സ്‌കോട്ട്‌ലൻഡിലും കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ ; ലോക്ക്ഡൗൺ ലഘൂകരണം നാല് ഘട്ടങ്ങളിലായി നടപ്പിലാക്കും. സർക്കാരിന്റെ ട്രാക്ക് ആൻഡ് ട്രേസ് സിസ്റ്റം രണ്ടാം ദിനവും തകരാറിൽ!

സ്‌കോട്ട്‌ലൻഡിലും കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ ; ലോക്ക്ഡൗൺ ലഘൂകരണം നാല് ഘട്ടങ്ങളിലായി നടപ്പിലാക്കും. സർക്കാരിന്റെ ട്രാക്ക് ആൻഡ് ട്രേസ് സിസ്റ്റം രണ്ടാം ദിനവും തകരാറിൽ!
May 29 16:59 2020 Print This Article

സ്വന്തം ലേഖകൻ

സ്കോട്ട്ലൻഡ് : 66 ദിവസത്തിന് ശേഷം രാജ്യത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വരുമ്പോൾ സ്‌കോട്ട്‌ലൻഡിലും കൂടുതൽ ഇളവുകൾ ഏർപ്പെടുത്തി ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ. വ്യത്യസ്ത വീടുകളിൽ നിന്നുള്ളവർക്ക് ഇപ്പോൾ പുറത്ത് കണ്ടുമുട്ടാൻ കഴിയും. എന്നാൽ രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇളവുകൾ ഉണ്ടെങ്കിലും ആളുകൾ ഇപ്പോഴും കഴിയുന്നത്ര വീട്ടിൽ തന്നെ തുടരണമെന്നും അവർ ഓർമ്മിപ്പിച്ചു. മാർച്ച് 23 മുതൽ സ്കോട്ട്ലൻഡ് ലോക്ക്ഡൗണിലാണ്. ഈ മാസം ആദ്യം ഇംഗ്ലണ്ടിൽ ലോക്ക്ഡൗൺ ഇളവുകൾ കൊണ്ടുവന്നെങ്കിലും സ്കോട്ട്ലൻഡ് അത് നടപ്പാക്കിയിരുന്നില്ല. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾക്കപ്പുറത്തേക്ക് പോകുന്നത് കൂടുതൽ അപകടമാണെന്നും സ്റ്റർജിയൻ മുന്നറിയിപ്പ് നൽകി.

വിവിധ വീടുകളിൽ നിന്നുള്ള ആറ് പേർക്ക് തിങ്കളാഴ്ച മുതൽ പുറത്ത് കൂടിക്കാഴ്ച നടത്താമെന്ന് യുകെ സർക്കാർ പ്രഖ്യാപിച്ചതോടെയാണ് സ്‌കോട്ട്‌ലൻഡിലെ ഈ മാറ്റങ്ങൾ. ഗോൾഫ്, ടെന്നീസ്, ഫിഷിംഗ്, ബൗൾസ് എന്നിവയുൾപ്പെടെയുള്ള കായിക ഇനങ്ങളിലും ഇനി ആളുകൾക്ക് പങ്കെടുക്കാൻ കഴിയും. വിനോദത്തിനായി പ്രാദേശികമായി യാത്ര ചെയ്യുന്നതുപോലെ പാർക്കുകളിലും മറ്റു സ്ഥലങ്ങളിലും സൺബാത്ത് ചെയ്യുന്നത് ഇപ്പോൾ അനുവദനീയമാണ്. നിർത്തിവച്ചിരിക്കുന്ന മിക്ക ഔട്ട്‌ഡോർ ജോലികളും പുനരാരംഭിക്കാനും പൂന്തോട്ട കേന്ദ്രങ്ങൾ വീണ്ടും തുറക്കാനും നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും കഴിയും. തിങ്കളാഴ്ച മുതൽ, അധ്യാപകർക്കും മറ്റ് സ്റ്റാഫുകൾക്കും തയ്യാറെടുപ്പിനായി സ്കൂളിലേക്ക് മടങ്ങാൻ കഴിയുമെങ്കിലും മിക്ക വിദ്യാർത്ഥികളും ഓഗസ്റ്റ് 11ന് ശേഷം മാത്രമേ മടങ്ങിവരികയുള്ളൂ. നാല്‌ ഘട്ടങ്ങളിലായാണ് സ്‌കോട്ട്‌ലൻഡിൽ ലോക്ക്ഡൗൺ ലഘൂകരണം. ആദ്യ ഘട്ടത്തിൽ മേൽ പറഞ്ഞവ ഉൾപ്പെടുന്നു.

രണ്ടാം ഘട്ടത്തിൽ വൈറസിനെ നിയന്ത്രിച്ചുനിർത്തുമ്പോൾ ലബോറട്ടറികൾ, ചെറിയ കടകൾ, ഫാക്ടറികൾ എന്നിവ തുറക്കാൻ സാധിക്കും. മൂന്നാമത്തെ ഘട്ടത്തിൽ മാത്രമേ ജിമ്മുകൾ, മ്യൂസിയങ്ങൾ, ലൈബ്രറികൾ, സിനിമാശാലകൾ, മാളുകൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ സാധിക്കൂ. വൈറസ് ഭീഷണി പൂർണമായും ഒഴിവാകുമ്പോൾ പ്രഖ്യാപിക്കുന്ന നാലാം ഘട്ടത്തിൽ യൂണിവേഴ്സിറ്റി, കോളേജ് കാമ്പസുകൾ‌ എന്നിവ പൂർ‌ണ്ണമായി വീണ്ടും തുറക്കാൻ‌ കഴിയും. ബഹുജന സമ്മേളനങ്ങൾ‌ അനുവദനീയമാണ്. ഒപ്പം പൊതുഗതാഗതവും തിരികെയെത്തും.

അതേസമയം ട്രാക്ക് ആൻഡ് ട്രേസ് സ്കീമിന്റെ രണ്ടാം ദിവസവും സൈറ്റിൽ കൂടുതൽ സാങ്കേതിക തകരാർ നേരിട്ടത് അധികൃതരെ കൂടുതൽ ആശങ്കയിലാക്കി. ഈ പദ്ധതിയിലെ എൻ‌എച്ച്‌എസ് ജീവനക്കാർക്ക് പുതിയ വെബ്‌സൈറ്റിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ടുചെയ്‌തു. പലർക്കും സൈറ്റിലേക്ക് കയറാൻ സാധിച്ചില്ലെന്ന് വെളിപ്പെടുത്തി. ട്രേസിങ് സിസ്റ്റത്തിൽ ഗുരുതര പ്രശ്നങ്ങൾ നേരിടുന്നതിനാൽ കോൺടാക്ട് ട്രേസർമാരും ആശങ്കാകുലരാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles