വിശാഖ് എസ് രാജ്‌

ശ്രീനാരായണ ഗുരുവിനെ വർഷത്തിൽ രണ്ടു തവണ നാം ഓർക്കാറുണ്ട്. ജയന്തി ദിനത്തിലും സമാധി ദിനത്തിലും. നവോത്ഥാനത്തിന്റെ അമരക്കാരനെ ക്കുറിച്ച് രാഷ്ട്രീയ നേതാക്കൾ സുദീർഘമായ പ്രസംഗങ്ങൾ ചെയ്യും. പത്രങ്ങളിൽ ലേഖനങ്ങൾ ഉണ്ടാകും. ആര് എഴുതുന്നുവോ , അയാൾ വിശ്വസിക്കുന്ന ആശയമേതാണോ , ആ നിലവാരത്തിലേക്ക് ഗുരു ഉയരുകയോ താഴുകയോ ചെയ്യും. ദേശാഭിമാനിയിൽ ഗുരുവിന് വിപ്ലവകാരിയുടെ രൂപമായിരിക്കും.ജന്മഭൂമിയിൽ ഗുരു ഹിന്ദു സന്ന്യാസിയായി ദീക്ഷയെടുക്കും. ചില മാധ്യമങ്ങൾ സന്ന്യാസിമാരെയോ ആത്മീയ വ്യക്തിത്വങ്ങളെയോ വെച്ച് ലേഖനമെഴുതിക്കും. അവർ ഗുരുദേവ കൃതികളിലെ ആത്മീയ രഹസ്യം ചുരുളഴിക്കും.  ആ രണ്ടു ദിവസം ഗുരു ഇങ്ങനെ പ്രപഞ്ച മായ പോലെ ആപേക്ഷികമായി കാണപ്പെടും. പക്ഷെ അപ്പോളും എല്ലാവരും പൊതുവായി ഒരു ഗുരു വാക്യം ഏറ്റു ചൊല്ലും : ‘ഒരു ജാതി , ഒരു മതം ,ഒരു ദൈവം മനുഷ്യന് ‘.

ഗുരു വാക്യങ്ങൾ മനുഷ്യൻ ഉള്ളിടത്തോളം പ്രസക്തമാണെന്ന് ഒരു രാഷ്ട്രീയ നേതാവ് പ്രസംഗിക്കുമ്പോൾ , അയാൾ കൂടുതൽ ഉദ്ധരിക്കുക പ്രസ്തുത വാചകമായിരിക്കും. ശരിയാണ് സമൂഹത്തിൽ ജാതി/മത ചിന്തകൾ ഏറി വരികതന്നെയാണ്. ഭേദ ചിന്ത കുറയുകയല്ല , കൂടുകയാണ്. ഒരു ജാതി, ഒരു മതം , ഒരു ദൈവമെന്ന് ഉറക്കെയുറക്കെ പറയേണ്ട കാലം തന്നെ. പക്ഷെ ഇത് മാത്രമാണോ നാരായണ ഗുരു ലോകത്തോട് പറഞ്ഞത് ? ബാക്കിയുള്ള ഗുരുവചനങ്ങൾ കാലഹരണപ്പെട്ടതോ? യുക്തിയ്ക്ക് നിരക്കാത്തതോ ? ഒന്നു ചിന്തിക്കാം.

മദ്യം വിഷമാണെന്നും അത് കുടിക്കരുതെന്നും ഗുരു താക്കീത് ചെയ്തിട്ടുണ്ട്. വെറുതെ ഒരു സദാചാര മൂല്യത്തിന്റെ പേരിലുള്ള ഉപദേശം മാത്രമായിരുന്നില്ല അത്. ഗുരു വൈദ്യം പഠിച്ചിരുന്നു. മദ്യം ശരീരത്തെ ഏതുവിധം ദുഷിപ്പിക്കുമെന്ന വ്യക്തമായ ബോധ്യം ഗുരുവിനുണ്ടായിരുന്നു. നവോത്ഥാന നായകനെക്കുറിച്ചുള്ള പ്രസംഗങ്ങളിൽ ഒന്നിലെങ്കിലും ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് മദ്യപാനത്തെക്കുറിച്ചുള്ള ഗുരുവാക്യം പറഞ്ഞു കേട്ടിട്ടുണ്ടോ? മദ്യം വിറ്റ്‌ നിലനിൽപ്പ് കണ്ടെത്തുന്ന ഭരണസംവിധാനത്തിന് അതിനുള്ള ധൈര്യമുണ്ടാകുമോ? ഇക്കഴിഞ്ഞ ഓണദിവസങ്ങളിൽ മാത്രം മലയാളി കുടിച്ച മദ്യത്തിന്റെ കണക്ക് നമ്മൾ കണ്ടതാണ്. 400 കോടി രൂപയുടെ മദ്യം. മംഗൾയാൻ വിക്ഷേപണത്തിന് രാജ്യം ചിലവാക്കിയ തുകയുടെ അടുത്തെത്തിയിരിക്കുന്നു. റോക്കറ്റ് വിട്ടാൽ പട്ടിണി മാറുമോ എന്ന് ഇനി ആരും ചോദിക്കരുത്.

ഇപ്പോൾ ഒരാൾ ചോദിച്ചേക്കാം , ഒരു ജാതി ,ഒരു മതം ,ഒരു ദൈവം എന്ന് നാടു നീളെ പ്രസംഗിച്ചത് കൊണ്ട് ജാതി ചിന്തയും മത ചിന്തയും ഇലാതെയായോ എന്ന്. പരസ്യമായി ജാതി പറയാതെയിരിക്കുവാനുള്ള ജാഗ്രതയെങ്കിലും മലയാളി ഇപ്പോൾ കാണിക്കാറുണ്ട് (ഉള്ളിലുണ്ടെങ്കിൽ പോലും).  അതൊരുപക്ഷേ ഗുരുവിന്റെയും അന്നത്തെ നിരവധി ആചാര്യമാരുടേയും വാക്കുകൾ ഇന്നും മലയാളിയുടെ ചെവികളിൽ പ്രതിധ്വനിക്കുന്നതുകൊണ്ടാവാം.  കണ്ടാൽ അറിയില്ലയെങ്കിൽ പറഞ്ഞാൽ ജാതി അറിയുമോ എന്ന് ഗുരു ചോദിച്ച കഥയുടെ ഓർമകൾ പരസ്യമായി ജാതി ചോദിക്കുന്നതിൽ നിന്ന് മലയാളിയെ വിലക്കുന്നുണ്ടാകാം. അങ്ങനെയെങ്കിൽ ബോധവൽക്കരണത്തിലൂടെ മാത്രമേ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാനാകൂ എന്ന് പറയുന്നവർക്ക് ഗുരുവിനോളം നല്ല മാതൃക എവിടെ? ഭേദ ചിന്തകളുടെ വിഷയത്തിൽ ഗുരു ലോകത്തിന് വെളിച്ചമാണെങ്കിൽ ലഹരിയുടെ കാര്യത്തിലും എന്തുകൊണ്ട് ആ വെളിച്ചം തെളിച്ചുകൂടാ?