അഡിസ് അബാബ: തകര്‍ന്നുവീണ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരില്‍ നാല് ഇന്ത്യക്കാരും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. 149 യാത്രക്കാരും എട്ടു ജീവനക്കാരും ഉള്‍പ്പെടെ 157 പേരാണ് അപകട സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായി എത്യോപ്യയിലെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.

എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയില്‍നിന്ന് കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലേക്കു തിരിച്ച ഇ ടി 302 വിമാനമാണ് പറയന്നുയര്‍ന്ന് കുറച്ചുസമയത്തിനുള്ളില്‍ തകര്‍ന്നുവീണത്. ബിഷോപ്ടു നഗരത്തിനു സമീപത്തെ ടുളു ഫരയിലാണ് വിമാനം തകര്‍ന്നുവീണത്. ഇന്ത്യ ഉള്‍പ്പെടെ 32 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച രാവിലെ 8.44 (പ്രാദേശിക സമയം) ഓടെയായിരുന്നു അപകടം. ബോയിങ് 737-800 മാക്സ് വിമാനമാണ് അപകടത്തില്‍പെട്ടത്. അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ എത്യോപ്യന്‍ പ്രസിഡന്റ് അനുശോചനം അറിയിച്ചിട്ടുണ്ട്.