ഫാം ഹൗസ് ജീവനക്കാരൻ റിജോഷിനെ മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയതാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 31 ന് വൈകിട്ട് ഫാം ഹൗസിനു സമീപം റിജോഷ് മദ്യപിച്ചിരുന്നു. ഫാം ഹൗസിനു 100 മീറ്റർ അകലെ ജലസംഭരണിയുടെ സമീപത്ത് 6 അടി താഴ്ചയുള്ള കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫാമിലെ ഒരു പശുക്കുട്ടി ചത്തു എന്നും അതിനെ കുഴിച്ചിട്ട ഭാഗത്ത് കുറച്ച് മണ്ണു കൂടി ഇടണമെന്നും സമീപവാസിയായ, മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററോട് വസീം പറഞ്ഞിരുന്നു.

ഈ മാസം 2 ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴി കൂടുതൽ മണ്ണിട്ടു നികത്തുകയും ചെയ്തു. മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററുടെ മൊഴി അനുസരിച്ചാണ് പൊലീസ് ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യന്റെ സാന്നിധ്യത്തിൽ ഇന്നലെ മണ്ണു മാറ്റി പരിശോധന നടത്തിയത്. ഇൻ‌ക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ജോയൽ, ജോഫിറ്റ എന്നിവരാണ് റിജോഷ്–ലിജി ദമ്പതികളുടെ മറ്റു മക്കൾ. മൂന്നാർ ഡിവൈഎസ്പി എം. രമേഷ്കുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി: പയസ് ജോർജ്, ശാന്തൻപാറ സിഐ ടി.ആർ.പ്രദീപ്കുമാർ, രാജാക്കാട് സിഐ എച്ച്.എൽ.ഹണി, എസ്ഐമാരായ പി.ഡി.അനൂപ്മോൻ, വി.വിനോദ്കുമാർ, ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ആദ്യ ശ്രമത്തിൽ തന്നെ റിജോഷിന്റെ മൃതദേഹം കുഴിച്ചു മൂടിയ സ്ഥലം തിരിച്ചറിഞ്ഞ് ഇടുക്കി ഡോഗ് സ്ക്വാഡിലെ ജെനി എന്ന പെൺ നായ അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രശംസ നേടി.റിജോഷിന്റെ മൃതദേഹം ഫാം ഹൗസിന്റെ കൃഷിയിടത്തിൽ കുഴിച്ചിട്ടിട്ടുണ്ട് എന്ന സൂചന ലഭിച്ചതോടെ ശാസ്ത്രീയ പരിശോധന നടത്താൻ ഇടുക്കി ഡോഗ് സ്ക്വാഡിലെ ജെനി എന്ന നായയെ സ്ഥലത്ത് എത്തിച്ചിരുന്നു.

ഇന്നലെ 10 മണിയോടെ ഫാം ഹൗസിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ ഉള്ള റിജോഷിന്റെ വീട്ടിൽ ജെനിയെ എത്തിച്ചു തെളിവെടുത്തു. റിജോഷിന്റെ വസ്ത്രത്തിന്റെ ഗന്ധം തിരിച്ചറിഞ്ഞ ജെനി നേരെ പോയത് ഫാം ഹൗസിലേക്ക്. അവിടെ നിന്ന് 100 മീറ്റർ അകലെ ജലസംഭരണിയുടെ സമീപം റിജോഷിന്റെ മൃതദേഹം കുഴിച്ചിട്ടിരുന്ന സ്ഥലത്ത് ജെനി പല തവണ വലം വച്ച് മണം പിടിച്ചതോടെ ഉദ്യോഗസ്ഥരും സ്ഥലം ഇതാണ് എന്ന് ഉറപ്പിച്ചു. തുടർന്ന് ഇവിടെ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണു നീക്കി.