കരിഞ്ഞ വയറുമായി ഗ്രാമങ്ങൾ…! സാമ്പത്തിക മാന്ദ്യം, പട്ടിണി പെരുകുന്നു; എൻഎസ്ഒ റിപ്പോർട്ട് തടഞ്ഞ് വച്ചു കേന്ദ്രം

കരിഞ്ഞ വയറുമായി ഗ്രാമങ്ങൾ…! സാമ്പത്തിക മാന്ദ്യം, പട്ടിണി പെരുകുന്നു; എൻഎസ്ഒ റിപ്പോർട്ട് തടഞ്ഞ് വച്ചു കേന്ദ്രം
November 16 10:24 2019 Print This Article

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്(എൻഎസ്ഒ) റിപ്പോർട്ട് തടഞ്ഞ് കേന്ദ്രസർക്കാർ. ഗ്രാമങ്ങളിലെ ജനങ്ങളുടെ ചെലവഴിക്കൽ ശേഷിയിലുണ്ടായ ഇടിവ് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തിറക്കേണ്ടെന്ന് കേന്ദ്രം നിർദേശം നൽകി. സാമ്പത്തിക മാന്ദ്യം ഗ്രാമങ്ങളെ അപകടകരമായ രീതിയില്‍ ബാധിക്കുന്നുവെന്ന കണ്ടെത്തല്‍ റിപ്പോർട്ട് മുന്നോട്ടുവെക്കുന്നു.

ഗ്രാമങ്ങളിലെ ജനങ്ങളുടെ ചെലവഴിക്കൽ ശേഷി 2011-2012 വര്‍ഷം പ്രതിമാസം 1501 രൂപയായിരുന്നു. 2017-2018 വര്‍ഷത്തിൽ ഇത് 1446 രൂപയായി കുറഞ്ഞു. അതായത് 3.7 ശതമാനത്തിന്‍റെ കുറവ്. വീട്ടുസാധനങ്ങൾ വാങ്ങുന്നതിന് കടുത്ത ബുദ്ധമുട്ട് നേരിടുന്നുണ്ട് ഗ്രാമങ്ങളിലെ ജനങ്ങളെന്ന് റിപ്പോർട്ടിൽ കൃത്യമായി പറയുന്നു. പട്ടിണി പെരുകുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

കഴിഞ്ഞ ദിവസം ദാരിദ്ര്യം പെരുകുന്നതായുള്ള കണക്കുകൾ പുറത്തുവിട്ട് ഒരു ഇംഗ്ലീഷ് ദിനപത്രം വാർത്ത നൽകിയത് സർക്കാരിന് വലിയ ക്ഷീണമായിരുന്നു. ഇതിന് പിന്നാലെയാണ് എൻഎസ്ഒ റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടെന്ന തീരുമാനത്തിലേക്ക് കേന്ദ്രമെത്തിയത്. കണക്കുകൾ കൃത്യമല്ല എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.

സാമ്പത്തിക മാന്ദ്യം മറികടക്കാൻ വലിയ ഇളവുകൾ കഴിഞ്ഞ മാസങ്ങളിൽ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ബാങ്ക് വായ്പകളുടെ പലിശ കുറച്ചിരുന്നു. അടുത്ത വര്‍ഷങ്ങളിൽ സാമ്പത്തിക രംഗത്ത് ഇത് മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. എന്നാൽ പെട്ടെന്ന് പരിഹരിക്കാവുന്ന പ്രതിസന്ധിയിലേക്കല്ല രാജ്യം പോകുന്നതെന്നാണ് സാമ്പത്തിക വിദ്ധരുടെ വിലയിരുത്തൽ. ഗ്രാമങ്ങളിലെ തളര്‍ച്ചയുടെ വ്യാപ്‍തി വരുംവര്‍ഷങ്ങളിലും കൂടാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles