമത്തിൽ ആദ്യം വാക്കുകൾ പുറത്തേക്ക് വന്നില്ല. പിന്നെ ഇങ്ങനെ പറഞ്ഞു : ” an absolute master class “. അതുതന്നെയല്ലാതെ സംവിധായകനെക്കുറിച്ചും മറ്റൊന്നും പറയാനില്ല.