ജോസിലിന്‍ തോമസ്

ചില മുറിവുകള്‍ ഒരിക്കലും ഉണങ്ങില്ല. അത്തരമൊരു മുറിവ് നമ്മുടെ ഹൃദയത്തില്‍ ഉണ്ടാക്കിയതാണ് തൊടുപുഴയിലെ ഏഴുവയസ്സുമാത്രം പ്രായമുള്ള പൊന്നുമോന്‍ യാത്രയായത്. പണ്ട് കാലത്ത് പുറംലോകത്ത് നടന്നിരുന്ന കുട്ടികള്‍ക്ക് എതിരെയുള്ള ക്രൂരതകള്‍ ഇന്ന് പടികള്‍ കയറി നമ്മുടെ വീടിനുള്ളില്‍ എത്തിയിരിക്കുന്നു എന്നുള്ള സത്യം വളരെയധികം ഭയം ഉണ്ടാക്കുന്നു.

കുഞ്ഞുങ്ങള്‍ക്ക് എതിരെയുള്ള ആക്രമണങ്ങളാണ് എന്നെ ഏറ്റവും അധികം തകര്‍ത്തുകളയുന്നത്. കാരണം തങ്ങള്‍ അനുഭവിക്കുന്നത് പീഡനമാണെന്നും അതില്‍ നിന്ന് എങ്ങനെ രക്ഷപെടണമെന്നും പലപ്പോഴും അറിയില്ലാത്തവരാണ് കുട്ടികള്‍. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങള്‍ പുറത്ത് അറിയുന്നത് വളരെ വൈകിയായിരിക്കും. ഇനിയും ഇതിനെതിരെ കാര്യക്ഷമമായി പ്രതികരിച്ചില്ലെങ്കില്‍ പൊലിയുന്നത് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനായിരിക്കും. അതിനാല്‍ വളരെ നിര്‍ബന്ധമായി നടപ്പിലാക്കേണ്ട ചില പദ്ധതികള്‍ മുന്നോട്ട് വെ്ക്കുന്നു.

ഓരോ കുട്ടികള്‍ക്കും സ്വന്തം കാര്യങ്ങള്‍ സംസാരിക്കാന്‍ സ്‌ക്കുളുകളില്‍ രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും ഒരു പീരിയഡ് മാറ്റിവെക്കണം. എന്ത് പ്രശ്‌നം എപ്പോള്‍ ഉണ്ടായാലും വീട്ടുകാര്‍ നല്ലവര്‍ ആണെങ്കില്‍ അവരോടോ അല്ലെങ്കില്‍ അധ്യാപകരോടോ പറയാനുള്ള ധൈര്യം കുട്ടികള്‍ക്ക് കൊടുക്കണം.

വിവാഹിതരായ മക്കളെ സന്ദര്‍ശിച്ച് സുഖവിവരങ്ങള്‍ തിരക്കാന്‍ മാതാപിതാക്കള്‍ എപ്പോഴും ശ്രമിക്കണം. ഒരു പക്ഷേ ഇത്തരം സന്ദര്‍ശനങ്ങള്‍ സ്വന്തം മക്കളുടെയോ, കൊച്ചുമക്കളുടെയോ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചേക്കാം.

ഓരോ കുട്ടിയും സന്തോഷത്തോടെ ജീവിക്കാന്‍ വേണ്ട സാഹചര്യം ഒരുക്കി കൊടുക്കേണ്ടത് ഞാനും നിങ്ങളും ഉള്‍പ്പെട്ട സമൂഹത്തിന്റെ കടമയാണ് എന്ന തിരിച്ചറിവോടെ കുട്ടികളെ സുരക്ഷിതരാക്കാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ നമ്മള്‍ക്ക് കഴിയണം. ഇനി ഒരു കുഞ്ഞിന്റെ നിലവിളി നമ്മുടെ ഉറക്കം കെടുത്താനായി കടന്നു വരാതിരിക്കട്ടെ.

വിവാഹം ഉറപ്പിച്ച യുവതികള്‍ കുട്ടികളെ ശരിയായി വളര്‍ത്തേണ്ട രീതിയെപ്പറ്റിയുള്ള ക്ലാസുകള്‍ കൂടുകയും, ക്ലാസില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ വിവാഹം അനുവദിക്കുകയുള്ളു എന്നുള്ള നിയമം ഉണ്ടാകണം.

അയല്‍വീടുകളില്‍ സന്ദര്‍ശനം നടത്താനും, കുട്ടികളുടെ അസാധാരണമായ നിലവിളികള്‍, അവരുടെ ശരിരത്തില്‍ കാണുന്ന പാടുകള്‍ എന്നിവ അവഗണിക്കാതിരിക്കാനും കാരണങ്ങള്‍ ചോദിച്ചറിയാനും നമ്മള്‍ തയ്യാറാകണം. കൂടാതെ ആവശ്യമെങ്കില്‍ ബന്ധപ്പെട്ടവരെ എത്രയും പെട്ടെന്ന് വിവരം അറിയിക്കണം.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എല്ലാ വീടുകളിലും ഇടയ്ക്കിടെ സന്ദര്‍ശനം നടത്തുന്ന സംവിധാനം ഉണ്ടാകണം. ഇങ്ങനെയുള്ള സന്ദര്‍ശനങ്ങളിലൂടെ മാനസികാരോഗ്യം ഇല്ലാത്തവര്‍, ലഹരിക്ക് അടിമപ്പെട്ടവര്‍, പ്രശ്‌നങ്ങളില്‍ അകപ്പെട്ട കുട്ടികള്‍ തുടങ്ങിയവരെ കണ്ടെത്താനും വേണ്ട നടപടികള്‍ സ്വീകരിക്കാനും സാധിക്കും.

കുട്ടികള്‍ക്ക് സ്‌കുള്‍ തലത്തില്‍ ബോധവത്ക്കരണ ക്ലാസുകള്‍ നടത്തണം. മറ്റുള്ളവര്‍ തെറ്റായ രീതിയില്‍ സമീപിച്ചാല്‍ രക്ഷപെടാന്‍ അതവരെ സഹായിക്കും.